നാല്പതാം വയസിലാണ് അദ്ദേഹത്തിന് ജോലി കിട്ടിയത്. മുടി കൊഴിഞ്ഞ് കഷണ്ടി കയറിയിരിക്കുന്നു. അവശേഷിച്ചവയിൽ നര പടർന്നിട്ടുമുണ്ട്. ഏതു പ്രായത്തിലും വിദ്യ അഭ്യസിക്കാമെന്നിരിക്കിലും ചെറുപ്രായത്തിൽ സ്വായത്തമാക്കാൻ കഴിയുമായിരുന്ന ഒരു ലക്ഷ്യം അകന്നകന്നു പോയതിന്റെ കാരണം അദ്ദേഹത്തോടു ചോദിച്ചു.
അനുജൻ പത്താം ക്ലാസിൽ കഷ്ടിച്ച് പാസായതിനാൽ കുപിതനായ ജ്യേഷ്ഠൻ ഉയർന്ന മാർക്കോടെ വിജയിച്ച സഹോദരിയുടെ മാർക്ക് ചൂണ്ടി അവനോട് കലഹിച്ചു. ”നീ ഒരു വർഷംകൂടി പത്താം ക്ലാസിൽ പഠിക്കണം, ഡിസ്റ്റിംഗ്ഷൻ വാങ്ങണം. എങ്കിൽ മാത്രമേ ഡോക്ടറോ എഞ്ചിനിയറോ ആകാൻ കഴിയൂ.” എന്നിട്ട് അവന്റെ സമ്മതത്തിന് കാക്കാതെ അടുത്തുള്ള ട്യൂട്ടോറിയൽ കോളജിൽ ചേർത്തു. ഒപ്പം പഠിച്ച കൂട്ടുകാർ മുതിർന്ന ക്ലാസിൽ പഠിക്കുമ്പോൾ അവർക്കുമുൻപിൽ ‘ജയിച്ചിട്ടും തോറ്റവനായിരിക്കുക’ എന്നത് ശരാശരി നിലവാരത്തിൽ പഠിച്ചുയർന്ന ആ കൗമാരക്കാരന് അസഹനീയമായിരുന്നു. ഈയൊരു മാനസികാവസ്ഥയിൽ ആ വർഷത്തെ പരീക്ഷാഫലവും നിരാശാജനകമായി. തുടർന്ന് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ജ്യേഷ്ഠന്റെ തീരുമാനം നല്ലതിനുവേണ്ടിയായിരുന്നില്ലേ? എന്ന എന്റെ സംശയത്തിന് അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയായിരുന്നു: ”നൂറുകിലോഗ്രാം ഭാരമുള്ള ഒരു വസ്തു രണ്ടായി വിഭജിച്ച് രണ്ടു തവണയായി എനിക്ക് എടുത്തുയർത്താൻ കഴിയും. എന്നിരുന്നാലും നൂറു കിലോഗ്രാം ഭാരം ഒന്നിച്ചെടുക്കുവാനുള്ള കഴിവ് എന്നിൽ വർധിക്കുന്നുണ്ടോ?”
സഹോദരിയെ താരതമ്യം ചെയ്ത് ജേഷ്ഠൻ അനുജന്റെമേൽ കൈക്കൊണ്ട വിവേകരഹിതമായ തീരുമാനവും അതുമൂലം വന്നുചേർന്ന നിഷ്പ്രയോജനമായ ഒരു വർഷവും തീരമണയാതെ ഗതിതെറ്റിയുലയുന്ന വള്ളംപോലെ അദ്ദേഹത്തിന്റെ യുവത്വത്തിന്റെ ഭൂരിഭാഗവും ഫലരഹിതമായി അടർത്തിക്കളഞ്ഞു. എവിടെ ധ്യാനം കൂടുമ്പോഴും വിങ്ങി വിതുമ്പുന്ന ആന്തരിക മുറിവായി അത് മാറുകയും ചെയ്തു.
ഓണക്കാലത്ത് കലംതല്ലിപ്പൊട്ടിക്കൽ മത്സരം നാം കണ്ടിട്ടുണ്ട്. കയർ ഇരുഭാഗങ്ങളിലേക്കും വലിച്ചുകെട്ടി അതിൽ നീലവെള്ളം നിറച്ച മൺകുടം തൂക്കിയിട്ടിരിക്കും. കണ്ണു മൂടിക്കെട്ടി കൈയിൽ വടിയുമായി ചെന്ന് അത് അടിച്ചു പൊട്ടിക്കുന്നവൻ വിജയിയാകുന്നു. എന്നാൽ, ഒരു കാര്യം നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാറുണ്ട്. ആരെങ്കിലും വേഗത്തിൽ കലത്തിന് തൊട്ടു തൊട്ടില്ല എന്നു വരുമ്പോൾ സംഘാടകരിലൊരാൾ അവരെ ഒന്നുകൂടി വട്ടം കറക്കി ദിശ തെറ്റിച്ചുവിടുന്നു. മത്സരത്തിന് ഹരം പകരാനാണിങ്ങനെ ചെയ്യുന്നത്. എന്നാൽ, അവർ വിപരീത ദിശയിലേക്ക് അകന്നകന്നു പോകുകയും മറ്റാരെങ്കിലും വിജയിയാവുകയും ചെയ്യും.
നല്ല നിലത്തു വീണ വിത്തുകൾ മുഴുവനും നൂറുമേനി ഫലം പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാൽ, വചനം പറയുന്നു ”അതു നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും വിളവ് നല്കി” (മത്താ. 13:8). ഒരേ സാഹചര്യത്തിൽ വളർന്ന ഒരേയിനം വിത്തുകൾപോലും അവയുടെ കഴിവിനൊത്തന്നവണ്ണം വ്യത്യസ്തങ്ങളായ അളവിൽ ഫലം പുറപ്പെടുവിക്കുന്നു. ശുഭമായ ഭാവിക്കുവേണ്ടി നാം കുട്ടികളുടെമേൽ എടുക്കുന്ന തീരുമാനം അവരുടെ കഴിവിനും പ്രാപ്തിക്കും അതീതമാവുകയോ സ്വാർത്ഥമായ താല്പര്യങ്ങളോടെയോ ആകരുത്. ക്രമാനുഗതമായി ഉയർന്നു ശോഭിക്കുവാൻ അവരെ അനുവദിക്കണം. വ്യത്യസ്തമായ കഴിവുകളും വിവിധങ്ങളായ ലക്ഷ്യങ്ങളും നിറഞ്ഞുനില്ക്കുന്നതുകൊണ്ടാണ് ഈ ലോകത്തിന്റെ ഘടന നിലനിർത്തപ്പെടുന്നതെന്ന് നാം ഓർക്കണം.
മഴ പെയ്യുമ്പോൾ മുറിഞ്ഞ മരക്കുറ്റി തളിർത്തു വരുന്നതുപോലെ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്താൽ പിണങ്ങിയകന്ന വിദ്യാഭ്യാസത്തെ പിൻചെന്ന് ബിരുദാനന്തര ബിരുദം നേടുവാനും അധ്യാപകനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രഭാഷകൻ പറയുന്നു: ”ഒടുവിലാണ് ഞാൻ ഉണർന്നത്; കാലാപെറുക്കുന്നവനെപ്പോലെ ഞാൻ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാൽ, കർത്താവിന്റെ അനുഗ്രഹംനിമിത്തം ഞാൻ മുൻപന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു” (പ്രഭാ. 33:16).
ജോയി പുള്ളോലിക്കൽ