ഞാൻ വീട്ടിലില്ലാതിരുന്ന ഒരു പ്രഭാതത്തിലാണ് ആ സ്‌നേഹിതൻ വന്നത്. വിദേശത്തു ജോലി ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഭാര്യ അദ്ദേഹത്തെ സ്വീകരിച്ചു. അല്പസമയം സംസാരിച്ചിരുന്നപ്പോഴേക്കും ഞാൻ എത്തി. കുറച്ചു സമയം ഞങ്ങൾ വിശേഷങ്ങൾ പങ്കുവച്ചു. പിന്നെ അദ്ദേഹം തിരികെപ്പോയി. അപ്പോഴാണ് മേശപ്പുറത്തു വച്ചിരിക്കുന്ന ഒരു കവർ കണ്ടത്. തുറന്നുനോക്കിയപ്പോൾ ഒരു ടീഷർട്ടാണ്. വലിയ ഭംഗിയൊന്നും തോന്നിയില്ല. വില കുറഞ്ഞ ഒന്നായിരിക്കണം.
അതുകൊണ്ടുതന്നെ വിദേശത്തുനിന്ന് വന്നിട്ട് ഇതാണോ സമ്മാനമായി നല്കുന്നതെന്ന മട്ടിൽ ഞാനത് ഒരു വശത്തേക്ക് ഇട്ടു. അനൗപചാരികമായ അവസരങ്ങളിൽമാത്രമേ ഞാൻ ടീഷർട്ട് ഉപയോഗിക്കാറുള്ളൂ. യാത്രകൾക്കു പോകുമ്പോൾ അല്പം നല്ല ടീഷർട്ടുകൾ ധരിക്കും. അല്ലാത്തവയെല്ലാം വീട്ടിലിരിക്കുമ്പോഴോ പറമ്പിൽ പണികൾക്കായി പോകുമ്പോഴോ ഒക്കെ ധരിക്കും. അങ്ങനെ നോക്കുമ്പോൾ സ്‌നേഹിതൻ സമ്മാനിച്ച ടീഷർട്ട് പറമ്പിൽ പോകുന്ന സമയത്ത് അണിയാൻ കൊള്ളാം. അങ്ങനെ വിചാരിച്ചാണ് അർഹിക്കുന്നതിൽ കൂടുതൽ അവഗണനയോടെ ഞാനത് നീക്കി വച്ചത്.
വെട്ടമുള്ള മുറിയിലെ സുഹൃത്ത് ദിവസങ്ങൾ പലതു കഴിഞ്ഞു. ഒരിക്കൽ സുഹൃത്തുക്കളൊന്നിച്ചുള്ള ഒരു മീറ്റിംഗിന് പോകണമായിരുന്നു. തീർത്തും അനൗപചാരികമായ ഒരവസരം. മാത്രവുമല്ല രാത്രിസമയവും. അതിനാൽ പ്രസ്തുത ടീഷർട്ട് അണിഞ്ഞുകൊണ്ട് ഞാൻ പോയി. നല്ല വെട്ടമുള്ള ഒരു മുറിയിൽ സുഹൃത്തുക്കളുമായുള്ള ചർച്ച നടക്കവേ ഒരാൾ എന്നോടു കുശലം ചോദിച്ചത് ഇങ്ങനെയാണ്.
”ഈ ടീഷർട്ട് ഫ്രീ കിട്ടിയതാണല്ലേ?”
കാണുമ്പോഴേ അത്രയും ‘ചീപ്പ് ലുക്ക്’ ആയിരിക്കുമെന്ന വൈക്ലബ്യത്തോടെ ഞാൻ അതെയെന്നു സമ്മതിച്ചു. അപ്പോൾ അദ്ദേഹം എനിക്ക് ഒരു കാര്യം കാണിച്ചുതന്നു, ടീഷർട്ടിന്റെ പോക്കറ്റിന്റെ ഭാഗത്തായി അത് നിർമ്മിച്ച കമ്പനിയുടെ ഒരു ചെറിയ എംബ്ലം. ഉറപ്പു വരുത്താനായി അദ്ദേഹം പിൻകഴുത്തിന്റെ ഭാഗത്തും പരിശോധിച്ചു. അതുതന്നെ. ഞാനപ്പോഴും അല്പം ചമ്മലോടെ നില്ക്കുകയാണ്.
അദ്ദേഹം കാര്യം വിശദീകരിച്ചു. ഫ്രീ ആയി കിട്ടിയതാണോ എന്നു ചോദിക്കാൻ കാരണമെന്താണെന്നോ? സാധാരണക്കാരാരും ഉപയോഗിക്കാൻ സാധ്യതയില്ലാത്ത കമ്പനിയുടെ ടീഷർട്ടാണ് അത്. കാരണം ആ വിദേശ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ടീഷർട്ടിനുതന്നെ മൂവായിരം രൂപയാകും. വിദേശത്തൊക്കെ ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന് അത് നന്നായറിയാം. അതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. എന്റെ ചമ്മൽ പിന്നെ ഞാൻ പുറത്തു കാണിച്ചില്ല. വീട്ടിലെത്തിയപ്പോൾ ഭാര്യയോട് ഇങ്ങനെ പറഞ്ഞു, ”ഈ ടീഷർട്ടിനോട് അല്പം ബഹുമാനം കാണിക്കണം. കാരണം ഇത് അത്രയ്ക്ക് വിലയുള്ളതാണ്”
ഭാര്യ ഒരു ചിരിയോടെ പറഞ്ഞു, ”അല്ലെങ്കിലും വിദേശത്തു നിന്നു വന്നിട്ട് സമ്മാനം തരുമ്പോൾ അത് അല്പം വിലയുള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിച്ചുകൂടേ?” അങ്ങനെ ചോദിച്ചെങ്കിലും അത് ഇത്രയേറെ വിലപിടിച്ചതായിരിക്കുമെന്ന് അവളും ഓർത്തിരുന്നില്ല. കാരണം എന്റെ കയ്യിലുള്ള ഏറ്റവും വിലകൂടിയ ടീഷർട്ടിനുപോലും എണ്ണൂറ് രൂപയിൽക്കൂടുതൽ വിലയുണ്ടാവില്ല.
വിലയറിയുക
ദിവസങ്ങൾക്കുശേഷം ഒരു വിശുദ്ധ ബലിയിൽ സംബന്ധിക്കുമ്പോൾ ഇക്കാര്യം എന്റെ മനസ്സിലേക്കു പെട്ടെന്നു കടന്നുവന്നു. അതിലൂടെ ഈശോ എന്നോട് സംസാരിക്കുകയായിരുന്നു. ഇതാണ് നിന്റെ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത്. നിന്നെത്തന്നെയും നിനക്കുള്ളവരെയും നിനക്കുള്ളവയെയുമെല്ലാം ഞാനാണ് സൃഷ്ടിച്ചത്. ഞാൻ സൃഷ്ടിച്ചതെല്ലാം എത്രയോ വിലപ്പെട്ടതാണെന്നു നീ ചിന്തിക്കാത്തതെന്ത്? നീ നിനക്കുതന്നെയും വില കാണുന്നില്ല. നിന്നെത്തന്നെ ബഹുമാനിക്കാത്ത നിനക്ക് എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കാൻ സാധിക്കും?
ഞാൻ ചിന്തിച്ചുനോക്കി. ഇതുതന്നെയല്ലേ ഏശയ്യാപ്രവാചകനിലൂടെയും കർത്താവ് പറഞ്ഞത്. ”നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമായതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാൻ നല്കുന്നു” (ഏശയ്യാ 43:4). സർവ്വപ്രപഞ്ചത്തിന്റെയും ഉടയവനായ കർത്താവ് ലോകത്തിനു നല്കിയ വിലപിടിച്ച ഒരു സമ്മാനമാണ് ഞാൻ എന്ന് സ്വയം ചിന്തിക്കണം. എന്നെത്തന്നെ സ്‌നേഹിക്കാനും സ്വയം ബഹുമാനിക്കാനും ആ ചിന്ത കാരണമാകും.
എന്റെ കാരണങ്ങൾ എന്താണ്?
ഒരുപക്ഷേ മാതാപിതാക്കളിൽനിന്നും വേണ്ടപ്പെട്ടവരിൽനിന്നും ആവോളം സ്‌നേഹം ലഭിച്ചവരായിരിക്കില്ല നമ്മൾ. ചിലപ്പോൾ പിതാവ് മദ്യപനായിരുന്നിരിക്കാം. ശാരീരികമായി നമുക്ക് എന്തെങ്കിലും വൈകല്യങ്ങളുണ്ടായിരിക്കാം. സൗന്ദര്യം കുറഞ്ഞവരായിരിക്കാം നമ്മൾ. പഠനത്തിൽ വേണ്ടത്ര സാമർത്ഥ്യമില്ലാത്തിനാൽ പുറന്തള്ളപ്പെട്ടു പോയിട്ടുണ്ടാവാം. സാമ്പത്തികസ്ഥിതി മോശമായിരിക്കാം. ഇത്തരത്തിൽ പല കാരണങ്ങളാൽ നമുക്ക് ആത്മവിശ്വാസം ഇല്ലാതെ വരാം.
പലരും നമ്മെ മോശക്കാരാണെന്ന നിലയിൽ പരിഗണിക്കുകയും അത്തരത്തിൽ നമ്മോട് സംസാരിക്കുകയും ചെയ്തിട്ടുമുണ്ടാകും. അപ്പോൾ നമുക്കു തന്നെയും നമ്മെ അംഗീകരിക്കാൻ വിഷമം തോന്നുന്നു. അതിനാൽത്തന്നെ മറ്റുള്ളവരെ സ്‌നേഹിക്കാനും അംഗീകരിക്കാനും തടസം അനുഭവപ്പെടും. എന്നാൽ ഒന്നോർത്തു നോക്കുക. ജീവിതത്തിലെ കുറവുകൾ ദൈവം അനുവദിച്ചതാണെന്നും അവിടുന്ന് നമ്മെ അധികമായി സ്‌നേഹിക്കുന്നുണ്ടെന്നും ചിലരെങ്കിലും പറഞ്ഞിട്ടില്ലേ?
അവരുടേത് ദൈവസ്വരമായിരുന്നു എന്ന് തിരിച്ചറിയാം. വെട്ടമുള്ള മുറിയിൽവച്ച് എന്റെ ടീഷർട്ട് ശ്രദ്ധിച്ച, അത് നിർമ്മിച്ച കമ്പനിയെക്കുറിച്ച് അറിവുള്ള സുഹൃത്താണല്ലോ അതിന്റെ വിലയെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത്. അതുപോലെ ചിലർ നമ്മെ ദൈവത്തിന്റെ പ്രകാശത്തിൽ കാണുകയും അവിടുത്തെക്കുറിച്ചുള്ള ബോധ്യങ്ങളിൽനിന്ന് നമ്മെപ്പറ്റി പറയുകയും ചെയ്യുകയാണ്. കാരണം നാം കർത്താവിന് ഏറെ വിലപ്പെട്ടവരാണ്. നമ്മെ സ്‌നേഹിക്കുന്നതിനാലത്രേ അവിടുത്തോട് കൂടുതൽ അടുക്കുന്നതിനായി ഈ കുറവുകൾ നമ്മുടെ ജീവിതത്തിൽ അനുവദിച്ചത്.
വിലാപങ്ങളുടെ പുസ്തകത്തിലും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരായ നമ്മുടെ വിലയെക്കുറിച്ചുള്ള സൂചനയുണ്ട്. സീയോന്റെ അമൂല്യരായ മക്കൾ, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവർ എന്നാണ് അവിടെ ജറെമിയാ പ്രവാചകൻ പറയുന്നത്. (വിലാപങ്ങൾ 4:2). അതിനാൽ നീ വിലയില്ലാത്തവനാണെന്ന് ആരു പറഞ്ഞാലും അത് ദൈവസ്വരമല്ലെന്ന് ഓർക്കാം. ഇങ്ങനെ സ്വയം ഏറ്റുപറയാം, ഞാൻ അവിടുത്തേക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്.
സിബി തോമസ് പുല്ലൻപ്ലാവിൽ