വിശുദ്ധന്റെ ഭൂതവും പാപിയുടെ ഭാവിയും

”കുഞ്ഞേ, നിനക്കിനിയും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. നീ എന്റെ അടുത്തേക്കു വാ”
…. മറുപടിയില്ല
”എന്റെ കുഞ്ഞേ, എന്നെ ഒന്നു കേൾക്കാമോ?”

”ക്ഷമയ്ക്കും കാരുണ്യത്തിനും എനിക്കിനി അർഹതയില്ല.. എനിക്കതു ലഭിക്കില്ല.” നേരിയ ശബ്ദത്തിൽ നിരാശയിൽ ചുരുങ്ങിയ മറുപടി.
”നീ എന്റെ അടുത്തു വരുമ്പോൾ എനിക്ക് എന്തൊരു ആനന്ദമാണെന്നറിയാമോ? നിനക്ക് ഒട്ടും ശക്തിയില്ലാത്തതിനാൽ ഞാൻ നിന്നെ എന്റെ കൈയ്യിൽ കോരിയെടുത്ത് വീട്ടിലേക്കു കൊണ്ടുപോകും.”

”ഇനിയും എന്നോടു കരുണകാണിക്കുക സാധ്യമോ?”
”തീർച്ചയായും എന്റെ കുഞ്ഞേ,.. അതു നിന്റെ അവകാശമാണ്… ഞാൻ മുഴുവനും നിനക്കുള്ളതല്ലേ… ”
”എന്റെ പാപത്തെക്കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തുന്നു. ഈ അതിഭീകര ഭയംമൂലം അങ്ങയുടെ നന്മയെ ഞാൻ സംശയിച്ചുപോവുകയാ… എന്നോടു പൊറുക്കണേ…”

”എന്റെ കുഞ്ഞേ, എന്റെ സ്‌നേഹത്തിലും കരുണയിലുമുള്ള നിന്റെ വിശ്വാസമില്ലായ്മയാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്. നീ ഇതുവരെ ചെയ്ത പാപങ്ങളെല്ലാം ചേർന്ന് എന്നെ വേദനിപ്പിക്കുന്നതിലും അധികമായി എന്നിലുള്ള നിന്റെ സംശയം എന്നെ മുറിപ്പെടുത്തുന്നു. എന്റെ കുഞ്ഞിനെ ഒന്നു രക്ഷിക്കാൻ ഞാൻ എത്ര ക്ലേശിക്കുന്നു? അതൊന്നും എന്റെ കുഞ്ഞ് കാണുന്നില്ലേ?”

”ഓ എന്റെ നാഥാ, അങ്ങുതന്നെ എന്നെ രക്ഷിക്കണമേ.. ഞാൻ നശിച്ചുപോകുന്നു, എന്റെ രക്ഷകനായിരിക്കണമേ.. ഓ എന്റെ ദൈവമേ, എന്തെങ്കിലും പറയാൻ എനിക്ക് ശക്തിയില്ല. തീർത്തും ശോചനീയമായ എന്റെ ഹൃദയം പൊട്ടിനുറുങ്ങുന്നു.. എന്നാൽ അങ്ങ് എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു എന്റെ നാഥാ…”
പറഞ്ഞത് പൂർത്തിയാക്കാൻ ഈശോ സമ്മതിക്കാതെ, അവിടുന്ന് സ്‌നേഹാർദ്രനായി ആ ആത്മാവിനെ പാപത്തിന്റെയും നിരാശയുടെയും കുറ്റബോധത്തിന്റെയും അഗാധതയിൽനിന്നും കോരിയെടുത്ത് തന്റെ ഹൃദയത്തോടു ചേർക്കുന്നു. അവിടുത്തെ ഹൃദയത്തിലെ സ്‌നേഹാഗ്നിയിൽ അതിന്റെ പാപങ്ങളെല്ലാം ഒറ്റനിമിഷംകൊണ്ട് കത്തിച്ചാമ്പലാക്കുന്നു.

പാപത്തിന്റെ പടുകുഴിയിലാണ്ട്, ഇനി രക്ഷയില്ല എന്നു നിരാശപ്പെട്ടു കേഴുന്ന ഒരാത്മാവിനെ രക്ഷിച്ചെടുക്കാൻ മുന്നിട്ടിറങ്ങുന്ന ഈശോ. അവിടുന്നും ആത്മാവും തമ്മിലുള്ള സംഭാഷണമാണിത്.

”കുഞ്ഞേ, ഇതാ എന്റെ ഹൃദയത്തിലെ സകല നിക്ഷേപങ്ങളും നിനക്കുള്ളതാണ്.. ആവശ്യമുള്ളതെല്ലാം എടുത്തുകൊള്ളുക… ”
”ഓ എന്റെ കർത്താവേ, അങ്ങേ കൃപാവരങ്ങളിൽ ഞാൻ മുങ്ങിത്താഴുന്നു. ഞാൻ പുതുതായതുപോലെ. അതിലുമുപരി അങ്ങയുടെ സ്‌നേഹം എന്റെ ഹൃദയത്തിൽ ഞാൻ അനുഭവിക്കുന്നു. മതി നാഥാ.. എനിക്കിതു മാത്രം മതി..എന്റെ വ്യഥകളെല്ലാം ഞാൻ അങ്ങയുടെ മുമ്പിൽ ചൊരിയട്ടെ.”
”എന്റെ കുഞ്ഞേ, എല്ലാം എന്നോടു പറഞ്ഞുകൊള്ളൂ.. കുഞ്ഞിനെ കേൾക്കാൻ എന്റെ സ്‌നേഹാർദ്ര ഹൃദയം കാത്തിരിക്കുന്നു.”

”എന്റെ നാഥാ, അങ്ങയുടെ സ്‌നേഹം ഞാൻ തള്ളിക്കളഞ്ഞപ്പോഴും അവിടുന്ന് സ്‌നേഹാർദ്രനായി എന്റെ പിന്നാലെ വന്നല്ലോ. തീനരകത്തിന്റെ ആഴങ്ങളാണ് ഞാൻ അർഹിക്കുന്നതെങ്കിലും അതിന്റെ പേടിപ്പെടുത്തുന്ന ഗർജനങ്ങളിൽ നിന്നും അങ്ങയുടെ സ്‌നേഹം എന്നെ പൊതിഞ്ഞുപിടിച്ചു; ആയിരമയിരം സാഹചര്യങ്ങളിൽ.”
”കുഞ്ഞേ, നിന്റെ ദുരിതാവസ്ഥയിൽ നീ മുഴുകിപ്പോകരുത്. അവയിലേക്കു നോക്കാതെ എന്റെ ഹൃദയത്തിലേക്കുനോക്കി എന്റെ വാത്സല്യത്താൽ ശക്തിപ്രാപിക്കുക. ഞാൻ നിന്നോടു കരുണകാണിച്ചതുപോലെ നീ മറ്റുള്ളവരോടും കരുണകാണിക്കുക. നിന്റെ ശക്തി ക്ഷയിക്കുന്നെന്നു തോന്നിയാൽ എന്നിലേക്കണഞ്ഞാൽ നീ ഒട്ടും ക്ഷീണിതയാവുകയില്ല.”

”ഓ എന്റെ കർത്താവേ, അങ്ങെന്നോടു കാണിക്കുന്ന അളവറ്റ സ്‌നേഹത്തിനും കാരുണ്യത്തിനും സ്തുതികളർപ്പിക്കാൻ നിത്യതപോലും തികയില്ലല്ലോ..” (വിശുദ്ധ ഫൗസ്റ്റീനയോടു കടപ്പാട്).

”ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല” (ഏശയ്യാ 42:3), അവൻ യേശു. പാപത്തിന്റെ ഏറ്റം നികൃഷ്ടതയിൽ സകലരാലും തള്ളപ്പെട്ട അവസ്ഥയിലാണെങ്കിലും ഈശോ നമ്മെ കൈവിടില്ല, അവിടുത്തേക്ക് അതിന് സാധിക്കില്ല. മനുഷ്യരാലും മൃഗങ്ങളാലും ചവുട്ടിത്തേക്കപ്പെട്ട് ചതഞ്ഞരഞ്ഞ് നിഷ്പ്രയോജകമായി മുറിച്ചെറിയപ്പെടേണ്ട ഞാങ്ങണപോലെയാണ് നാമെങ്കിലും അവൻ-യേശു- വരും പിടിച്ചെഴുന്നേല്പിക്കാൻ, ഒരിക്കലും ചതയാത്തതുപോലെ ബലപ്പെടുത്താൻ. അവനിൽ ആശ്രയിക്കുന്നെങ്കിൽ, മുറിച്ചെറിയപ്പെടാൻ അവൻ വിട്ടുകൊടുക്കില്ല. അത്രയ്ക്ക് സ്‌നേഹാർദ്രനാണവിടുന്ന്. വെളിച്ചം കെട്ടുപോകുംവിധം കരിയും അഴുക്കുംമൂലം തിരി മങ്ങിയാലും ഈശോ അതു കെടുത്തിക്കളയില്ലെന്നു മാത്രമല്ല തന്റെ കാരുണ്യത്താൽ കരിയും അഴുക്കുമെല്ലാം നീക്കി അവിടുത്തെ സ്‌നേഹത്താൽ പുത്തൻ നാളമായി ഉജ്ജ്വലിപ്പിക്കും. പുകപോലുമുയരാതെ കെട്ടുതണുത്തുപോയാലും ഈശോയുടെ ഹൃദയത്തിലെ സ്‌നേഹാഗ്നി നമ്മെ ശുദ്ധിചെയ്തു ആളിക്കത്തിക്കും.

ഏറ്റം വലിയ പാപികൾ എന്തു ചെയ്യും?
അവരാണ് കർത്താവിന്റെ കരുണയ്ക്ക് ഏറ്റം അർഹെരന്നും അവിടുത്തെ കരുണ തേടുന്ന ഏറ്റം വലിയ പാപിയെപ്പോലും അവിടുത്തേക്ക് ശിക്ഷിക്കാനാകില്ല എന്നും വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ”തകർന്നുപോയൊരാൾക്ക് സ്വന്തം ഹൃദയം നല്കുന്നതാണ് കരുണ. പാപത്താലും ജീവിത പ്രശ്‌നങ്ങളാലും തകർന്ന മനുഷ്യന് ദൈവം സ്വന്തം ഹൃദയം നല്കുന്നു” (വിശുദ്ധ അഗസ്റ്റിൻ). ഏറ്റം നിസാരവും ശോചനീയവുമായ ആത്മാവിലേക്ക് അവിടുന്ന് ചാഞ്ഞിറങ്ങിവന്ന് അവിടുത്തെ അളക്കാനാകാത്ത കാരുണ്യം നിയന്ത്രിക്കാൻ കഴിയാതെ അതിലേക്ക് ചൊരിഞ്ഞുകൊണ്ടിരിക്കും. അതാണ് ദൈവത്തിന്റെ ഹൃദയത്തിന്റെ സ്ഥിരസ്വഭാവം.
”നീതിമാനായ ദൈവത്തെക്കുറിച്ചു പറഞ്ഞും ചിന്തിച്ചും അവിടുത്തെ കരുണാർദ്ര സ്‌നേഹം എല്ലാ വശങ്ങളിൽ നിന്നും മറയ്ക്കപ്പെട്ടിരിക്കയാണിപ്പോൾ. പറഞ്ഞറിയിക്കാൻ സാധിക്കാത്തതും നമുക്കർഹതയില്ലാത്തതുമായ ആ സ്‌നേഹത്തെക്കുറിച്ച് ഇന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ്, ദൈവം തന്റെ കരുണാർദ്ര സ്‌നേഹം വാരിക്കോരി ചൊരിഞ്ഞിട്ടും അതു സ്വീകരിക്കാതെ മനുഷ്യൻ മറ്റുള്ളവരിൽ നിന്നും നൈമിഷിക സന്തോഷം തേടുന്നത്. അതിലുമുപരി ദൈവസ്‌നേഹം ഇന്ന് തിരസ്‌കരിക്കപ്പെട്ടിരിക്കയാണ്. ആ സ്‌നേഹ പ്രവാഹത്തിൽ സ്വയം മുങ്ങിത്താണും നീന്തിത്തുടിച്ചും സ്വീകരിച്ചനുഭവിച്ചും അവിടുത്തെ സ്‌നേഹിച്ചുകൊണ്ടും നാമതിന് പരിഹാരം ചെയ്യണം” (വിശുദ്ധ കൊച്ചുത്രേസ്യ).

ഏറ്റം നിസാരവും കുറവുകളാൽ മൂടപ്പെട്ടതും ബലഹീനവും വീണുകിടക്കുന്നതുമായ ആത്മാക്കളെ തേടി അവരിലേക്ക് താഴ്ന്നിറങ്ങുന്ന കരുണാർദ്ര സ്‌നേഹത്തെ ഉപമിക്കാൻ എന്തുണ്ട് ഈ ഭൂവിൽ! ”നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്” (ലൂക്കാ 19:10). അതുകൊണ്ടാണല്ലോ മനുഷ്യർ ഭയപ്പെടുന്ന പിശാചുബാധിതരെ തേടി അവിടുന്ന് കല്ലറകൾക്കിടയിലേക്കു പോലും പോയത്. കുഷ്ഠരോഗികൾക്കരുകിലേക്കും ജനം പുച്ഛിക്കുന്ന ചുങ്കക്കാർക്കിടയിലേക്കും ഇറങ്ങിച്ചെന്നത്. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം ഏറ്റുവാങ്ങിയ വേശ്യകളെയും അധർമികളെയും അവൻ ചേർത്തു പിടിച്ചു വിശുദ്ധരാക്കിയില്ലേ? അഴുകിത്തുടങ്ങിയവനെയും തിരിച്ചെടുക്കാൻ ദുർഗന്ധത്തിന്റെ കല്ലറവരെയും അവിടുന്നു ചെന്നു.

അതിനാൽ നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്, രക്ഷപ്രാപിക്കാനാകാത്തവിധം ആത്മാവ് മൃതമായിട്ട് നാളേറെയായോ? സങ്കടപ്പെടല്ലേ, അവിടുന്ന് നമ്മിലെ അശുദ്ധിയുടെ ദുർഗന്ധം സഹിച്ചും നമ്മെ ഉയിർപ്പിക്കാനെത്തും. തകർന്നുടഞ്ഞ് കൂട്ടിച്ചേർക്കാനാകാത്തവിധം ചിതറിക്കപ്പെട്ടുപോയോ? ”.. ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാൻ നിർമിക്കും” (ഏശയ്യാ 54:11) എന്ന വാക്ക് നമുക്കായി പാലിക്കും. അവിടുന്ന് വന്നത് നമുക്കുവേണ്ടിയാണല്ലോ. ”ഞാൻ വന്നത് നീതിമാൻമാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്” (മത്തായി 9:13). ”പാപിയും ബലഹീനനുമായ ആത്മാവ് എന്നെ സമീപിക്കാൻ ഭയക്കേണ്ട. അതിന്റെ പാപങ്ങൾ ലോകത്തിലെ മുഴുവൻ മണൽത്തരികളെക്കാൾ അധികമാണെങ്കിലും അവയെല്ലാം എന്റെ അത്യഗാധകരുണയുടെ അഗാധതയിൽ ആഴ്ന്നുപോകും” എന്ന് അവിടുന്ന് ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തി.

