ഭാഗ്യപ്പെട്ടവരാകുന്ന നേരം

യു. എസ്സിലെ മിനിയേപ്പൊളിസ്സാണ് സ്ഥലം. തന്റെ ഏകമകൻ കൊല്ലപ്പെട്ടുവെന്നു വാർത്ത കേട്ടപ്പോൾ ആദ്യം മേരി എന്ന ആ അമ്മയ്ക്ക് വിശ്വസിക്കാൻ സാധിച്ചില്ല. വെറും ഇരുപത് വയസ്സ് മാത്രം പ്രായമേ അവനുണ്ടായിരുന്നുള്ളൂ. ഒരു ക്രിസ്ത്യാനിയായിട്ടുപോലും തന്റെ മകന്റെ ഘാതകനായ ഓഷിയാ ഇസ്രയേൽ എന്ന 16 വയസ്സുകാരനോട് തീർത്താൽ തീരാത്ത പകയും വിദ്വേഷവും വെറുപ്പും ഹൃദയത്തിൽ ഇരച്ചു പൊങ്ങി.

അവന്റെ ഘാതകൻ പിടിക്കപ്പെട്ടുവെന്നും അർഹിക്കുന്ന ശിക്ഷതന്നെ അവന് കിട്ടുമെന്നും കണ്ട് ഹൃദയത്തിൽ സന്തോഷിച്ചു. എങ്കിലും താൻ ഒരു ക്രിസ്ത്യാനിയാകയാലും ക്ഷമിക്കാൻ ബൈബിളിൽ പറയുന്നു എന്ന കാരണത്താലും താൻ ക്ഷമിക്കുന്നുവെന്ന് അവർ പറഞ്ഞു.

ക്ഷമിക്കാൻ സാധിക്കുമോ?
അങ്ങനെയെല്ലാം പറഞ്ഞെങ്കിലും അവർക്ക് ക്ഷമിക്കാൻ സാധിച്ചിരുന്നില്ല. വിദ്വേഷത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങി തന്നെത്തന്നെയും മറ്റുള്ളവരെയും വെറുക്കുന്ന അവസ്ഥയിൽവരെ അത് അവരെ എത്തിച്ചു കഴിഞ്ഞിരുന്നു. വർഷങ്ങളോളം ഈ അവസ്ഥ തുടർന്നു. എന്നാൽ ഒരിക്കൽ ഒരു കവിത വായിക്കാൻ ഇടയായത് അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു.

കൊല ചെയ്യപ്പെട്ട മകന്റെ അമ്മയും കൊലപാതകിയുടെ അമ്മയുമായിരുന്നു ആ കവിതയിലെ കഥാപാത്രങ്ങൾ. ഇത് മേരിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. താൻ തിരഞ്ഞെടുക്കേണ്ട ക്ഷമയുടെ വഴി ഈ കവിതയിലൂടെ സ്വർഗ്ഗം അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നിരിക്കണം.
ഓഷിയായെ ജയിലിൽചെന്ന് നേരിൽ കാണാൻതന്നെ അവർ തീരുമാനിച്ചു. അപ്പോൾ സംഭവത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞിരുന്നു. രണ്ട് മണിക്കൂറാണ് അന്നവർ സംസാരിച്ചത്. അതിനിടയിൽ താൻ ചെയ്ത തെറ്റ് അവൻ ആ അമ്മയുടെ മുമ്പിൽ ഏറ്റു പറഞ്ഞു. അവന്റെ പശ്ചാത്താപത്തിനും വേദനയ്ക്കും മുമ്പിൽ തന്റെ വെറുപ്പെല്ലാം മാറിപ്പോയി. ആത്മാർത്ഥമായിത്തന്നെ ഓഷിയായോട് അവർ ക്ഷമിച്ചു. അവൻ ആ അമ്മയോട് ചോദിച്ചു, ”ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ?” അവർ അവനെ തന്റെ മാറോടു ചേർത്തണച്ചു. അന്നു മുതൽ തന്നെ ബന്ധിച്ചിരുന്ന വെറുപ്പിന്റെ കെട്ടുകളിൽനിന്നും അവർ സ്വതന്ത്രയായി. ഓഷിയാ ജയിൽമോചിതനായശേഷം അടുത്തടുത്ത വീടുകളിലാണ് അവരുടെ താമസം.

നമുക്ക് ആവശ്യമായത്…
ഓഷിയാ പങ്കുവയ്ക്കുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. ഒരിക്കലും തനിക്ക് ഒരാളുടെ ജീവൻ അപഹരിക്കാൻ സാധിക്കുമെന്ന് താൻ കരുതിയിരുന്നില്ല. കുട്ടിക്കാലം മുതൽ ഓരോ ചെറിയ കളിവാക്കുപോലും താൻ മുറിവായി ഹൃദയത്തിൽ കൊണ്ടു നടന്നിരുന്നു. ഇത്തരം ഒരുപാട് അനുഭവങ്ങൾ കൂടിച്ചേർന്നപ്പോൾ താൻ പൊട്ടിത്തെറിച്ചുപോയി. ഉള്ളിൽ കൊണ്ടുനടന്നിരുന്ന വിദ്വേഷം തന്നെ തിരികെ ആക്രമിച്ചുവെന്നുവേണം കരുതാൻ. കാരണം തീർത്തും അപരിചിതനായ ഒരാളുമായി വളരെ ചെറിയ കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് അന്ന് ഒരു കൊലപാതകത്തിൽ കലാശിച്ചത്.

അതിനാൽ നിരുപാധികം ക്ഷമിക്കേണ്ടത് നമ്മുടെ ആവശ്യംതന്നെയാണ്. നമ്മുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നമ്മളും കരുണയുള്ളവരായിരിക്കണം.

ധൂർത്തപുത്രന്റെ ഉപമയിൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ധൂർത്തപുത്രൻ തിരിച്ചു വന്നപ്പോൾ പിതാവിനോടു പറയുന്നു ”പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല.”(ലൂക്കാ 15:21). പക്ഷേ തന്നോടു ക്ഷമിക്കണം എന്ന് അവൻ പറയുന്നില്ല. അതെ, ഒരു ‘സോറി’ പോലും പറയുന്നതിനുമുമ്പേതന്നെ പിതാവ് അവനോടു ക്ഷമിച്ചിരുന്നു. അത് മനസ്സിലായതുകൊണ്ടായിരിക്കണം അവൻ ക്ഷമ ചോദിക്കാത്തത്. പിതാവ് തന്നെ സ്‌നേഹിക്കുന്നുവെന്നും തിരികെച്ചെന്നാൽ സ്വീകരിക്കുമെന്നുമുള്ള ബോധ്യത്തിലേക്ക് കടന്നുവന്ന ധൂർത്തപുത്രനെ പിന്നീട് ഭാഗ്യമുള്ള പുത്രൻ എന്നു വിളിക്കുന്നതാണ് ഉചിതം. ആ ബോധ്യത്തിലെത്തുന്ന നേരമാണ് ഭാഗ്യപ്പെട്ട നേരം. അങ്ങനെയെങ്കിൽ നമുക്കും ഭാഗ്യമുള്ള പുത്രീപുത്രരായിക്കൂടേ?

ക്ഷമ ഒരു കഴിവല്ല
പിതാവിന്റെ അനന്തകാരുണ്യമാണ് നമ്മെ തിരികെ വിളിക്കുന്നത്. ‘നീ മാനസാന്തരപ്പെട്ടാൽ ഞാൻ നിന്നോടു ക്ഷമിക്കാം’ എന്ന വ്യവസ്ഥകളൊന്നും അവിടുത്തേക്കില്ല. മാനസാന്തരവും തിരിച്ചുവരവും അവിടുത്തെ ക്ഷമിക്കുന്ന സ്‌നേഹത്തെ അടുത്തറിയുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നു.

എന്റെ ദൈവം എന്നെ സ്‌നേഹിക്കുന്നു. ഞാൻ വലിയ പാപിയായിരിക്കാം. പക്ഷേ എന്റെ പാപങ്ങൾക്കു പരിഹാരമായി അവിടുത്തെ പുത്രൻ പീഡകൾ ഏറ്റുവാങ്ങി. ഞാൻ പാപാവസ്ഥയിൽ തുടരുന്നത് എനിക്കും അവിടുത്തേക്കും വേദനാജനകമാണ്. അതിനാൽ ഞാൻ എത്രയുംവേഗം അവിടുത്തെ സന്നിധിയിലേക്ക് ഓടിയണയും. അവിടുന്ന് എന്നെ സ്വീകരിക്കും എന്ന ബോധ്യം പിതാവിന്റെ സ്‌നേഹത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്നു.

ഞാൻ സ്‌നേഹിക്കപ്പെടാൻ അർഹനല്ല, എന്നിട്ടും എന്റെ പിതാവ് എന്നെ സ്‌നേഹിക്കുന്നു എന്ന തിരിച്ചറിവ് അവരുടെ യോഗ്യതകളും പരിമിതികളും വകവയ്ക്കാതെ നമ്മുടെ സഹജീവികളെയും സ്‌നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. പിതാവിൽനിന്നും നമ്മൾ സ്വീകരിക്കുന്ന ഈ കരുണ നമ്മുടെ സഹജീവികൾക്ക് പകർന്നു നല്കാൻ നാം ബാധ്യസ്ഥരുമാണ്. പക്ഷേ പലപ്പോഴും ക്ഷമിച്ചു എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് നമ്മെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും യഥാർത്ഥത്തിൽ ക്ഷമ സംഭവിച്ചിട്ടില്ലായെന്ന് നാം മനസ്സിലാക്കുന്നു.

കർത്താവിന്റെ വലിയ കൃപയാണ് നിരുപാധികം ക്ഷമിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. പലപ്പോഴും നാം മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ക്ഷമ ഒരു കഴിവ് എന്നതിനെക്കാൾ ഒരു കൃപയാണ്, ദൈവികദാനമാണ്. അതിനാൽ ക്ഷമിക്കാൻ സാധിക്കാത്ത നമ്മുടെ അവസ്ഥകളെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. ”ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും” എന്ന് അവിടുന്ന് ഉറപ്പു നല്കുന്നുണ്ടല്ലോ. തീർച്ചയായും അവിടുന്ന് കൃപ നല്കും. അവിടുത്തെ സ്‌നേഹത്തിന്റെ വറ്റാത്ത ഉറവയിൽനിന്ന് നമുക്കും കോരിയെടുക്കാം. ദൈവപിതാവിന്റെ കരുണ സ്വീകരിക്കുകയും അത് സഹജീവികൾക്ക് നൽകുകയും ചെയ്യുന്ന ഭാഗ്യപ്പെട്ടവരായി മാറുകയും ചെയ്യാം.

അനു ജോസ്

Leave a Reply

Your email address will not be published. Required fields are marked *