സ്വർഗം നല്കുന്ന സിഗ്നലുകൾ

അനുഭവങ്ങളും അടയാളങ്ങളും ധാരാളം നമ്മുടെ കൺമുൻപിലുണ്ട്. അടയാളങ്ങൾ ചിന്തയ്ക്കും അനുഭവങ്ങൾ യാഥാർത്ഥ്യത്തിലേക്കും വിരൽചൂണ്ടുന്നു.
യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ട്രാഫിക് സിഗ്നലുകൾ കാണാറുണ്ട്. ഒന്നുകിൽ അവയെ അനുസരിക്കാം അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കാം. തീരുമാനം നമ്മുടേതാണ്. അപകടമുദ്രകളെ കണ്ടില്ലെന്നുവച്ച് മുന്നേറിയാൽ വലിയ വീഴ്ചയുണ്ടാകും. ദൈവം നല്കിയ അടയാളങ്ങളെ അവഗണിക്കാതിരുന്നാൽ സ്വർഗരാജ്യം സ്വന്തമാക്കാൻ കഴിയും. നമുക്ക് സ്വർഗരാജ്യം സ്വന്തമാക്കുവാൻ നല്കുന്ന ഏറ്റവും വലിയ സിഗ്നലാണ് തന്നെപ്പോലെതന്നെ മറ്റുള്ളവരെയും പരിഗണിക്കുക എന്നത്. ഈ പരിഗണനയുടെ പാഠം മറന്നുപോയവരെ ഓർമിപ്പിക്കാനായിരിക്കാം യേശു ധനികനായ മനുഷ്യനോട് പറഞ്ഞത്, ”നീ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും” (മത്താ. 19:21). സ്വർഗരാജ്യം സ്വന്തമാക്കുവാൻ സ്വരുക്കൂട്ടി വച്ചതുകൊണ്ടായില്ല, വിഭജിച്ചു കൊടുക്കണം. ഇത് സുവിശേഷത്തിലെ ഒരാദർശമാണോ അതോ കല്പനയാണോ എന്നു ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നാൽ, ഇതിനെ കല്പനയായി തിരഞ്ഞെടുത്ത വ്യക്തിയാണ് വിശുദ്ധ ഫ്രാൻസിസ് അസീസി.

ജീവിതത്തിൽ ഉണ്ടാകുന്ന തിക്താനുഭവങ്ങളെ പതനമായി കാണാതെ കൂടുതൽ തീക്ഷ്ണതയോടെ ജീവിക്കാനുള്ള ഉൾപ്രേരണകളായി സ്വീകരിക്കണം. അവിടെ വീണാൽ വലിയ അപകടമുണ്ടാകും. ഒപ്പമുള്ളവർ വീണുപോകുമ്പോൾ അവരെ കൈപിടിച്ചെഴുന്നേല്പിക്കുവാനും നമുക്ക് കഴിയണം. അടയാളങ്ങൾ തിരിച്ചറിയാതെ പോയതോ അവഗണിച്ചതോ ആകാം അവരുടെ തകർച്ചയ്ക്ക് കാരണം. അവർക്ക് തിരിച്ചുനടക്കാനുള്ള വഴികാട്ടികളായി നാം മാറണം.
ദൈവം കരം പിടിച്ചെഴുന്നേല്പിച്ചവരുടെ വീഴ്ചയിൽ താങ്ങായി തീരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. വേർപിരിയാനല്ല ഒരുമയുടെ അനുഭവം സ്വന്തമാക്കുവാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ഭൂമിയിലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളായി മാറേണ്ടവയാണ് കുടുംബങ്ങൾ. സ്‌നേഹത്തോടെ ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരിലും വാത്സല്യത്തോടെ മാതാപിതാക്കൾ പരിപാലിക്കുന്ന മക്കൾക്കിടയിലും ദൈവാനുഭവം തിരിച്ചറിയാൻ കഴിയും. അങ്ങനെയുള്ള കുടുംബങ്ങൾ നശിക്കില്ല. ഒരു വ്യക്തിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യ ചെയ്തവരുടെ ജീവിതശൈലികൾ പരിശോധിച്ചാൽ, ദൈവപരിപാലനയുടെ അടയാളങ്ങൾ തിരിച്ചറിയാതെ നടന്നതിന്റെ ലക്ഷണങ്ങൾ കാണുവാൻ കഴിയും. ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ ദൈവം ഇടപെട്ട അനുഭവങ്ങൾ തിരിച്ചറിയുവാൻ കഴിയുമായിരുന്നു. ആരെങ്കിലും സഹായിക്കാൻ, കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. പ്രിയ സുഹൃത്തേ, ജീവിതപങ്കാളിയോ വൈദികനോ പ്രാർത്ഥിക്കുന്ന വ്യക്തിയോ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ തു റന്നു പറയാമായിരുന്നു എന്നു ചിന്തിക്കാത്തവരും കുറവായിരിക്കും. ദൈവം നല്കിയ അടയാളങ്ങൾ അനുസരിച്ച് പ്രവർത്തിച്ച ഇസ്രായേൽ ജനം ചെങ്കടൽ കടക്കുന്നത് ഏറെ പരിചിതമായ ബൈബിൾ ഭാഗമാണ്. ദൈവത്തിന്റെ അടയാളം സ്വന്തമാക്കി ജീവിച്ചവർക്ക് അവിടുന്ന് നല്കിയ അനുഗ്രഹമായിരുന്നു, ഞാൻ ഈജിപ്തിനെ പ്രഹരിക്കുമ്പോൾ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല (പുറ.12:13) എന്നത്. ഇസ്രായേൽജനം പ്രതിസന്ധികൾ ഉണ്ടായപ്പോൾ ദൈവത്തെ അന്വേഷിച്ചു. ഇന്ന് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവത്തെ അന്വേഷിക്കുവാൻ നാം പലപ്പോഴും മറന്നുപോകുന്നു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജീവിക്കാൻ കൊതിക്കുന്നവനായിരിക്കും മരിക്കുവാൻ കൊതിക്കുന്നവനെക്കാൾ ധീരൻ. പ്രതിസന്ധിക്കു മുൻപിൽ പിന്തിരിഞ്ഞോടുന്നവർക്ക് പരാജയമായിരിക്കും അനുഭവം. അതാണ് യൂദാസിന്റെ അനുഭവം. ഇതു മനസിലാക്കിയതുകൊണ്ടായിരിക്കാം നെപ്പോളിയൻ യുദ്ധവഴികളിലെ യാത്രയ്ക്കിടയിൽ പാലം കടന്നുകഴിയുമ്പോൾ ആ പാലം തകർത്തിരുന്നത്. മടങ്ങിപ്പോകാനുള്ള സാധ്യതകൾ പിന്തിരിയാനുള്ള പ്രവ ണത സൃഷ്ടിക്കാൻ ഇടയുണ്ട് എന്നു ചിന്തിച്ചിട്ടുണ്ടായിരിക്കാം. പതറാതിരിക്കുവാൻ ദൈവം നല്കുന്ന അടയാളങ്ങളിൽനിന്നും പാഠം പഠിച്ച് ജീവിതത്തിൽ അനുഭവമാക്കി പക ർത്താം.

മനസു പതറുന്ന സാഹചര്യങ്ങളിൽ മനസ് ശാന്തമാക്കി ദൈവം നല്കുന്ന അടയാളങ്ങളെ വിവേചിച്ചറിഞ്ഞ് ദൈവാനുഭവം സ്വന്തമാക്കാം. ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും ദൈവാനുഭവത്തിനുള്ള അവസരമാക്കി മാറ്റണം. അപ്പോൾ പൗലോസ് ശ്ലീഹായെപ്പോലെ നമുക്കും പറയുവാൻ കഴിയും; ‘ഇനി ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്.’ കാരണം, പൗലോസ് ശ്ലീഹാ ദൈവിക അടയാളങ്ങളെ തിരിച്ചറിഞ്ഞ് അനുഭവമാക്കി ജീവിച്ച വ്യക്തിയാണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും ദൈവം ഇടപെടുന്ന സ്വർഗീയ അടയാളമായി വായിച്ചെടുക്കാൻ പരിശ്രമിക്കാം.

ഫാ. സുബിൻ കിടങ്ങേൻ

Leave a Reply

Your email address will not be published. Required fields are marked *