ഒരു രക്തസാക്ഷിയുടെ പ്രണയലേഖനം

വാഴ്ത്തപ്പെട്ട ബർത്തലോമെ ബ്ലാൻകോ മാർക്ക്യുസ്

”ഇതാണ് എന്റെ അവസാന ആഗ്രഹം. ക്ഷമ… ക്ഷമ… ക്ഷമ… ക്ഷമയുടെ ധൂർത്ത് നിങ്ങളിൽ നിന്നുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു ക്രിസ്ത്യാനിയുടെ പ്രതികാരബുദ്ധിയോടെ നിങ്ങൾ എന്റെ മരണത്തിന് പകപോക്കണം. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവർക്ക് നിങ്ങളുടെ കഴിവിന്റെ പരമാവധി നന്മ ചെയ്യണം.”
(വധശിക്ഷയ്ക്ക് മുൻപ് ബർത്തലോമെ ബന്ധുക്കൾക്കെഴുതിയ കത്ത്)

*** *** *** ***

എന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിലേക്ക് ഞാൻ കടന്നിരിക്കുകയാണെങ്കിലും ദൈവമായ പ്രകാശത്തിനായി ഞാൻ ദാഹിക്കുന്നു.
എന്റെ ആത്മാവിലേക്ക് കൃപകൾ ചൊരിഞ്ഞ് ശക്തിപ്പെടുത്തുവാൻ എനിക്ക് ധാരാളം വൈദികരുടെ സഹായം ലഭിക്കുന്നു. എത്ര മാധുര്യമായ ആശ്വാസമാണത്. ഞാൻ മരണത്തെ മുഖാഭിമുഖം കാണുമ്പോഴും അതെന്നെ തെല്ലും ഭയപ്പെടുത്തുന്നില്ല.

മനുഷ്യരുടെ കോടതിയിൽ എനിക്ക് ലഭിച്ച വിധിയാണ്, ദൈവത്തിന്റെ കോടതിയിലെ എന്റെ ഏറ്റവും വലിയ ന്യായവാദം. എന്നെ അധിക്ഷേപിക്കുവാൻ ശ്രമിച്ചതുവഴിയായി അവരെന്നെ മഹത്വീകരിച്ചു, എന്നെ വിധിക്കുവാൻ ശ്രമിച്ചതു വഴിയായി അവരെന്നെ വിമോചിപ്പിച്ചു. എന്നെ നഷ്ടപ്പെടുത്തുവാൻ ശ്രമിച്ചതു വഴിയായി അവരെന്നെ രക്ഷിച്ചു. എന്നെ കൊലപ്പെടുത്തുന്നത് വഴിയായി യഥാർത്ഥ ജീവനെ അവരെനിക്ക് നല്കി. മതത്തിന്റെയും രാജ്യത്തിന്റെയും കുടുംബത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് എന്നെ വിധിച്ചത് വഴിയായി സ്വർഗത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുകയാണവർ ചെയ്തത്.
എന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന ഈ സമയത്ത് നിന്നോട് ഞാൻ ഒരു കാര്യം മാത്രം ആവശ്യപ്പെടുന്നു. നമുക്ക് പരസ്പരമുള്ള സ്‌നേഹത്തിന്റെ സ്മാരകമായി നിന്റെ ആത്മാവിന്റെ രക്ഷയ്ക്ക് ജീവിതത്തിൽ എന്നും ഒന്നാം സ്ഥാനം നല്കണം. അതുവഴി നിത്യതയിൽ നമുക്ക് വീണ്ടും കണ്ടുമുട്ടുവാൻ സാധിക്കും.

ആ നിമിഷംവരെ ഞാൻ നിന്നോട് യാത്ര ചോദിക്കുകയാണ്. ഞാൻ നിന്നെ സ്വർഗത്തിൽനിന്ന് നോക്കുന്നുണ്ടാവും. ഒരു മാതൃകാ ക്രിസ്തീയ യുവതിയായിരിക്കുവാൻ എന്നും നീ ശ്രദ്ധിക്കുക. കാരണം, നമ്മുടെ ആത്മാവിനെ രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ലോകത്തിന്റെ വസ്തുക്കളോ സുഖങ്ങളോ നമുക്കൊന്നിനും ഉപകരിക്കുകയില്ല.

നിത്യതയിൽ കണ്ടുമുട്ടുന്നതുവരെ ഗുഡ്‌ബൈ!

( തന്റെ വധശിക്ഷ നടപ്പാക്കേണ്ടതിന്റെ തലേദിവസം ബർത്തലോമെ ബ്ലാൻകോ മാർക്ക്യുസ് താൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിക്ക് എഴുതിയ കത്തിൽനിന്ന് ഒരു ഭാഗം. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതിനായി പരിഗണിച്ച രേഖകളിൽ ഈ കത്തും ഉൾപ്പെടുന്നു.)

*** *** *** ***

1914 നവംബർ 25-ന് സ്‌പെയിനിലെ പൊസൊബ്ലാങ്കയിൽ ജനിച്ച ബർത്തലോമെയുടെ ബാല്യകാലം അനാഥത്വത്തിന്റെ വേദനകൾ നിറഞ്ഞതായിരുന്നു. അവൻ ജോലി ചെയ്തിരുന്ന കുടുംബമാണ് അവനെ വളർത്തിയത്. പഠനത്തിൽ മിടുക്കനായിരുന്ന ബർത്തലോമെ കത്തോലിക്ക മതബോധന അധ്യാപകനായി. സലേഷ്യൻ വൈദികരുടെ കീഴിൽ പഠനം തുടർന്ന അദ്ദേഹം പൊസൊബ്ലാങ്കയിലെ ‘കാത്തലിക് ആക്ഷൻ’ എന്ന സംഘടനയുടെ യൂത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1936-ൽ ആരംഭിച്ച സ്‌പെയിനിലെ ആഭ്യന്തരകലാപത്തിൽ ക്രൈസ്തവർ ക്രൂരമായി അമർച്ച ചെയ്യപ്പെട്ടു. സൈന്യത്തിൽ ചേർന്ന് യുദ്ധം ചെയ്യുവാൻ വിസമ്മതിച്ചു എന്ന കുറ്റത്തിനാണ് 1936 ആഗസ്റ്റ് 12-ന് ബർത്തലോമെയെ അറസ്റ്റു ചെയ്തത്. ക്രൂരമായ പീഡനങ്ങൾക്ക് ശേഷവും വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷ നടപ്പാക്കാനുള്ള വിധിയെ അദ്ദേഹം ചോദ്യം ചെയ്തില്ല. ജീനിലെ കാരാഗൃഹത്തിൽ പതിനഞ്ച് വൈദികരോടും മറ്റ് അല്മായരോടുമൊപ്പമാണ് ബർത്തലോമെ തന്റെ അവസാന ദിനങ്ങൾ ചെലവിട്ടത്. മരണത്തിന്റെ തലേദിവസം തന്റെ പ്രതിശ്രുത വധുവിനും ബന്ധുക്കൾക്കുമെഴുതിയ കത്തുകൾ അദ്ദേഹത്തിന്റെ വിശ്വാസസാക്ഷ്യമായി മാറി. 1936 ഒക്‌ടോബർ രണ്ടിന് ‘ക്രിസ്തുരാജൻ നീണാൾ വാഴട്ടെ’ എന്ന വാക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ട് പട്ടാളക്കാരുടെ വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട മറ്റ് 498 ക്രൈസ്തവവിശ്വാസികളോടൊപ്പം 2007 ഒക്‌ടോബർ 28-ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ബർത്തലോമെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

രഞ്ചിത്ത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *