പിറന്നാൾ

അപ്പുവിന്റെ പിറന്നാൾ ദിവസം. പുതിയ വസ്ത്രങ്ങളും ധരിച്ച് കൂട്ടുകാരെല്ലാം വന്നു. അന്ന് പിറന്നാളാഘോഷം ഒരുക്കിയിട്ടുണ്ട്. കേക്ക് മുറിക്കലും മിഠായിവിതരണവുമൊക്കെയായി അപ്പു ഏറെ സന്തോഷത്തിലുമാണ്. ബന്ധുക്കളെക്കാൾ കൂട്ടുകാർ വന്നതാണ് അവന് ആഹ്ലാദം. പാട്ടും നൃത്തവുമൊക്കെയായി അവരെല്ലാംകൂടി ആ ദിവസം ആഘോഷിക്കുകയാണ്.

ആഹ്ലാദാരവങ്ങൾക്കിടയിൽ പെട്ടെന്നാണ് അത് സംഭവിച്ചത്. മുറ്റത്ത് നൃത്തം ചെയ്യുന്നതിനിടയ്ക്ക് ഉയർന്നു ചാടിയ അപ്പു താഴെ വീണു. പൂന്തോട്ടത്തിന് അതിർവരമ്പായി വച്ചിരുന്ന ഇഷ്ടിക തട്ടി അവന്റെ കാൽ മുറിഞ്ഞു. എഴുന്നേല്ക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ല. കൂട്ടുകാരെല്ലാവരും അവനെ നോക്കി നില്ക്കുകയാണ്. ആരും മുന്നോട്ട് വരുകയോ എഴുന്നേൽക്കാൻ സഹായിക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ അവൻ അപേക്ഷിച്ചു. ”എന്നെയൊന്ന് പിടിക്കുമോ?”
പക്ഷേ ദേഹം മുഴുവൻ മണ്ണ് പറ്റി, കാലിൽ നിന്ന് ചോരയും വാർന്നൊലിച്ച് കിടക്കുന്ന അപ്പുവിനെ പിടിച്ചെഴുന്നേല്പിച്ചാൽ തങ്ങളുടെ വസ്ത്രത്തിൽ അഴുക്കും ചോരയും പുരളുമെന്ന് ചിന്തിച്ച് ആരും അവനെ പിടിച്ചെഴുന്നേല്പിക്കാൻ തയാറായില്ല. പക്ഷേ, കു റച്ചപ്പുറത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മനു പാത്രം മാറ്റിവച്ചിട്ട് ഓടിവന്നു. അപ്പുവിനെ പിടിച്ചെഴുന്നേല്പിച്ച് അടുത്തുകണ്ട കസേരയിലിരുത്തി. ”ഓടിപ്പോയി അപ്പുവിന്റെ പപ്പയെ വിളിക്ക്” എന്ന് കൂട്ടുകാരോട് പറഞ്ഞു. അതുകേട്ടപ്പോഴാണ് അവരും അതോർത്തത്. ആരോ ഓടി പപ്പയെ വിളിച്ചുകൊണ്ടുവന്നു. പപ്പ അവന്റെ മുറിവ് പരിശോധിച്ചു. ”വലിയ ആഴമൊന്നുമില്ല. കഴുകി വൃത്തിയാക്കി മരുന്ന് വച്ചാൽ പെട്ടെന്ന് ഉണങ്ങിക്കോളും”. അപ്പോഴേക്കും അമ്മയും ഓടിവന്നു. മുറിവ് കഴുകി മരുന്ന് വച്ചു.

പതിയെപ്പതിയെ കൂട്ടുകാരെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞു. ഒറ്റയ്ക്കായപ്പോഴാണ് അപ്പു മനുവിനെക്കുറിച്ച് ആലോചിച്ചത്. കൂട്ടുകാരെയെല്ലാം ക്ഷണിക്കുമ്പോൾ എങ്ങനെയാണ് അവനെമാത്രം ഒഴിവാക്കുക എന്നു കരുതിയാണ് ഒടുവിൽ അവനെ ക്ഷണിച്ചതുതന്നെ. ദരിദ്രമായ കുടുംബത്തിലെ അംഗമായതുകൊണ്ട് കൂട്ടുകാരുടെകൂടെ അധികം കളികൾക്കൊന്നും അവൻ വരാറില്ല. കാരണം കളി കഴിഞ്ഞാൽ അവരെല്ലാംകൂടി അടുത്തുള്ള കടയിൽക്കയറി ജ്യൂസ് കുടിക്കാറുണ്ട്. അന്നത്തെ കളിയിൽ ജയിച്ചവരാണ് ജ്യൂസ് എല്ലാവർക്കും വാങ്ങിച്ചുകൊടുക്കുന്നത്. മനുവിന് അത് സാധിക്കില്ലാത്തതുകൊണ്ട് അവൻ മിക്കവാറും അവർക്കൊപ്പം കൂടാതിരിക്കുകയാണ് പതിവ്. പക്ഷേ പഠനത്തിൽ മിടുക്കനായതുകൊണ്ട് ആരും അവനെ മാറ്റിനിർത്തുന്നില്ലെന്നുമാത്രം.

ഓർത്തപ്പോൾ അപ്പുവിന് വിഷമം തോന്നി. താൻ മനുവിനെ പരിഗണിക്കാറില്ലെങ്കിലും തന്റെ ആവശ്യസമയത്ത് അവൻ മറ്റൊന്നും നോക്കാതെ തന്നെ സഹായിച്ചു. യഥാർത്ഥത്തിൽ ഇന്ന് ക്ഷണിച്ചതിൽ ഏറ്റവും നല്ല അതിഥി മനുതന്നെയാണ്. ”മറ്റുള്ളവരെ സ്‌നേഹത്തോടെ സഹായിക്കാനുള്ള മനസുതന്നെ വലിയൊരു സമ്പത്താണ്. ഇനി ദരിദ്രരാണെന്നു കരുതി ആരെയും ഞാൻ അവഗണിക്കില്ല” അപ്പു സ്വയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *