ഇന്ദ്രിയാനുഭവങ്ങളെ എങ്ങനെ പ്രയോജനകരമായ പാഠങ്ങളാക്കാം

നിങ്ങളുടെ കണ്ണുകൾക്ക് മനോഹരമായതും ഭുമിയിൽ വിലപ്പെട്ടതുമായ വസ്തുക്കളെ കാണുമ്പോൾ, നിങ്ങൾ ലോകത്തെയാകെ ഉപേക്ഷിച്ചാൽ മരണത്തിനു ശേഷം നിങ്ങൾക്കു ഉറപ്പായും ലഭിക്കുന്ന സ്വർഗത്തിലെ സമ്പന്നതയും സൗന്ദര്യങ്ങളുമായി തുലനം ചെയ്യുമ്പോൾ അവ ഒന്നുമല്ലെന്നും കേവലം പൊടിയാണെന്നും കരുതുക.
സൂര്യനെ കാണുമ്പോൾ നിങ്ങളുടെ ആത്മാവ്, അതിന്റെ സ്രഷ്ടാവിന്റെ കൃപയാൽ നിറയുകയാണെങ്കിൽ അതിലും മനോഹരവും പ്രകാശം പരത്തുന്നതും ആണെന്നും അല്ലെങ്കിൽ ഏറ്റവും ഇരുണ്ടതിനെക്കാളും ഇരുണ്ടതും ശപിക്കപ്പെട്ടതാണെന്നും കരുതുക.

നിങ്ങളുടെ കണ്ണുകൾ ആകാശത്തിലേക്ക് തിരിക്കുമ്പോൾ, നിങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ, അത്യുന്നതമായ സ്വർഗത്തിലേക്ക് ഉയർത്തുക. നിങ്ങളുടെ ചിന്തകളിലൂടെ അതിനോട് ഒട്ടിപ്പിടിപ്പിക്കുക. കാരണം നിങ്ങളുടെ ഈ ലോകത്തിലെ ജീവിതം പാപരഹിതവും വിശുദ്ധവുമാണെങ്കിൽ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന വാസസ്ഥലമാണിത്.

വസന്തകാലത്ത് നിങ്ങൾ മരച്ചില്ലകളിൽനിന്നും പക്ഷികളുടെ പാട്ടുകൾ കേൾക്കുമ്പോൾ, അല്ലെങ്കിൽ മറ്റു മധുരമുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ, പറുദീസയിലെ ഏറ്റവും മധുരമായ ഗാനങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് ഉയർത്തുക. സ്വർഗത്തിൽ എന്നും പ്രതിധ്വനിക്കുന്ന ഹല്ലേലുയായിലേക്കും മറ്റു മാലാഖമാരുടെ കീർത്തനങ്ങളിലേക്കും ഉയർത്തുക. വെളിപാടിന്റെ പുസ്തകത്തിൽ പറയുന്നതുപോലെ, ‘ഇതിനുശേഷം സ്വർഗത്തിൽ വലിയ ജനക്കൂട്ടത്തിന്റെതുപോലുള്ള ശക്തമായ സ്വരം ഞാൻ കേട്ടു. ഹല്ലേലുയ്യ. രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റെതാണ്’ (19: 1) എന്ന് വാനാരൂപികളോട് ചേർന്ന് അവിടുത്തെ സ്തുതികൾ എന്നെന്നും പാടുവാൻ നിങ്ങളെ അനുവദിക്കണമേ എന്ന് പ്രാർത്ഥിക്കുക.

ആരുടെയെങ്കിലും സൗന്ദര്യം നിങ്ങളെ ആകർഷിച്ചാൽ, ആകർഷകമായ ഈ മൂടുപടത്തിനടിയിൽ, നിങ്ങളെ കൊല്ലാൻ, അല്ലെങ്കിൽ മുറിവേൽപ്പിക്കുവാനെങ്കിലും നരകസർപ്പം ഒളിച്ചിരിക്കുന്നു എന്ന് ചിന്തിക്കുകയും അതിനോട് ഇങ്ങനെ പറയുകയും ചെയ്യുക: ‘ശപിക്കപ്പെട്ട സർപ്പമേ, എന്നെ വിഴുങ്ങുവാൻ ഇവിടെ കള്ളനെപ്പോലെ നിൽക്കുന്നത് നീയാണ്. നിന്റെ ശ്രമം പാഴാകും. കാരണം ദൈവമാണ് എന്റെ സഹായകൻ!’ തുടർന്ന് ദൈവത്തിലേക്ക് നോക്കി പറയുക. നിഗൂഢശത്രുക്കളെപ്പോലും ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്ന, ‘അവിടുത്തെ പല്ലുകൾക്ക് എന്നെ ഇരയാക്കാത്ത’ (സങ്കീ.124: 6) എന്റെ ദൈവമേ അങ്ങു വാഴ്ത്തപ്പെട്ടവനാകട്ടെ.’ അതിനുശേഷം, നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട അവിടുത്തെ മുറിവുകളിൽ അഭയം തേടാം. നമ്മുടെ കർത്താവ്, നിങ്ങളെ പാപത്തിൽനിന്നും രക്ഷിക്കാനും നിങ്ങളിൽ ജഡികാസക്തികളോട് മടുപ്പ് ജനിപ്പിക്കാനുമായി തന്റെ വിശുദ്ധശരീരത്തിൽ എന്തുമാത്രം സഹിച്ചു എന്ന് ഓർത്തുകൊണ്ട്, നിങ്ങളെത്തന്നെ അവിടെ സമർപ്പിക്കുക. ശാരീരിക സൗന്ദര്യത്തിന്റെ വശീകരണത്തെ ഓടിക്കുന്നതിനുള്ള ഒരു ആയുധം കൂടി ഞാൻ നിങ്ങളെ അനുസ്മരിപ്പിക്കട്ടെ. നിങ്ങൾ അതിൽ വീണാലുടനെ ഇപ്പോൾ നിങ്ങൾക്ക് ഇത്ര ആകർഷകമായി തോന്നുന്ന ഈ വസ്തുവിന് മരിച്ചുകഴിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ചിന്ത നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരുന്നതാണത്. പുഴുക്കൾ അരിക്കുന്ന ദുർഗന്ധം വമിപ്പിക്കുന്ന ചീഞ്ഞളിഞ്ഞ ഒരു വസ്തു.

നിങ്ങൾ എവിടെയെങ്കിലും നടക്കുമ്പോൾ ഓർക്കുക, നിങ്ങൾ കുഴിമാടത്തോട് ഓരോ ചുവട് അടുത്തുകൊണ്ടിരിക്കുകയാണ്. ആകാശത്തിൽ പറക്കുന്ന പക്ഷികളെയോ, വേഗത്തിൽ ഒഴുകുന്ന പുഴകളെയോ കാണുമ്പോൾ നിങ്ങളുടെ ജീവിതം അതിലും വേഗത്തിൽ അന്ത്യത്തിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണെന്ന് ഓർക്കുക. ശക്തമായ കാറ്റ് അടിക്കുകയും, ആകാശം കറുത്തിരുണ്ട് കാർമേഘാവൃതമാവുകയും ചെയ്യുമ്പോൾ ഞെട്ടിപ്പിക്കുന്ന ഇടിയുടെ ശബ്ദം കേൾക്കുമ്പോൾ, ഇടിമിന്നലുകൾ നിങ്ങളുടെ കണ്ണുകളെ അഞ്ചിക്കുമ്പോൾ അന്ത്യവിധിയുടെ ഭയാനകമായ ദിവസത്തെ ഓർമിക്കുക. മുട്ടിൽ വീണ് നിങ്ങളുടെ കർത്താവായ ദൈവത്തിനു മുന്നിൽ ശിരസ്സ് നമിച്ച് അവിടുത്തെ അനന്തമഹത്വമാർന്ന തിരുമുഖത്തിനു മുന്നിൽ ലജ്ജയില്ലാതെ നിൽക്കത്തക്കവിധം സ്വയം ഒരുങ്ങുന്നതിനുവേണ്ട കൃപയും സമയവും തരണമേ എന്ന് പ്രാർത്ഥിക്കുക. പലതരത്തിലുള്ള ക്ലേശങ്ങൾ നിങ്ങളെ മഥിക്കുമ്പോൾ, അവയെക്കുറിച്ചും, അവയുമായി ബന്ധപ്പെട്ടതുമായ ശക്തിപ്പെടുത്തുന്ന ചിന്തകളാൽ നിങ്ങളുടെ മനസ്സിനെ അഭ്യസിപ്പിക്കുവാൻ മറക്കരുത്. എല്ലാത്തിനും ഉപരി ഇങ്ങനെ ചെയ്യുക. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ദൈവത്തിന്റെ തിരുഹിതത്തെക്കുറിച്ചു ധ്യാനിക്കുക. നിങ്ങളുടെ നന്മയ്ക്കും നിങ്ങളുടെ രക്ഷയ്ക്കുംവേണ്ടിയാണ് ദൈവത്തിന്റെ സ്‌നേഹാർദ്രമായ ജ്ഞാനവും നീതിനിഷ്ഠമായ മനസ്സും, നിങ്ങൾ ഇപ്പോൾ സഹിക്കുന്നത്, നിങ്ങൾ സഹിക്കുന്ന അളവിൽ സഹിക്കണമെന്ന് ഔദാര്യത്തോടെ നിശ്ചയിച്ചത് എന്ന ഉറപ്പ് മനസ്സിൽ ഉറപ്പിക്കുക. ഇത്തരം സംഭവങ്ങളിലൂടെ തന്റെ സ്‌നേഹം പ്രകടമാക്കുകയും, അവിടുന്ന് നിങ്ങൾക്കു അയക്കാൻ തീരുമാനിക്കുന്ന എല്ലാത്തിലും എത്ര മനസോടെയും നിറഞ്ഞ ഹൃദയത്തോടെയും അവിടുത്തെ തിരുഹിതത്തിന് നിങ്ങൾ വിധേയമാകുന്നു എന്ന് തെളിയിക്കാൻ ഒരു അവസരം തന്നതിനും ദൈവത്തിൽ സന്തോഷിക്കുക. നിങ്ങളുടെ ഹൃദയത്തിൽ ഇങ്ങനെ പറയുക. ‘ഇത് എന്നിൽ നിറവേറിയ ദൈവഹിതമാണ്. ഞാൻ ഈ ക്ലേശമോ, സങ്കടമോ, നഷ്ടമോ, അനീതിയോ, അനുഭവിക്കണമെന്നോ, കാലത്തിനു മുമ്പേ എന്നോടുള്ള സ്‌നേഹത്താൽ അവിടുന്നു നിശ്ചയിച്ചതാണിത്.’
ഒരു നല്ല ചിന്ത നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുമ്പോൾ, അതു ദൈവത്താൽ അയക്കപ്പെട്ടതാണെന്ന് മനസ്സിലാക്കി ദൈവത്തിലേക്ക് തിരിഞ്ഞ് അവിടുത്തേക്ക് നന്ദിപറയുക. നിങ്ങൾ ദൈവവചനം വായിക്കുന്നതിൽ വ്യാപൃതമായിരിക്കുമ്പോൾ, ഓരോ വചനത്തിനു പിന്നിലും ദൈവം രഹസ്യമായി സന്നിഹിതനാണെന്ന് മനസ്സിൽ കരുതുക. ആ വചനങ്ങളെ അവിടുത്തെ തിരുഅധരങ്ങളിൽനിന്നും വരുന്നതാണെന്നും ഉറപ്പിക്കുക. സൂര്യൻ ആകാശത്തിൽ തിളങ്ങിനിൽക്കുമ്പോൾ, ഗ്രഹണത്താലെന്നപോലെ ഇരുട്ട് വരികയും അതിന്റെ പ്രകാശത്തെ മറയ്ക്കുന്നതും കാണുമ്പോൾ ബാഹ്യാന്ധകാരത്തിൽ പതിക്കാൻ അനുവദിക്ക രുതേ എന്ന് വേദനിച്ച് ദൈവത്തോട് പ്രാർത്ഥിക്കുക.

കുരിശിലേക്ക് നോക്കി, അതു നമ്മുടെ ആത്മീയപോരാട്ടത്തിന്റെ പ്രതീകമാണെന്നും, കീഴടക്കാനാവാത്ത ശക്തി ഉൾക്കൊള്ളുന്നുവെന്നും, നിങ്ങൾ അതിൽനിന്നും മാറിപ്പോയാൽ, നിങ്ങളുടെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിക്കപ്പെടുമെന്നും, എന്നാൽ അതിനെ സഹിക്കുമെങ്കിൽ നിശ്ചയമായും സ്വർഗത്തിലെത്തുമെന്നും വിജയത്തോടും മഹത്വത്തോടുംകൂടി അതിൽ പ്രവേശിക്കുമെന്നും അറിയുക.

പരിശുദ്ധകന്യകാമറിയത്തിന്റെ ഒരു ചിത്രം കാണുമ്പോൾ, സ്വർഗരാജ്ഞിയായ അവളിലേക്ക് ഹൃദയം തിരിക്കുക. ദൈവഹിതത്തിന് സ്വയം സമർപ്പിക്കാൻ ഇത്രയും സന്നദ്ധതകാണിച്ചതിന്, ലോകത്തിന്റെ രക്ഷകന് ജന്മമേകി, മുലയൂട്ടി വളർത്തിയതിന്, നമ്മുടെ അദൃശ്യപോരാട്ടത്തിൽ ഉറപ്പുള്ള സഹായകയും സംരക്ഷണവുമാകുന്നതിന് നന്ദി പറയുക വിശുദ്ധരുടെ ചിത്രീകരണങ്ങൾ കാണുമ്പോൾ, ദൈവസന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എന്തുമാത്രം മധ്യസ്ഥരുണ്ടെന്നും, അവിരാമമായ പോരാട്ടങ്ങളിൽ നിങ്ങൾക്കുവേണ്ടി പോരാടുന്നതിൽ എന്തുമാത്രം സഹായികളുണ്ടെന്നും മനസ്സിലേക്കു കൊണ്ടുവരിക. തങ്ങളുടെ ജീവിതകാലത്തുടനീളം ശത്രുക്കളോട് സുധീരം പോരാടുകയും അവരെ കീഴടക്കുകയും ചെയ്ത അവർ പോരാട്ടത്തിന്റെ കല നിങ്ങൾക്കു കാണിച്ചുതരികയും വെളിപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ സഹായത്തോടെ പോരാട്ടങ്ങളിൽ നിങ്ങൾ ജാഗ്രത പുലർത്തിയാൽ അവരെപ്പോലെ നിങ്ങളും സ്വർഗത്തിന്റെ നിത്യമഹത്വത്തിൽ വിജയമഹത്വം അണിയും.

നിങ്ങൾ ഒരു ദേവാലയം കാണുമ്പോൾ മറ്റുനല്ല ചിന്തകളോടൊപ്പം, ‘നിങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ ആലയങ്ങളാണെന്ന്’ (2 കോറി. 6: 16) എഴുതപ്പെട്ടിരിക്കുന്നതുപോലെ നിങ്ങളുടെ ആത്മാവും ദൈവത്തിന്റെ ആലയമാണെന്ന് ഓർമിക്കുക. അതുകൊണ്ട് നിങ്ങളതിനെ വിശുദ്ധവും നിർമലവുമായി സൂക്ഷിക്കണം.

ഓരോസമയവും ദേവാലയമണി അടിക്കുന്നതു കേൾക്കുമ്പോൾ ‘ദൈവകൃപനിറഞ്ഞവളെ സ്വസ്തി’ എന്ന് മുഖ്യദൂതൻ ദൈവമാതാവിനോട് പറഞ്ഞത് മനസ്സിലേക്കു കൊണ്ടുവരിക. താഴെപ്പറയുന്ന ചിന്തകളിലും വികാരങ്ങളിലും മനസ്സ് മുഴുക്കുക. രക്ഷാകര പ്രവർത്തികൾക്കു തുടക്കം കുറിച്ച ഈ സുവാർത്ത സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് അയച്ചതിന് ദൈവത്തിന് നന്ദിപറയുക. തന്റെ അഗാധമായ വിനയത്തിലൂടെ സത്താപരിണാമപരമായ ഔന്നത്യത്തിലേക്ക് ഉയർത്തപ്പെട്ടതിന് പരിശുദ്ധകന്യകയോടൊപ്പം സന്തോഷിക്കുക. അവളോടും മുഖ്യദൂതനോടും ചേർന്ന് അവളുടെ പരമപരിശുദ്ധ ഉദരത്തിൽ ഗർഭസ്ഥിതനായ ദൈവഫലത്തെ ആരാധിക്കുക. ദിവസത്തിൽ പലപ്രാവശ്യം, ഞാൻ വിവരിച്ച വികാരത്തോടെ ഈ മഹത്വികരണം നടത്തുവാൻ നന്നായി ശ്രദ്ധിക്കുക. മൂന്നു പ്രാവാശ്യം എങ്കിലും – രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടത്തണമെന്ന് കർശനനിയമമാക്കുക. ചുരുക്കത്തിൽ എന്റെ ഉപദേശം ഇതാണ്: നിങ്ങളുടെ ഇന്ദ്രിയങ്ങളോട് എപ്പോഴും ഉണർവും ജാഗ്രതയും പുലർത്തുക. അവയിലൂടെ ലഭിക്കുന്ന തോന്നലുകൾ നിങ്ങളുടെ ആസക്തികളെ ഉണർത്താനും ശക്തമാക്കാനും അനുവദിക്കരുത്. മറിച്ച് എപ്പോഴും എല്ലാത്തിലും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള അല്ലെങ്കിൽ അവിടുത്തെ തിരുഹിതത്താൽ നയിക്കപ്പെടാനുള്ള നിങ്ങളുടെ തീരുമാനത്തിൽനിന്നും ഒരു മുടിയിട പോലും വ്യതിചലിക്കാൻ ഇടയാക്കാത്തവിധം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉപയോഗിക്കുക. ഇതു സാധ്യമാക്കുന്നതിന് ഇന്ദ്രിയ ചിന്തകളിൽനിന്നും ആത്മീയ ചിന്തകളിലേക്ക് ഉയരുന്നതിനൊപ്പം നാം നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യത്തെ അധ്യായങ്ങളിൽ ചൂണ്ടിക്കാണിച്ച ചെറിയ നിയമം – ഒന്നിനാലും അനിച്ഛാപൂർവമായി ആകർഷിക്കപ്പെടുകയോ വികർഷിക്കപ്പെടുകയോ അരുത് പിന്നെയോ, ഓരോ കാര്യത്തിലും കർക്കശമായും ഉറപ്പായും ആലോചിച്ച് തീരുമാനം എടുക്കുക. ദൈവകൽപ്പനകളിലൂടെ നാം അറിയുന്ന ദൈവഹിതവുമായി ചേർന്നു പോകുന്നതിനുള്ള മാർഗമിതാണ്.

ഒരു കാര്യംകൂടി കൂട്ടിച്ചേർക്കട്ടെ; ഇന്ദ്രിയങ്ങളെ ആത്മീ യഗുണത്തിനായി മാറ്റുന്നതിനായി ഞാൻ മുകളിൽ വിവരിച്ച മാർഗങ്ങൾ എപ്പോഴും അഭ്യസിച്ചുകൊള്ളണമെന്ന് അർഥമാക്കുന്നില്ല. എപ്പോഴും നിങ്ങൾ അഭ്യസിക്കേണ്ടത് ഇതാണ്. നിങ്ങളുടെ മനസ്സിനെ ഹൃദയത്തിൽ കേന്ദ്രീകരിക്കുക. അവിടെ കർത്താവുമൊത്തായിരിക്കുക. അങ്ങനെ അവിടുത്തെ, നിങ്ങളുടെ ശത്രുക്കളുടെമേലും ആസക്തികളുടെമേലും, ആന്തരികപ്രതിരോധത്താലോ, അവയ്‌ക്കെതിരായ പുണ്യം അഭ്യസിച്ചോ ഉള്ള വിജയത്തിന്റെ സഹായിയും ഗുരുവും ആക്കുക. നിങ്ങൾ ഈ മാർഗങ്ങൾ അറിയണമെന്നും അത്യാവശ്യമുള്ളപ്പോൾ അവ അഭ്യസിക്കണമെന്നുമുള്ള ഉദ്ദേശ്യംകൊണ്ടാണ് ഞാൻ അവ വിവരിച്ചത്. അതേസമയം നമ്മുടെ പോരാട്ടത്തിൽ എല്ലാ ഇന്ദ്രിയവസ്തുക്കളെയും ആത്മീയമൂടുപടത്താൽ മറയ്ക്കാൻ അവ നിസ്സംശയം ഉപകാരപ്രദമാണ്.

ഫാ. ലൊറെൻസോ സ്‌കൂപ്പോളി

Leave a Reply

Your email address will not be published. Required fields are marked *