പ്രകാശമാകാൻ വിളിക്കപ്പെട്ടവർ

ആശുപത്രിയിലെ ഒരു പതിവു ദിവസം. ഒരു രോഗിയുടെ റിപ്പോർട്ട് കൈയിൽ കിട്ടിയപ്പോൾ പെട്ടെന്നുതന്നെ ഇപ്രകാരം പറഞ്ഞു: ”എന്തു കാര്യം ചെയ്തുകൊടുത്താലും തൃപ്തിയില്ല.” അറിയാതെതന്നെ ഞാൻ പറഞ്ഞുപോയ അഭിപ്രായമായിരുന്നു അത്. കാരണം ആ രോഗിക്ക് മിക്കവാറും എല്ലാവരോടും ഭയങ്കര ദേഷ്യമാണ്. വേദനയുടെ മരുന്ന് കൊടുത്താലും ഒന്നിനും ഒരു തൃപ്തിയില്ലാത്ത അവസ്ഥ. എത്ര കാര്യങ്ങൾ ചെയ്തുകൊടുത്താലും എല്ലാവരെപ്പറ്റിയും പരാതിയും.
ഈ പ്രത്യേക സ്വഭാവം കാരണം മിക്ക നഴ്‌സുമാരും അവരെ പരിചരിക്കാൻ പ്രയാസപ്പെട്ടു. ആ അവസ്ഥയിലാണ് ഞാൻ അവരുടെ പരിചരണമെന്ന ദുഷ്‌കരജോലി സ്വയം ഏറ്റെടുത്തത്. അപ്പോൾ എന്റെ മനസിൽ ദൈവാത്മാവ് ഇങ്ങനെ തോന്നിച്ചു. കരുണയുള്ള, അനുകമ്പയുള്ള മനസോടെ സംസാരിച്ചാൽ ഈ രോഗിയുടെ മനോഭാവം മാറുകയും ശാരീരികവും മാനസികവും ആത്മീയവുമായ ഒരു ഉണർവിന് കാരണമാകുകയും ചെയ്യുമെന്ന്.

സ്‌നേഹത്താക്കോൽ തിരിച്ചപ്പോൾ
ആ ഒരു ചിന്തയോടെ പതിവുപോലെ അവരുടെ അടുത്തേക്ക് പോയി. മനസിൽ സ്‌നേഹപൂർവം പ്രാർത്ഥിച്ച് ഒരുങ്ങി മുറിയിലേക്ക് കടന്നു. പൂട്ടിക്കിടക്കുന്ന മനസുകൾ തുറക്കാൻ സ്‌നേഹമെന്ന താക്കോലിനു കഴിയുമല്ലോ. എന്നെ കണ്ട മാത്രയിൽ ഈ സ്ത്രീ പരാതികൾ പറയുവാൻ തുടങ്ങി. കൂടാതെ ആ സമയത്ത് വേദന വളരെ കൂടുതലായിരുന്നു. അതിനാൽ ഏറെ സ്‌നേഹത്തോടും കരുണയോടുംകൂടി വേദനയ്ക്കുള്ള മരുന്നുകൾ നല്കി. വേദനയുടെ ആധിക്യം കുറഞ്ഞപ്പോൾ ആ സ്ത്രീ അവരുടെ അവസ്ഥയെപ്പറ്റി പങ്കുവയ്ക്കാൻ തുടങ്ങി.

കാൻസർ എന്ന മഹാരോഗം അതിന്റെ പൂർണതയിൽ എത്തിയെന്നും ഇനി അധികനാളുകൾ ഈ ലോകത്തിൽ ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതാണെന്നും അവർ ഹൃദയവേദനയോടെ പറഞ്ഞു. ഞാൻ അവരുടെ വേദനകൾ സ്‌നേഹത്തോടെ കേൾക്കുകയും കഴിവുള്ള വിധത്തിൽ ആശ്വസിപ്പിക്കുകയും ചെയ്തു. ആ സ്ത്രീ തുടർന്നു പറഞ്ഞു. അവരുടെ ഭർത്താവാണ് ഇത്രയും നാൾ അവരെ പരിചരിച്ചുകൊണ്ടിരുന്നത്. എന്നാൽ ആ മനുഷ്യനും ഇപ്പോൾ കാൻസർ രോഗത്തിന് അടിമയായിത്തീർന്നിരിക്കുന്നു.

എനിക്കപ്പോൾ ഒരു കാര്യം ബോധ്യമായി. ഈ അവസ്ഥ കാരണമാണ് അവർ മറ്റുള്ളവരോട് ഇപ്രകാരം പെരുമാറുന്നത്. അവരുടെ വിഷമവും സങ്കടവും കണ്ടപ്പോൾ ഞാനും രണ്ടുവർഷം മുൻപ് അനുഭവിച്ച മാനസിക അവസ്ഥയെപ്പറ്റി ആലോചിച്ചു. എന്റെ ഭർത്താവിന് നാലാം ഘട്ടത്തിലുള്ള കാൻസർ ആണെന്ന് ഡോക്ടർമാർ പറഞ്ഞ ദിവസം. കൂരിരുട്ടിന്റെ നടുവിലേക്ക് എറിയപ്പെട്ട അവസ്ഥ. ആ ദി സങ്ങളിൽ ഒന്നു ശരിയായി ശ്വസിക്കാൻപോലും സാധിക്കുന്നില്ലെന്നു തോന്നി. എന്നാൽ കാരുണ്യവാനായ ദൈവം ഞങ്ങളുടെകൂടെ ഉണ്ടായിരുന്നു. എല്ലാം അവസാനിച്ചു എന്ന് തോന്നിയ ദിവസങ്ങളിൽനിന്ന് ഒരു പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സംഭവിച്ചു. ദൈവത്തിന്റെ അനന്ത കാരുണ്യവും വിശ്വസ്തതയുംകൊണ്ടുള്ള തിരിച്ചുവരവ്.

ആ അനുഭവത്തിന്റെ ഓർമ്മ തന്ന ഊർജത്തിൽ ഞാൻ അവരോട് പറഞ്ഞു, നമ്മുടെ ദൈവം കാരുണ്യവാനും സർവശക്തനും വിശ്വസ്തനുമാണ്. ഏതവസ്ഥയിലാണെങ്കിലും അവിടുത്തേക്ക് നാം ഓരോരുത്തരെപ്പറ്റിയും വ്യക്തമായ പദ്ധതി ഉണ്ട്. അത് നാശത്തിനല്ല തീർച്ചയായും ക്ഷേമത്തിനുള്ള പദ്ധതിയാണ്. അതിനുശേഷം എന്റെ ഭർത്താവിന് കാൻസർ അവസാനത്തെ ഘട്ടത്തിൽ എത്തിയതാണെന്നും എന്നാൽ ദൈവം വചനം അയച്ച് സൗഖ്യം നല്കിയെന്നും പറഞ്ഞു. സങ്കീർത്തനം 23:4 ആയിരുന്നു ആ വചനം. ”മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല”

ദൈവികദൂത്
നമ്മുടെ രോഗാവസ്ഥ എന്തുതന്നെ ആയിക്കൊള്ളട്ടെ. നമ്മുടെ വേദനകൾ എത്ര കാഠിന്യമുള്ളതായിക്കൊള്ളട്ടെ. നാം പാപത്തിന്റെ അടിമത്തത്തിൽ ആയിക്കൊള്ളട്ടെ. അതിലുപരിയായി അനന്ത നന്മസ്വരൂപനായ ദൈവത്തിന് നമ്മെ ഏതവസ്ഥയിൽനിന്നും വിടുവിക്കുവാൻ കഴിയുമെന്ന് അവരോട് ഉറച്ച ബോധ്യത്തോടെ പറഞ്ഞു. എന്റെ ജീവിതാനുഭവത്തിന്റെ സത്യസന്ധമായ പങ്കുവയ്ക്കലിലൂടെ അവരിൽ ദൈവാത്മാവ് ഇടപെടുകയായിരുന്നു. അവർ ദൈവാശ്രയബോധത്തിലേക്ക് കടന്നുവന്നു.

കരുണയോടെയുള്ള ഇടപെടൽ, ക്ഷമാപൂർവം രോഗികളെ ശ്രവിക്കൽ, ആശ്വാസത്തിന്റെ ഒരു വാക്ക് – എല്ലാം ഒരു രോഗിയെ വിശ്വാസത്തിന്റെ തലത്തിലേക്ക് മാറ്റുവാനായി കർത്താവ് ഉപയോഗിക്കും. അതിനുള്ള ഉപകരണങ്ങളാകാൻ നാം തയാറായാൽമാത്രം മതി. നാം ജീവിക്കുന്ന ചുറ്റുപാടുകൾ, ജീവിതസാഹചര്യങ്ങൾ, ജോലിമേഖലകൾ എന്തുതന്നെയായാലും അവിടെ ദൈവവചനം ഏറ്റുപറയാനോ അല്ലെങ്കിൽ ദൈവസ്‌നേഹത്തെപ്പറ്റി പങ്കുവയ്ക്കാനോ സാധിച്ചാൽ അതാണ് നമ്മുടെ വചനപ്രഘോഷണം.

ആ സുകൃതം നമുക്ക് മുറുകെ പിടിക്കാം. ബൈബിൾ ഇപ്രകാരം പറയുന്നു. ഹെബ്രായർ 4:12 ”ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ്. ഇരുതല വാളിനെക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.” നമ്മുടെ ഈ ജീവിതം വളരെ ഹ്രസ്വമായ ഒന്നാണ്. ഒരു കുമിള പൊട്ടിപ്പോകുന്നതുപോലെ ക്ഷണികം. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വാക്കുകൾ കടമെടുത്താൽ ഞാനും മരണവും തമ്മിൽ ഒരടി അകലംമാത്രം.

ഒന്നു ചിന്തിക്കാൻ
ഇത്രയും ഹ്രസ്വമായ ഈ ജീവിതത്തിൽ നാം എങ്ങോട്ടാണ് ഈ ഓടുന്നത്? എന്നെങ്കിലും നാം അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ലക്ഷ്യം എന്താണ്? ഈ ഓടുന്ന ഓട്ടത്തിൽ നാം ആരുടെയെങ്കിലും കണ്ണീര് തുടയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ? അതോ നാം ആരുടെയെങ്കിലും കണ്ണീരിന് കാരണമായിട്ടുണ്ടോ? ഒരു നിമിഷം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സ്‌നേഹത്തോടെയുള്ള ഒരു വാക്ക്, കരുണാർദ്ര ഹൃദയത്തോടെയുള്ള പെരുമാറ്റം- അതിലൂടെ മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുന്നെങ്കിൽ നമ്മുടെ ജീവിതം അർത്ഥമുള്ളതായി.

ഞാൻ സ്‌നേഹത്തോടെ ആ രോഗിയുടെ വേദന ശ്രവിച്ചപ്പോൾ, കരുണയോടെ പെരുമാറിയപ്പോൾ, എന്റെ ജീവിതത്തിൽ ദൈവം കാണിച്ച വലിയ കാരുണ്യത്തെപ്പറ്റി പറഞ്ഞപ്പോൾ, വലിയ മാറ്റമാണ് സംഭവിച്ചത്. ഭർത്താവിന് രോഗസൗഖ്യം ലഭിച്ച അനുഭവസാക്ഷ്യം കേട്ടമാത്രയിൽ ആ രോഗിയും അവരുടെ ഭർത്താവും നിറകണ്ണുകളോടെ നന്ദി പറഞ്ഞു. അവരുടെ ജീവിതത്തിൽ ഒരു പ്രത്യാശയുടെ കിരണം കാണാറായി. രോഗിയായ ആ സ്ത്രീയുടെ സ്വഭാവത്തിലും വാക്കിലും പ്രവൃത്തിയിലുമുളവായ മാറ്റം എന്നെയും മറ്റ് സ്റ്റാഫിനെയും അമ്പരപ്പിച്ചു.

ആ ദിവസങ്ങളിൽ അവർ എന്നോട് പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടു. എനിക്ക് പ്രാർത്ഥിക്കുവാൻ അറിയില്ലെങ്കിലും അറിയാവുന്ന ഭാഷയിലും രീതിയിലും ഞാൻ പ്രാർത്ഥിച്ചു. അങ്ങനെ വൃദ്ധദമ്പതികളായ ആ രോഗികളുടെ ജീവിതത്തിന് ഒരു പ്രകാശമാകാൻ എന്റെ ദൈവത്തിന്റെ ശക്തിയാൽ എനിക്ക് സാധിച്ചു. ഇത് ചെറിയൊരു ഉദാഹരണം മാത്രം.

കാൻസറും അനുഗ്രഹമാക്കാൻ
കാൻസർ എന്ന രോഗം രോഗിയെയും രോഗിയെ പരിചരിക്കുന്നവരെയും മാനസികമായും ശാരീരികമായും സാമ്പത്തികമായും ആത്മീയമായും തളർത്തും. ആ അവസ്ഥയിൽക്കൂടി കടന്നുപോകുക വളരെ പ്രയാസമാണ്. വിശ്വാസത്തോടെയുള്ള നിരന്തരമായ പ്രാർത്ഥന രോഗിക്ക് വളരെ അത്യാവശ്യമാണ്. പലവിധത്തിലുള്ള രോഗചികിത്സകൾ നടക്കുന്നുണ്ടെങ്കിലും ഇതിനെ നിർവീര്യമാക്കാനുള്ള ശരിയായ മരുന്ന് ദൈവവചനം അല്ലെങ്കിൽ ദൈവത്തിന്റെ ശക്തമായ ഇടപെടലാണ്.
രോഗികളായി നമുക്ക് ചുറ്റും കഴിയുന്ന എല്ലാവർക്കുംവേണ്ടി ദൈവത്തിന്റെ ഇടപെടലിനായി നമുക്ക് പ്രാർത്ഥിക്കാം. രോഗത്തിന്റെ തീവ്രവേദനയിലൂടെ കടന്നുപോകുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ, നിങ്ങൾ രോഗത്തെയോർത്ത് നിരാശപ്പെടരുത്. പകരം പ്രത്യാശയോടെ സ്തുതിച്ച് പ്രാർത്ഥിക്കുക. അതും ഉറച്ച വിശ്വാസത്തോടെ. രോഗസൗഖ്യം ലഭിച്ചു എന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുക. ദൈവം നമ്മെ രോഗത്തിലൂടെ, വേദനയിലൂടെ കടത്തിവിടുന്നത് നമ്മെ വിശുദ്ധീകരിക്കാനും അങ്ങനെ നാം അവിടുത്തെ വിശുദ്ധ ജനമായി മാറുന്നതിനുമാണ്. അതുകൊണ്ട് നിരാശപ്പെടാതെ പ്രത്യാശയോടെ പ്രാർത്ഥിക്കുക. കാരണം പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.

പരീക്ഷകളെപ്പറ്റി വിശുദ്ധ യാക്കോബ് ശ്ലീഹാ ഇപ്രകാരം പറയുന്നു. യാക്കോബ് 1:12-13 ”പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ, അവൻ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോൾ തന്നെ സ്‌നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവന് ലഭിക്കും. പരീക്ഷിക്കപ്പെടുമ്പോൾ താൻ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാൽ ദൈവം തിന്മയാൽ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.” സങ്കീർത്തകനോടൊപ്പം ഞാനും ദൈവത്തെ സ്തുതിക്കുന്നു. സങ്കീർത്തനം 119:71 ”ദുരിതങ്ങൾ എനിക്ക് ഉപകാരമായി. തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ.”

എവിടെയായാലും ഏതവസ്ഥയിലായാലും നമ്മുടെ വാക്കുകൾ വഴിയും പ്രവൃത്തികൾ വഴിയും നമുക്ക് യഥാർത്ഥ ക്രിസ്ത്യാനികളാകാം. ഈ രോഗാവസ്ഥയിൽക്കൂടി ഞങ്ങൾ കടന്നുപോയതിലൂടെ മറ്റുള്ള എല്ലാ രോഗികൾക്കുംവേണ്ടി, വിഷമിക്കുന്നവർക്കുവേണ്ടി, ഉള്ളുരുകി പ്രാർത്ഥിക്കാനുള്ള കൃപ ഇന്ന് ദൈവം ഞങ്ങൾക്ക് നല്കി. ആബാ പിതാവേ എന്ന് നിലവിളിച്ചാൽ നിലവിളി കേൾക്കുന്ന ദൈവമാണ് എന്ന് ഇതിലൂടെ അവിടുന്ന് വ്യക്തമാക്കിത്തന്നു. ആ അനുഭവം ഞങ്ങൾക്കും ഞങ്ങളിലൂടെ മറ്റുളളവർക്കും കർത്താവ് നന്മക്കായി മാറ്റുന്നു. സങ്കീർത്തനം 107:13-14 ”അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനോട് നിലവിളിച്ചപേക്ഷിച്ചു. അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്ന് രക്ഷിച്ചു. അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ പുറത്തു കൊണ്ടുവന്നു.”

മിനി ജോർജ്, ഹൂസ്റ്റൺ

2 Comments

  1. salu vijesh says:

    these articles are binding with god every day

  2. salu vijesh says:

    good articles …

Leave a Reply

Your email address will not be published. Required fields are marked *