പിശുക്കനായ ഒരു ധനാഡ്യന്റെ അടുത്താണ് അന്ന് ജീൻ ഭിക്ഷാടനത്തിന് പോയത്. സഹായമഭ്യർത്ഥിച്ച് എത്തിയ ഒരു അഗതിയായ സ്ത്രീയെ സ്വന്തം പാർപ്പിടത്തിൽ സംരക്ഷിച്ചുകൊണ്ട് തുടങ്ങിയതാണ് അവൾ. സാവധാനം അഗതികളുടെ എണ്ണം കൂടിവന്നു. അഗതിമന്ദിരത്തിലെ ചെലവുകളും കൂടി. അതോടെ അതിനായി ജീൻ യുഗാൻ നടത്തിയിരുന്ന ഭിക്ഷാടനവും കടുപ്പമുള്ളതായി. അങ്ങനെയാണ് ആ ധനാഡ്യന്റെയടുത്തെത്തിയത്. അയാൾ ഒരു നാണയം പോലും നല്കിയില്ല. എങ്കിലും മനസ്സ് മടുക്കാതെ ജീൻ അടുത്ത ദിവസവും പോയി. പ്രതികരണം അങ്ങനെ തന്നെ. മൂന്നാം ദിവസവും ജീൻ അയാളുടെ അടുത്തെത്തി. അയാൾക്ക് മനസ്സലിവുണ്ടായില്ല. അപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു: ”എന്റെ പാവങ്ങൾ ഇന്നലെ പട്ടിണിയായിരുന്നു. ഇന്നും അവർ പട്ടിണിയാണ്. താങ്കൾ ഭിക്ഷ തന്നില്ലെങ്കിൽ അവർ നാളെയും പട്ടിണിയായിരിക്കും.” ഈ വാക്കുകൾ അയാളെ വല്ലാതെ സ്പർശിച്ചു. പണം നല്കുകമാത്രമല്ല പിന്നീട് അയാൾ ജീൻ യുഗാന്റെ ശുശ്രൂഷയിൽ പങ്കാളിയാവുകയും ചെയ്തു. വിശുദ്ധ ജീൻ യുഗാന്റെ ജീവിതത്തിലെ ഒരു സംഭവമാണിത്.