നിങ്ങളുടെ അമ്മയെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കൊരവസരം ലഭിച്ചുവെന്നു വിചാരിക്കുക. അമ്മയുടെ നോട്ടം, ചിരി, വ്യക്തിത്വം എല്ലാം നമുക്കുതന്നെ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നെങ്കിൽ? ഏറ്റവും മനോഹരമായ ചിരിയും കരുണാർദ്രമായ കണ്ണുകളും മൃദുലമായ സ്വരവും ഒക്കെയായിരിക്കും നമ്മൾ നമ്മുടെ അമ്മയ്ക്കായി തിരഞ്ഞെടുക്കുക. അങ്ങനെ നമുക്ക് അമ്മയെ മെനഞ്ഞെടുക്കാൻ കഴിഞ്ഞാൽ ഈ ലോകത്തിലേക്കുംവച്ച് ഏററവും സുന്ദരിയായിരിക്കും അവൾ; അകവും പുറവും ഒരുപോലെ സൗന്ദര്യമുള്ളവൾ.
എന്നാൽ മനുഷ്യരാരും ഒരിക്കലും അവനവന്റെ അമ്മയെ തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ ദൈവം തിരഞ്ഞെടുത്തു. അനാദിയിലേ, കന്യാമറിയത്തിൽനിന്നും ഈശോ ജനിക്കുന്നതിനു മുമ്പേ, അന്ന-ജൊവാക്കിം ദമ്പതികൾക്ക് മറിയം ജനിക്കുന്നതിനും മുമ്പേ, ആദത്തിനും ഹവ്വായ്ക്കും മുമ്പേ ദൈവത്തിന്റെ അമ്മയെ അവിടുന്ന് തന്റെ അകക്കണ്ണിൽ മെനഞ്ഞിരുന്നു. എല്ലാ ചിത്രകാരനും, തന്റെ ബ്രഷ് ചായത്തിൽ മുക്കുന്നതിനുമുമ്പു തന്നെ താൻ വരയ്ക്കാൻ പോകുന്ന ചിത്രത്തിന്റെ രൂപം മനസ്സിൽ രൂപപ്പെടുത്തിയിരിക്കും. എന്നാൽ മേരിയുടെ കാര്യത്തിൽ, അവൾ ഏതൊരു കലാസൃഷ്ടിയെക്കാളും മൂല്യമുള്ളവളായിരുന്നു. ദൈവം മനുഷ്യകുലത്തിനായി ഏറ്റവും മനോഹരമായ ഒരു പുഷ്പം രൂപപ്പെടുത്തുകയായിരുന്നു. തന്റെ അമ്മയാകാൻ, തന്റെ സഭയുടെ അമ്മയാകാൻ, ക്രിസ്ത്യാനികളുടെയും ലോകത്തിന്റെയും സഹായമാകാൻ.
മാതാവിനെക്കുറിച്ച് നമ്മൾ ഒരുപാട് കേൾക്കുകയും പറയുകയും ചെയ്യാറുണ്ട്. അവൾ നമ്മുടെ അമ്മയാണെന്നും സൗന്ദര്യവതിയും ശക്തയും സ്നേഹസമ്പന്നയും എപ്പോഴും നമ്മുടെ സഹായത്തിനണയുന്നവളാണെന്നുമൊക്കെ. എന്നാൽ അമ്മയോടു പ്രാർത്ഥിക്കുകയെന്നു പറയുമ്പോൾ എന്തായിരിക്കും അർത്ഥമാക്കുക? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഗർഭിണിയായ എലിസബത്തിനെ ശുശ്രൂഷിക്കാൻ പോകുന്ന മാതാവിനെ കാണുമ്പോൾ നമുക്കു മനസ്സിലാകും അമ്മയോടു പ്രാർത്ഥിക്കുന്നതെന്തുകൊണ്ടാണെന്ന്. ആ സംഭവങ്ങൾ ഒന്നോർത്തു നോക്കാം. ഗബ്രിയേൽ മാലാഖ മറിയത്തോടു പറയുന്നു, അവൾ ദൈവപുത്രന്റെ അമ്മയാകാൻ പോകുകയാണെന്ന്. അതൊരു വലിയ വാർത്തയല്ലേ? എന്നാൽ മാലാഖ ഒരു വാർത്തയുംകൂടി അവളെ അറിയിക്കുന്നു. അവളുടെ ഇളയമ്മയായ എലിസബത്തും ഗർഭിണിയാണെന്ന്. മറിയത്തിന് അതേറെ സന്തോഷം നല്കുന്ന വാർത്തയാണ്. കാരണം അവൾക്കറിയാമായിരുന്നു കുഞ്ഞുങ്ങളുണ്ടാകാത്തതിൽ എലിസബത്ത് എത്രത്തോളം വേദനിച്ചിരുന്നുവെന്ന്. തന്റെ സന്തോഷവാർത്ത, മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും വലിയ സന്തോഷവാർത്ത- അതൊക്കെ മാറ്റിവച്ച് അവൾ ഓടുകയാണ്, എലിസബത്തിന്റെ അടുത്തേക്ക്, അവളെ ശുശ്രൂഷിക്കാൻ. ഓ, ശരിക്കും എത്ര നല്ലവളാണവൾ, എത്ര സ്നേഹമുള്ളവളാണവൾ. അതുകൊണ്ടാണ് തന്റെ കാര്യം പോലും പരിഗണിക്കാതെ, മറ്റുള്ളവരുടെ കാര്യങ്ങൾക്ക് തന്റേതിനെക്കാൾ മുൻതൂക്കം നല്കുന്നത്. ഇക്കാരണത്താലാണ് വിശുദ്ധ ലൂക്കാ സുവിശേഷകൻ മറിയം എലിസബത്തിനടുത്തേക്ക് ”തിടുക്കത്തിൽ യാത്ര പുറപ്പെട്ടു”എന്ന് എടുത്ത് പറയുന്നത്. അത് കഥ കൂടുതൽ ഭംഗിയാക്കാനൊന്നുമായിരുന്നില്ല, മറിച്ച്, മറിയം എപ്പോഴും, എത്രവേഗം സാധിക്കുമോ അത്രയും വേഗം നമ്മുടെ സഹായത്തിനോടിയെത്തും എന്ന് ഉറപ്പു നല്കാൻ വേണ്ടിയാണ്.
മറ്റൊന്നുകൂടിയുണ്ട്. മറിയം അഭിസംബോധന ചെയ്യുമ്പോൾ എലിസബത്തിന്റെ ഉദരത്തിൽ കുഞ്ഞു സ്നാപകയോഹന്നാൻ കുതിച്ചുചാടുന്നു. അവൾ പരിശുദ്ധാത്മാവു നിറഞ്ഞവളായി. അതെ, നാം മറിയത്തെ വിളിക്കുമ്പോൾ ഈശോയുടെ സാന്നിധ്യം എത്രയും വേഗം അനുഭവവേദ്യമാകുന്നു.
”നീ സ്ത്രീകളിൽ അനുഗൃഹീതയാണ്.” സഭയെ പ്രതിനിധീകരിച്ച് എലിസബത്ത് മറിയത്തോടു പറയുന്നു. മറിയം പ്രതികരിക്കുന്നത് തന്റെ സ്തോത്രഗീതത്തിലൂടെയാണ്. അവൾ അനുഗൃഹീത തന്നെയാണ്. ഇപ്പോൾ മുതൽ സകല തലമുറകളും അവളെ ഭാഗ്യവതി എന്നു വിളിക്കാൻ പോകുകയാണ്. പക്ഷേ അവൾ തന്നെ മഹത്വപ്പെടുത്തുന്നില്ല മറിച്ച് നമ്മുടെ ദൈവത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു. തന്റെ ദൈവം തനിക്കു ചെയ്ത വലിയ കാര്യങ്ങളെക്കുറിച്ചാണവൾ വാഴ്ത്തിപ്പാടുന്നത്. അവിടുത്തെ മഹിമയും കരുണയും മാത്രമല്ല അവൾ അനുസ്മരിക്കുന്നത്, അവിടുത്തെ പരിശുദ്ധിയും എളിമയുള്ളവരോടുള്ള കരുതലും എല്ലാം അവൾ വാഴ്ത്തിപ്പാടുന്നു. ഞാൻ ഈ ലോകത്തിൽ ഏറ്റവും മഹിമയുള്ളവളാണ്, കൃപ നിറഞ്ഞവളാണ്, സൗന്ദര്യവതിയാണ് എന്നൊന്നുമല്ല, ”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു” എന്നാണവൾ പറയുക. അവൾ നമുക്കു കാണിച്ചു തരുന്നു, ദൈവമാണ് നമുക്ക് ജീവൻ നല്കിയത്, മനോഹരമായ പ്രപഞ്ചം സൃഷ്ടിച്ചത്, നമുക്ക് ശരീരവും ആത്മാവും കൃപകളും അവസരങ്ങളും, മോക്ഷവും നിത്യജീവനും എല്ലാം നല്കിയത്. എല്ലാം അവിടുത്തെ കരവിരുത് മാത്രം. ”ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്.”
മറിയം പ്രശംസകൾ ആഗ്രഹിച്ചില്ല. എലിസബത്ത് തന്നെ പ്രശംസിച്ചു സംസാരിക്കുമ്പോൾ അവൾ സ്തുതികൾ ദൈവത്തിങ്കലേക്ക് വഴിതിരിച്ചു വിടുകയാണ്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും മറ്റുള്ളവർ നമ്മെക്കുറിച്ച് എന്തു ചിന്തിക്കുമെന്നും എന്തു പറയുമെന്നും നമുക്ക് എന്തു പുരസ്കാരങ്ങളാണ് ലഭിക്കുക എന്നുമൊക്കെ നമ്മൾ ചിന്തിക്കാറുണ്ട്. അവ നല്ലതെങ്കിൽ നമുക്ക് വലിയ സന്തോഷമാണ്, നമ്മെക്കുറിച്ച് നമുക്കു മതിപ്പു തോന്നും, നാം മറ്റുള്ളവരെക്കാളും മെച്ചപ്പെട്ടവരാണെന്നും തോന്നാം. ഇനി മറ്റുള്ളവർ നമ്മെക്കുറിച്ച് മോശമായാണു പറയുന്നതെന്നിരിക്കട്ടെ. നമുക്കത് വിഷമമാകും, ഒരുപക്ഷേ ദേഷ്യവും നിരാശയും ഒക്കെ വരാം. എന്നാൽ മറിയമാകട്ടെ, താൻ ദൈവമാതാവായിരിക്കെ, തന്റെ നിസ്സാരതയെക്കുറിച്ച് ബോധ്യമുള്ളതിനാൽ തനിക്കു ലഭിച്ചിരിക്കുന്ന കൃപകളെക്കുറിച്ചും എല്ലാം ദൈവത്തിന്റെ ദാനമാണെന്നതിനെക്കുറിച്ചും പറയുന്നു. തങ്ങൾ രാജാക്കന്മാരാണെന്നും രാജ്ഞിമാരാണെന്നും ചിന്തിക്കുന്നവർ വേദനിക്കേണ്ടി വരും. കാരണം നമ്മുടെ ദൈവം ”ശക്തന്മാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി.” എളിമയുള്ളവർ ഉയർത്തപ്പെടുകയും എല്ലാ നന്മകളാലും കൃപകളാലും നിറയ്ക്കപ്പെടുകയും ചെയ്യും.
ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. മറിയത്തെപ്പോലെ അവിടുത്തേക്ക് നമ്മെത്തന്നെ വിനയപൂർവ്വം നല്കുമ്പോൾ അവിടുന്ന് നമ്മിലൂടെ നമുക്കായി വലിയ കാര്യങ്ങൾ ചെയ്യും. നമ്മുടെ അമ്മയായ മറിയം വഴി അവിടുത്തേക്കു നമ്മെത്തന്നെ സമർപ്പിക്കുകയാണ് ഏറ്റവും ഉചിതം. അതിനാൽ നമ്മുടെ പ്രാർത്ഥനകളിൽ നമുക്ക് അവളെ വിളിക്കാം. നമ്മൾ വിളിക്കേണ്ട താമസം അവൾ എലിസബത്തിന്റെയടുത്തേക്ക് തിടുക്കത്തിൽ പോയതുപോലെ തിടുക്കത്തിൽ നമ്മുടെ ചാരത്തണയും.
ബിഷപ് ആന്റണി ഫിഷർ