കുമാരന്റെ പാട്ട്

വിശുദ്ധ കുർബാന കഴിഞ്ഞ് സന്യാസിനികളായ ഞങ്ങൾ തിരികെവന്ന ഒരു പ്രഭാതസമയം. ജോലികൾക്കിറങ്ങാനൊരുങ്ങുന്ന തിരക്കിലാണ് എല്ലാവരും. അപ്പോഴതാ ഒരാൾ സിസ്റ്റേഴ്‌സിനെ ചീത്ത വിളിക്കുന്നു. നോക്കിയപ്പോൾ മഠത്തിനടുത്ത് താമസിക്കുന്ന കുമാരനാണ്, വർഷങ്ങളായി മാനസികരോഗി. ഭാര്യ ചെല്ലമ്മ ജോലി ചെയ്ത് അഞ്ചു മക്കൾകൂടി അടങ്ങുന്ന കുടുംബം പോറ്റും. മഠത്തിൽനിന്ന് ഇടക്കിടക്ക് സഹായങ്ങൾ നല്കാറുണ്ട്.

പെട്ടെന്ന് എന്റെ ഉള്ളിൽനിന്ന് ഒരു സ്വരം; നീ എന്തിനാണ് ചീത്ത പറയുന്നത് എന്ന് ചോദിക്കാൻ. ചോദിച്ചപ്പോൾ കുമാരൻ പറഞ്ഞു: ”എനിക്ക് വിശന്നിട്ടാണ്.” ഉടനെ ഇങ്ങനെ പറയാൻ ഒരു പ്രേരണ, ”ഞങ്ങൾ ഭക്ഷണം തരാം.” അതിന് കുമാരന്റെ ഉത്തരം: ”സത്യമായും ഞാൻ ചീത്ത പറയില്ല.”

പറഞ്ഞതുപ്രകാരം കുറച്ചു ദിവസം മുടങ്ങാതെ ഭക്ഷണം അവരുടെ വീട്ടിലെത്തിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ കുമാരനിൽ വലിയ മാറ്റം. മുഖത്ത് സന്തോഷം പ്രത്യക്ഷമായി. പലരും വലിച്ചെറിഞ്ഞ് കൊടുക്കുന്ന പണം പെറുക്കിയെടുത്ത് ബീഡി വാങ്ങിക്കും. ബാക്കി സൂക്ഷിച്ചുവയ്ക്കും. അതായിരുന്നു കുമാരന്റെ പതിവ്. വീടിനകത്ത് വിസർജിച്ചും മുറ്റത്തും വഴിയരികിലും അന്തിയുറങ്ങിയുമാണ് കഴിഞ്ഞിരുന്നത്.

ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ ഉള്ളിൽനിന്ന് ഒരു സ്വരം. ”അവനെ കുളിപ്പിച്ച് എനിക്കായി ഒരുക്കുക.” അത് ദൈവസ്വരം തന്നെയെന്ന് വ്യക്തമായപ്പോൾ മറ്റൊരു സിസ്റ്ററിന്റെ സഹായത്തോടെ കുമാരനെ കുളിപ്പിച്ച് വൃത്തിയാക്കി. ഇതിനിടയിൽ കുമാരൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിൽ തെളിഞ്ഞുനില്ക്കുന്നു. ”അമ്മേ, ഞാൻ യേശുക്രിസ്തുവിനെ കാണുന്നു! ഇതാ കുരിശിൽ ചോരയിൽ കുതിർന്ന് യേശുക്രിസ്തു കിടക്കുന്നു.” പിന്നെ അവൻ ഈണത്തിൽ പാടി, ‘കാൽവരിമലയിൽ കുരിശിൽ മരിച്ച യേശുവേ സ്‌തോത്രം.’ ആ പാട്ട് കുറേ സമയം ആവർത്തിച്ചുകൊണ്ടിരുന്നു.

ഞങ്ങൾ ആരും പഠിപ്പിച്ചു കൊടുത്തതായിരുന്നില്ല അത്. എങ്കിലും സ്‌നേഹത്തിന്റെ പ്രവൃത്തികൾ യേശുവിനെക്കുറിച്ച് കുമാരനോട് സംസാരിച്ചിരിക്കണം.

സിസ്റ്റർ പ്രസന്ന എസ്.വി.എം.

2 Comments

  1. FrancisKanapilly says:

    Very Inspiring stories,incidence happening in life makes me Jesus is alive and guiding me il life.!

  2. FrancisKanapilly says:

    Very Inspiring stories,incidence happening in life makes me Jesus is alive and guiding me il life.!

Leave a Reply

Your email address will not be published. Required fields are marked *