”ആരാണ് ഈ വീട്ടിൽ വന്നിരിക്കുന്നത്? കുറേ സമയമായി ഇവിടെ ആരോ ഉണ്ട്, സംശയമില്ല. എനിക്ക് അയാളെ കാണാൻ സാധിക്കുന്നില്ല, ശരിതന്നെ. പക്ഷേ ഇവിടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെടുന്നു.” ഭർത്താവിന്റെ വാക്കുകൾ കേട്ട ഭാര്യയുടെ മനസ് സന്തോഷഭരിതമായി. കാരണം നാളുകളായി തന്റെ ഭർത്താവിനെ ഈശോയോട് അടുപ്പിക്കാൻ കണ്ണുനീരോടെ പ്രാർത്ഥിക്കുകയായിരുന്നു അവൾ. അതിനായിട്ടാണ് കുടുംബത്തെയും പ്രത്യേകമായി ഭർത്താവിനെയും തിരുഹൃദയത്തിന് സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നടത്താൻ കൊതിച്ചത്.
എന്നാൽ അദ്ദേഹം അത് സമ്മതിക്കാൻ സാധ്യതയില്ലായിരുന്നു. അതിനാൽ തന്റെ പിറന്നാളിനോടനുബന്ധിച്ച് അക്കാര്യം ചോദിക്കാമെന്ന് തീരുമാനിച്ചു. അതിനായി തീക്ഷ്ണതയോടെ പരിത്യാഗപ്രവൃത്തികൾ ചെയ്തു പ്രാർത്ഥിക്കുകയും ചെയ്തു. പിന്നെ ഭർത്താവിനോട് ചോദിച്ചപ്പോൾ പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലായിരുന്ന അദ്ദേഹം അവളെ സന്തോഷിപ്പിക്കാനായി അത് അനുവദിച്ചു. എന്നാൽ അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകളിൽ താൻ പങ്കെടുക്കില്ലെന്ന് ഓർമ്മപ്പെടുത്തി.
സമ്മതം ലഭിച്ചതിൽത്തന്നെ സന്തോഷവതിയായ ഭാര്യ മക്കൾക്കൊപ്പം ഈശോയുടെ തിരുഹൃദയത്തിന് തങ്ങളുടെ കുടുബത്തെ സമർപ്പിച്ചു പ്രാർത്ഥിച്ചു. എല്ലാം കഴിഞ്ഞപ്പോൾ അവർ ചെയ്തത് എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കുടുംബനാഥൻ തിരുഹൃദയ ചിത്രം വച്ചിരിക്കുന്ന മുറിയിലേക്ക് ചെന്നു. അവിടെ പ്രവേശിച്ചപ്പോൾ വലിയ പ്രകാശത്താൽ കണ്ണഞ്ചിയതുപോലെ അദ്ദേഹം കണ്ണുകൾ താഴ്ത്തി. പിന്നെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വീണ്ടും ചിത്രം നോക്കി. രണ്ടാമത്തെ നോട്ടത്തിൽ പെട്ടെന്ന് എന്തോ സംഭവിച്ചതുപോലെ… വല്ലാത്ത ഹൃദയക്ഷോഭം, പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം!
അല്പം വ്യത്യാസമുണ്ടാകാനായി അദ്ദേഹം മുറിക്കു പുറത്തിറങ്ങി. പക്ഷേ എന്തോ ശക്തി അങ്ങോട്ടു തന്നെ വലിക്കുന്നതുപോലെ അനുഭവപ്പെട്ടു. അതിനാൽ വീണ്ടും അവിടേക്കു ചെന്നു. സ്‌നേഹരാജനായ ഈശോ അതാ ഹൃദയം തുറന്ന് ഇരിക്കുന്നു! സ്വയം നിയന്ത്രിക്കാവാതെ വന്നപ്പോഴാണ് സംഭവിച്ചതെന്തെന്നറിയാൻ അദ്ദേഹം ഭാര്യയെ സമീപിച്ചത്. ഭർത്താവിന്റെ വാക്കുകൾ കേട്ട അവൾ മക്കളെയും കൂട്ടി വീണ്ടും ആ മുറിയിൽച്ചെന്ന് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. അവസാനം തിരിഞ്ഞു നോക്കിയപ്പോൾ ഭർത്താവ് കൂപ്പുകരങ്ങളോടെ പിന്നിൽ മുട്ടുകുത്തി നില്ക്കുന്നതാണ് അവൾ കണ്ടത്. അന്നു തന്നെ അദ്ദേഹം നല്ലൊരു കുമ്പസാരം നടത്തി.
”എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടൻ, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു-കർത്താവ് അരുളിച്ചെയ്യുന്നു” (ജറെമിയാ 31:20).
(കടപ്പാട്: ‘തിരുഹൃദയത്തിന്റെ വഴിയേ’ – ഫാ. മത്തേവൂസ് ക്രൗളി)