വൈകുന്ന ദൈവാനുഗ്രഹങ്ങളുടെ സൗന്ദര്യം

നാസി തടങ്കൽപാളയത്തിൽ അടയ്ക്കപ്പെട്ട ഒരു യഹൂദഡോക്ടറുടെ ജീവിതാനുഭവം വായിച്ചതോർക്കുന്നു. മരിക്കുന്നതുവരെ കോൺസൻട്രേഷൻ ക്യാംപിൽ കിടക്കേണ്ടിവരുമെന്നറിഞ്ഞ അയാൾ ചെറുപ്പകാലത്ത് പഠിച്ച ഒരു സങ്കീർത്തനഭാഗം രാവും പകലും ഉരുവിടാൻ തുടങ്ങി. സാവൂളിൽനിന്ന് രക്ഷപെടാൻ ഓടിനടന്ന ദാവീദിന്റെ പ്രാർത്ഥനയായിരുന്നു അത്.

”മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല” എന്ന 23-ാം സങ്കീർത്തനത്തിലെ ഒരു ഭാഗം. കടുത്ത സുരക്ഷയുള്ള ക്യാംപിൽനിന്നുള്ള രക്ഷപെടൽ എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ദൈവത്തെ മുറുകെപ്പിടിക്കാൻ തീരുമാനിച്ചത്. രാത്രിയുടെ യാമങ്ങളിൽ ഇടുങ്ങിയ മുറിയിൽ മുട്ടിന്മേൽനിന്ന് അദ്ദേഹം കണ്ണുനീരോടെ നിലവിളിച്ചു. ഭാര്യയെയും മക്കളെയും കാണുവാൻ സാധിക്കുന്നതിനായി ഏറെ കൊതിച്ചു.

എന്തേ ദൈവമേ, വൈകുന്നു?
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. യാതൊരു പ്രതീക്ഷയുമില്ലാത്ത നാളുകൾ. കൽക്കരിഖനിയിൽ ജോലിക്കായി നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. അവസാനം അദ്ദേഹം തിരിച്ചറിഞ്ഞു, അടുത്തുതന്നെ തന്നെയും എരിഞ്ഞുതീരാനായി ഗ്യാസ് ചേംബറിലേക്ക് അയക്കും. ഒരു രാത്രിയിൽ അദ്ദേഹം ദൈവത്തോട് പരാതി പറഞ്ഞു. ”എന്തേ ദൈവമേ, നീ വൈകുന്നു? എന്റെ ഹൃദയം തകരുന്നു. പ്രതീക്ഷകൾ അസ്തമിക്കുന്നു. മാസങ്ങളോളം പ്രാർത്ഥിച്ച എനിക്കും മരണംതന്നെ, അല്ലേ?” ഉറക്കെ അയാൾ പൊട്ടിക്കരഞ്ഞു.

അടുത്തദിവസം കൽക്കരിഖനിയിൽ ജോലിക്കായി ഈ ഡോക്ടറെയടക്കം നൂറ് പേരെ കൊണ്ടുപോകുകയാണ്. എണ്ണമെടുക്കുന്ന പട്ടാളക്കാരൻ ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി തടവുകാരെ വാഹനത്തിൽ കയറ്റുന്നു. 77-ാമത്തെ നമ്പർ ഡോക്ടറുടേത്. ഡോക്ടർ വാഹനത്തിൽ കയറിയപ്പോൾ, പെട്ടെന്ന് എണ്ണമെടുത്തിരുന്ന പട്ടാളക്കാരന്റെ പേന താഴെ വീണു. അതെടുക്കാൻ കുനിഞ്ഞ ശേഷം നിവർന്നപ്പോൾ അയാൾ വീണ്ടുമെണ്ണി, 77. ഡോക്ടർ മാത്രം തിരിച്ചറിഞ്ഞു, 77 രണ്ടുപ്രാവശ്യം എണ്ണിയതിനാൽ വാഹനത്തിൽ 101 പേരുണ്ട്. അക്കാര്യം മറ്റാരും ശ്രദ്ധിച്ചതുമില്ല.

