എന്തുകൊണ്ടാണ് അത് കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്? ഏശയ്യാ 4:4

പല ചെടികൾക്കും നാടനും കാടനും ഉണ്ട്. മനുഷ്യർക്ക് ഒരു ചെടി ഉപകാരപ്രദമാണെങ്കിൽ അതിനെ നാട്ടുചെടി എന്നും മനുഷ്യർക്ക് ഉപകാരപ്പെടാത്തതാണ് ഒരു ചെടിയെങ്കിൽ അതിനെ കാട്ടുചെടി എന്നും പറയും. ഉദാഹരണത്തിന്, നാട്ടുചേനയും കാട്ടുചേനയും ഉണ്ട്. നാട്ട് അത്തിയും കാട്ടത്തിയും ഉണ്ട്. നാട്ടുമുന്തിരിയും കാട്ടുമുന്തിരിയും ഉണ്ട്. നമ്മൾ മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുന്നതും പരിപാലിച്ചു വളർത്തുന്നതും നമുക്ക് ഉപയോഗപ്രദമായവ അവയിൽനിന്നും ലഭിക്കും എന്ന പ്രതീക്ഷയിലാണ്. കായ്കളോ ഇലകളോ ഒക്കെയാകാം നാം പ്രതീക്ഷിക്കുന്ന ഉപയോഗപ്രദമായ വസ്തുക്കൾ. എന്നാൽ, ഉപയോഗപ്രദമായവ ലഭിക്കും എന്നു കരുതി നട്ടുനനച്ച് വളർത്തിയ മരങ്ങളും ചെടികളും കാട്ടുഫലങ്ങൾ നൽകിയാലോ? അത് വളരെ അപ്രതീക്ഷിതവും അംഗീകരിക്കുവാൻ കഴിയാത്തതും മനസിനെ വേദനിപ്പിക്കുന്നതുമായ ഒരനുഭവം ആയിരിക്കും. പേരുകേട്ട ഇനം തെങ്ങിൻതൈകൾ നട്ടുവളർത്തിയിട്ട് പേട്ടുതേങ്ങ ലഭിച്ചാലോ? അഥവാ ആ തെങ്ങുകൾ കായ്ക്കാറേ ഇല്ലെങ്കിലോ? നല്ല പാൽ ലഭിക്കും എന്നു കരുതി നട്ടു വളർത്തിയ റബർ മരങ്ങൾ വളരെ കുറച്ച് പാൽ മാത്രം തന്നാലോ? 15 ലിറ്റർ പാൽ കിട്ടും എന്ന് പ്രതീക്ഷിച്ച് വളർത്തിയ പശു മൂന്നു ലിറ്റർ പാൽ തന്നാലോ? വളരെ അന്വേഷിച്ചും ആലോചിച്ചും പ്രാർത്ഥിച്ചും ഭർത്താവായി സ്വീകരിച്ചയാൾ സകല പ്രതീക്ഷകളെയും തല്ലിക്കെടുത്തി ഒടുങ്ങാത്ത സഹനം തന്നാലോ? വലിയ പ്രതീക്ഷയോടെ കെട്ടിക്കൊണ്ടുവന്ന ഭാര്യ, മുൾക്കിരീടം മാത്രം സമ്മാനിച്ചാലോ? വലിയ പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവന്ന മകനോ മകളോ വിഷപ്പാമ്പിനെപ്പോലെ തിരിച്ചു കടിച്ചാലോ? അസഹനീയം, അല്ലേ? ക്ഷമിക്കാൻ പറ്റാത്തത് അല്ലേ? മറക്കാനും പൊറുക്കാനും സാധിക്കാത്തത്, അല്ലേ?

സമാനമായ ഒരു അനുഭവമാണ് ഏശയ്യാ 4:4 ലൂടെ ദൈവം പങ്കുവയ്ക്കുന്നത്. ഒരു കൃഷിക്കാരൻ പറമ്പിന് മതിൽ കെട്ടി, അതിനകത്ത് നിലം ഒരുക്കി നാട്ടുമുന്തിരി നട്ടുപിടിപ്പിച്ച് ശ്രദ്ധയോടെ വളർത്തിക്കൊണ്ടുവന്നിട്ട് അത് കാട്ടുമുന്തിരിപ്പഴങ്ങൾ മാത്രം പുറപ്പെടുവിച്ചാലോ?

ഇതുപോലെയാണ് ഇസ്രായേലിനെ വളർത്തിക്കൊണ്ടുവന്ന ദൈവത്തിന്റെയും അനുഭവം എന്ന് ഏശയ്യാ 4:4 ലൂടെ ദൈവം പറയുന്നു: ഞാൻ നല്ല മുന്തിരി അതിൽനിന്ന് പ്രതീക്ഷിച്ചപ്പോൾ എന്തുകൊണ്ടാണ് അത് കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്? എല്ലാവിധ അനുഗ്രഹങ്ങളും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകി സംരക്ഷിച്ചുകൊണ്ടുവന്ന ഇസ്രായേൽ ജനത എന്നും ദൈവപ്രമാണങ്ങൾ പാലിച്ചും ദൈവത്തെ സ്‌നേഹിച്ചും ജീവിക്കേണ്ടത് ആയിരുന്നു. എന്നാൽ, അവരുടെ രാജാക്കന്മാരും പുരോഹിതരും ജനങ്ങളും വഴിതെറ്റിപ്പോയി. ദൈവകല്പനകൾ തുടർച്ചയായി ലംഘിച്ചു. വിഗ്രഹാരാധന നടത്തി. നാട്ടുമുന്തിരി കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിക്കുന്ന ഒരവസ്ഥ! ഇത്തരം ജനങ്ങളോട് താൻ എങ്ങനെയായിരിക്കും പെരുമാറുവാൻ പോകുന്നതെന്ന് ഏശയ്യാ 4:5-6 വചനങ്ങളിലൂടെ ആലങ്കാരികഭാഷയിൽ ദൈവം ഇപ്രകാരം പറയുന്നു: ഈ മുന്തിരിത്തോപ്പിനോട് ഞാൻ എന്തുചെയ്യുമെന്ന് ഇപ്പോൾ പറയാം. ഞാൻ അതിന്റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിന് വിട്ടുകൊടുക്കും. അതിന്റെ മതിലുകൾ ഞാൻ ഇടിച്ചുതകർക്കും. തോട്ടം ചവിട്ടിമെതിക്കപ്പെടും. ഞാൻ അതിനെ ശൂന്യമാക്കും; അതിനെ വെട്ടി ഒരുക്കുകയോ അതിന്റെ ചുവട് കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ മുൾച്ചെടികളും മുള്ളുകളും വളരും. അതിന്മേൽ മഴ വർഷിക്കരുതെന്ന് ഞാൻ മേഘങ്ങളോട് ആജ്ഞാപിക്കും.

കാട്ടുമുന്തിരിപ്പഴങ്ങൾ നല്കുന്ന നാട്ടുമുന്തിരിത്തോട്ടത്തെ താൻ പരിപാലിക്കുകയില്ല എന്നു മാത്രമല്ല, നശിക്കുവാനായി വിട്ടുകൊടുക്കുകയും ചെയ്യും എന്നാണ് ദൈവം പറയുന്നത്. അതായത്, ദൈവം കനിഞ്ഞ് അനുഗ്രഹിച്ചിട്ടും നന്മ പുറപ്പെടുവിക്കാതെ, ദൈവകല്പനകൾ പാലിക്കാതെ, ജീവിക്കുന്ന ജനങ്ങളുടെമേൽ ദൈവാനുഗ്രഹം കുറയുമെന്നും കൂടുതൽ തകർച്ചയുടെ അനുഭവങ്ങൾ അവർക്ക് ഉണ്ടാകുമെന്നുമാണ് ദൈവം പറയുന്നത്. ആദത്തിന്റെയും ഹവ്വയുടെയും ജീവിതത്തിൽ അത് നാം കണ്ടതാണ്. നോഹയുടെ കാലത്തെ ജലപ്രളയസമയത്തും ലോത്തിന്റെ കാലത്തെ സോദോം-ഗൊമോറയുടെ നാശകാലത്തും നാം അത് കണ്ടതാണ്. ഇസ്രായേൽജനം ദൈവകല്പനകൾ ലംഘിച്ചപ്പോൾ യുദ്ധങ്ങളിൽ തോല്ക്കുന്നതും അടിമകളായി പിടിക്കപ്പെടുന്നതും പ്രവാസികളായി കഴിയേണ്ട സ്ഥിതി വന്നതും നാട്ടിൽ വരൾച്ച ഉണ്ടായതുമെല്ലാം നാം കണ്ടതാണ്. സമാനമായ അനുഭവങ്ങൾ ഇന്നും നമുക്ക് ചുറ്റും ഉണ്ടുതാനും.

ദൈവം നട്ടുവളർത്തിയ നാട്ടുമുന്തിരികളാണ് നാം. യേശു തന്റെ ശരീര-രക്തങ്ങൾ വളമായി തന്ന് വളർത്തുന്ന മുന്തിരിച്ചെടികളാണ് നാം. ദൈവം ആഗ്രഹിക്കുന്ന നന്മകൾ ആകുന്ന നാട്ടുമുന്തിരിപ്പഴങ്ങൾ നമുക്ക് പുറപ്പെടുവിക്കാം.

ഫാ. ജോസഫ് വയലിൽ സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *