മാധുര്യമുള്ള മനസ് വേണോ?

ലോകപ്രശസ്തമായ ഒരു ഇംഗ്ലീഷ് സിനിമയാണ് ട്വെൽവ് ഇയേഴ്‌സ് എ സ്ലേവ് (അടിമയായി പന്ത്രണ്ട് വർഷങ്ങൾ). 2013-ലാണ് അത് റിലീസ് ചെയ്തത്. സോളമൻ നോർത്തപ് എന്ന ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതാനുഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്. ഭാര്യയോടും രണ്ട് കുഞ്ഞുങ്ങളോടുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന ഭക്തനായ ഒരു ക്രൈസ്തവനായിരുന്നു സോളമൻ. ന്യൂയോർക്ക് സംസ്ഥാനത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒരു ആശാരിപ്പണിക്കാരനായിരുന്ന അദ്ദേഹം ഒന്നാംതരം ഒരു വയലിനിസ്റ്റ് കൂടിയായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഒരു നാളിലുണ്ടായി. തന്റെ പണിപ്പുരയിലായിരിക്കുമ്പോൾ ഒരു ദിവസം രണ്ടുപേർ അദ്ദേഹത്തെ കാണാനെത്തി. ഒരു സർക്കസ് കമ്പനിയുടെ പ്രതിനിധികളാണെന്ന് അവർ പരിചയപ്പെടുത്തി. അവരുടെകൂടെ സോളമൻ ചെല്ലണം. അവരുടെ കമ്പനിയിലെ വയലിനിസ്റ്റ് രണ്ടാഴ്ച ലീവാണ്. രണ്ടാഴ്ച അവിടെ സേവനം ചെയ്താൽ വലിയൊരു തുക പ്രതിഫലം നല്കാം. ഈ ഓഫർ വളരെ ആകർഷകമായി തോന്നി സോളമന്. അദ്ദേഹം ഒട്ടും സംശയിച്ചില്ല. ഭാര്യ വീട്ടിലില്ലായിരുന്നു അപ്പോൾ. എന്നാൽ ഭാര്യയോടുപോലും യാത്ര പറയാതെ അദ്ദേഹം അവരുടെ കൂടെ ഇറങ്ങി. എന്തിന് യാത്ര പറയണം? രണ്ടാഴ്ച കഴിഞ്ഞാൽ കൈനിറയെ പണവുമായിട്ടാണല്ലോ വരുന്നത്. ഭാര്യയ്ക്ക് ഒരു സർപ്രൈസ് ആവട്ടെ.

വേദനാജനകമായ സർപ്രൈസ്
പക്ഷേ, അവർ ചതിയന്മാരായിരുന്നു. അവർ സോളമനെ കൊണ്ടുപോയത് വാഷിംഗ്ടണിലെ ഒരു ഹോട്ടലിലേക്കായിരുന്നു. അവിടെ അവർ ആ സാധുവിനെ നന്നായി സല്ക്കരിച്ചു. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം കാണുന്നത് തന്റെ ഇരുകൈകളിലും ചങ്ങലകൾ ഇട്ടിരിക്കുന്നതാണ്. താൻ ഒരു അടിമയായി പിടിക്കപ്പെട്ടുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1841 മാർച്ചുമാസത്തിലാണ് ഇത് സംഭവിച്ചത്.

അക്കാലത്ത് തെക്കേ അമേരിക്കയിലെ പ്ലാന്റേഷനുകളിൽ പണിയെടുക്കുവാൻ വടക്കേ അമേരിക്കയിൽനിന്ന് നീഗ്രോകളെ അടിമകളാക്കി ചതിയിൽപ്പെടുത്തി കൊണ്ടുപോവുക പതിവായിരുന്നു. അങ്ങനെയുള്ള ഏജന്റുമാരുടെ ഇരയായിത്തീർന്നതാണ് സോളമൻ.

അവർ ഫോർഡ് എന്ന തോട്ടം മുതലാളിക്കാണ് സോളമനെ വിറ്റത്. താരതമ്യേന മാന്യമായ പെരുമാറ്റമായിരുന്നു ഫോർഡിന്റേത്. തന്നെ മറ്റൊരു യജമാനന് വില്ക്കരുതേ എന്ന് കേണപേക്ഷിച്ചിട്ടും ഫോർഡ് സോളമനെ എഡ്‌വിൻ എപ്‌സ് എന്ന ക്രൂരനായ മുതലാളിക്ക് വിറ്റു. പുതിയ യജമാനൻ വളരെ ക്രൂരമായിട്ടാണ് സോളമനോട് പെരുമാറിയത്. ക്രിസ്തുവിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്തിയ യഥാർത്ഥ ക്രൈസ്തവനായ സോളമന് തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്ന യജമാനനോട് ഒരു വെറുപ്പും തോന്നിയിരുന്നില്ല. മാത്രവുമല്ല, തികച്ചും നിരാശാജനകമായ ഈ സാഹചര്യത്തിൽ അദ്ദേഹം ദൈവത്തിൽ പ്രത്യാശ വച്ചു.
തന്റെ പ്രിയപ്പെട്ട ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തിന്റെ മനസിനെ എല്ലാ ദിവസവും മഥിച്ചിരുന്നു. അവരെ കാണുവാൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. എന്നെങ്കിലും അവരെ കാണുവാൻ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം സൂക്ഷിച്ചു. ദിവസവും മുട്ടുകുത്തി, കണ്ണീരോടെ അദ്ദേഹം പ്രാർത്ഥിച്ചു: ‘സർവ്വശക്തനായ ദൈവമേ, ഈ ക്രൂരമായ അടിമത്തത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ.’

ഇന്നും ജീവിക്കുന്ന ദൈവം മോചനത്തിന്റെ വഴി അദ്ദേഹത്തിന് തുറന്നുകൊടുത്തു. തന്റെ ഒരു സുഹൃത്ത് വശം ഒരു കത്ത് തന്റെ കുടുംബാംഗങ്ങൾക്ക് എത്തിച്ചുകൊടുക്കുവാൻ ദൈവം അവസരം നല്കി. അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ പ്രിയപ്പെട്ടവർ അദ്ദേഹത്തിന്റെ മോചനത്തിനായി കിണഞ്ഞ് പരിശ്രമിച്ചു. അവർ ആ കത്ത് ന്യൂയോർക്ക് സംസ്ഥാനത്തെ ഗവർണറെ കാണിച്ചു. തന്റെ സംസ്ഥാനത്തിലുള്ള ഒരു പൗരൻ അടിമയായി കഴിയുന്നുവെന്നറിഞ്ഞ ഗവർണർ സോളമനെ മോചിപ്പിക്കാൻ സത്വര നടപടികൾ എടുത്തു. അങ്ങനെ 1853 ജനുവരി നാലിന് അദ്ദേഹം മോചിതനായി. മോചിതനായ സോളമൻ നോർത്തപിലെ തന്റെ കടുത്ത ജീവിതാനുഭവങ്ങൾ ഒരു പുസ്തകരൂപത്തിലാക്കി. സിനിമയുടെ പേരുതന്നെയാണ് പുസ്തകത്തിന്റേതും.

സോളമന്റെ അമൂല്യരഹസ്യങ്ങൾ
സോളമന്റെ ജീവിതാനുഭവങ്ങൾ നമ്മെ പല കാര്യങ്ങളും ഓർമിപ്പിക്കുന്നില്ലേ? ഏറ്റവും പ്രധാനപ്പെട്ടത് വെറുപ്പില്ലാത്ത ഒരു മനസായിരുന്നു സോളമന്റേത് എന്നതാണ്. ആരുടെ മനസാണ് ഇത്തരത്തിലുള്ള ജീവിതാനുഭവങ്ങളാൽ കയ്ച്ചുപോകാത്തത്? മോഹനവാഗ്ദാനങ്ങൾ നല്കി തന്നെ ചതിച്ചവരോട് ക്ഷമിക്കുക എളുപ്പമായിരുന്നില്ല. അതുപോലെ അന്യായമായി തന്നെ അടിമയാക്കി വച്ചിരുന്ന യജമാനന്മാരെ സ്‌നേഹിക്കുക എന്നതും ലോകദൃഷ്ടിയിൽ ദുഷ്‌കരംതന്നെ. തന്റെ പ്രിയപ്പെട്ട ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള ഓർമകൾ എരിതീയിൽ എണ്ണ പകരുന്നതുപോലെയായി. എന്നാലും സോളമൻ തന്റെ മനസിനെ വിദ്വേഷത്തിന് അടിമപ്പെടുവാൻ അനുവദിച്ചില്ല.

ദൈവം പ്രവർത്തിക്കണമെങ്കിൽ ദൈവത്തിന് നമ്മുടെ ജീവിതത്തിൽ ഒരിടം നല്കണം. അതാണ് സോളമൻ നല്കിയത്. കളങ്കമില്ലാത്ത മനസ്. പ്രത്യേകിച്ചും അദ്ദേഹം തന്റെ യജമാനനായിരുന്ന ഫോർഡിനെക്കുറിച്ച് ആത്മകഥയിൽ കുറിച്ചിരുന്ന വാക്കുകൾ ശ്രദ്ധേയമാണ്: ‘ഫോർഡിനെപ്പോലെ കുലീനനായ ഒരു ക്രിസ്ത്യാനിയുണ്ടായിട്ടില്ല.’ നോക്കണേ, തന്നെ അടിമയാക്കി വച്ചിരിക്കുന്നവൻ കുലീനനാണെന്ന്. ആരുടെ മനസാണ് കുലീനമായിട്ടുള്ളത്?

സോളമനെ ദൈവത്തിന് അനുഗ്രഹിക്കാതിരിക്കാൻ പറ്റുമോ? അവിടുന്ന് എത്രയും വേഗം അദ്ദേഹത്തിന് നീതി നടത്തിക്കൊടുക്കയില്ലേ? നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു ദുരന്തം പലപ്പോഴും നമ്മളാരും ശ്രദ്ധിക്കാറില്ല. ദുരന്താനുഭവങ്ങൾക്ക് നമ്മൾ അടിമകളായിത്തീരുന്നു എന്നതല്ല അത്. എന്നാൽ ദുരന്തം സമ്മാനിച്ചവരെ നാം മനസിൽ വെറുത്തു തുടങ്ങുന്നു, അവരെ മനസിൽനിന്ന് മാറ്റിനിർത്തുവാൻ ശ്രമിക്കുന്നു എന്നതാണത്. കുലീനത മനസിൽ സൂക്ഷിക്കേണ്ട ഒരു ക്രിസ്തുശിഷ്യന് യോജിച്ച നിലപാടല്ല അത്. ക്രിസ്തുവിന്റെ മനോഭാവം എന്തായിരുന്നു? സ്‌നേഹംകൊണ്ട് നിന്റെ ശത്രുക്കളെ കീഴടക്കുക.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിന്റെ ജീവിതത്തിൽ ശത്രു ഉണ്ടായിരിക്കരുത്. ”ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും” (മത്തായി 5:44,45). ശത്രുക്കളെ സ്‌നേഹിക്കാതെ എനിക്ക് സ്വർഗസ്ഥനായ ദൈവത്തിന്റെ മകനായിത്തീരുവാൻ സാധിക്കുകയില്ല. മകനായിത്തീരാതെ എങ്ങനെ പിതാവിന്റെ അനുഗ്രഹത്തിന് അവകാശിയായിത്തീരും. പലപ്പോഴും നാം കുറുക്കുവഴിയാണ് തേടുന്നത്. ക്ഷമിക്കാതെ അനുഗ്രഹം നേടുക. അത് അസാധ്യമാണെന്ന് സോളമന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
അദ്ദേഹം പഠിപ്പിക്കുന്ന മറ്റൊരു കാര്യം നിലവിളിച്ച് പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്നവനാണ് ദൈവം എന്നതാണ്. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ നിരാശാജനകമായ കാര്യമില്ല. ഏത് തകർന്ന അവസ്ഥയിലും രക്ഷയുടെ മാർഗങ്ങൾ അവനായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ ദൈവത്തെ കാണുവാനായി ആദ്യം ചെയ്യേണ്ടത് ഒന്ന് ശാന്തനാകുക എന്നതാണ്. എല്ലാ അസ്വസ്ഥതകളും നാളെയെക്കുറിച്ചുള്ള ഭാരങ്ങളും അവിടുത്തെ പക്കൽ ഇറക്കിവയ്ക്കുക. കാരണം അവിടുന്ന് ദൈവമാണ്. സങ്കീർത്തകൻ ഈ ടെക്‌നിക്ക് നമ്മെ പഠിപ്പിക്കുന്നു: ”ശാന്തമാകുക, ഞാൻ ദൈവമാണെന്നറിയുക” (സങ്കീർത്തനം 46:10).

അടുത്തതായി ചെയ്യേണ്ടത് ഈ അവസ്ഥയിലും എന്റെ ദൈവത്തിന് എനിക്കുവേണ്ടി ഒരത്ഭുതം ചെയ്യുവാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ്. ആ വിശ്വാസമാണ് അത്ഭുതത്തിന്റെ താക്കോൽ. അതിന് മലകളെ മാറ്റുവാനുള്ള ശക്തിയുണ്ട്. ദൈവത്തിന്റെ സർവാതിശായിയായ ശക്തിയിലുള്ള ഏറ്റുപറച്ചിലാണ് ആ വിശ്വാസം. ആ വിശ്വാസം വലിയൊരു പ്രത്യാശയുടെ അനുഭവത്തിലേക്ക് നയിക്കും. ”ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അർപ്പിച്ച ദൈവം” (ഏശയ്യാ 25:9).

എന്താണ് ആ ദൈവത്തിന്റെ പ്രവൃത്തികൾ? ”അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും. സകലരുടെയും കണ്ണീർ അവിടുന്ന് തുടച്ചുമാറ്റും. തന്റെ ജനത്തിന്റെ അവമാനം ഭൂമിയിൽ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും” (ഏശയ്യാ 25:8). അതെ, കണ്ണീർ തുടയ്ക്കുന്ന, അപമാനം മാറ്റുന്ന ദൈവത്തിലുള്ള പ്രത്യാശ നാം എന്നും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ആ ദൈവത്തിലുള്ള പ്രത്യാശ വലിയൊരു ഹൃദയസമാധാനത്തിലേക്ക് നമ്മെ നയിക്കും. ”അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു” (ഏശയ്യാ 26:3). ഈ വലിയൊരു കൃപയിൽ ജീവിക്കാൻ നമുക്ക് ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം:

എന്റെ പ്രത്യാശയുടെ ഉറവിടമായ ദൈവമേ, ഞാൻ അങ്ങയെ ഹൃദയപൂർവം സ്‌നേഹിക്കുന്നു. എന്നെ വേദനിപ്പിച്ചവരോട് അങ്ങയുടെ പരിശുദ്ധ നാമത്തിൽ ഞാൻ ആത്മാർത്ഥമായി ഹൃദയപൂർവം ക്ഷമിക്കുന്നു. എന്റെ ജീവിതത്തെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് ദൈവം എന്നെ ഉയർത്തുവാൻ പോകുന്ന അവസ്ഥയിലേക്ക് കണ്ണുകളുയർത്തുവാൻ എന്നെ പഠിപ്പിച്ചാലും. പരിശുദ്ധ അമ്മേ, യൗസേപ്പിതാവേ, എന്റെ ദൈവത്തിൽ പൂർണമായി ആശ്രയിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *