ഡോക്ടർമാരും നഴ്‌സുമാരും വിദ്യാർത്ഥികളും വാരാന്ത്യ വിനോദത്തിന് ഒത്തുകൂടി. സീനിയർ നഴ്‌സ് മരിയയും ഒപ്പമുണ്ട്. ആഘോഷങ്ങൾക്കിടയിൽ, മോർച്ചറി സന്ദർശിക്കാൻ സംഘം പദ്ധതിയിട്ടു. വിദ്യാർത്ഥികളെ തനിയെ വിടാൻ മനസ്സ് വരാതെ മരിയയും അവരോടൊപ്പം പോയി. മോർച്ചറിയുടെ വലിയ ഇരുമ്പുവാതിൽ തുറന്ന് അകത്തു കയറി. നിറയെ മൃതദേഹങ്ങൾ! എല്ലാവരും ഭയചകിതരായി. മരിയക്കാകട്ടെ ഭയം തോന്നിയതുമില്ല. മറ്റുള്ളവർ അകത്ത് കടക്കാതെ നിന്നപ്പോൾ മരിയ അരണ്ട വെളിച്ചത്തിൽ ഉള്ളിലേക്ക് നടന്നു. ഇതറിയാതെ സംഘാംഗങ്ങൾ പുറത്തിറങ്ങിയതും വാതിൽ അടഞ്ഞ് പുറത്തുനിന്ന് പൂട്ടുവീണു. എത്ര മണിക്കൂറുകൾ കഴിഞ്ഞാലാണ് ഇനി മോർച്ചറി തുറക്കുക. ഒന്നുകിൽ ആരെങ്കിലും മരിക്കണം; അല്ലെങ്കിൽ ഏതെങ്കിലും മൃതശരീരത്തിന് അവകാശികൾ വരണം. എന്നാൽ മരിയ അതൊന്നും ഭയപ്പെട്ടില്ല. സമയം ചിലവഴിക്കാൻ അവൾ ഓരോ മൃതശരീരത്തിനടുത്തുചെന്ന് മരിച്ചയാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. അപ്പോൾ ആരോ ശ്വസിക്കുന്നതുപോലെ മരിയയ്ക്ക് തോന്നി. അവൾ മൃതദേഹങ്ങൾ സസൂക്ഷ്മം ശ്രദ്ധിച്ചു. ഒടുവിൽ ഒരു യുവാവിന്റെ മൃതദേഹത്തിനടുത്തെത്തി. അന്നു മരിച്ച യുവാവായിരുന്നു അത്. നെഞ്ചിൽ ചെവി ചേർത്ത് ശ്രദ്ധിച്ചെങ്കിലും ഒന്നും കേൾക്കാനില്ല. പ്രാർത്ഥനയോടെ അവൾ അയാളുടെ കൈകൾ തിരുമ്മി ചൂടാക്കാൻ തുടങ്ങി. കൃത്രിമ ശ്വാസോച്ഛാസം കൊടുത്തു. നെഞ്ചിൽ അമർത്തി ഹൃദയം ഉത്തേജിപ്പിക്കാൻ ശ്രമിച്ചു. സ്വന്തം യൂണിഫോം അഴിച്ച് മൃതദേഹത്തെ പുതപ്പിച്ചു. ഏറെ ശ്രമിച്ചിട്ടും മെച്ചമുണ്ടായില്ലെങ്കിലും മരിയ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ അയാൾ വളരെ വിഷമിച്ച് ശ്വസിക്കാൻ തുടങ്ങി. ഉടൻ മരിയ രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ കൊടുക്കാൻ തന്റെ കുപ്പായ കീശയിൽ സൂക്ഷിച്ചിരുന്ന മരുന്ന് അയാളുടെ ചുണ്ടിൽ ഇറ്റിച്ചു. പ്രഭാതത്തിൽ അന്വേഷിച്ചെത്തിയവർ കണ്ടത് തണുത്തു തളർന്ന മരിയയെയും മരിയയുടെ യൂണിഫോം പുതച്ച് ജീവനോടെയിരിക്കുന്ന യുവാവിനെയുമാണ്! പിന്നീട് സന്യാസിനിയും ബ്രിജിറ്റൈൻ സഭയുടെ നവോത്ഥാരകയുമായിത്തീർന്ന മരിയ എലിസബത്ത് ഹസ്സൽബ്ലാഡ് എന്ന ഈ സീനിയർ നഴ്‌സ് 2016 ജൂൺ 5-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
മനസ്സുപോലും മരവിച്ചുപോകുന്ന പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യാശയോടെ പ്രാർത്ഥിക്കാൻ കഴിയുക എന്നത് എത്രയോ ഭാഗ്യമാണ്. അത്തരം പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നല്കാതിരിക്കില്ല, തീർച്ച!