വിശ്വാസോത്സവവും ലുലുമാളും

എന്റെ ആത്മസുഹൃത്ത് ഫൊറോന ഇടവകയിൽ സഹവികാരിയാണ്. അദ്ദേഹത്തെ കാണുന്നതിനായി ഒരു ദിവസം ഞാൻ അവിടെ ചെന്നു. അദ്ദേഹം ആ ഇടവകയിൽ ചെന്നതിനുശേഷം മതബോധനരംഗത്ത് വലിയ ഉണർവും ആ വേശവും ഉണ്ടായിട്ടുണ്ട്. ചെറുപ്പക്കാരെയൊക്കെ ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമാക്കാനും കഴിഞ്ഞു. മധ്യവേനൽ അവധിക്കാലത്ത് നടത്തപ്പെടുന്ന വിശ്വാസോത്സവത്തിന് ഇടയിലാണ് അവിടെ ചെന്നത്. എപ്പോഴും പ്രസന്നവദനനായി കാണപ്പെടുന്ന എന്റെ സുഹൃത്ത് വിഷാദം നിറഞ്ഞ മുഖഭാവത്തോടെ ഇരിക്കുന്നതാണ് കണ്ടത്. വിശ്വാസോത്സവം ഗംഭീരമാക്കാനുള്ള അധ്വാനത്തിന്റെ ക്ഷീണവും മുഖത്ത് പ്രകടമായിരുന്നു.

ഇടവകയിൽ മൂന്നു ദിവസമായി രാവിലെ മുതൽ വൈകുന്നേരം വരെ സൺഡേ സ്‌കൂൾ കുട്ടികൾക്കായി വി ശ്വാസോത്സവം ഗംഭീരമായി നടന്നുവ രികയാണ്. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തിയാൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊച്ചച്ചനും സൺഡേ സ്‌കൂൾ ഹെ ഡ്മാസ്റ്റർക്കും മതാധ്യാപകർക്കും പിടിപ്പതു പണിയുണ്ട്. ഓരോ ദിവസവും വൈകുന്നേരം ആ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചുള്ള അവലോകനവും അടുത്ത ദിവസത്തേക്കുള്ള ക്രമീകരണങ്ങളുമെല്ലാം നടത്തിയിരുന്നു. അവസാന ദിവസത്തേക്കുള്ള ഒരുക്കങ്ങൾക്കായി കൊച്ചച്ചൻ സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്ററെ കാത്ത് മുറിയിൽ ഇരിക്കുമ്പോൾ അദ്ദേഹം ഓടിവന്നു പറഞ്ഞു: ”അച്ചാ, ഞാൻ ലുലുമാൾ കാണാൻ പോവുകയാ. എന്റെ സു ഹൃത്ത് വണ്ടിയുമായി വന്നിട്ടുണ്ട്. ഞങ്ങൾ ഇനി പാതിരാ ആയിട്ടേ തിരിച്ചുവരൂ. നാളത്തെ കാര്യങ്ങളെല്ലാം കൊച്ചച്ചൻ ഒറ്റയ്ക്ക് പ്ലാൻ ചെയ്താൽ മതി.” പറഞ്ഞു തീർന്ന ഉടനെ അദ്ദേഹം സ്ഥലംവിടുകയും ചെയ്തു.
സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്ററിന്റെ സുഹൃത്തിന്റെ സ്വഭാവത്തിലും ബിസിനസ് ഇടപാടുകളിലും ഇടവകക്കാർ അത്ര തൃപ്തരല്ല. അങ്ങനെയുള്ള ഒരാളുടെ കൂടെ രാത്രിയിൽ കറങ്ങാൻ പോയതും അവസാന ദിവസത്തെ ഭാരിച്ച ഉത്തരവാദിത്വം സ്വയം ഏല്‌ക്കേണ്ടി വന്നതിന്റെ ടെൻഷനുമാണ് എന്റെ സുഹൃത്തിന്റെ സങ്കടത്തിനും ഉത്സാഹമില്ലായ്മയ്ക്കും കാരണമെന്ന് മനസിലായി. ഹെഡ്മാസ്റ്ററിനു പകരം ഞാൻ സഹായിക്കാമെന്നും ഇനിയും ചെയ്തുതീർക്കാനുള്ള ജോലികൾ കെ.സി.വൈ.എം കുട്ടികൾ സന്ധ്യയ്ക്കു വരുമ്പോൾ അവരുടെ സഹായത്തോടെ ചെയ്തുതീർക്കാമെന്നും മറ്റും പറഞ്ഞ് ഞാൻ കൊച്ചച്ചനെ ആശ്വസിപ്പിച്ചു. അവസാനം അവരോടൊപ്പമിരുന്ന് പ്രാർത്ഥിക്കുമ്പോൾ എന്റെ മനസിലേക്ക് ദാവീദും ഊറിയായും കടന്നുവന്നു.

ദാവീദും ഊറിയായും
2 സാമുവേൽ പതിനൊന്നാം അധ്യായത്തിലാണ് വിശ്വസ്തനും കർമധീരനുമായ ഊറിയായെ കാണുന്നത്. ഊറിയാ ഒരു വിജാതീയനാണ്. യഹൂദനല്ലാതിരുന്നിട്ടും ഇസ്രായേലിന്റെ രാജാവായ ദാവീദിന്റെ തീരുമാനപ്രകാരം തന്റെ യജമാനനായ യോവാബിനോടൊപ്പം യുദ്ധഭൂമിയിൽ ശത്രുക്കളോട് പടവെട്ടുകയാണ്. ഇതിനിടയിൽ രാജാവായ ദാവീദ് ഊറിയായുടെ ഭാര്യയിൽ അനുരക്തനായി അവളുമായി പാപം ചെയ്യുന്നു. ചെയ്ത പാപത്തിന്റെ പരിണതഫലത്തിൽനിന്ന് രക്ഷനേടാൻ വേണ്ടി കൗശലക്കാരനായ രാജാവ് ഊറിയായെ യുദ്ധഭൂമിയിൽനിന്നും തിരിച്ചു വിളിച്ച് നല്കുന്ന സന്തോഷങ്ങളിലൊന്നും ഊറിയാ പ്രലോഭിപ്പിക്കപ്പെടുന്നില്ല. ‘നീ വീട്ടിൽ പോയി അല്പം വിശ്രമിക്കുക’ എന്നു പറയുമ്പോൾ, ഊറിയാ ദാവീദ് രാജാവിന് കൊടുക്കുന്ന മറുപടി നമ്മെ ചിന്തിപ്പിക്കണം. ഊറിയാ പറയുന്നു: ”ഇസ്രായേലും യൂദായും യുദ്ധരംഗത്താണ്. പേടകവും അവരോടൊപ്പമുണ്ട്. എന്റെ യജമാനനായ യോവാബും അങ്ങയുടെ സേവകരും വെളിപ്രദേശത്തു താവളമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ, വീട്ടിൽച്ചെന്ന് തിന്നുകുടിച്ച് ഭാര്യയുമായി രമിക്കാൻ എനിക്കെങ്ങനെ കഴിയും? അങ്ങാണേ എനിക്കതു സാധ്യമല്ല” (2 സാമുവേൽ 11:11). അതെ, ഊറിയാ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളി ഉയർത്തുകയാണ്.

നാലു കഥാപാത്രങ്ങൾ നമ്മുടെ മുൻപിൽ അവതരിക്കുന്നു. വിശ്വാസോത്സവത്തിനിടയിൽ ഉത്തരവാദിത്വങ്ങൾ മറന്ന് ‘ലുലുമാൾ’ കാണാൻ പോയ ഹെഡ്മാസ്റ്റർ, ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം മനോഹരമായി പൂർത്തിയാക്കിയ കൊച്ചച്ചൻ, സുഖലോലുപനും അലസനും കൗശലക്കാരനുമായ ദാവീദ് രാജാവ്, ഊറിയാ എന്ന ചെറുപ്പക്കാരനായ സൈനികൻ. ഈ നാലുപേരിൽ ഊറിയായും കൊച്ചച്ചനും ഒരു ഗണത്തിലും ദാവീദ് രാജാവും ഹെഡ്മാസ്റ്ററും മറ്റൊരു ഗണത്തിലും ഉൾപ്പെടുന്നു. ഇ തിൽ ഏതു ഗണത്തിൽപ്പെട്ടവരാണ് നമ്മൾ? നമ്മുടെ ഉള്ളിൽ ഒരു ദാവീദ് ഒളിഞ്ഞിരിപ്പുണ്ടോ? ചിലപ്പോഴെങ്കിലും ആ ഹെഡ്മാസ്റ്ററിനെപ്പോലെ ഉത്തരവാദിത്വങ്ങൾ മറന്നുപോകാറുണ്ടോ? എത്ര ഗൗരവം നിറഞ്ഞ ഉത്തരവാദിത്വമാണെങ്കിലും സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി അതൊക്കെ ഉപേക്ഷിച്ചു കളയുമോ?
ദൈവം തന്ന ജീവിതം വെറുതെയങ്ങ് ജീവിച്ചുതീ ർത്താൽ പോരാ. ഈ ലോകത്തിൽ ദൈവം നമ്മെ പല ഉത്തരാദിത്വങ്ങളും ഏല്പിച്ചിട്ടുണ്ട്. അവയൊക്കെ ആത്മാർത്ഥതയോടും സത്യസന്ധതയോടും കർത്തവ്യബോധത്തോടും കൂടെ ചെയ്തുതീർക്കാൻ കടപ്പെട്ടവരാണ് നാം. മാതാപിതാക്കൾ, മക്കൾ, സഹോദരീസഹോദരന്മാർ, ഭാര്യാ/ഭർത്താക്കന്മാർ, ആത്മീയ ശുശ്രൂഷകൻ തുടങ്ങി എത്രയെത്ര വേഷങ്ങൾ ചെറിയ ഈ ജീവിതകാലത്ത് നാം നിർവഹിക്കുന്നു. ഈ വേഷങ്ങളൊക്കെ നാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? നമ്മുടെ ഇഷ്ടംപോലെ അഭിനയിച്ചു തീർക്കുകയാണോ? അതോ സംവിധായകന്റെ ആഗ്രഹമനുസരിച്ച് അവന്റെ ഇഷ്ടത്തിനാണോ നാം ജീവിക്കുന്നത്? നമ്മുടെ ജീവിതത്തിന്റെ സംവിധായകൻ ദൈവമാണെന്നോർക്കുക. അവിടുത്തെയിഷ്ടം പോലെയാകട്ടെ നമ്മുടെ അഭിനയം. നമ്മുടെ താല്പര്യങ്ങൾ മാറ്റിവയ്ക്കാം. ഊറിയാ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി സ്വീകരിക്കാനുള്ള ധൈര്യം നമുക്കുണ്ടാകട്ടെ. ലോകം വച്ചുനീട്ടുന്ന പ്രലോഭനങ്ങളിൽ വീഴാതെ, പൗലോസ് ശ്ലീഹായെപ്പോലെ, നല്ല ഓട്ടം ഓടി അതു പൂർത്തിയാക്കാനുള്ള (2 തിമോത്തി 4:7) ആത്മബലത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

ടോമി ഫിലിപ്പ് തൃപ്പൂണിത്തുറ

Leave a Reply

Your email address will not be published. Required fields are marked *