അന്നു വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങാൻ തുടങ്ങവേ അവിടെയും എണ്ണമെടുക്കുകയാണ്. ആ സമയത്ത് ഡോക്ടർ കൽക്കരി നിറച്ച ഒരു ട്രക്കിന്റെ പിന്നിലൊളിച്ചിരുന്നു. 100 പേരെയുമായി ജയിലിലേക്കുള്ള വാഹനം മടങ്ങുകയും ചെയ്തു. പിന്നീട് കൽക്കരിക്കുള്ളിൽ ഒളിച്ചിരുന്ന് അദ്ദേഹം അതു കയറ്റുമതി ചെയ്യുന്ന രാജ്യത്തെത്തി. ശേഷം, തന്റെ നാട്ടിലേക്കും.

വർഷങ്ങൾ കഴിഞ്ഞ് ഈ സംഭവം ഒരു പുസ്തകത്തിലെഴുതുമ്പോൾ ആ യഹൂദ ഡോക്ടർ പറയുന്നു, ”ദൈവത്തിന് നമ്മുടെ ജീവിതത്തിൽ ഇടപെടാൻ സെക്കൻഡിന്റെ നൂറിലൊരു അംശം മതി എന്ന് അെന്നനിക്ക് മനസിലായി. വ്യത്യസ്തമായ വഴികളും രീതികളും അവിടുത്തേക്കുണ്ട്. നമ്മുടെ ബുദ്ധിക്കും ഭാവനയ്ക്കും ചിലപ്പോൾ നെയ്‌തെടുക്കാൻ പോലും കഴിയാത്തവ. അവിടുന്ന് ഒരിക്കലും വൈകുന്നില്ല, നേരത്തേ വരുന്നുമില്ല.”

സൂസന്ന നിസ്സഹായയായിരുന്നു. എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പ്രതീക്ഷയറ്റ അവളെക്കുറിച്ച് ദാനിയേൽ പ്രവാചകന്റെ പുസ്തകം പറയുന്നതിങ്ങനെ; ”അവൾ കരഞ്ഞുകൊണ്ട് സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി” (13:35). ഭൂമിയിൽ ആരുടെയും സഹായം ലഭ്യമല്ലെന്നുള്ള തിരിച്ചറിവിൽ ആകാശത്തേക്ക് കണ്ണുകളുയർത്തിയുള്ള നിലവിളി. കുറച്ചു വാക്യങ്ങൾ പിന്നിടുമ്പോൾ നാം വായിക്കുന്നു; ”കർത്താവ് അവളുടെ നിലവിളി കേട്ടു. അവൾ കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടപ്പോൾ ദാനിയേലെന്നുപേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കർത്താവ് ഉണർത്തി. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ഇവളുടെ രക്തത്തിൽ എനിക്ക് പങ്കില്ല” (13:44 46). അതിലൂടെ വീണ്ടും വാദപ്രതിവാദങ്ങൾ നടക്കുന്നതും സൂസന്ന രക്ഷപെടുന്നതും പിന്നീടുണ്ടായ ദൈവിക ഇടപെടലുകൾ.

പ്രാർത്ഥനകൾക്കുള്ള ഉത്തരം താമസിക്കുന്നതെന്തിന്?
ദൈവം ഒരിക്കലും വൈകാറില്ല, നേരത്തേ വരാറുമില്ല. ദൈവം വൈകുന്നു എന്ന തോന്നൽ നമുക്കുണ്ടാകുന്നതിന് രണ്ടു കാരണങ്ങളുണ്ട്, അല്ലെങ്കിൽ ലക്ഷ്യങ്ങളുണ്ട്. കൂടുതൽ പ്രാർത്ഥനകൾ ഉയരുന്നതിനും സാക്ഷ്യങ്ങൾ ഉണ്ടാകുന്നതിനും. എല്ലാക്കാലത്തും പ്രാർത്ഥനകൾ ശക്തമായി ഉയർന്നിട്ടുള്ളത് ദൈവം ഇടപെടാൻ വൈകുന്നു എന്ന തോന്നൽ മനുഷ്യരിലുണ്ടായപ്പോഴാണ്. വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും അനേകായിരങ്ങളുടെ ജീവിതത്തിൽ പ്രഘോഷിക്കപ്പെടുന്നതുമായ സാക്ഷ്യങ്ങൾ ജനിച്ചത് ദൈവം അവസാനനിമിഷം ഇടപെട്ടു എന്ന തോന്നലുണ്ടായപ്പോഴാണ്. ഇപ്രകാരം സാക്ഷ്യങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്ത് എന്നുള്ളതിന് ലളിതമായ ഒരുത്തരമേയുള്ളൂ, നമ്മുടെയും മറ്റുള്ളവരുടെയും ലോകം മുഴുവന്റെയും വിശ്വാസം വർദ്ധിക്കുന്നതിന്.

കർത്താവ് നമ്മുടെ ജീവിതത്തിൽ ഇടപെടാൻ അല്പം വൈകിയാലേ നമ്മുടെ വിശ്വാസം വർദ്ധിക്കുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യാറുള്ളൂ എന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്, വിവാഹം കഴിഞ്ഞ് പത്തുവർഷത്തിനുശേഷം ലഭിക്കുന്ന കുഞ്ഞിനെ അത്ഭുതമെന്നും ദൈവത്തിന്റെ ദാനമെന്നും വിളിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. ആദ്യവർഷങ്ങളിൽ ഉണ്ടാകുന്ന കുഞ്ഞ് ദൈവദാനമെന്ന നിലയിൽ പ്രഘോഷിക്കപ്പെടാറില്ല, പലപ്പോഴും.
കാൻസർ രോഗം വന്നതിനുശേഷം സൗഖ്യപ്പെടുന്നത് ദൈവിക ഇടപെടലായി വാഴ്ത്തുന്ന നാം, രോഗം വരാത്തതിനെയോർത്ത് ഒരിക്കലെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ? സാമ്പത്തികപ്രതിസന്ധി നീണ്ടുനിന്നതിനുശേഷം ഒരു ധ്യാനത്തിലൂടെ ദൈവിക ഇടപെടലുണ്ടായാൽ നാം സാക്ഷ്യപ്പെടുത്തും. പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ അനുദിനം കാക്കുന്ന ദൈവത്തിന്റെ പരിപാലനയെ സൗകര്യപൂർവം വിസ്മരിക്കുകയും ചെയ്യും. നീണ്ട ഒരു യാത്രയിലായിരുന്നുവെന്നിരിക്കട്ടെ. യാത്രയുടെ അവസാന സമയത്ത് കാറിനുമുമ്പിൽ ഒരു മരം പിഴുതുവീഴുന്നു. തലനാരിഴയ്ക്ക് രക്ഷപെടുന്നവർ ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയെ പ്രഘോഷിക്കും. എന്നാൽ യാത്രയിലുടനീളം വഴിയിൽ മരങ്ങളുണ്ടായിരുന്നെന്നും അവയൊന്നും കാറിനുമുകളിൽ വീഴാതെ കാത്തത് ദൈവമാണെന്നും പലപ്പോഴും ആരും ഓർമ്മിക്കാറില്ല.

കർത്താവ് തക്കസമയത്ത് ഇടപെടുമെന്നും, അവിടുത്തേക്ക് ഇടപെടാൻ അധികം സമയം വേണ്ടെന്നും എല്ലാ പ്രതിസന്ധികളുടെയും നടുവിൽ വിശ്വസിക്കാൻ നമുക്കാവണം. ആഫ്രിക്കൻ വനാന്തരങ്ങളിൽ സേവനം ചെയ്യാൻപോയ ഒരു മിഷനറി നരഭോജികളുടെ ഇടയിൽപെട്ടുപോയ ഒരു സംഭവമുണ്ട്. അക്രമികൾ ഓടിച്ചപ്പോൾ അദ്ദേഹം രക്ഷപെടാനുള്ള വഴികൾ തിരഞ്ഞു. മറഞ്ഞിരിക്കാൻ കിട്ടിയത് ഒരു വാതിൽ മാത്രമുള്ള ഒരു ഗുഹ. അതിനുള്ളിൽ കയറിയപ്പോൾ ഒരു കാര്യം അദ്ദേഹത്തിന് മനസിലായി. നരഭോജികൾ ഈ സ്ഥലം കണ്ടെത്തിയാൽ പിന്നെ രക്ഷയില്ല. അവിടെ പാറയിൽ അദ്ദേഹം മുട്ടിന്മേൽനിന്ന് നിലവിളിയോടെ പ്രാർത്ഥിച്ചു. ഈ സമയം വലിയൊരു അത്ഭുതം നടന്നു; ഒരു ചിലന്തി ആ ഗുഹാമുഖത്ത് വലനെയ്തു. നരഭോജികളെത്തി നോക്കിയപ്പോൾ ഗുഹാമുഖത്ത് ചിലന്തിവല. അവരുടെ യുക്തിയനുസരിച്ച് ആരെങ്കിലും അകത്തുണ്ടെങ്കിൽ വല പൊട്ടിയിരിക്കും. അവർ ആ ഗുഹയിൽ പ്രവേശിക്കാതെ മടങ്ങുകയും മിഷനറി രക്ഷപെടുകയും ചെയ്തുവത്രേ. പ്രതിസന്ധികളെ തടയാൻ ദൈവത്തിന് വലിയ സാഹചര്യങ്ങളും ക്രമീകരണങ്ങളും ആവശ്യമില്ല.

നാളുകളായി പ്രാർത്ഥിക്കുന്നവരാണെങ്കിൽ തിരിച്ചറിയുക, ഇനിയും ദൈവതിരുമുമ്പിൽ നിലവിളികളുയരണം. ദൈവവുമായുള്ള ബന്ധം വളരണം. ദൈവം വൈകുന്നു എന്ന തോന്നലുണ്ടാകുമ്പോൾ ഓർമ്മിക്കുക; സാക്ഷ്യങ്ങൾ ജനിക്കുകയും അത് നമ്മുടെയും മറ്റുള്ളവരുടെയും വിശ്വാസവളർച്ചയ്ക്ക് ഇടവരുത്തുകയും വേണം.
കാരുണ്യവാനായ ഈശോയേ, ഞങ്ങളുടെ വിശ്വാസവളർച്ചയ്ക്കായി, പ്രാർത്ഥനയിൽ മടുപ്പുതോന്നാതെ നിലനിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകുമ്പോൾ അവയെ സന്തോഷത്തോടെ സ്വീകരിക്കുവാനുള്ള കൃപ നൽകണമേ. അവിടുത്തേക്ക് ഒന്നും അസാധ്യമല്ലെന്നും, ഞങ്ങൾക്ക് മനസിലാകാത്ത അനേകം അവസരങ്ങളിൽ അങ്ങ് കൂടെയുണ്ടായിരുന്നെന്നും തിരിച്ചറിയുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെയും മറ്റുള്ളവരുടെയും വിശ്വാസവർദ്ധനവിനായി അനേകം സാക്ഷ്യങ്ങൾ ജനിക്കുന്നതിനുള്ള അവസരങ്ങളായി ജീവിതത്തിലെ പ്രതിസന്ധികളെ അങ്ങുതന്നെ രൂപാന്തരപ്പെടുത്തിയാലും. ആമ്മേൻ

ജിന്റോ മാത്യു

Leave a Reply

Your email address will not be published. Required fields are marked *