എട്ടു വയസായിരുന്നു ആ പെൺകുട്ടിക്ക്. ആദ്യകുർബാന സ്വീകരിക്കാനായി അവളുടെ മാതാപിതാക്കൾ അവളെ നന്നായി ഒരുക്കി. അവളാകട്ടെ ഏറ്റവും ഭക്തിതീക്ഷ്ണതയോടെയും സ്നേഹത്തോടെയും ഈശോയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അവളുടെ ഈ സ്നേഹത്തിന് പകരം കൊടുക്കണമെന്ന് ഈശോയും തീരുമാനിക്കാതിരിക്കില്ലല്ലോ. ആദ്യമായി തന്നെ വിശുദ്ധ കുർബാനയായി സ്വീകരിച്ച ദിവസംമുതൽ ഈശോ അവളോട് സംസാരിച്ചുതുടങ്ങി. ഒരു കുഞ്ഞുസഹോദരനും കുഞ്ഞുസഹോദരിയുമെന്നപോലെ വളരെ അടുപ്പത്തിലായിരുന്നു അവരുടെ ഇടപെടൽ. അവൾക്ക് അതിൽ ഒട്ടും വിസ്മയം തോന്നിയതുമില്ല. എല്ലാവർക്കും അങ്ങനെതന്നെയാണ് ഈശോയോടുള്ള ബന്ധം എന്നാണ് അവളുടെ നിഷ്കളങ്കതനിമിത്തം അവൾ കരുതിയിരുന്നത്.
അങ്ങനെ ഒരു ദിവസം ഈശോ അവളോട് ചോദിച്ചു, ”വാസ്തവത്തിൽ നീയെന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടോ?” ഈ ചോദ്യം അവളെ വളരെയേറെ വിഷമിപ്പിച്ചു. തന്റെ സ്നേഹത്തെപ്പറ്റി ഈശോക്ക് സംശയം തോന്നിയതിലായിരുന്നു അവളുടെ വിഷമം. ”എന്റെ ഈശോയേ, നീയെന്നോട് ഇങ്ങനെ ചോദിക്കേണ്ടായിരുന്നു”.
”എന്തുകൊണ്ട്?”
”ഞാനെന്റെ ഹൃദയംതന്നെ നിനക്കു തന്നതല്ലേ. ഞാൻ നിന്റെ സ്വന്തമാണ്”
”അതെനിക്കറിയാം, കുഞ്ഞേ. പക്ഷേ നീ അത് എന്നോടൊന്ന് പറയുന്നതു കേൾക്കാൻവേണ്ടിയാണ് ഞാനത് ചോദിച്ചത്”
നാളുകൾ കുറേ കഴിഞ്ഞുപോയി, ഭക്തിതീക്ഷ്ണത വഴിഞ്ഞൊഴുകിയ ഒരു ദിവസം പെൺകുട്ടി ഈശോയോട് ചോദിച്ചു, ”ദൈവമായ അങ്ങേക്ക് നിസ്സാരയായ എന്നെ സ്നേഹിക്കാൻ കഴിയുമെന്നത് സത്യമാണോ?”
ചോദ്യം കേട്ട് ഈശോ പറഞ്ഞു: ”എന്റെ കുഞ്ഞേ, നീയെന്നോട് ഇങ്ങനെ ചോദിക്കരുതായിരുന്നു”
”എന്തുപറ്റി?” താനെന്തോ തെറ്റ് ചെയ്തുപോയെന്ന പരിഭ്രമത്തിലായിരുന്നു അവളുടെ ചോദ്യം. ”എന്തുകൊണ്ടെന്നാൽ ഞാൻ നിന്നെ അത്യധികമായി സ്നേഹിക്കുന്നു എന്ന് നിനക്കറിയാം. നീ എന്റെ പ്രേഷിതയാണ്. എന്റെ ഹൃദയം നിന്റേതുമാണ്”
”അതെനിക്കറിയാം. പക്ഷേ പ്രിയപ്പെട്ട ഈശോ, അവിടുന്ന്തന്നെ എന്നോട് ഇക്കാര്യം പറയണമെന്നുമാത്രമേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ”.
”തന്റെ സാന്നിധ്യത്താൽ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും” (അപ്പ. പ്രവ. 2:28)