ദൈവസ്‌നേഹവും കരുണയും ആവോളം അനുഭവിച്ചിട്ടും വീണ്ടും വീണുപോയാലോ?
കൂടെനടന്ന്, സ്‌നേഹവും പരിപാലനയും കരുതലുമെല്ലാം സ്വന്തമാക്കി, സഭയുടെ തലവനും സ്വർഗത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരനുമാക്കുമെന്ന് വാഗ്ദാനവും കിട്ടി. എന്നിട്ടും വീണുപോയി പത്രോസ്. ‘നീ എന്നെ തളളിപ്പറഞ്ഞതല്ലേ, നിന്നെ എങ്ങനെയാ വിശ്വസിക്കുക, നീ എന്നെ തള്ളിെയങ്കിൽ എന്റെ ജനത്തെ ഉപേക്ഷിച്ചുപോകുമെന്ന് ഉറപ്പല്ലേ, പിന്നെങ്ങനെ വിശ്വസിച്ച് ഞാനവരെ നിന്നെ ഏല്പിക്കും’ എന്നൊന്നും അവിടുന്ന് പത്രോസിനോട് പറഞ്ഞില്ല, കുറ്റപ്പെടുത്തിയില്ല. നല്കിയ വാഗ്ദാനങ്ങൾ പിൻവലിച്ചില്ല. ചേർത്തുപിടിച്ചു കണ്ണീരൊപ്പി. സ്വഹൃദയത്തിലെ സ്‌നേഹമൊഴുക്കി സ്‌നേഹത്തിൽ ബലപ്പെടുത്തി. ഉത്തരവാദിത്വങ്ങൾ വഹിക്കാൻ കരുത്തുറ്റവനാക്കി. സമയമായപ്പോൾ അവിടുന്ന് വാക്കു പാലിക്കുകയും ചെയ്തു.

ഒന്നല്ല, എത്ര തവണ വീണാലും അവിടുന്ന് തേടിയെത്തും സ്‌നേഹാർത്തനായി, തോളിലേറ്റും ദയാർദ്രനായ്. കാരണം, ”അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാൻ അവന് കഴിയും” (ഹെബ്രായർ 5:2) എന്നതുതന്നെ. ”അതിനാൽ വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രായർ 4:16). എന്തെന്നാൽ, ”നിന്നോടു കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു, മലകൾ അകന്നുപോയേക്കാം കുന്നുകൾ മാറ്റപ്പെട്ടേക്കാം, എന്നാൽ എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല” (ഏശയ്യാ 54:10). മലകൾ അകലുക, കുന്നുകൾ മാറ്റപ്പെടുക പോലെ എത്ര അസാധ്യമായവ സംഭവിച്ചാലും കർത്താവിന്റെ കരുണാർദ്രസ്‌നേഹം നമ്മെ പിരിയില്ല.

ഒന്നുമാത്രം, അവിടുന്നിൽ ആശ്രയിക്കണം. അപ്പോൾ അവിടുത്തെ ഹൃദയത്തിലെ സ്‌നേഹാഗ്നിവേലിയേറ്റത്താൽ നമ്മുടെ ബലഹീനതകളും കുറവുകളും ദഹിപ്പിച്ച് നമ്മുടെ ഹൃദയം ദൈവസ്‌നേഹാഗ്നിയായി രൂപാന്തരപ്പെടുത്തും. അതിനാൽ എത്ര വലിയ പാപിയാണെങ്കിലും പതറരുത്, ചില വിശുദ്ധർക്കും മലിനതയുടെ ഒരു ഭൂതകാലമുണ്ടായിരുന്നില്ലേ? ഏതു പാപിക്കും വിശുദ്ധിയുടെ ഭാവിയും മുന്നിലുണ്ട്.

”നമ്മൾ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പ ന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താൽ, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു;… യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവനോടുകൂടെ ഇരുത്തുകയും ചെയ്തു” (എഫേസോസ് 2:4,6). കാരുണ്യമാതാവായ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കരുണയുടെ വാതിലിലൂടെ നമുക്കു പ്രവേശിക്കാം. അല്ലെങ്കിൽ, അമ്മ താക്കീതു നല്കുന്നതുപോലെ നീതിയുടെ വാതിലിലൂടെ നാം പ്രവേശിക്കേണ്ടിവരും.

ആൻസിമോൾ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *