അരൂപിയായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയം എല്ലാക്കാലത്തും മനുഷ്യന്റെ മനസിലുണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ദൈവം സത്യമാണോ മിഥ്യയാണോ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ ദൈവം സജീവമായി ഈ ലോകത്തിലുണ്ട് എന്നതാണ് സത്യം. ”യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:20) എന്ന ദൈവപുത്രന്റെ വാക്കുകൾ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. പല തരത്തിലുള്ള അടയാളങ്ങളിലൂടെ അവിടുന്ന് തന്റെ സജീവസാന്നിധ്യം ഇന്നും വെളിപ്പെടുത്തുന്നുണ്ട്. ദൈവം ഇല്ല എന്നു പറയുന്ന നിരീശ്വരവാദികളെപ്പോലും ചിന്തിപ്പിക്കുന്ന തരത്തിൽ ദൈവം ഇടപെടുന്നുണ്ട്. നിരീശ്വരവാദികളിൽ പ്രമുഖനായ വോൾട്ടയറെപ്പോലും ചിന്താധീനനാക്കിയ ഒരു അത്ഭുതസംഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
1725 മെയ് മാസം 31 – ന് പാരീസിലാണ് സംഭവം നടക്കുന്നത്. ഇരുപതു വർഷങ്ങളായി രക്തസ്രാവത്താൽ വളരെ വിഷമിച്ചിരുന്ന സ്ത്രീയായിരുന്നു അന്നാ ലാഫോസ്. രക്തം തുടർച്ചയായി പോകുന്നതുകൊണ്ടുള്ള ശരീരക്ഷീണംമൂലം കിടക്കയിൽ നിന്നെഴുന്നേല്ക്കുവാൻ പോലും സാധിക്കാത്ത രീതിയിൽ അവർ തളർന്നിരുന്നു. എന്നാൽ സുഖം പ്രാപിക്കണമെന്ന തീവ്രമായ ആഗ്രഹം അവർക്കുണ്ടായിരുന്നു. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസം അന്നാ ലാഫോസിന്റെ ഇടവകപ്പള്ളിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുകയാണ്. ദിവ്യകാരുണ്യ ഈശോ കടന്നുപോകുന്ന റോഡരുകിൽ തന്നെ ഒരു കസേരയിൽ ഇരുത്താൻ അവൾ ബന്ധുക്കളോട് അപേക്ഷിച്ചു. ദിവ്യകാരുണ്യനാഥൻ കടന്നുവന്നപ്പോൾ അവർ ഇപ്രകാരം നിലവിളിച്ച് പ്രാർത്ഥിച്ചു: ”കർത്താവേ, അങ്ങ് മനസാകുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്താൻ കഴിയും. ജറുസലേമിലൂടെ ജീവനോടെ നടന്ന അങ്ങുതന്നെയാണ് ദിവ്യകാരുണ്യത്തിൽ ഈ തിരുഅപ്പത്തിൽ സന്നിഹിതനായിരിക്കുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ ക്ഷമിക്കണമേ, ഞാൻ സുഖപ്പെടും.” നടക്കാൻ കഴിയാത്തതിനാൽ മുട്ടിന്മേൽ ഇഴഞ്ഞ് കരഞ്ഞുകൊണ്ട് അവൾ ദിവ്യകാരുണ്യനാഥന്റെ പിറകേ പോയി. ദിവ്യകാരുണ്യനാഥൻ അവളെ നോക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എഴുന്നേല്ക്കുവാനുള്ള ശക്തി അവൾക്ക് നല്കപ്പെട്ടു. ആ പ്രദക്ഷിണത്തിൽ പൂർണമായും അവൾ സംബന്ധിച്ചു. ക്രമേണ അവൾക്ക് ശക്തി ലഭിച്ചുകൊണ്ടിരുന്നു. അതിനുശേഷം നടന്ന ദിവ്യബലി പൂർത്തിയാകുമ്പോഴേക്കും അവൾ പൂർണമായും സൗഖ്യം പ്രാപിച്ചുകഴിഞ്ഞിരുന്നു! ‘ഈ സംഭവത്തിന് ഭക്തിയുടെ ഒരു നേരിയ ആവരണം എന്നിലുളവാക്കാൻ കഴിഞ്ഞു’ എന്നാണ് ഇതേക്കുറിച്ച് വോൾട്ടയർ പ്രതികരിച്ചത്. എങ്ങനെയാണ് ഇത് സംഭവിച്ചത്? ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന് വാഗ്ദാനം ചെയ്ത ദൈവം വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനാണ്. ജീവനില്ല എന്ന് തോന്നിക്കുന്ന അപ്പത്തിൽ ജീവന്റെ നാഥൻ നിശ്ചയമായും സന്നിഹിതനാണ്. അതിനാൽ, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഞാൻ ജീവിച്ചിരുന്നെങ്കിൽ എനിക്ക് യേശുവിനെ കാണാമായിരുന്നു, അവിടുത്തെ അനുഗ്രഹങ്ങൾ സ്വീകരിക്കാമായിരുന്നു എന്ന നഷ്ടബോധം വേണ്ട. സർവശക്തനായ ദൈവം ഇന്നും നിന്റെ മുൻപിലുണ്ട്. അതിനാൽ നിന്നെ നടുക്കുന്ന ജീവിതപ്രശ്‌നങ്ങളുടെ മുൻപിൽ തളർന്നിരിക്കേണ്ടവനല്ല നീ. അവിടുത്തെ നോക്കി അന്ന കരഞ്ഞതുപോലെ കരയുക. നീയും അനുഗൃഹീതനാകും. കാരണം, അവിടുത്തെ വാഗ്ദാനമാണത്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്: ”എന്നാൽ, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. അതിന്റെ ചിറകുകളിൽ സൗഖ്യമുണ്ട്” (മലാക്കി 4:2). നീതി നിഷേധിക്കപ്പെട്ട നിനക്കുവേണ്ടി മാത്രം നീതിസൂര്യൻ ഉദിക്കും, രോഗത്താൽ വലയുന്ന നിന്റെ അടുത്തേക്ക് സൗഖ്യമായി അവിടുന്ന് പറന്നിറങ്ങും.
ഏറ്റവും വലിയ പ്രത്യാശ
തളർന്നവന് ബലം നല്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യാശ. ദൈവത്തിൽ ആശ്രയിക്കുന്നവരെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: ”യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം. ചെറുപ്പക്കാർ ശക്തിയറ്റു വീഴാം. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും” (ഏശയ്യാ 40:30-31). എന്തും നേരിടുവാൻ കരുത്തും ചങ്കൂറ്റവുമുള്ളവരാണ് ചെറുപ്പക്കാർ. എന്നാൽ ജീവിതത്തിലെ ചില തിക്താനുഭവങ്ങളെ നേരിടുവാൻ അവർക്കുപോലും സാധിക്കുകയില്ല. ലോകത്തിന്റെ മുൻപിൽ തികച്ചും ദുർബലനെന്ന് തോന്നിക്കുന്നവനാണ് ദൈവവിശ്വാസി. ബലമുണ്ടെന്ന് അഹങ്കരിക്കുന്നവർ അവനെ കളിയാക്കുകപോലും ചെയ്യുന്നുണ്ടാവാം. ബലമുണ്ടെന്ന് അഹങ്കരിച്ചവർ നിലംപരിശാകുന്ന വലിയ പ്രതിസന്ധികളുടെ അവസരത്തിലും അതിനുമീതേ കഴുകനെപ്പോലെ പറന്നുയരുവാൻ അവന് സാധിക്കും. കാരണം, അവന്റെ ബലം സർവശക്തനായ ദൈവമാണ്. ഇതിന് എത്രയോ ജീവിക്കുന്ന ഉദാഹരണങ്ങൾ നിങ്ങളുടെയും എന്റെയും ചുറ്റിലുമുണ്ട്.
മുകളിൽപ്പറഞ്ഞത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇടപെടുന്ന ദൈവത്തെക്കുറിച്ചാണ്. എന്നാൽ, ചിലപ്പോൾ ഒരു ജനത മുഴുവനും വലിയൊരു പ്രതിസന്ധിയെ നേരിടേണ്ടി വരുന്ന അവസരങ്ങളുണ്ടാകാം. അവിടെയും യഥാർത്ഥ സഹായം ദൈവത്തിൽനിന്നേ വരികയുള്ളൂ. തന്നെ നോക്കി നിലവിളിക്കുന്ന ഒരു ജനതയുടെ അടുത്തേക്ക് പരിഹാരവുമായി ദൈവം കടന്നുവരും എന്നുള്ളതിന് ഒരു ഉദാഹരണം വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുതന്നെ ഉദ്ധരിക്കട്ടെ.
ന്യായാധിപന്മാരുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവമാണ്. ഇസ്രായേൽജനം വളരെ ഞെരുക്കത്തിലായിരുന്നു അക്കാലത്ത്. കാരണം, മിദിയാൻകാരുടെ എന്ന വംശം അവരെ അടിമകളാക്കിയിരുന്നു. എന്നാൽ അത് യാദൃശ്ചികമായി സംഭവിച്ചതല്ല. ദൈവത്തിന്റെ സ്വന്തം ജനമാകുവാൻ വിളിക്കപ്പെട്ടവരായ ഇസ്രായേൽജനം ദൈവത്തിൽനിന്നകന്ന്, പാപത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ദൈവം അവരെ മിദിയാൻകാർക്ക് ഏഴുവർഷത്തേക്ക് ഏല്പിച്ചുകൊടുത്തു. അതൊരു ശിക്ഷയെക്കാളുപരി, ദൈവത്തിലേക്ക് അവരെ തിരിച്ചുനടത്താനുള്ള ഒരു മാർഗമായിരുന്നു. ദൈവത്തിന്റെ സ്വന്തമാകുവാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. നാം ദൈവത്തിൽനിന്ന് അകലുമ്പോൾ ദൈവത്തിന്റെ ഹൃദയം വേദനിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന ചില ഞെരുക്കങ്ങൾ, തകർച്ചകൾ ഒക്കെയൊരു ശിക്ഷയായിട്ടല്ല നാം കാണേണ്ടത്. ദൈവത്തെ ഹൃദയപൂർവം അന്വേഷിക്കുവാനുതകുന്ന ശിക്ഷണങ്ങളായിട്ടാണ്.
ഇസ്രായേൽക്കാർ മിദിയാൻകാരുടെ ഭരണത്തിൻ കീഴിൽ ശ്വാസംമുട്ടി. അവരുടെ വരുമാനമാർഗങ്ങളെല്ലാം – കൃഷിയും ആടുമാടുകളും – മിദിയാൻകാർ നശിപ്പിച്ചു. അവരെ പേടിച്ച് നാട്ടിൽ സൈ്വര്യമായി താമസിക്കുവാൻ പറ്റാത്ത അവസ്ഥയുണ്ടായി. അതിനാൽ ഇസ്രായേൽക്കാർ പർവതങ്ങളിലേക്ക് പലായനം ചെയ്തു. അവിടെ മിദിയാൻകാർ കാണാതെ മാളങ്ങളിൽ ഒളിച്ചു താമസിക്കുവാൻ തുടങ്ങി. ജീവിക്കുവാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ, മറ്റാരും തങ്ങളെ സഹായിക്കുവാനില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ ദൈവത്തിന്റെ മുഖത്തേക്ക് നോക്കി. വിശുദ്ധ ഗ്രന്ഥം ഇപ്രകാരമാണ് അതിനെക്കുറിച്ച് എഴുതുന്നത്: ‘ഇസ്രായേൽജനം മിദിയാൻകാർ നിമിത്തം കർത്താവിനോട് നിലവിളിച്ചു.’ തന്നെ നോക്കി നിലവിളിക്കുന്ന മക്കളെ ദൈവപിതാവിന് ഒരിക്കലും ഉപേക്ഷിക്കുവാൻ സാധിക്കുകയില്ല. തനിക്കെതിരെ അവർ ചെയ്ത തെറ്റുകളെല്ലാം അവിടുന്ന് മറന്ന് അവരെ അനുഗ്രഹത്തിന്റെ പാതയിലൂടെ നടത്തുന്നു. ഇവിടെയും ഇതുതന്നെയാണ് സംഭവിക്കുന്നത്. ദൈവം ഇസ്രായേൽ ജനത്തിന്റെ അടുത്തേക്കൊരു പ്രവാചകനെ അയച്ചു. പ്രവാചകൻ അവരുടെ അടിമത്തത്തിന്റെ കാരണം അവരെ ധരിപ്പിച്ചു. അതിനുശേഷം കർത്താവ് ഒരു ദൂതനെ അയക്കുന്നു. ഇസ്രായേൽക്കാരെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുവാനായി ദൈവത്തിന്റെ നിർദേശമനുസരിച്ച് ദൂതൻ കണ്ടെത്തിയത് ഗിദെയോൻ എന്ന വ്യക്തിയെയാണ്.
മിദിയാൻകാർ കാണാതിരിക്കുവാനായി ഒരു മുന്തിരിച്ചക്കിനുള്ളിൽ ഗോതമ്പ് മെതിക്കുകയായിരുന്നു ഗിദെയോൻ. ദൂതൻ അദ്ദേഹത്തോട് പറഞ്ഞു: ‘ധീരനും ശക്തനുമായ മനുഷ്യാ, കർത്താവ് നിന്നോടുകൂടെ.’ ഇതിനു മറുപടിയായി നമ്മളൊക്കെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഗിദെയോൻ ചോദിച്ചത്. ‘പ്രഭോ, കർത്താവ് ഞങ്ങളോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതെല്ലാം ഞങ്ങൾക്ക് സംഭവിക്കുന്നത്?’ അതിന് മറുപടിയായി ദൈവം ഗിദെയോനോട് ഇപ്രകാരമാണ് പറഞ്ഞത്: ‘നിന്റെ സർവശക്തിയോടും കൂടെ പോയി ഇസ്രായേല്യരെ മിദിയാൻകാരുടെ കൈയിൽനിന്ന് മോചിപ്പിക്കുക.’ ഗിദെയോൻ തന്റെ കുറവുകളെക്കുറിച്ച് ബോധ്യമുള്ളവനായിരുന്നു. അങ്ങനെയുള്ളവരെയാണ് ദൈവം എല്ലാക്കാലത്തും തന്റെ കൈയിൽ ഉപകരണമാക്കുന്നത്. ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നവനാണല്ലോ ദൈവം. ഗിദെയോൻ തന്റെ കുറവുകൾ ഏറ്റുപറയുമ്പോൾ ദൈവം പരിഹാരം നിർദേശിക്കുന്നു: ‘ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും.’ യഥാർത്ഥത്തിൽ ഒരു മനുഷ്യനുണ്ടാകേണ്ട ഏറ്റവും വലിയ കരുത്ത് ദൈവം എന്റെ കൂടെയുണ്ട് എന്ന ബോധ്യത്തിൽനിന്ന് ലഭിക്കുന്നതാണ്.
ഇസ്രായേൽജനത്തെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുവാനുള്ള ദൗത്യം ദൈവനിയോഗമായി ഏറ്റെടുത്ത ഗിദെയോൻ അതിനായി മുപ്പത്തിരണ്ടായിരം പടയാളികളെ തെരഞ്ഞെടുത്തു. കർത്താവിന്റെ ഹിതം ആരാഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങളുടെ സംഖ്യ അധികമായതിനാൽ മിദിയാൻകാരെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്നില്ല.’ ആൾബലംകൊണ്ട് വിജയം നേടി എന്ന് അവർ അഹങ്കരിക്കുവാൻ ഇടയാകുമെന്നതുകൊണ്ടാണ് ദൈവം അങ്ങനെ പറഞ്ഞത്. അതിൽ ഭീരുക്കളായവരെ വീടുകളിലേക്ക് തിരിച്ചയക്കുവാൻ ദൈവം ആവശ്യപ്പെട്ടു. അപ്പോൾ ഇരുപത്തിരണ്ടായിരം പേർ പോയി. പതിനായിരം പേർ അവശേഷിച്ചപ്പോഴും ദൈവം പറഞ്ഞു: പടയാളികളുടെ സംഖ്യ ഇപ്പോഴും അധികമാണ്. അതിൽനിന്ന് മുന്നൂറ് പടയാളികളെ തിരഞ്ഞെടുക്കാൻ ദൈവം ആവശ്യപ്പെട്ടു. ഇപ്രകാരമാണ് അത് ചെയ്തത്. അവരെ ഒരു ജലാശയത്തിന്റെ അടുത്തേക്ക് ഗിദെയോൻ നയിച്ചു. വെള്ളം നക്കിക്കുടിച്ച മുന്നൂറ് പടയാളികളെ മാറ്റിനിർത്തി. ബാക്കിയുള്ളവരെ തിരിച്ചയച്ചു. ആ മുന്നൂറുപേരെക്കൊണ്ട് മിദിയാൻകാരുടെ വലിയ സൈന്യത്തെ കർത്താവിന്റെ ശക്തിയാൽ ഗിദെയോൻ നിശേഷം പരാജയപ്പെടുത്തി ഇസ്രായേലിനെ മോചിപ്പിച്ചു.
ദൈവം ഇന്നും പ്രവർത്തനിരതനാണ്. വേദനിക്കുന്ന മനുഷ്യർ തന്റെ നേരെ നോക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. കാരണം, അവിടുന്ന് അവരെ സ്വന്തമായി കരുതി സ്‌നേഹിക്കുന്നു. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: ”ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും” (ജറെമിയ 31:34). നമ്മുടെ കഴിഞ്ഞകാല പാപങ്ങൾ ഓർത്ത് ശിക്ഷിക്കുന്നവനല്ല അവിടുന്ന്. നമ്മുടെ പാപങ്ങൾ അനുതപിച്ച് ഏറ്റുപറയുമ്പോൾ ഇസ്രായേൽക്കാരോട് കാണിച്ച കാരുണ്യം അവിടുന്ന് ഇന്നും നമ്മോട് കാണിക്കും. നമ്മുടെ ദുരിതത്തിൽനിന്ന് അവിടുന്ന് രക്ഷിക്കും. അവിടുത്തെ വാക്കുകൾ ശ്രദ്ധിക്കുക: ”അവരുടെ അകൃത്യത്തിന് ഞാൻ മാപ്പു നല്കും; അവരുടെ പാപം മനസിൽ വയ്ക്കുകയില്ല” (ജറെമിയ 31:34). ആ സ്‌നേഹനിധിയായ ദൈവത്തിന്റെ പക്കൽ ഇപ്പോൾത്തന്നെ മുട്ടുമടക്കി, എളിമയോടെ നമുക്ക് പ്രാർത്ഥിക്കാം:
കാരുണ്യവാനായ ദൈവമേ, അങ്ങ് എന്നെ സൃഷ്ടിച്ചതിന് ഞാൻ നന്ദി പറയുന്നു. ഈ ഭൂമിയിൽ അങ്ങയെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സ്‌നേഹം എന്റെ ഹൃദയത്തിലേക്ക് സമൃദ്ധമായി ചൊരിയണമേ. അങ്ങിൽനിന്ന് അകന്നുപോയ വഴികളെക്കുറിച്ചും അങ്ങയെ വേദനിപ്പിച്ചതിനെക്കുറിച്ചും ഞാൻ മാപ്പു ചോദിക്കുന്നു. എന്റെ പാപങ്ങൾ അവിടുന്ന് മനസിൽ വയ്ക്കുകയില്ല എന്ന അങ്ങയുടെ വാഗ്ദാനം ഈ നിമിഷം ഓർത്താലും. അങ്ങയുടെ സ്വന്തമായി എന്നെ സ്വീകരിക്കണമേ. എനിക്ക് നീതി നടത്തിത്തരുവാൻ എന്റെ ജീവിതത്തിൽ നീതിസൂര്യനായി അവിടുന്ന് പ്രകാശിക്കണമേ. അങ്ങയുടെ പ്രകാശത്തിൽ ഞാൻ എന്നും വസിക്കട്ടെ. എന്റെ ജീവിതത്തിലെ ദുരിതങ്ങളിലേക്കും ദുഃഖകരമായ കഴിഞ്ഞകാല ഓർമകളിലേക്കും സർവശക്തനായ അങ്ങ് കടന്നുവന്നാലും. അങ്ങയെ ഞാൻ ആരാധിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി തിരുസന്നിധിയിൽ പ്രാർത്ഥിക്കണമേ, ആമ്മേൻ.
കെ. ജെ. മാത്യു