”ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ” എന്ന ലിയോ പതിമൂന്നാമൻ പാപ്പായുടെ ഈ വാക്കുകൾ നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എന്റെ മനസിലേക്ക് കടന്നുവന്നിരുന്ന ചിന്ത ”ലോകമേ, നിന്റെ രക്ഷ ഭാരതത്തിന്റെ സന്താനങ്ങളിൽ” എന്നതായിരുന്നു.
നൂറ്റാണ്ടുകളായി കത്തോലിക്ക സഭയുടെ ഈറ്റില്ലമായി നിലകൊണ്ടിരുന്നത് യൂറോപ്പായിരുന്നു. സഭയുടെ ഏതാണ്ട് 90 ശതമാനത്തോളം വിശുദ്ധരെയും പ്രദാനം ചെയ്ത ദേശം. ലോകം മുഴുവനും സുവിശേഷം എത്തിക്കുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും തീക്ഷ്ണതയാൽ ജ്വലിച്ച മിഷനറിമാരെ സംഭാവന ചെയ്ത നാട്!
ഇന്നത്തെ അവിടുത്തെ സഭയുടെയും നാടിന്റെയും ദയനീയ അവസ്ഥ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് വിശ്വാസജീവിതം നയിക്കുന്നവർ വളരെ കുറവ്. കത്തീഡ്രൽ ദേവാലയങ്ങൾ മ്യൂസിയവും മോസ്‌ക്കുകളും ബാറുകളും ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളുമായി പരിണമിച്ചുകഴിഞ്ഞു. കൂദാശ പരികർമം ചെയ്യാൻ വൈദികരില്ല; പങ്കെടുക്കാൻ വിശ്വാസികളുമില്ല. ഉള്ളവർതന്നെ ഭൂരിഭാഗവും വൃദ്ധജനങ്ങൾ.
ഞാൻ റോമിൽ പഠിച്ചപ്പോൾ താമസിച്ചിരുന്ന ഹോസ്റ്റലിനോട് അനുബന്ധിച്ച് ചില്ലുകൊട്ടാരം പോലുള്ള വലിയ സ്‌കൂൾ ഉണ്ടായിരുന്നു. ജർമൻ സന്യാസിനികൾ നടത്തിയിരുന്ന അത് പഠിപ്പിക്കാനും പഠിക്കാനും ആളില്ലാതായപ്പോൾ വിറ്റു.
വത്തിക്കാനിൽ വിശുദ്ധ കുർബാനയ്ക്കുശേഷം വൈദികർ പ്രാർത്ഥിക്കുന്നത് കേട്ടു, പൗരോഹിത്യ-സന്യാസ ദൈവവിളി വർധനവിനായി. എനിക്കപ്പോൾ തോന്നിയത് കുടുംബത്തിൽ മക്കളുണ്ടാകാൻവേണ്ടി ആദ്യമൊന്ന് പ്രാർത്ഥിച്ചിരുന്നെങ്കിൽ എന്നായിരുന്നു. മക്കളില്ലെങ്കിൽ എങ്ങനെ ദൈവവിളികൾ ഉണ്ടാകും?
റോമിൽനിന്നും കേരളത്തിൽ ഇറ്റാലിയൻ ഭാഷ പഠിപ്പിക്കാനായി വന്ന പെൺകുട്ടിക്ക് അവർ കത്തോലിക്കരാണോ പ്രൊട്ടസ്റ്റന്റുകാരാണോ എന്നറിയില്ല. അവളുടെ പിതാവിനും അതറിയില്ല. ദൈവം ഉണ്ടോ, ഇല്ലയോ എന്നും അറിഞ്ഞുകൂടാ.
ക്രിസ്ത്യാനികളെ ബാധിച്ചിരിക്കുന്ന രോഗം
1957 ൽ മെഡിസിൻ പഠനത്തിനായി റോമിലേക്കും തുടർന്ന് ഉപരി പഠനത്തിനായി ഇംഗ്ലണ്ട്, അയർലണ്ട് എന്നിവിടങ്ങളിലേക്കും പോയി. 1967 ൽ കേരളത്തിലേക്ക് മടങ്ങിവന്നു. പിന്നീട് 2012 ലാണ് വീണ്ടും യൂറോപ്പിലേക്ക് പോകാൻ കർത്താവ് അവസരമൊരുക്കിത്തന്നത്. വടക്കേ ഇറ്റലിയിലെ (ശേഷം പേജ് 28-ൽ)
ടൂറിനിൽ വിശുദ്ധ ജോസഫ് കൊത്തൊലെംഗോയുടെ ചെറുഭവനത്തിൽ ഇവിടുത്തെ ദൈവപരിപാലനയുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനാണ് എന്നെ അങ്ങോട്ടു ക്ഷണിച്ചത്. ദൈവപരിപാലനയിൽ ആശ്രയിച്ച്, പാവങ്ങളെ ശുശ്രൂഷിക്കാനുള്ള പ്രചോദനം എനിക്ക് ലഭിച്ചത് അവിടെനിന്നായിരുന്നു. അന്നത്തെ തിരക്കേറിയ റെയിൽവേ സ്റ്റേഷനും ബസ്സ്റ്റാന്റുമെല്ലാം ഇന്ന് വിജനം. ട്രെയിൻ യാത്രയ്ക്കിടയിൽ കുട്ടികളെയൊന്നും കാണാനായില്ല.
ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ, ജോലി ചെയ്യേണ്ട ആശുപത്രിയിലേക്ക് ആദ്യം പോയത് ഞാനോർത്തു. വലിയ ബഹളവും തിരക്കും. ആശുപത്രിയിലേക്കുള്ള വഴി നിശ്ചയമല്ലാതിരുന്നതിനാൽ പലരോടും സഹായം ചോദിച്ചു. പക്ഷേ, വഴി പറഞ്ഞുതരാൻ ആർക്കും സാവകാശം കിട്ടിയില്ല. അവസാനം ഒരു പോലിസുകാരൻ സഹായത്തിനെത്തി, എന്നെ ആശുപത്രിയിൽ എത്തിച്ചു. ആ നാട് ഇന്ന് ജനത്തിരക്കില്ലാത്ത അവസ്ഥയിലാണ്.
കുട്ടികൾ കുറയുന്നത് രാജ്യത്തിന്റെ ഉൽക്കണ്ഠയായി കാണണം. കുടുംബങ്ങളുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ ഭാവിയാണ്, ഐശ്വര്യമാണ് വന്ധീകരിക്കപ്പെട്ടുപോകുന്നത്. പാഴ്‌സികൾ ഇന്ത്യയിൽ നാമാവശേഷമാകാൻ കാരണം അവർ ജനസംഖ്യാനിരക്ക് കുറയ്ക്കാൻ വളരെ നേരത്തെ തീരുമാനിച്ചതുകൊണ്ടായിരുന്നുവെന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു. കേരളത്തിലെ ക്രിസ്ത്യാനികളെ ഇന്നു ബാധിച്ചിരിക്കുന്ന ഒരു രോഗമാണിത്. ജനസംഖ്യ ബാധ്യതയല്ല, ആസ്തിയാണ്. തിരുവചനം പറയുന്നു: ‘നിങ്ങളുടെ സൗഖ്യ കുറഞ്ഞുപോകരുത്.’ കുഞ്ഞുങ്ങളെ വേണ്ട എന്നു പറഞ്ഞ് തടയാനും ഗർഭത്തിൽവച്ച് കുരുതി കഴിക്കാനും നിങ്ങൾക്കാർക്കും അനുവാദമില്ല.
ഫ്രാൻസിൽ ചെന്നപ്പോൾ പള്ളികളിൽ ആളില്ല, തെരുവുകളിൽ ആളില്ല, രാജ്യത്താളില്ല. ശോചനീയമായ അവസ്ഥ. പാരീസിലെ തെരുവുകളിൽ രണ്ടു വശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്നു. എന്നാൽ, ആളുകൾ വളരെ ചുരുക്കം.
അഞ്ച് മക്കളുള്ള അമ്മയുടെ ദുഃഖം
ഒരു കന്യാസ്ത്രീ എന്ന നിലയ്ക്കും ഡോക്ടർ എന്ന നിലയ്ക്കും പരിചയപ്പെടുന്ന കുടുംബങ്ങളോടെല്ലാം പ്രത്യേകിച്ച്, ദമ്പതികളോട്, കുഞ്ഞുങ്ങൾ കുടുംബത്തിന്റെ ഐശ്വര്യമാണെന്ന് പറയാറുണ്ട്.
അഞ്ച് മക്കളുള്ള ഒരമ്മ പറഞ്ഞു: ”സിസ്റ്റർ, അന്നു പറഞ്ഞ കാര്യങ്ങൾ വേണ്ടവിധത്തിൽ മനസിലാക്കാനോ ഉൾക്കൊള്ളാനോ പറ്റിയില്ല. ഇന്നത്തെ അറിവ് അന്നുണ്ടായിരുന്നെങ്കിൽ പത്തു കുഞ്ഞുങ്ങളെയെങ്കിലും ഞാൻ ചോദിച്ചു വാങ്ങിയേനെ. ഇന്ന് ആ സഹോദരിക്ക് പത്ത് മക്കൾ ഇല്ലല്ലോ എന്ന ദുഃഖം മാത്രം! ഇന്നവർ അവകാശപ്പെടുന്നത് ‘ഞങ്ങളുടെ വീട് സ്വർഗമാണ്’ എന്നാണ്.
മധ്യവയസ്‌കരായ ചില സ്ത്രീകൾ എന്നോടു പറഞ്ഞു: ‘സിസ്റ്റർ, ഇതൊ ക്കെ ഇനി ഞങ്ങളോട് പറഞ്ഞിട്ടെന്താ ഗുണം?’ നിങ്ങൾക്ക് നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മരുമക്കളെയുമെല്ലാം പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാമല്ലോ എന്നു ഞാൻ പറഞ്ഞു.
ഓരോ കുഞ്ഞും ഭൂമിയിലേക്ക് വരുന്നത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവാനുഗ്രഹവുമായിട്ടാണ്; ആത്മീയതലത്തിൽ, സാമ്പത്തികതലത്തിൽ എല്ലാം. കുഞ്ഞുങ്ങളെ നിരസിച്ചാൽ ഈ ദൈവാനുഗ്രഹം നഷ്ടപ്പെടും. ഒരു കുട്ടികൂടി ഉണ്ടെങ്കിൽ അതിനെ വളർത്താനുള്ളത് ദൈവംതരും. കൂടുതൽ കുട്ടികളുണ്ടെങ്കിൽ അതനുസരിച്ചും.
പിശാചിലും അവന്റെ കുടിലതന്ത്രങ്ങളിലുമുള്ള വിശ്വാസമാണ് യൂറോപ്പിലെ വിശ്വാസജീവിതത്തെ തകർത്തതിന്റെ പ്രധാനഘടകം. പിശാചിന്റെ ബന്ധനത്തിൽ അകപ്പെട്ടവരുണ്ടെന്നും രജിസ്റ്റർ ചെയ്ത ഒന്നരലക്ഷത്തിൽപരം സാത്താൻ ആരാധനാകേന്ദ്രങ്ങളുണ്ടെന്നുമാണ് കണക്ക്.
ഇന്ന് വലിയൊരു ഭീഷണിയുടെ മുൻപിലാണ് നില്ക്കുന്നത്. ഇവിടു ത്തെ കത്തോലിക്കാ കുടുംബങ്ങളും മദ്യത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ആഢംബരങ്ങളുടെയും ഭൗതികസുഖങ്ങളുടെയും പിന്നാലെ അതിവേഗം മുൻപോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു. വലിയ ശമ്പളമുള്ള വിദേശ ജോലികളോടൊപ്പം പാശ്ചാത്യസംസ്‌കാരവും കൂടിയാണ് നാം ഏറ്റുവാങ്ങിക്കൊണ്ടുവരുന്നത്.
കുടുംബം എന്ന സംവിധാനവും അതിന്റെ പവിത്രതയും പാരമ്പര്യവുമെല്ലാം കൈമോശം വരുന്നു എന്നു മാത്രമല്ല, ക്ലബുകളുടെയും പാർട്ടികളുടെയും ടി.വി, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയ മാധ്യമങ്ങളുടെ യും അതിപ്രസരവുമെല്ലാം കേരളത്തെ അധികം താമസിക്കാതെ ഒരു ദുരന്തഭൂമിയാക്കി മാറ്റും എന്നതിൽ സംശയം വേണ്ട.
പാരീസിലെ പല തെരുവും വിശുദ്ധരുടെ പേരിലാണ് അറിയപ്പെടുന്നത്. ഓരോ വിശുദ്ധർക്കും പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങൾ! ചിലതിലെല്ലാം വിശുദ്ധരുടെ മൃതദേഹങ്ങൾ ഇന്നും അഴുകാതിരിക്കുന്നു. വിശുദ്ധിയുടെ പരിമളം പരത്തിയിരുന്ന നാടിന്റെ അവസ്ഥ എത്രയോ പരിതാപകരമാണ്.
സന്താനപുഷ്ടി ദൈവത്തിന്റെ അനുഗ്രഹവും ആഗ്രഹവുമാണ്. ഉല്പത്തി 1:28 ”ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ.” ജലപ്രളയത്തിനുശേഷം ദൈവം മനുഷ്യനെ അനുഗ്രഹിക്കുന്നതും സന്താനപുഷ്ടി നല്കിത്തന്നെയാണ്. ഉല്പത്തി 9:1 ”നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു: സന്താനപുഷ്ടി ഉണ്ടായി, പെരുകി ഭൂമിയിൽ നിറയുവിൻ.” അബ്രാഹത്തെ ദൈവം വിളിച്ചപ്പോഴും സന്താനപുഷ്ടിയുള്ളവനായി പെരുകുവിൻ എന്നു പറഞ്ഞാണ് അനുഗ്രഹിച്ചത്. ഉല്പത്തി 17:6 ”ഞാൻ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നിൽനിന്ന് ജനതകൾ പുറപ്പെടും.”
ഉദരഫലം ഒരു സമ്മാനമാണ്. ദൈവം ദാനമായി നൽകുന്നതാണ് ജീവനും ജീവിതവും. ഓരോ കുടുംബത്തിലും പിറക്കേണ്ട കുഞ്ഞുങ്ങൾ പിറക്കുന്നതു തടഞ്ഞാൽ ലോകത്തിൽ അവരുടെ ഉയർച്ചയ്ക്കും വിജയത്തിനുമുള്ള വഴികൾ അടഞ്ഞുപോകും. നാം ആഗ്രഹിക്കുമ്പോഴല്ല, ദൈവം മക്കളെ തരുമ്പോഴാണ് നാം മക്കളെ സ്വീകരിക്കേണ്ടത്.
ദൈവം ചോദിക്കുന്നു: ”ദൈവഭക്തിയുള്ള സന്താനങ്ങളെ അല്ലാതെ എന്താണ് ഞാൻ ആഗ്രഹിക്കുന്നത്?” (മലാ. 2:15).
പ്രാർത്ഥന
ഞങ്ങളെ സ്‌നേഹിക്കുന്ന സ്വർഗീയ പിതാവേ, ഞങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്നത് അങ്ങയുടെ ഹിതമാണെന്നും സന്താനപുഷ്ടി അങ്ങയുടെ ഉത്കൃഷ്ടമായ സമ്മാനമാണെന്നും തിരിച്ചറിയുന്നു. അതുവഴി ഞങ്ങളുടെ കുടുംബവും നാടും ലോകം മുഴുവനും അനുഗ്രഹിക്കപ്പെടുമെന്നും മനസിലാക്കാൻ അവിടുത്തെ ആത്മാവിന്റെ ശക്തി ഞങ്ങളിലേക്ക് അയക്കണമേ. ദൈവഭക്തിയുള്ള ധാരാളം സന്താനങ്ങളെ നല്കി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേൻ.
സിസ്റ്റർ ഡോ. മേരി ലിറ്റി എൽ.എസ്.ഡി.പി