ക്ഷമ കൊടുത്ത് ഇവർ വാങ്ങിയത്…

ഗ്രെയ്‌സിയും ഭർത്താവ് ചാക്കോച്ചനും അധ്യാപകരായിരുന്നു. അവർക്ക് മൂന്നു പെൺമക്കൾ. തൊട്ടടുത്ത വീട്ടിൽ പുതിയ വീട്ടുകാർ താമസം തുടങ്ങിയതോടെ അവർ പുരയിടത്തിന്റെ അതിർത്തിയെ ചൊല്ലി പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാരംഭിച്ചു. വീടിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന കുറച്ചു സ്ഥലം ആധാരപ്രകാരം യഥാർത്ഥത്തിൽ ഗ്രെയ്‌സിയുടെയും ചാക്കോച്ചന്റെയുമാണ്. എന്നാൽ, മുൻപ് താമസിച്ചിരുന്നവർ അത് കൈവശപ്പെടുത്തി അവരുടെ എന്ന രീതിയിൽ പുതിയ താമസക്കാർക്ക് നല്കി. ആ സ്ഥലത്തിനുള്ള തുകയും പുതിയ താമസക്കാരിൽനിന്ന് വാങ്ങി. പുതിയ വീട്ടുകാർ ആ സ്ഥലത്ത് അടയാളമിട്ട് വേലികെട്ടി തിരിച്ച് തങ്ങളുടേതെന്ന് മുദ്ര കുത്തിയപ്പോഴാണ് ചാക്കോച്ചനും ഗ്രെയ്‌സിയും സംഗതിയുടെ യഥാർത്ഥ അവസ്ഥ മനസിലാക്കുന്നത്. അവർ പുതിയ വീട്ടുകാരായ ജോണിക്കുട്ടിയെയും ലിസയെയും പോയിക്കണ്ട് യഥാർത്ഥ വിവരവും ആധാരവും അവരെ കാണിച്ചുകൊടുത്തു. പക്ഷേ, ജോണിക്കുട്ടിയും ലിസയും അതു സമ്മതിച്ചില്ല. ”ഞങ്ങൾ ആ സ്ഥലത്തിന് വില കൊടുത്തതാണ്. അത് ഞങ്ങളുടേതാണ്” അവർ പറഞ്ഞു. അങ്ങനെ അയൽവീട്ടുകാർ തമ്മിൽ തർക്കമായി. കേസ് കോടതിയിൽ എത്തി. രണ്ടുകൂട്ടരും കണ്ടാൽ മുഖം തിരിക്കുന്ന അവസ്ഥയിൽ കുറെക്കാലം കഴിഞ്ഞുപോയി. അപ്പോഴാണ് ചാക്കോച്ചനും ഗ്രെയ്‌സിയും ഒരു നവീകരണ ധ്യാനത്തിൽ പങ്കെടുക്കുന്നത്. ധ്യാനാവസരത്തിൽ ധ്യാനഗുരു നിരുപാധികം ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അങ്ങോട്ടുചെന്ന് ക്ഷമ കൊടുക്കേണ്ടണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായി പ്രസംഗിച്ചു. ആ പ്രസംഗത്തിനുശേഷം ചാക്കോച്ചനും ഗ്രെയ്‌സിയും ധ്യാനഗുരുവിനെ പോയി കണ്ടു. ധ്യാനഗുരുവിന്റെ നിർദേശപ്രകാരം അവർ തങ്ങൾക്ക് അർഹതപ്പെട്ട സ്ഥലം നിരുപാധികം ജോണിക്കുട്ടിക്കും ലിസയ്ക്കും നല്കാൻ തീരുമാനിച്ചു. ഈ നല്ല വാർത്തയുമായി അവർ രണ്ടുപേരും ജോണിക്കുട്ടിയെയും ലിസയെയും കാണാനെത്തി. പക്ഷേ, പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു അവരുടെ പ്രതികരണം. ജോണിക്കുട്ടി പറഞ്ഞു: ഞങ്ങൾക്ക് ആരുടെയും ഔദാര്യമൊന്നും വേണ്ട. കോടതിയിൽ എത്തിയ കേസ് കോടതി തീർത്തുകൊള്ളും. ഇനി ഇക്കാര്യം പറഞ്ഞ് ഈ മുറ്റത്ത് കാലുകുത്തുകയുമരുത്. അയൽപക്കബന്ധങ്ങളൊക്കെ പടിക്കു പുറത്തുമതി.

ഇങ്ങനെയൊരു പ്രതികരണം ചാക്കോച്ചനും ഗ്രെയ്‌സി യും പ്രതീക്ഷിച്ചിരുന്നില്ല. അതവരുടെ മനസിനെ വല്ലാതെ തകർത്തു. അന്ന് കുടുംബപ്രാർത്ഥനയിൽ അവർ തീരുമാനമെടുത്തു- ജോണിക്കുട്ടിക്കും ലിസയ്ക്കുംവേണ്ടി പരിഹാരം ചെയ്ത് പ്രാർത്ഥിക്കുക. അന്നുമുതൽ അവർ സകുടുംബം മുട്ടിന്മേൽ നിന്നുകൊണ്ട് ജോണിക്കുട്ടിക്കും ലിസയ്ക്കുംവേണ്ടി കരുണയുടെ ജപമാല കൈ വിരിച്ചുപിടിച്ച് ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഞങ്ങളുടെ അയൽക്കാരുമായി എന്തു ത്യാഗം സഹിച്ചും രമ്യതയിലും സ്‌േനഹത്തിലുമാകാൻ സഹായിക്കണമേയെന്ന് അവർ കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് അതു സംഭവിച്ചത്. ലിസ ബാത്ത്‌റൂമിൽ തെന്നി വീണ് തുടയെല്ലു പൊട്ടി. ജോണിക്കുട്ടി ബിസിനസ് സംബന്ധമായ ഒരു യാത്രയിലായിരുന്നതിനാൽ ആ സമയം വീട്ടിലുണ്ടായിരുന്നില്ല. ചാക്കോച്ചനും ഗ്രെയ്‌സിയുമാണ് ലിസയെ ഹോസ്പിറ്റലിൽ എത്തിച്ചത്. ലിസയുടെ വലതുകാൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഹോസ്പിറ്റലിൽ ലിസയെ ശുശ്രൂഷിച്ചതും ജോണിക്കുട്ടിയെ ആശ്വസിപ്പിച്ചതുമെല്ലാം ചാക്കോച്ചനും കുടുംബവുമായിരുന്നു. ലിസയെ ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേദിവസം ഗ്രെയ്‌സി ജോണിക്കുട്ടിയുടെയും ലിസയുടെയും വീട്ടിലേക്ക് കടന്നുചെന്ന് വീടും പരിസരവുമെല്ലാം അടിച്ചുവാരി വൃത്തിയാക്കി. ജോണിക്കുട്ടിയും ലിസയും കടന്നുവരുമ്പോഴേക്കും ചോറും കറികളുമെല്ലാം പാകം ചെയ്തു. ഒത്തിരി വലിയ സ്‌നേഹത്തോടെ അവരെ സ്വീകരിച്ചു. ലിസയ്ക്ക് രണ്ടുമാസം പ്ലാസ്റ്റർ ഇട്ട കാലുമായി കിടന്ന കിടപ്പിൽ കഴിയേണ്ടിയിരുന്നു. ആ ഘട്ടത്തെ തരണം ചെയ്യാൻ ഒരു ജോലിക്കാരിക്കുവേണ്ടി ജോണിക്കുട്ടി അന്വേഷിച്ചു. പക്ഷേ, കിട്ടിയില്ല. എങ്ങനെ അവരെ സഹായിക്കാമെന്ന് ചാക്കോച്ചനും ഗ്രെയ്‌സിയും ആലോചിച്ചു. ”ശത്രുവിന് വിശക്കുന്നുവെങ്കിൽ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക. അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും. കർത്താവ് നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും” (സുഭാ. 25:21). ഈ വചനമാണ് ബൈബിൾ തുറന്നപ്പോൾ അവർക്ക് കിട്ടിയത്. ചാക്കോച്ചനും ഗ്രെയ്‌സിയും ഒരു തീരുമാനമെടുത്തു- ലിസ സുഖപ്പെടുന്നതുവരെ സ്‌കൂളിൽനിന്ന് ലീവെടുക്കുക. അങ്ങനെ ഗ്രെയ്‌സി ആ കുടുംബത്തിലെ അടുക്കളക്കാരിയും ജോലിക്കാരിയും ഹോംനേഴ്‌സുമെല്ലാമായി. വലിയ സ്‌നേഹത്തോടെ ലിസയെ ശുശ്രൂഷിക്കുകയും കുട്ടികളെ സ്‌കൂളിൽ വിടുകയും ചെയ്തു. ആ ശുശ്രൂഷ വലിയൊരു ഐക്യത്തിലേക്ക് രണ്ടു കുടുംബങ്ങളെയും നയിച്ചു. ലിസ സുഖമായിക്കഴിഞ്ഞപ്പോൾ ജോണിക്കുട്ടിയും ലിസയും ചാക്കോച്ചന്റെയും ഗ്രെയ്‌സിയുടെയും നിർദേശപ്രകാരം ഒരു നവീകരണ ധ്യാനത്തിൽ സംബന്ധിക്കാൻ പോയി. പുതിയ വ്യക്തികളായിട്ടാണ് അവർ ധ്യാനം കഴി ഞ്ഞ് തിരിച്ചുവന്നത്.

ജോണിക്കുട്ടിയും ലിസയും ചാക്കോച്ചന്റെയും ഗ്രെയ്‌സിയുടെയും കാലുപിടിച്ച് മാപ്പു ചോദിച്ചു. അവർ പറഞ്ഞു; നിങ്ങൾ ആ സ്ഥലമെടുത്തുകൊള്ളുക. നിങ്ങളാണ് അതി ന്റെ യഥാർത്ഥ അവകാശികൾ. പക്ഷേ, ചാക്കോച്ചനും ഗ്രെയ്‌സിയും പറഞ്ഞു: ഏയ് അതുവേണ്ട. ആ സ്ഥലം നിങ്ങളുടേതാണ്. നിങ്ങൾ എടുത്തുകൊള്ളുക. സ്‌നേഹമത്സരത്തിന്റെ അവസാനം അവരൊരുമിച്ച് ഒരു തീരുമാനത്തിലെത്തി. തർക്കത്തിലായിരുന്നിടത്തോളം സ്ഥലം വീടിന്റെ അതിർത്തിയിൽനിന്നും മാറി വേറൊരിടത്ത് രണ്ടുപേരുംകൂടി വാങ്ങി പാവപ്പെട്ട ഒരാൾക്ക് വീടുവയ്ക്കാൻ കൊടുക്കുക. ശിഥിലമായ ആ അയൽപക്കബന്ധം യേശുവിന്റെ രക്തത്താൽ, അവിടുത്തെ ക്ഷമയാൽ ഒരുമിപ്പിക്കപ്പെട്ടു. കർത്താവിന്റെ വചനമനുസരിച്ചുള്ള മുൻപോട്ടു പോകലാണ് ആ വലിയ സ്‌നേഹകൂട്ടായ്മക്ക് കാരണമായിത്തീർന്നത്. ”ഒരിക്കൽ വിദൂരസ്ഥരായിരുന്ന നിങ്ങൾ യേശുവിന്റെ രക്തം നിമിത്തം സമീപസ്ഥരായിരിക്കുന്നു” (എഫേസോസ് 2:13) എന്ന ദൈവവചനം അവരുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിത്തീർന്നു. ”നീ ബലിപീഠത്തിങ്കൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ വന്ന് കാഴ്ചയർപ്പിക്കുക” (മത്തായി 5:23) എന്ന ദൈവവചനം മുറുകെ പിടിച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്റെയും ഗ്രെയ്‌സിയുടെയും സ്‌നേഹമുന്നേറ്റം. അതിൽ അവർ വിജയിക്കുവാൻ ദൈവമിടവരുത്തി.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച അലി അഗ്കയെ ജയിലിൽ പോയി സന്ദർശിക്കുകയും അവനെ ആലിംഗനം ചെയ്ത് ക്ഷമ നല്കുകയും ചെയ്ത കാര്യവും സ്മരണീയമാണ്.

നിശബ്ദമായ ക്ഷമ
നമ്മളിൽ പലരും പലരോടും ക്ഷമിച്ചിട്ടുള്ളവരാണ്. എന്നാൽ ആ ക്ഷമ നിശബ്ദമായി മാത്രം നമ്മുടെ ഹൃദയത്തിൽ നടത്തുവാനാണ് നമുക്കിഷ്ടം. എന്നാൽ, നാം അങ്ങോട്ട് ചെന്ന് ക്ഷമ ചോദിച്ച്, ക്ഷമ സ്വീകരിക്കുന്നവരായി മാറണമെന്ന് ദൈവമാഗ്രഹിക്കുന്നു. ആ ക്ഷമ നിരുപാധികമായിരിക്കണമെന്നതാണ് യേശുവിന്റെ ഇഷ്ടം. അവിടുത്തെ മാതൃകയും അതുതന്നെ. കഠോരമായി പീഡകളേറ്റ് കുരിശിൽ മരിച്ചുകൊണ്ടിരിക്കുന്ന വേളയിലും തന്നെ ക്രൂശിക്കുകയും പീഡിപ്പിക്കുകയും ചെയ്തവർക്കുവേണ്ടി പിതാവിനോട് കരുണ ചോദിക്കുന്ന യേശുവിനെ നാം കാണുന്നു. ആ ക്ഷമയാകട്ടെ തികച്ചും നിരുപാധികമാണ്. അവിടുന്ന് തന്റെ പിതാവിനോട് പ്രാർത്ഥിക്കുന്നു: ‘പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.’ ഇത്തരത്തിൽ നിരുപാധികമായി ക്ഷമ നല്കുവാൻ പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് ആവശ്യമാണ്. പരിശുദ്ധാത്മാവിനെ കൂടാതെ നമുക്കത് സാധ്യമല്ല.

ഇതൊരു മഹനീയ മാതൃക
കുറച്ചു നാളുകൾക്കുമുൻപ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വധിക്കപ്പെട്ട ഒരു നേതാവിന്റെ ഘാതകർക്ക് ജീവപരന്ത്യം തടവുശിക്ഷ നല്കിക്കൊണ്ടുള്ള കോടതിവിധി പുറത്തുവന്നു. തൊട്ടടുത്ത ദിവസങ്ങളിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട നേതാവിന്റെ അമ്മയെ സമീപിച്ചു. അവരുടെ പ്രതികരണം ഇതായിരുന്നു: ”എനിക്കിതിൽ ആശ്വാസമുണ്ട്. എന്റെ മകനെ കൊന്നവർ ഇനിമേലിൽ ലോകം കാണരുത്. ഇതിൽ അപ്പുറമാണ് ലഭിക്കേണ്ടിയിരുന്നത്. ഇത്രയെങ്കിലും ശിക്ഷ അവർക്ക് ലഭിച്ചതിൽ എനിക്ക് സംതൃപ്തിയും വലിയ മനസ്സമാധാനവുമുണ്ട്.” തികച്ചും ഒരു സാധാരണ മനഷ്യമനസിന്റെ പ്രതികരണം. മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ ഭാര്യയോടും പ്രതികരണം ആരാഞ്ഞു. നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും ഇതിലും അധികമായിരുന്നു നല്‌കേണ്ടിയിരുന്നതെന്നും അവരും പ്രതികരിച്ചു. ഒരു സാധാരണ മനുഷ്യവ്യക്തിക്ക് അത്രയുമൊക്കെയേ ആകാനാവൂ.

എന്നാൽ, വർഷങ്ങൾക്കുമുമ്പ് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയും കുഷ്ഠരോഗികളെ പരിചരിക്കുകയും ചെയ്തു എന്ന ഒറ്റക്കാരണത്താൽ ഒറീസയിൽവച്ച് മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും വാഹനത്തിൽ അടച്ചുപൂട്ടിയ നിലയിൽ പെട്രോളൊഴിച്ച് വാഹനത്തിലിട്ട് കത്തിച്ച വാർത്ത നാമെല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ആ കൊടുംക്രൂരതയുടെ വേദനയ്ക്കുശേഷം മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസിനോട് പ്രതികരണം ആരാഞ്ഞു. അവർ ഇപ്രകാരം പറഞ്ഞു: എന്റെ ഭർത്താവിന്റെയും മക്കളുടെയും ഘാതകരോട് ഞാൻ ക്ഷമിക്കുന്നു! തീർച്ചയായും ദൈവത്തിന്റെ പരിശുദ്ധാത്മാവ് മഹത്വപ്പെട്ട നിമിഷങ്ങളായിരുന്നു അത്. കാരണം ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ കൂടാതെ ആർക്കും ഇത്രമേൽ ഉത്തമമായ ഒരു പ്രതികരണം നടത്തുവാൻ സാധിക്കുകയില്ല. ക്രിസ്തുസ്‌നേഹത്തിൽനിന്നും ഉടലെടുത്ത നിരുപാധികമായ ക്ഷമയാണ് ഈ രീതിയിലുള്ള ഒരു മാപ്പു നല്കലിന് അവരെ പ്രാപ്തയാക്കിത്തീർത്തത്.

നമ്മുടെ ജീവിതയാത്രയിൽ നമ്മെ വേദനിപ്പിക്കുകയും മുറിവേല്പ്പിക്കുകയും ചെയ്ത അനേകരുണ്ടാകാം. എത്ര വലിയ തെറ്റാണ് അവർ നമ്മോടു ചെയ്തതെങ്കിലും നാം അവർക്ക് നിരുപാധികമായ ക്ഷമ നല്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കാരണം, ഈ ക്ഷമയിലൂടെയാണ് തെറ്റിലകപ്പെടുന്നവരുടെ നിരുപാധികമായ വീണ്ടെടുപ്പ് സാധ്യമാവുക.

ഒരു മാടപ്പിറാവിന്റെ കുറുകൽ
മരിയ ഗൊരേത്തി വധിക്കപ്പെട്ടപ്പോൾ അവൾക്ക് വെറും പതിനാലു വയസ്. അതീവ സുന്ദരിയായിരുന്ന മരിയയെ കണ്ടപ്പോൾ കാമാസക്തനായ അലക്‌സാണ്ടറിന് അവളിൽ അഭിലാഷം തോന്നി. ആ അഭിലാഷം അവൻ മരിയയെ അറിയിച്ചു. എന്നാൽ, സർപ്പത്തിൽ നിന്നെന്നതുപോലെ പാപത്തിൽനിന്നും ഓടിയകന്ന മരിയ ഗൊരേത്തി ആ ക്ഷണത്തെ അപ്പോൾത്തന്നെ നിരസിച്ചു. പ്രകോപിതനായ അലക്‌സാണ്ടർ അവളെ തന്റെ കഠാരയൂരി കുത്തി. ഒന്നിനു പുറകെ ഒന്നായുള്ള പതിനാലു മുറിവുകൾ ആ മാടപ്പിറാവിന്റെ ജീവനെ ഈ ലോകത്തിൽനിന്ന് പറിച്ചെടുക്കുവാൻ തക്കതായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണക്കിടക്കയിൽ കിടന്നുകൊണ്ട് തനിക്ക് ചുറ്റിലും നിന്നവരോട് അവൾ പറഞ്ഞു: ഞാൻ അലക്‌സാണ്ടറിനോട് ക്ഷമിക്കുന്നു. മാനുഷിക നിയമപ്രകാരമുള്ള ശിക്ഷ ഏറ്റുവാങ്ങിയ അലക്‌സാണ്ടർ തന്റെ തടവറയുടെ കാലഘട്ടങ്ങളിൽ ആത്മാർത്ഥമായ അനുതാപത്തിലേക്കും വിശുദ്ധിയിലേക്കും കടന്നുവന്നു. തന്റെ കഠോരവേദനയുടെ സമയത്തും തന്റെ ശത്രുവിനോട്, അതും തന്റെ കൊലപാതകിയോട് ക്ഷമിച്ചു എന്ന് ഏറ്റുപറഞ്ഞ മരിയഗൊരേത്തിയെ സഭ അതിവേഗം വിശുദ്ധയായി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനദിവസം അതിനു സാക്ഷിയായി നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അലക്‌സാണ്ടറും നിന്നിരുന്നു.

ഇത്തരം അനേകം അലക്‌സാണ്ടറുമാരെ വിശുദ്ധിയിലേക്ക് നയിക്കുവാൻ നമ്മുടെ നിരുപധികമായ ക്ഷമയ്ക്കും പ്രാർത്ഥനയ്ക്കും കഴിയും. അവൻ അല്ലെങ്കിൽ അവൾ വന്ന് എന്നോട് ക്ഷമ ചോദിക്കട്ടെ എന്നാൽ ഞാൻ ക്ഷമിക്കാം എന്ന നിലപാട് സ്വർഗീയമല്ല. ക്ഷമ ചോദിച്ചാൽ മാത്രം ക്ഷമ കൊടുക്കാനുള്ള ശക്തി മാനുഷികമാണ്. എന്നാൽ ക്ഷമ ചോദിക്കാതെതന്നെ അങ്ങോട്ടുചെന്ന് രമ്യതപ്പെടുന്ന, ക്ഷമ നല്കുന്ന ശക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റേതാണ്. ”എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” (യോഹ. 15:5) എന്നു പറഞ്ഞ കർത്താവ് ആ വരികളിലൂടെത്തന്നെ മറ്റൊന്നു പറയുന്നുണ്ട്. അതു മറ്റൊന്നുമല്ല ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം സാധ്യമാണ്” (ഫിലിപ്പി 4:13) എന്നതാണത്.

എത്ര അസാധ്യമെന്നു തോന്നുന്ന കാര്യവും യേശുവിന്റെ ആത്മാവിന്റെ ശക്തിയാൽ നമുക്ക് ക്ഷമിക്കാനാകും. നമ്മളെ വേദനിപ്പിച്ചവരോട് ക്ഷമിക്കാതെ ഈ ലോകത്തിൽനിന്നും നാം വിടവാങ്ങിയാൽ അത് നമ്മുടെ സ്വർഗപ്രവേശനത്തിനുപോലും തടസമായി നില്ക്കും. വചനങ്ങൾ ഇപ്രകാരം നമ്മോടു പറയുന്നു:
”പ്രതികാരം ചെയ്യുന്നവനോട് കർത്താവ് പ്രതികാരം ചെയ്യും. അവിടുന്ന് അവന്റെ പാപം മറക്കുകയില്ല. അയൽക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും. അയൽക്കാരനോട് പക വച്ചു പുലർത്തുന്നവന് കർത്താവിൽനിന്ന് കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലുള്ളവനോട് കരുണ കാണിക്കാത്തവൻ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതെങ്ങനെ? മർത്യൻ വിദ്വേഷം വച്ചുകൊണ്ടിരുന്നാൽ അവന്റെ പാപങ്ങൾക്ക് ആർ പരിഹാരം ചെയ്യും? ജീവിതാന്ത്യം ഓർത്ത് ശത്രുത അവസാനിപ്പിക്കുക. നാശത്തെയും മരണത്തെയും ഓർത്ത് കല്പനകൾ പാലിക്കുക. കല്പനകൾ അനുസ്മരിച്ച് അയൽക്കാരനോട് കോപിക്കാതിരിക്കുക. അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുക” (പ്രഭാ. 28:1-7).
മരിയാഗൊരേത്തി എന്ന മാടപ്പിറാവിന്റെ കുറുകൽ നമുക്ക് പാഠമാക്കാം. മരണവേദനയാൽ പിടയുന്ന സമയത്തുപോലും കൊല ചെയ്തവന് മാപ്പേകുന്ന ആ കുറുകലിൽ പരിശുദ്ധാത്മാവിന്റെ ഹൃദയസ്പന്ദനമുണ്ട്. ആ പരിശുദ്ധാത്മാവിനോട് നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം.

ഓ, പരിശുദ്ധാത്മാവായ ദൈവമേ, എന്നെ വേദനിപ്പിച്ചവരോട് നിരുപാധികം ക്ഷമിക്കുവാനും അങ്ങോട്ടുചെന്ന് രമ്യതപ്പെടുവാനും അങ്ങയുടെ ശക്തിയും യേശുവിന്റെ ഹൃദയവും എനിക്ക് തരേണമേ. നിരുപാധികം ക്ഷമ നല്കുവാനും പരി ഹാരം ചെയ്ത് പ്രാർത്ഥിക്കുവാനും എന്നെ ശക്തനാക്കണമേ. ഓ, പരിശുദ്ധ മറിയമേ തന്റെ പുത്രന്റെ ഘാതകരോട് നിരുപാധികം ക്ഷമിച്ച മാതാവേ, നിരുപാധികമായ ക്ഷമ പ്രാവർത്തികമാക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേൻ.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *