നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-6

ഭൂമിയിൽ സ്വതന്ത്ര മനസ്സോടെ അല്പ്പമെങ്കിലും ദൈവിക സേവനം ചെയ്തിട്ടുള്ള ആത്മാവിന് ലഭിക്കാനിടയുള്ള, മൂന്നു പദവികളിലുള്ള സ്വർഗീയസൗഭാഗ്യങ്ങൾ ദൈവം എന്നെ കാണിച്ചു. ഒന്നാമത്, അവൻ വേദനകളിൽനിന്ന് സ്വതന്ത്രനാക്കപ്പെടുമ്പോൾ നമ്മുടെ കർത്താവായ ദൈവം അവനു നല്കുന്ന ബഹുമതിയും നന്ദിയും. ‘വേറൊന്നും വേണ്ട, ഇതു മാത്രം മതി’ എന്ന് ആത്മാവു വിചാരിക്കുംവിധം ഈ നന്ദി അത്ര ബഹുമാന്യവും ഉന്നതവുമാണ്. സ്വതന്ത്രമായി ദൈവത്തെ സേവിച്ച ഒരാത്മാവിന് ലഭിക്കാൻപോകുന്ന മഹത്തായ കൃതജ്ഞത ഈ ലോകത്തിൽ ജീവിച്ചിരിക്കുന്ന സകല മനുഷ്യരുടെയും വേദനയും അദ്ധ്വാനവും കൊണ്ടു പോലും ലഭിക്കുന്നതല്ല എന്ന് എനിക്കു തോന്നുന്നു.

ഈ കൃതജ്ഞതാബഹുമതി സ്വർഗത്തിലെ വാഴ്ത്തപ്പെട്ടവർ മുഴുവനും കാണും എന്നുള്ളതാണ് രണ്ടാമത്തെ പദവി. ദൈവം ഈ ആത്മാവിന്റെ സേവനം സ്വർഗത്തിലുള്ള സകലരെയും അറിയിക്കും. അതിന് ഈ ഉദാഹരണം വെളിപ്പെടുത്തി: ഒരു രാജാവ് തന്റെ പ്രജകൾക്ക് നന്ദിപറയുകയാണെങ്കിൽ അത് അവർക്ക് ഒരു വലിയ ബഹുമതിയാണ്. എന്നാൽ ഈ കാര്യം തന്റെ രാജ്യം മുഴുവനും പ്രസിദ്ധപ്പെടുത്തിയാലോ; ആ ബഹുമതി വളരെയേറെ വർദ്ധിക്കുകയില്ലേ?
ആത്മാവ് സ്വീകരിക്കുന്ന സന്തോഷം എന്നേക്കും നിലനില്ക്കും എന്നുള്ളതാണ് മൂന്നാമത്തെ പദവി. ഇത് വളരെ മധുരമായി വെളിപ്പെട്ട കാര്യമാണ്. അതായത്, ഓരോ മനുഷ്യന്റെയും ആയുസ്സ് സ്വർഗത്തിൽ അറിയപ്പെടും. അവന്റെ സ്വതന്ത്ര സേവനത്തിന് സ്വർഗത്തിൽ സമ്മാനം ലഭിക്കും. സ്വതന്ത്രമായി, പൂർണമനസ്സോടെ തങ്ങളുടെ യുവത്വം ദൈവസേവനത്തിനായി സമർപ്പിച്ചവരുടെ ആയുസ്സ് സവിശേഷമായി അറിയപ്പെടുകയും അത്ഭുതാദരങ്ങളോടെ അനുയോജ്യമായ പ്രതിഫലവും കൃതജ്ഞതയും സ്വീകരിക്കയും ചെയ്യും. എപ്പോഴെങ്കിലും അല്ലെങ്കിൽ, കുറച്ചു കാലത്തേക്കെങ്കിലും ഒരു സ്ത്രീയോ പുരുഷനോ യഥാർത്ഥമായി ദൈവത്തിലേക്ക് തിരിഞ്ഞാൽ ഒരു ദിവസത്തെ സേവനത്തിനും നിലനില്ക്കുന്ന നല്ല മനസ്സിനും ഇപ്പറഞ്ഞ മൂന്ന് പദവിയിലുമുള്ള പ്രതിഫലം ലഭ്യമാണ്. ആത്മാവ് എത്ര കൂടുതലായി ദൈവത്തിന്റെ ഈ ഉദാരത കാണുന്നുവോ അത്രയധികം സന്തോഷത്തോടെ അത് ജീവിതകാലം മുഴുവനും ദൈവത്തെ സേവിക്കും.

Leave a Reply

Your email address will not be published. Required fields are marked *