എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? (ഏശയ്യാ 5:4)

ഇസ്രായേൽജനത്തെ മുന്തിരിത്തോട്ടത്തിനോട് ഉപമിച്ചുകൊണ്ട് ദൈവം സംസാരിക്കുകയാണ്. ഒരു കൃഷിക്കാരൻ നിലം ഒരുക്കി, മതിൽ കെട്ടി, അതിനുള്ളിൽ മുന്തിരിത്തോട്ടം നട്ടു പിടിപ്പിച്ച് ഏറ്റവും നല്ല പരിചരണം നല്കുന്നത് ഭാവനയിൽ കാണുക. ആ കർഷകന്റെ പ്രതീക്ഷയെന്തായിരിക്കും? മുന്തിരിച്ചെടികൾ നന്നായി വളരും, നല്ല ഫലം പുറപ്പെടുവിക്കും. അങ്ങനെ നല്ല വരുമാനം ഉണ്ടാകും. എന്നാൽ, മുന്തിരിവള്ളികൾ ഫലം നല്കാതിരുന്നാലോ? കർഷകന് സങ്കടവും ദേഷ്യവുമെല്ലാം തോന്നും. ആ മുന്തിരിച്ചെടികൾ വെട്ടി നശിപ്പിക്കും. പകരം മറ്റെന്തെങ്കിലും കൃഷി ചെയ്യും. ചെടികളെ ശുശ്രൂഷിക്കാതിരുന്നതുകൊണ്ടാണ് വിളവ് കുറഞ്ഞതെങ്കിൽ കൃഷിക്കാരൻ സ്വയം പഴിക്കുകയോ സ്വയം സമാധാനിപ്പിക്കുകയോ ചെയ്യും. എന്നാൽ, എല്ലാവിധ പരിചരണവും നല്കിയിട്ടും ഫലം കിട്ടുന്നില്ലെങ്കിൽ കൃഷിക്കാരൻ നട്ടുവളർത്തിയ ചെടികളെ പഴിക്കും.

ആർക്കും മനസിലാക്കാവുന്ന ഈ ഉദാഹരണം എടുത്തിട്ടുകൊണ്ട് ദൈവം ഇസ്രായേലിനെ കുറ്റംവിധിക്കുകയാണ്. മുന്തിരി നല്ല വിളവ് നല്കുവാൻ കർഷകൻ വേണ്ടതെല്ലാം ചെയ്തതുപോലെ, ഇസ്രായേൽക്കാർ നല്ല ആത്മീയ-ധാർമിക ജീവിതം ജീവിക്കുവാൻ വേണ്ടതെല്ലാം ദൈവം ചെയ്തു. ഈജിപ്തിലെ അടിമത്തത്തിൽനിന്നും അത്ഭുതങ്ങൾ ചെയ്ത് മോചിപ്പിച്ചു. വലിയ അത്ഭുതങ്ങളുടെ അകമ്പടിയോടെ അവരെ വാഗ്ദാനനാട്ടിലേക്ക് നയിച്ചു. ചെങ്കടലിന്റെ വിഭജനം, വെയിൽ കൊള്ളാതിരിക്കുവാൻ പകൽ മേഘത്തണൽ, വെളിച്ചത്തിനുവേണ്ടി രാത്രി അഗ്നിസ്തംഭം, ഭക്ഷിക്കുവാൻ വേണ്ടി മന്ന, കാടപ്പക്ഷികൾ, ദാഹിച്ചപ്പോൾ പാറയിൽനിന്നുപോലും ജലം. മോശ, അഹറോൻ, ജോഷ്വാ എന്നിവരുടെ ശക്തമായ നേതൃത്വം, സകല ശത്രുരാജ്യങ്ങളെയും നിഷ്പ്രയാസം കീഴ്‌പ്പെടുത്തുവാൻ വേണ്ട സഹായങ്ങൾ, വഴിതെറ്റാതിരിക്കുവാൻ നിയമങ്ങൾ, സാമ്പത്തിക സുസ്ഥിതിക്കുവേണ്ടി നല്ല കാലാവസ്ഥ, സമൃദ്ധമായ വിളവുകൾ, തിരുത്തുവാനും ശക്തിപ്പെടുത്തുവാനും ദൈവഹിതം വെളിപ്പെടുത്തുവാനും പ്രവാചകന്മാരുടെ സാന്നിധ്യം. എന്നിട്ടും ഇസ്രായേൽ ജനം മിക്കപ്പോഴും ദൈവത്തെ മറന്ന് തിന്മയുടെ വഴിയിലൂടെയാണ് സഞ്ചരിച്ചത്. മുന്തിരിക്കൃഷിയുടെ ഉപമവഴി ദൈവം പറയുന്നത് കേൾക്കുക: വളരെ ഫലപുഷ്ടിയുള്ള കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അത് കിളച്ച് കല്ലുകൾ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടികൾ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തിൽ അവൻ ഒരു കാവൽമാടം പണിതു; മുന്തിരിച്ചെടി കുഴിച്ചിടുകയും ചെയ്തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നൽകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അത് പുറപ്പെടുവിച്ചത് കാട്ടുമുന്തിരിപ്പഴമാണ്. ജറുസലേം നിവാസികളേ, യൂദായിൽ വസിക്കുന്നവരേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് നിങ്ങൾതന്നെ വിധി പറയുവിൻ. എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? (ഏശയ്യാ 5:1-4). ഇത്രയുമെല്ലാം ചെയ്തിട്ടും കാട്ടുമുന്തിരിപ്പഴമാണ് കിട്ടുന്നതെങ്കിൽ, കൃഷിക്കാരന്റെ വേദന എത്ര വലുതായിരിക്കും? ഇതുപോലുള്ള വേദന, ഇസ്രായേൽജനത്തെപ്പറ്റി ദൈവത്തിന് തോന്നുകയാണ്.
ഈ വേദന നമ്മെപ്പറ്റിയും ദൈവത്തിന് തോന്നാം. വ്യക്തികളെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയും മറ്റും ദൈവം വളർത്തിയ വഴികൾ പലപ്പോഴും അത്ഭുതാവഹമാണ്. പക്ഷേ എത്രപേർ ദൈവത്തോട് നന്ദി കാണിക്കുന്നുണ്ട്! എല്ലാം എന്റെ കഴിവുകൊണ്ടും അധ്വാനംകൊണ്ടും ഞാൻ ഉണ്ടാക്കിയതാണ് എന്ന് ചിന്തിക്കുന്ന ഒരാൾക്കും ദൈവത്തോട് കടപ്പാടിന്റെയും നന്ദിയുടെയും വികാരങ്ങൾ ഉണ്ടാവുകയില്ല.

ദൈവം തന്ന അനുഗ്രഹങ്ങൾക്കും അതിലൂടെ ലഭിച്ച വളർച്ചയ്ക്കും ആനുപാതികമായി നാം നന്മകൾ ചെയ്യുന്നു ണ്ടോ? പൊതുവേ നാം കാണുന്ന ചില കാര്യങ്ങളുണ്ട്. കൂടുതൽ ഉള്ളവരെക്കാൾ ആനുപാതികമായി കൂടുതൽ നൽകുന്നത് കുറച്ച് കിട്ടിയവരാണ്. ഒരുപാട് ദൈവാനുഗ്രഹങ്ങൾ ലഭിച്ചിട്ടും പലർക്കും ദൈവത്തോട് ആവലാതികളും പരാതികളും മാത്രമേ ഉള്ളൂ. ലഭിച്ചത് കാണുന്നില്ല; ലഭിക്കാത്തതേ കാണൂ. അവസാനിക്കാത്ത ആവലാതികളും പരാതികളും!
ദൈവം തന്ന നന്മകളെ നമുക്ക് തിരിച്ചറിയുകയും വിലമതിക്കുകയും നന്ദിയുള്ളവർ ആകുകയും ചെയ്യാം.
ഫാ. ജോസഫ് വയലിൽ സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *