വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും അദ്ദേഹത്തെ സ്ഥാപനത്തിന്റെ അധികാരിയാക്കിയത്. ധാരാളം അറിവും അനുഭവവും ഉള്ള വ്യക്തിയാണ്. അധികാരവുംകൂടി ലഭിച്ചു കഴിയുമ്പോൾ ആ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് അവർ ഉറപ്പായും വിശ്വസിച്ചു. പക്ഷേ, വർഷങ്ങൾക്കുശേഷം ആ മനുഷ്യൻ പറഞ്ഞു: ”എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. ഒരു വല്ലാത്ത നിസംഗത. മനസിൽ പല ആഗ്രഹങ്ങളും പദ്ധതികളുമുണ്ട്. പക്ഷേ, ഒന്നും നടപ്പാക്കാൻ പറ്റുന്നില്ല.”
** ** ** **
മക്കൾ ചെറിയ കുട്ടികളാണ്. പക്ഷേ, അവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അപ്പനും അമ്മയും എന്ന നിലയിൽ ഞങ്ങൾക്ക് മക്കളുടെമേൽ അധികാരമുണ്ട്. പക്ഷേ, ആ അധികാരം ഉപയോഗിക്കാൻ പറ്റുന്നില്ല.
** ** ** **
പല വിഷയങ്ങളിലും ബിരുദങ്ങളുണ്ട്. ആഴമായ വായനയും വിപുലമായ വിജ്ഞാനവും ഉണ്ടെങ്കിലും പ്രായോഗിക ജീവിതത്തിൽ അതിന്റെയൊന്നും നന്മ പ്രകടമാകുന്നില്ല. അറിവ് വെറും അറിവുമാത്രമായി നിലകൊള്ളുന്നു. എന്തു ചെയ്യണം?
** ** ** **
ഇത്തരത്തിലുള്ള മനോവിഷമങ്ങൾ പലരും പങ്കുവച്ചപ്പോഴാണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്! അറിവും അധികാരവും ഉണ്ടായാലും ശക്തിയില്ലെങ്കിൽ അവയെ ഉപയോഗിക്കാനാവില്ല. അധികാരം ഉപയോഗിക്കാൻ ശക്തിയില്ലാത്തതിനാൽ അധികാരികൾ നിസ്സഹായരാകുന്നു. അറിവിനെ പ്രായോഗികമാക്കാൻ ശക്തിയില്ലാത്തതിനാൽ അറിവുള്ളവർ നിഷ്‌ക്രിയരായിത്തീരുന്നു. അതുകൊണ്ടാണ് യേശു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞത്: ”ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേൽ ഞാൻ അയക്കുന്നു. ഉന്നതത്തിൽനിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തിൽത്തന്നെ വസിക്കുവിൻ” (ലൂക്കാ 24:49).
ഉത്ഥാനത്തിനുശേഷം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾത്തന്നെ യേശു ശിഷ്യന്മാർക്ക് പാപമോചന അധികാരം നല്കി (യോഹ. 20:23). പിന്നീട് ലോകം മുഴുവനും പോയി സുവിശേഷം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ ബഹിഷ്‌കരിക്കാനുമുള്ള ദൗത്യവും ശിഷ്യന്മാർക്ക് ലഭിച്ചു. പക്ഷേ, ഈ അധികാരവും നിയോഗവും നിർവഹിക്കുവാനുള്ള ശക്തി- ശിഷ്യരിൽ ഇല്ലെന്ന് യേശുവിനറിയാമായിരുന്നു. അതുകൊണ്ടാണ് ഉന്നതത്തിൽ നിന്നുള്ള ശക്തി സ്വന്തമാക്കുന്നതുവരെ എങ്ങും പോകാതെ, ഒന്നും ചെയ്യാതെ പ്രാർത്ഥിച്ചൊരുങ്ങാനുള്ള നിർദേശം നല്കപ്പെട്ടത്. പരിശുദ്ധാത്മാവിന്റെ ശക്തിയാണ് അപ്പസ്‌തോലന്മാരുടെ വിജയകരമായ ശുശ്രൂഷയുടെ രഹസ്യം.
ഈ ശക്തിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുമ്പോൾ അധികാരം നന്നായി ഉപയോഗിക്കാനാവും. അറിവിനെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനും സാധിക്കും. ശക്തിയില്ലാത്തവർ സ്വാഭാവികമായും ഭയത്തിന്റെ അടിമത്തത്തിലേക്ക് വഴുതിപ്പോകും. അപ്പോൾ ഉത്ക്കണ്ഠ, ഭീതി, നിസ്സഹായതാബോധം, മറ്റുള്ളവരെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ, കാര്യങ്ങൾ നീട്ടിനീട്ടി വയ്ക്കുന്ന സ്വഭാവം, മനുഷ്യരുടെ പ്രതികരണത്തെ അമിതമായി ഭയപ്പെടുന്ന മനസ് തുടങ്ങി നിഷ്‌ക്രിയത്വത്തിലേക്ക് നയിക്കുന്ന നിരവധി കെണികളിൽ നാം ഉൾപ്പെട്ടുപോകാം. എന്നാൽ, ഉന്നതത്തിൽനിന്നുള്ള ശക്തി നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ്. പക്ഷേ, ഈ ശക്തിയെ സ്വീകരിക്കാൻ നാം എളിമപ്പെട്ട് ദൈവത്തിന്റെ ദാസനും ദാസിയുമായി മാറണം. അനുതാപത്തിന്റെ കണ്ണീരിലും ക്രിസ്തുവിന്റെ രക്തത്തിലും കഴുകപ്പെടണം. എല്ലാറ്റിലും ഉപരി ദൈവത്തിനും അവിടുത്തെ സമയത്തിനും വേണ്ടി കാത്തിരിക്കാൻ തയാറാകണം. അതിനായി നമുക്ക്
പ്രാർത്ഥിക്കാം.
കർത്താവേ, ഞങ്ങളുടെ നിസ്സഹായതകളും അധ്വാനത്തിന്റെ ഫലശൂന്യതയും നിഷ്‌ക്രിയത്വത്തിന്റെ നൊമ്പരങ്ങളും അങ്ങയുടെ തിരുമുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഞങ്ങളെ സഹായിക്കുവാൻ തിരുമനസാകണമേ. സ്വർഗത്തിന്റെ ശക്തിയെ ഞങ്ങൾക്ക് അയച്ചുതന്ന് ഞങ്ങളെ അനുഗ്രഹിച്ചാലും- ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ
1 Comment
I came, I read this article, I codeqerun.