ഉണ്ണിയേശുവിനെ പൂർണ മനുഷ്യനായി വളർത്തിയതിൽ വളർത്തുപിതാവായ ജോസഫിന്റെ പങ്ക് വിസ്മരിക്കാവതല്ലല്ലോ. അതുപോലെതന്നെ മക്കളുടെ സ്വഭാവരൂപീകരണത്തിൽ അപ്പന് പ്രാധാന്യമുണ്ട്.
ഓരോ പിതാവിലുമുള്ള സ്‌നേഹം വായുപോലെയാണ്. എന്നാൽ, വായുവിന്റെ സാന്നിധ്യം അനുഭവിക്കണമെങ്കിൽ അത് കാറ്റായി തലോടണം. അതുപോലെ സ്‌നേഹം പ്രകടിപ്പിക്കണം- ഒരു തലോടലായി, ഒന്നു ചേർത്തുപിടിച്ച്, ആ നെറുകയിൽ ഒരുമ്മവച്ച്, മക്കളെ അനുഭവിപ്പിക്കണം. എങ്കിൽ മാത്രമേ മക്കൾക്ക് അപ്പന്റെ സ്‌നേഹം മനസിലാകൂ.
അനുകമ്പയുള്ള ക്ഷമിക്കുന്ന സ്‌നേഹമാണ് ദൈവം മക്കളായ നമുക്ക് വാഗ്ദാനം നല്കിയിരിക്കുന്നത്. തന്നോട് കയർത്ത് ഓഹരി വാങ്ങി ധൂർത്തടിച്ച അവിവേകിയായ മകൻ. അവൻ തെറ്റ് മനസിലാക്കി തിരിച്ചുവന്നപ്പോൾ മാറോട് ചേർത്ത പിതാവിന്റെ കഥയിലൂടെയാണ് യേശു പിതാവിന്റെ സ്‌നേഹം എന്താണെന്ന് വിവരിച്ചത്. ഒരു പിതാവ് മക്കൾക്ക് നല്‌കേണ്ടതും അതുതന്നെ.
അബ്രഹാം തന്റെ മകനായ ഇസഹാക്കിനെ അനുഗ്രഹിച്ചു, ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു, യാക്കോബ് ജോസഫിനെ അനുഗ്രഹിച്ചു. പിതാവിന്റെ അനുഗ്രഹംപോലെ തന്നെ മക്കൾ പുഷ്ടിപ്പെട്ടു. മക്കളെ അവരുടെ കുറവോടും കഴിവോടുംകൂടെ സ്വീകരിച്ച് അനുഗ്രഹിക്കണം. ശാപവാക്കുകൾ അവരെ തളർത്തും. മദ്യപാനം, പുകവലി, ചീത്ത കൂട്ടുകെട്ട് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം കുടുംബത്തിലെ സ്‌നേഹമില്ലായ്മയാണ്. അതിനാൽ നല്ല വാക്കുകൾ മക്കളോട് പറയുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പാരമ്യത്തിൽ തെറ്റുതിരുത്തലുകൾ നല്കാം. ”താൻ സ്‌നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു” (ഹെബ്രാ. 12: 6). ബാലശിക്ഷകൾ നല്കി വളർത്തിയാൽ മാത്രമേ വിജയം കൊയ്യാൻ സാധിക്കുകയുള്ളൂ. പക്ഷേ, തെറ്റുകൾ മനസിലാക്കാനുതകുന്ന രീതിയിൽ ശിക്ഷ നല്കണം. അതോടൊപ്പം അവർക്ക് അനുകരിക്കാൻ പറ്റിയ സത്ഗുണ സമ്പന്നനായിത്തീരുക.
ഒരു അപ്പനായിരിക്കേ ഏറ്റവും വലിയ വിജയം ചന്ദ്രനിൽ പോയതോ കംപ്യൂട്ടർ കണ്ടുപിടിച്ചതോ ആയിരിക്കില്ല. പിന്നെയോ, സ്വന്തം മകന്റെയും മകളുടെയും മനസ് മനസിലാക്കി, അവരുടെ കഴിവിനെയും കഴിവുകേടിനെയും അറിഞ്ഞ്, ആയിരിക്കുന്ന സ്ഥിതിയിൽ സ്വീകരിക്കാനുള്ള കഴിവായിരിക്കും.
റോജ പ്രിൻസി, ഭിലായ്