ഒരു ദിവസം പ്രാർത്ഥനയ്ക്കായി ദേവാലയത്തിലേക്ക് നടക്കുകയായിരുന്നു ആ വൈദികൻ. ആ സമയത്ത് പ്രാർത്ഥനാവശ്യവുമായി ഒരു യുവതി അദ്ദേഹത്തിനു മുന്നിലെത്തി. വിവാഹിതയായ അവൾക്ക് ഒരു കുട്ടിയുണ്ട്. പക്ഷേ, ആ കുട്ടിയെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും അവൾക്ക് ആധിയാണ്. കാരണം വീട്ടിൽ കുടുംബപ്രാർത്ഥനയില്ല. കുടുംബാംഗങ്ങളെല്ലാം സീരിയലുകളും തട്ടുപൊളിപ്പൻ പരിപാടികളും ആസ്വദിക്കാൻ ടി.വിയുടെ മുൻപിൽ തപസിരിക്കും. അതു കഴിഞ്ഞാൽ കാമ്പില്ലാത്ത ചാനൽചർച്ചകളിൽ മുങ്ങിനില്ക്കും.
ടി.വിയിലെ ഈ പേക്കൂത്തുകൾ കണ്ടു വളരുന്ന തന്റെ കുഞ്ഞിന്റെ ഭാവി എന്തായിത്തീരുമെന്നോർത്ത് അവൾ ഭയപ്പെടുന്നു. അതുകൊണ്ട് ടി.വിയുടെ മുന്നിൽനിന്ന് മാറി, ആ സമയം തന്റെ മുറിയിലിരുന്ന് അവൾ പ്രാർത്ഥിക്കും. തന്റെ കുഞ്ഞ് അതു കണ്ട് വളരട്ടെയെന്ന് അവൾ അത്യധികം ആഗ്രഹിക്കുന്നു.
സ്വന്തം കുഞ്ഞ് അപകടത്തിൽ പെടാതെ രക്ഷപ്പെടാൻ അമ്മ നടത്തുന്ന തീവ്രപോരാട്ടത്തിൽ അവളെ അഭിനന്ദിക്കുകയും തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് അദ്ദേഹം ദേവാലയത്തിലേക്ക് പ്രവേശിച്ചു. അപ്പോൾ ആ കണ്ണുകൾ സജലങ്ങളായിരുന്നു.
നമ്മുടെ കുഞ്ഞുങ്ങളെ യഥാർത്ഥ ഡേഞ്ചർ സോണുകളിൽനിന്ന് രക്ഷിക്കാൻ ഇത്തരത്തിലുള്ള മാതൃകകളും പ്രാർത്ഥനകളുമല്ലേ ആവശ്യം?
എം.എ ജോർജ്