ഒരു ട്രെയിൻ യാത്ര

നാളുകൾക്കുശേഷം ആന്റിയുടെ വീട്ടിലേക്ക് ഒരു നീണ്ട ട്രെയിൻയാത്ര നടത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ആനന്ദ്. അപ്പയും അമ്മയും അനുജത്തിയും അനുജനും അവനോടൊപ്പമുണ്ട്. അതിരാവിലെ ട്രെയിനിൽ കയറിയാൽ സന്ധ്യയാവുമ്പോഴേ ആന്റിയുടെ വീട്ടിലെത്തുകയുള്ളൂ. അതിനാൽ യാത്രക്കിടയിൽ കഴിക്കാനുള്ള ഭക്ഷണമൊക്കെ കയ്യിൽ കരുതിയിട്ടുണ്ട്. പത്തു മണി കഴിഞ്ഞാൽ പ്രാതൽ കഴിക്കാമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. ആനന്ദിനിഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറും പാത്രത്തിലുണ്ട്.

ഏകദേശം എട്ട് മണിയായിക്കാണും. ആ സമയത്ത് അവർ ഇരുന്നതിനടുത്ത് മറ്റൊരു കുടുംബം വന്നിരുന്നു. അപ്പനും അമ്മയും രണ്ട് ആൺകുട്ടികളും. അല്പനേരം കഴിഞ്ഞപ്പോൾ ഭക്ഷണപ്പൊതികളുമായി വില്പനക്കാർ വന്നു. പുതിയതായി കയറിവന്ന കുടുംബത്തിലെ ഇളയ ആൺകുട്ടിയുടെ കണ്ണുകൾ ആ ഭക്ഷണപ്പൊതികളിലാണ്. ആനന്ദിന്റെ അമ്മ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അമ്മ പതുക്കെ അവരോട് സംസാരിച്ചുതുടങ്ങി. അല്പസമയത്തിനകം രണ്ട് കുടുംബങ്ങളും വളരെ അടുപ്പത്തിലായി. ഒമ്പതുമണി കഴിഞ്ഞതേയുള്ളൂവെങ്കിലും അപ്പോൾ അമ്മ പറഞ്ഞു, ”നമുക്കിനി ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം”. കൈയിലുണ്ടായിരുന്ന ഭക്ഷണം അവരെല്ലാവരുംകൂടി കഴിച്ചു. ആനന്ദിനും സന്തോഷമായി. ട്രെയിൻ വീണ്ടും യാത്ര തുടർന്നു. ഉച്ചഭക്ഷണവും അവർ ഒരുമിച്ചാണ് കഴിച്ചത്. കൈയിലുള്ളത് തികയില്ലെന്ന് തോന്നിയതിനാൽ ഇടക്ക് ഏതോ സ്റ്റേഷനിൽവച്ച് അപ്പ ഇറങ്ങിപ്പോയി കുറേ പഴം വാങ്ങിച്ചുകൊണ്ടുവന്നിരുന്നു. അതുംകൂടിയായപ്പോൾ എല്ലാവർക്കും വയർനിറച്ച് ഭക്ഷണമായി.

ഒരു മണിയായപ്പോൾ ആ കുടുംബം ഇറങ്ങി. ആനന്ദിനോടും കുടുംബത്തോടും ഒത്തിരി സ്‌നേഹത്തോടെ യാത്ര പറഞ്ഞാണ് അവർ പോയത്. അവർ പോയിക്കഴിഞ്ഞപ്പോൾ ആ സീറ്റുകളിൽ ആനന്ദിന്റെ കുടുംബം മാത്രമായി. അപ്പോൾ ആനന്ദ് അമ്മയോട് ചോദിച്ചു, ”അമ്മേ, രാവിലെയും ഉച്ചയ്ക്കുമൊക്കെ അവർക്ക് നമ്മുടെ ഭക്ഷണം കൊടുത്തതെന്തിനാ? അവരുടെ കൈയിലുണ്ടാവില്ലേ?” ആനന്ദിന്റെ ചോദ്യം കേട്ട് അമ്മ പറഞ്ഞു, ”മോനേ, നീ ശ്രദ്ധിച്ചോ. ആ ഇളയ ആൺകുട്ടി വില്ക്കാൻ കൊണ്ടുവന്ന പൊതികളിലേക്ക് നോക്കുന്നത്. അവന് വിശക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വാങ്ങിക്കൊടുക്കാൻമാത്രം പണം അവന്റെ അപ്പയുടെയും അമ്മയുടെയും കൈയിലില്ലെന്ന് തോന്നി. ഒരുപക്ഷേ, ഉച്ചക്ക് ഏതെങ്കിലും ഹോട്ടലിൽനിന്ന് അവർ ഭക്ഷണം വാങ്ങിച്ചുകഴിച്ചേക്കാം. കുറച്ചു പണം കൈയിലുണ്ടെന്നാണ് ആ അമ്മയുടെ സംസാരത്തിൽനിന്ന് മനസിലായത്. പക്ഷേ, നമ്മൾ കഴിക്കുന്നതുപോലെ നല്ല ഭക്ഷണം കഴിക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലോ? അതുകൊണ്ടാണ് നമ്മുടെ കൈയിലെ ഭക്ഷണം പങ്കുവച്ചത്. അക്കാര്യം നേരത്തേ മനസിലാക്കിയതുകൊണ്ടാണ് അപ്പ പഴം വാങ്ങിച്ചുകൊണ്ടുവന്നതും. നമ്മൾ ദാനം കൊടുക്കുന്നതുപോലെ പണമോ ഭക്ഷണമോ കൊടുത്താൽ ഒരുപക്ഷേ അവർക്ക് അത് വിഷമമാകും. അതിനാലാണ് എല്ലാം പങ്കുവച്ചു കഴിച്ചത്. എന്റെ മോന് മനസിലായോ?” അമ്മ പറഞ്ഞതുകേട്ട് ആനന്ദിന് വളരെ സന്തോഷം തോന്നി. തന്റെ അപ്പയും അമ്മയും എത്ര നല്ലവരാണ്!

അവർക്ക് കൊടുക്കാൻ അപ്പ കുറച്ച് പണം അമ്മയെ ഏല്പിച്ചിരുന്നു. അമ്മ അത് ആരും കാണാതെ മറ്റേ കുടുംബത്തിലെ അമ്മയുടെ ബാഗിൽ വച്ചിട്ടുണ്ട്. ഇക്കാര്യവും അവരുടെ സംസാരത്തിൽനിന്ന് ആനന്ദ് മനസിലാക്കിയെടുത്തു. ഇനി ഞാനും ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അവൻ അപ്പോഴേ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *