‘വിവാ ക്രിസ്‌തോ റേ’ വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ ജോസ്

1927 നവംബർ 23-ാം തിയതിയാണ് മിഗുവൽ പ്രോയെന്ന മെക്‌സിക്കൻ വൈദികന്റെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കേണ്ട സമയമായപ്പോൾ അദ്ദേഹത്തെ ജയിൽമുറിയിൽനിന്ന് വെടിവയ്ക്കുന്ന സ്‌ക്വാഡി(‘ഫയറിംഗ് സ്‌ക്വാഡ്’)ന്റെ മുമ്പിലേക്ക് കൊണ്ടുവന്നു. തന്നെ വെടിവയ്ക്കുവാൻ തയാറായി നിന്ന പട്ടാളക്കാരെ കൈയുയർത്തി ആശീർവദിച്ച ഫാ. പ്രോ മുട്ടുകുത്തി ശാന്തമായി ഒരു നിമിഷം പ്രാർത്ഥിച്ചു. പിന്നീട് ഒരു കൈയിൽ കുരിശും മറുകൈയിൽ ജപമാലയും ഉയർത്തി കുരിശാകൃതിയിൽ കരങ്ങൾ വിരിച്ചുപിടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു. ”ദൈവം നിങ്ങളുടെമേൽ കരുണയായിരിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാൻ നിരപരാധിയാണെന്ന് നിങ്ങൾക്കറിയാം. എന്റെ എല്ലാ ശത്രുക്കളോടും ഞാൻ ഹൃദയപൂർവം ക്ഷമിക്കുന്നു.” ‘വിവാ ക്രിസ്‌തോ റേ’ – ക്രിസ്തുരാജൻ നീണാൾ വാഴട്ടെ- ഈ വാക്കുകളുച്ചരിച്ചുകൊണ്ട് പട്ടാളക്കാരുടെ വെടിയേറ്റ് ആ വൈദികൻ നിലത്തേക്കു വീണു. ആദ്യത്തെ വെടികളേറ്റ് മരിക്കാതിരുന്ന ഫാ. പ്രോയെ ഒരു പട്ടാളക്കാരൻ അടുത്തുവന്ന് വെടിവച്ച് കൊല്ലുകയാണുണ്ടായത്.

1891 ജനുവരി 13 നാണ് ജോസ് റാമൺ മിഗുവൽ അഗസ്റ്റിൻ പ്രോ ജുറാസിന്റെ ജനനം. പതിനൊന്നു കുട്ടികളിൽ മൂന്നാമനായി ഗ്വാഡലൂപ്പയിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ആത്മീയകാര്യങ്ങളിൽ താത്പര്യം പുലർത്തിയിരുന്ന പ്രോ കുസൃതികളൊപ്പിക്കുന്ന കാര്യത്തിലും ഒട്ടും പിറകിലല്ലായിരുന്നു. രണ്ടു ‘പ്രോ’കൾ ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തായ ഫാ. പുലിഡോ അനുസ്മരിക്കുന്നു. ഒന്ന്- പ്രാർത്ഥിക്കുന്ന പ്രോ, മറ്റേത് കുസൃതി കാണിക്കുന്ന പ്രോ.
1909-ൽ തന്റെ ഇരുപതാമത്തെ വയസിലാണ് മിഗുവൽ പ്രോ മെക്‌സിക്കോയിലെ ജസ്യൂട്ട് ആശ്രമത്തിൽ ചേരുന്നത്. 1911-ൽ ദീർഘകാലം മെക്‌സിക്കൻ പ്രസിഡന്റായിരുന്ന പ്രോഫിനോ ഡയാസ് പുറത്താക്കപ്പെട്ടു. അധികം താമസിക്കാതെ മെക്‌സിക്കൻ വിപ്ലവം ആരംഭിച്ചു. 1914 ആയപ്പോഴേക്കും കത്തോലിക്ക വിശ്വാസികൾക്ക് – പ്രത്യേകിച്ചും വൈദികർക്ക് – ഗവൺമെന്റ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈദികപഠനം മെക്‌സിക്കോയിൽ അസാധ്യമായതിനെ തുടർന്ന് ജസ്യൂട്ടുകാർ അമേരിക്കയിലെ കാലിഫോർണിയായിലേക്ക് ചേക്കേറി. 1917-ൽ മെക്‌സിക്കോയിൽ പുതിയ ഭരണഘടന നിലവിൽ വന്നു. കത്തോലിക്ക സഭയെ എല്ലാ വിധത്തിലും അമർച്ച ചെയ്യുവാനുള്ള വ്യവസ്ഥിതികൾ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു പുതിയ ഭരണഘടന. അന്നുണ്ടാക്കിയ, കത്തോലിക്ക വൈദികർക്കെതിരെയുള്ള പല നിയമങ്ങളും 1998 – ലാണ് ഭരണഘടനയിൽനിന്ന് നീക്കം ചെയ്തത്.

ദൈവശാസ്ത്ര പഠനത്തിനായി പ്രോയെ ബൽജിയത്തിലേക്കയച്ചു. ഈ കലാഘട്ടത്തിൽ അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി മോശമായിത്തുടങ്ങി. 1925 ആഗസ്റ്റ് 31 – ന് അദ്ദേഹം ബൽജിയത്തിൽ വൈദികനായി അഭിഷിക്തനായി. പരിശുദ്ധാത്മാവ് തന്റെമേൽ ചൊരിഞ്ഞ കൃപയെക്കുറിച്ച് ഓർത്തപ്പോൾ കൂദാശവചനങ്ങൾ ഉച്ചരിക്കുന്ന സമയത്ത് മിഗുവലിന് കരച്ചിലടക്കാനായില്ല. വൈദികപട്ടം സ്വീകരിക്കുന്ന ചടങ്ങിനുശേഷം നവവൈദികരെല്ലാം തങ്ങളുടെ മാതാപിതാക്കന്മാരെ ആശീർവദിക്കുന്ന പതിവുണ്ട്. ഈ സമയം മിഗുവൽ പ്രോ തന്റെ മാതാപിതാക്കന്മാരുടെ ചിത്രവുമായി മുറിയിലേക്ക് പോയി. അവിടെ ഒരു മേശപ്പുറത്തുവച്ച് ആ ചിത്രങ്ങളെ അദ്ദേഹം ഹൃദയപൂർവം ആശീർവദിച്ചു.

ബൽജിയത്തിലെ ഖനി തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുക എന്നതായിരുന്നു അധികാരികൾ പ്രോയെ ആദ്യം ഭരമേല്പ്പിച്ച ചുമതല. കമ്മ്യൂണിസ്റ്റ് ചിന്താഗതികളോട് ആഭിമുഖ്യമുള്ളവരായിരുന്നു തൊഴിലാളികളെങ്കിലും അവരെ വിശ്വാസത്തിലെടുക്കുവാനും ക്രിസ്തുവിനെ പകർന്നു നല്കുവാനും അദ്ദേഹത്തിന് സാധിച്ചു. വൈദികനായി മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് വിവിധ ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നു. പ്രസന്നവദനനായി ധൈര്യപൂർവം അവയെല്ലാം നേരിട്ട പ്രോ പ്രാർത്ഥനയിൽ നിന്നാണ് താൻ ശക്തി സംഭരിക്കുന്നതെന്ന് വിശദീകരിച്ചിരുന്നു.

1936-ൽ ബൽജിയത്തിലെ പഠനം പൂർത്തിയാക്കി അദ്ദേഹം മെക്‌സിക്കോയിലേക്ക് തിരിച്ചുവന്നു. പ്ലുട്ടാർക്കൊ എലിയാസ് കാലസ് ആയിരുന്നു അന്നത്തെ മെക്‌സിക്കൻ പ്രസിഡന്റ്. മുമ്പുള്ള ഭരണകർത്താക്കളിൽനിന്ന് വ്യത്യസ്തമായി ഭരണഘടനയിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് കത്തോലിക്ക സഭയെ ക്രൂരമായി പീഡിപ്പിച്ച ഒരു വ്യക്തിയായിരുന്നു കാലസ്.’അണ്ടർഗ്രൗണ്ട് സഭയായി’ തുടരുവാൻ നിർബന്ധിതരായ കത്തോലിക്കർക്കുവേണ്ടി ഫാ. മിഗുവൽ പ്രോ രഹസ്യമായി കുർബാനയർപ്പിക്കുകയും മറ്റ് കൂദാശകൾ പരികർമം ചെയ്യുകയും ചെയ്തു. ഇടയ്ക്ക് അദ്ദേഹത്തെ അറസ്റ്റു ചെയ്‌തെങ്കിലും പ്രത്യേക നിരീക്ഷണത്തിന് വിധേയനാക്കിക്കൊണ്ട് അധികാരികൾ അദ്ദേഹത്തെ വിട്ടയച്ചു.

പിന്നീട് ഒരു കൊലപാതകശ്രമത്തിന് പിന്നിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രോയെയും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരെയും വീണ്ടും അറസ്റ്റു ചെയ്തു. തുടർന്ന് ഫാ. പ്രോയെ വിചാരണ കൂടാതെ വധിക്കുകയായിരുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന്റെ വിവിധ ചിത്രങ്ങൾ പിറ്റേദിവസത്തെ പത്രങ്ങൾക്ക് പ്രസിഡന്റ് കാലസിന്റെ നിർദേശപ്രകാരം നൽകി. തന്റെ പട്ടാളത്തിനെതിരെ പടപൊരുതുന്ന ക്രിസ്ത്യാനികളെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഇത് ചെയ്തത്. പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. പ്രോയുടെ മൃതസംസ്‌കാര ചടങ്ങിൽ അദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന്റെ ചിത്രങ്ങളുമുയർത്തിപ്പിടിച്ച് അമ്പതിനായിരത്തോളമാളുകൾ സംബന്ധിച്ചു. ആ ചിത്രങ്ങൾതന്നെ പ്രോ പകർന്ന യേശുസ്‌നേഹത്തിന്റെ സാക്ഷ്യമായി. വൈദികരില്ലാത്തതുമൂലം അദ്ദേഹത്തിന്റെ സ്വന്തം പിതാവാണ് മൃതസംസ്‌കാരത്തിലെ അവസാനവാചകങ്ങൾ ഉച്ചരിച്ചത്.

1788 സെപ്റ്റംബർ 25 – ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ മെക്‌സിക്കോയിൽവച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.

രഞ്ചിത്ത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *