വ്യാജമായതിന്റെ പിന്നാലെ

ഡെൻമാർക്കിലെ ‘എൻഷീഡ്’ എന്ന നഗരത്തിലാണ് ഈ സംഭവം നടന്നത്. ഒരു രാത്രി പട്ടണത്തിലെ ഏറ്റവും വലിയ ജ്വല്ലറിയിൽ മോഷ്ടാക്കൾ പ്രവേശിച്ചു. പൂട്ടുകൾ തകർക്കാനും വാതിൽ തുറക്കുമ്പോൾ ഉണ്ടാകുന്ന അപായ സൈറന്റെ കണക്ഷൻ വിച്ഛേദിക്കാനും അവർ വളരെയധികം കഷ്ടപ്പെട്ടു. എങ്കിലും ഉള്ളിൽ കടന്നതോടെ അവർക്ക് സന്തോഷമായി. കാരണം, അനേകം മില്യണുകൾ വിലമതിക്കുന്ന ഡയമണ്ട്-സ്വർണാഭരണങ്ങൾ ഷോ കേസുകളിൽ നിറഞ്ഞിരിക്കുന്നു. വലിയ ആവേശത്തോടെ കള്ളന്മാർ ആഭരണങ്ങളെല്ലാം വാരി ബാഗുകളിൽ നിറച്ചു. പക്ഷേ, എല്ലാം കഴിഞ്ഞപ്പോഴാണ് അവർ കടയ്ക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ബോർഡ് ശ്രദ്ധിച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ”ഷോ കേസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആഭരണങ്ങളൊന്നും യഥാർത്ഥ സ്വർണമോ ഡയമണ്ടോ അല്ല. അവ വെറും മാതൃകകൾ മാത്രമാണ്.” ഇത് വായിച്ചപ്പോൾ അവർക്കുണ്ടായ നിരാശയും സങ്കടവും നമുക്ക് ഊഹിക്കാൻ കഴിയും. നിരവധി ദിവസങ്ങളിലെ പ്ലാനിംഗ്, ഉറക്കമിളപ്പ്, അധ്വാനം, പിരിമുറുക്കം എല്ലാം വൃഥാവിലായി. ദേഷ്യം മൂത്ത അവർ അരിശം തീർക്കാൻ കണ്ണാടിക്കൂടുകൾ ഇടിച്ചുടച്ചു. ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട അയൽക്കാരിലൊരാൾ പോലിസിനെ വിളിച്ചറിയിച്ചു. പോലിസ് വന്ന് എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

യഥാർത്ഥ ഡയമണ്ടിനും സ്വർണത്തിനും മാത്രമേ വിലയുള്ളൂ. മറ്റുള്ളവ യഥാർത്ഥമെന്ന് തോന്നിപ്പിക്കുമെങ്കിലും വില കുറഞ്ഞ ലോഹങ്ങളും കല്ലുകളും ആയിരിക്കും. യഥാർത്ഥമായതിന്റെ രൂപമുണ്ടെങ്കിലും നിറമുണ്ടെങ്കിലും ഗുണമില്ല. കാലം കഴിയുമ്പോൾ നിറം മങ്ങും. രൂപം മാറും. യഥാർത്ഥമല്ല എന്ന് തിരിച്ചറിയുമ്പോൾ പിന്നെ വലിച്ചെറിയാനേ കഴിയൂ. വ്യാജമായ സ്വർണം, വ്യാജ കറൻസിനോട്ടുകൾ എന്നിങ്ങനെ തുടങ്ങി വ്യാജമായ ഔഷധങ്ങൾവരെ വാങ്ങി വഞ്ചിതരാകുന്നവർ നമ്മുടെ നാട്ടിലുണ്ട്.

യഥാർത്ഥമായതിന്റെ വില നൽകി വിലയില്ലാത്ത ഡ്യൂപ്ലിക്കേറ്റുകൾ വാങ്ങി വഞ്ചിതരാകുന്നവരെ നാം മണ്ടന്മാർ എന്നു വിളിക്കും. പക്ഷേ, അതിനേക്കാൾ വലിയ മണ്ടത്തരം സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് നാം തിരിച്ചറിയുകയുമില്ല. യഥാർത്ഥമായ സ്‌നേഹമാണെന്ന് കരുതി കപടമായ ബന്ധങ്ങളിൽ കുടുങ്ങി ജീവിതം നഷ്ടപ്പെട്ടവർ എത്രയധികമാണ്.

കപടമായ ആധ്യാത്മിക പ്രസ്ഥാനങ്ങളിലൂടെ ദൈവാനുഭവം തേടി വഞ്ചിതരാകുന്നവരും ധാരാളം. ജഡികസന്തോഷങ്ങളും പണവും സ്ഥാനമാനങ്ങളും ശാന്തിയും സന്തോഷവും തരാൻ കഴിവുള്ളവയാണെന്ന് കരുതി അവയ്ക്ക് പിന്നാലെ ഓടുന്നവരും ഒരു ദിവസം മനസിലാക്കും – തങ്ങൾ വ്യർത്ഥതകളുടെ പിന്നാലെയാണ് ഓടിയതെന്ന്. നാം നേട്ടവും വിജയവും ആണെന്ന് കരുതുന്ന പലതും യഥാർത്ഥത്തിൽ നഷ്ടവും പരാജയവും ആണെന്ന് പിന്നീട് നമുക്ക് മനസിലാകും. പക്ഷേ, അപ്പോഴേക്കും ജീവിതത്തിൽ വളരെയേറെ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. ഈ ദുരന്തത്തിൽനിന്നും ഒഴിവാകാൻ എന്താണ് മാർഗം? ഒറ്റമാർഗമേ ഉള്ളൂ. ദൈവത്തിൽ യഥാർത്ഥമായും വിശ്വസിക്കുക. ദൈവവചനവും തിരുസഭയുടെ പ്രബോധനങ്ങളും വിശ്വസനീയമാണെന്നത് അനേകം തലമുറകളുടെ അനുഭവമാണ്. അതിനാൽ അവയ്‌ക്കെതിരായ പുത്തൻ ചിന്താഗതികളെ സ്വാഗതം ചെയ്യുന്നതിൽ ജാഗ്രത വേണം.

എല്ലാ ‘ജീവിതവ്യാപാരങ്ങളിലും’ ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഏറ്റവും നല്ല മാർഗം ദൈവവചനമാണ്. ദൈവവചനത്തിന്റെ വെളിച്ചത്തിൽ ജീവിതത്തെ സമീപിക്കുമ്പോൾ വ്യാജമായതിനെ തിരിച്ചറിയുവാൻ എളുപ്പം സാധിക്കും. ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരുന്ന അറിയിപ്പ് മോഷ്ടാക്കൾ ശ്രദ്ധിച്ചില്ല. മിന്നിത്തിളങ്ങുന്നതും ആകർഷണീയതയുള്ളതുമായ പലതും വ്യാജമാണെന്ന് തിരുവചനം മുന്നറിയിപ്പ് തരുമ്പോൾ നമ്മളും ഗൗനിക്കാറില്ല. ദൈവത്തെ ജീവിതത്തിൽനിന്ന് തള്ളിക്കളയുമ്പോഴാണ് വ്യാജമായതിനെ വിശ്വസിക്കാനുള്ള പ്രേരണ നമുക്കുണ്ടാകുന്നത്. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ അവിടുന്ന് നമ്മെ നയിക്കുന്ന അനുഭവം ഉണ്ടാകും. അവിടുന്ന് നയിക്കുമ്പോൾ വ്യാജമായതിനെ തിരിച്ചറിയാനുള്ള ജ്ഞാനവും നമുക്ക് ലഭിക്കും.

സങ്കീർത്തകൻ പറഞ്ഞു: ”കർത്താവിനെ ഭയപ്പെടുന്നവൻ ആരോ അവൻ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും” (സങ്കീർത്തനങ്ങൾ 25:12).
”അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തിവിചാരങ്ങൾ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ ഭോഷന്മാരായിത്തീർന്നു” (റോമാ 1:21-22). ദൈവത്തിന്റെ വെളിച്ചം ഹൃദയത്തിൽനിന്നും നീങ്ങുമ്പോഴാണ് വ്യാജമായതിനെ യഥാർത്ഥമായി കരുതുന്ന അബദ്ധം ഉണ്ടാവുക. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം:

കർത്താവേ, ലോകവും മറ്റു മനുഷ്യരും പറയുന്നതിനെക്കാൾ കൂടുതലായി അങ്ങയുടെ വചനത്തെ വിശ്വസിക്കാൻ കൃപ തരണമേ. അങ്ങയുടെ ജ്ഞാനത്തിന്റെ പ്രകാശത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചാലും. വ്യാജമായതിനെ തിരിച്ചറിയാനും ഉപേക്ഷിക്കാനും അങ്ങുതന്നെ ഞങ്ങളെ സഹായിക്കണമേ – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *