തന്റെ മകൻ അലന് ഹൃദയമിടിപ്പുകൾ സാവധാനം കുറഞ്ഞുവരുന്ന രോഗമാണ്. ഓപ്പറേഷൻ തിയറ്ററിന്റെ മുമ്പിൽ നിസ്സഹായനായി നിന്നുകൊണ്ട് ഡോ.എഡ് ബെക്കർ പിന്നെയും പിന്നെയും ചിന്തിച്ചത് അതാണ്. ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാതിരുന്ന അദ്ദേഹത്തിന് അപ്പോൾ പ്രാർത്ഥിക്കണമെന്ന് തോന്നി. പക്ഷേ എങ്ങനെ പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടാ. പ്രാർത്ഥനയിലൂടെ അസാധ്യകാര്യങ്ങൾ സാധ്യമായിട്ടുണ്ടെന്ന് കേട്ടുകേൾവിയിൽനിന്നാണ് പ്രാർത്ഥിക്കണമെന്ന ചിന്തപോലും ഉടലെടുത്തിരിക്കുന്നത്. പക്ഷേ അലന്റെ അവസ്ഥ അതല്ല. അവൻ ഉറച്ച ക്രിസ്തുവിശ്വാസിയാണ്; രോഗത്തിന്റെ കാറ്റിലുലയാതെ ക്രിസ്തുസ്നേഹത്തിന്റെ ദീപനാളം ഉള്ളിൽ കാത്തുസൂക്ഷിക്കുന്ന കൗമാരക്കാരൻ.
അത്ഭുതമെന്നു പറയട്ടെ. അലൻ സാവധാനം സൗഖ്യം പ്രാപിച്ചു. പക്ഷേ പിന്നീട് അവന്റ തലയിൽ ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആ രോഗാവസ്ഥയിൽവച്ച് അവൻ പിതാവിനോട് പറഞ്ഞു: ”എന്റെ രോഗം ഡാഡിയെ ക്രിസ്തുവിലേക്കടുപ്പിക്കാനുള്ളതാണ്. ഞാൻ സഹിക്കുന്നതിന്റെ ഫലമായി ഡാഡി ഒരുനാൾ യേശുവിശ്വാസിയായി മാറും. അതെനിക്കുറപ്പാണ്” മകന്റെ വിശ്വാസവും ജീവിതദർശനവും കണ്ട് ബെക്കർ അത്ഭുതപ്പെട്ടുപോയി. അവന്റെ കിടക്കയ്ക്കരികിലിരുന്ന ബൈബിൾ അദ്ദേഹം കൈയിലെടുത്ത് വായിക്കാൻ തുടങ്ങി. ഒരു മാസത്തിനകം അദ്ദേഹം വിശ്വാസിയായിത്തീർന്നു. തന്റെ ദൗത്യം പൂർത്തിയാക്കിയ അലൻ കുറച്ചുനാളുകൾക്കുള്ളിൽ സന്തോഷത്തോടെ ദൈവസന്നിധിയിലേക്കും യാത്രയായി.