നിരാശയ്ക്ക് അടിമപ്പെട്ട നാൻസി പല പ്രാവശ്യം ആത്മഹത്യയ്ക്ക് ഒരുങ്ങി. എന്നാൽ, ഓരോ പ്രാവശ്യവും ദൈവിക ഇടപെടൽമൂലം അവർക്ക് പിൻതിരിയേണ്ടി വന്നു. നാലാം നിലയിലെ അവളുടെ മുറിയിൽനിന്ന് ജനാല വഴി താഴേക്കു ചാടി മരിക്കാനായിരുന്നു പ്ലാൻ. എന്നാൽ, അപ്രതീക്ഷിതമായി നാൻസിയുടെ ശരീരം തളർന്നു. അരമുതൽ താഴോട്ട് മരവിച്ച് ചലനശേഷി നഷ്ടപ്പെട്ടു. വീൽചെയറിൽ ഇരുന്നു മാത്രമേ നീങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുമ്പോൾ ഈശോ തന്നോട് മന്ത്രിക്കുന്നതായി അവൾക്ക് തോന്നി. ‘നാൻസീ, നിനക്ക് നേരത്തെ നല്ല ആരോഗ്യമുള്ള ശരീരമുണ്ടായിരുന്നു. പക്ഷേ, ആത്മാവ് തളർന്നതായിരുന്നു. ഇനിമേൽ നിനക്ക് തളർന്ന ശരീരവും ആരോഗ്യമുള്ള ആത്മാവുമുണ്ടായിരിക്കും.” ആ നിമിഷം അവൾ ജീവിതം പൂർണമായി ഈശോയ്ക്ക് സമർപ്പിച്ചു. ഹോസ്പിറ്റലിൽനിന്ന് തിരികെ ഭവനത്തിലെത്തിയശേഷം അവൾ കർത്താവിനോട് പ്രാർത്ഥിച്ചു: ഈശോയേ, നീ എനിക്കുതന്ന കൃപ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഉപദേശവും സാന്ത്വനവും കൈമാറാനും ഞാനാഗ്രഹിക്കുന്നു. രക്ഷയിലേക്കുള്ള വഴി മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.
പിറ്റേന്ന് പത്രത്തിൽ ഒരു പരസ്യം കൊടുത്തു: ‘ഏകാന്തതകൊണ്ടോ മറ്റെന്തെങ്കിലും പ്രശ്‌നംകൊണ്ടോ വിഷമിക്കുന്നവർ എന്നെ ഫോണിൽ വിളിക്കുക. ഞാനും വീൽചെയറിലാണ്. നമുക്ക് പ്രശ്‌നങ്ങൾ പരസ്പരം പങ്കുവയ്ക്കാം. സാന്ത്വനമരുളുന്ന ദൈവത്തിൽ ആശ്രയം വയ്ക്കാം. എന്നെ വിളിക്കൂ, സംസാരിക്കാൻ ഞാൻ ഏറെ താല്പര്യപ്പെടുന്നു.’ പരസ്യത്തിന് കിട്ടിയ പ്രതികരണം അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. വിളിച്ചവർക്കെല്ലാം ആശ്വാസം പകരാൻ അവൾക്ക് സാധിച്ചു. നിരാശയുടെ ഇരുളിലായിരുന്ന പലർക്കും വെളിച്ചം പകരാൻ ഈശോ അവളെ ഉപകരണമാക്കി. അനേകർക്ക് അവൾ രക്ഷയിലേക്കുള്ള വഴികാട്ടിയായിത്തീർന്നു. വീൽചെയറിന്റെ നൊമ്പരം അനേകർക്ക് പ്രത്യാശയിലേക്കുള്ള വഴിയായി മാറി.
നാൻസിയുടെയും മറ്റ് അനേകരുടെയും ജീവിതം ധന്യമാക്കാൻ കർത്താവ് കൊടുത്ത വലിയ നൊമ്പരം, നൊമ്പരത്തിന്റെ സാർത്ഥകതയെക്കുറിച്ച് സംസാരിക്കുന്നു.
ഒരു കൊച്ചുകുട്ടിക്കുണ്ടായ അനുഭവം വായിച്ചതോർക്കുന്നു. അവൻ ഒരു പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ മനോഹരമായ ഒരു പൂവും അതിലൊരു തേനീച്ചയെയും കണ്ടു. അവൻ ആ തേനീച്ചയെ പിടിക്കാൻ ശ്രമിച്ചു. പക്ഷേ, തേനീച്ച അവന്റെ കൊച്ചുകൈവിരലിൽ കുത്തിയിട്ട് പറന്നുപോയി. വേദനയോടെ അവൻ അമ്മയുടെ അടുത്തേക്ക് ഓടി, ഉറക്കെ പറഞ്ഞു: കുത്തുന്ന ഈ തേനീച്ചയെ എനിക്ക് വെറുപ്പാ. വേദന കുറയ്ക്കാൻ അവന്റെ വിരലിൽ നന്നായി തിരുമ്മിയശേഷം അമ്മ അവന് തേൻ കൊടുത്തു. അതു കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു: ”മോനിത് ഇഷ്ടമായോ?” ”എനിക്കിഷ്ടമാ.”
തേനീച്ചകൾ അവയെ പിടിക്കാൻ ശ്രമിക്കുന്നവരെ ഭയംമൂലം ചിലപ്പോൾ കുത്തും. എന്നാൽ, നാം ഏറെ ഇഷ്ടപ്പെടുന്ന മാധുര്യമേറിയ തേൻ പൂക്കളിൽനിന്ന് ശേഖരിച്ചു തരുന്നത് അവയാണ്. തേനീച്ചകൾ ഇല്ലെങ്കിൽ ലോകത്ത് ഒരിടത്തും പൂക്കളിൽനിന്നുള്ള മധുരിക്കുന്ന തേൻ കിട്ടുകയില്ല.
അപ്പോൾ കുട്ടി പറഞ്ഞു: ”അങ്ങനെയെങ്കിൽ എനിക്ക് അവയെ ഒത്തിരി ഇഷ്ടമാ.”
വേദനിപ്പിക്കുന്ന ശിക്ഷണങ്ങൾ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സ്‌നേഹപദ്ധതിയാണ്. തേനീച്ചയുടെ കുത്തുപോലെ, നൊമ്പരപ്പെടുത്തുന്ന പലതും നമ്മുടെ ജീവിതത്തിലുണ്ടാകും. അതു സന്തോഷത്തോടെ സ്വീകരിക്കുമ്പോഴാണ് ജീവിതം ധന്യമാകുക. മധുരിക്കുന്ന അനുഭവങ്ങളോടൊപ്പം വേദനിപ്പിക്കുന്ന അനുഭവങ്ങളും ആഗ്രഹിക്കുന്നവരാണ് വിശുദ്ധർ.
സുഭാഷിതങ്ങളിൽ പറയുന്നു: ”ശിക്ഷണം ഇഷ്ടപ്പെടുന്നവൻ വിജ്ഞാനത്തെയാണ് സ്‌നേഹിക്കുന്നത്. ശാസനം വെറുക്കുന്നവൻ മൂഢനത്രേ” (സുഭാ. 12:1). ”മുറിപ്പെടുത്തുന്ന താഡനങ്ങൾ ദുഃശീലങ്ങളെ നിർമാർജനം ചെയ്യുന്നു. കനത്ത അടി മനസിന്റെ ഉള്ളറകളെ ശുചിയാക്കുന്നു” (സുഭാ. 20:30). സഹനങ്ങ ളെ ശിക്ഷയായി കാണാതെ, ശുദ്ധീകരണത്തിനുള്ള ന്യായവും ഉചിതവുമായ മാർഗമായി തിരിച്ചറിയണം.
റവ. ഡോ. ഐസക്ക് ആലഞ്ചേരി