ഭർത്താവിന്റെ മുൻകോപവും കൂടെക്കൂടെയുള്ള ശകാരങ്ങളും മൂലം അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയുന്നില്ല എന്ന പരാതിയുമായാണ് ആ സ്ത്രീ കൗൺസിലറുടെ അടുത്ത് എത്തിയത്. കാര്യങ്ങൾ വിശദമായി ചോദിച്ചശേഷം കൗൺസിലർ ഇപ്രകാരം പറഞ്ഞു: ”നമ്മൾ സാധാരണയായി ഇളനീർ കുടിക്കാൻ എന്താണ് ചെയ്യുക. കരിക്ക് കത്തികൊണ്ട് മുറിച്ച് ഒന്നുകിൽ ഗ്ലാസിലേക്ക് പകരും. അല്ലെങ്കിൽ ഒരു സ്ട്രോ ഉപയോഗിച്ച് കുടിക്കും. ഇനി കരിക്ക് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചുവെന്നിരിക്കട്ടെ. എന്നാലും അതിനുള്ളിലെ ഇളനീരിന് മധുരമുണ്ടായിരിക്കും. സ്നേഹവും ഏതാണ്ട് ഇങ്ങനെയാണ്. യഥാർത്ഥ സ്നേഹം ഉള്ളിലുണ്ടെങ്കിൽ പുറമേനിന്നുള്ള ഒരു ശക്തിക്കും അതിനെ തകർക്കാൻ കഴിയില്ല. യഥാർത്ഥ സ്നേഹം കൂടുകയോ കുറയുകയോ ഇല്ല. മറ്റുള്ളവരിലെ കുറവുകൾ മാറിയിട്ട് അവരെ സ്നേഹിക്കാൻ കാത്തിരുന്നാൽ ഒരിക്കലും സാധിക്കില്ല. മറ്റുള്ളവരുടെ കുറവുകളല്ല, നമ്മുടെ ഉള്ളിലെ സ്നേഹം യഥാർത്ഥമാണോ എന്നതാണ് പ്രശ്നം.”
”മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നൽകുന്നു” (മത്തായി 7:16-17).