എന്റെ സ്കൂൾ പഠനകാലത്ത് ഏറെ ആവേശവും ഉത്സാഹവും തന്നിരുന്ന ഒരു കളിയായിരുന്നു ട്രഷർ ഹണ്ടിംഗ് (നിധിവേട്ട). എവിടെയെങ്കിലും ‘നിധി’ ഒളിച്ചുവയ്ക്കും. അത് കണ്ടുപിടിക്കുന്നവർക്ക് സമ്മാനം. ഈ ട്രഷർ ഹണ്ടിംഗിനിടയിൽ നിധി കണ്ടെത്താനുള്ള ചില സൂചനകൾ കിട്ടുന്നവർക്ക് കളി എളുപ്പമായിരിക്കും. ഇങ്ങനെ കഷ്ടപ്പെട്ടും അലഞ്ഞുതിരിഞ്ഞും മത്സരബുദ്ധിയോടെ ട്രഷർ ഹണ്ടിംഗ് പുരോഗമിക്കും. അവസാനം ആ നിധി കണ്ടെത്തുന്നവന് വലിയ ആഹ്ലാദമായിരിക്കും!
തിരുവചനം ധ്യാനിക്കുമ്പോൾ കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾ ഓർമയിൽ ഓടിയെത്താറുണ്ട്. ‘സ്വർഗരാജ്യം വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു” (മത്താ. 13:44). നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിയും വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ, പോയി തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു.
നിധിയുടെയും രത്നത്തിന്റെയും ഉപമയിലൂടെ ഈശോ ചില പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നിധിയും രത്നവും ഒളിഞ്ഞു കിടക്കുന്നവയായതിനാൽ അത് കണ്ടെത്തേണ്ടതായിട്ടുണ്ട്. അതിന് കഠിനാധ്വാനത്തിന്റെ പിൻബലം ആവശ്യമാണ്. അലച്ചിലുകൾക്ക് സമയപരിധിയില്ല. ‘കണ്ടുകിട്ടുവോളം’ എന്നാണ് ഈശോ കാണാതായ ആടിന്റെയും നാണയത്തിന്റെയും ഉപമകളിലൂടെ വെളിപ്പെടുത്തുന്നത് (ലൂക്കാ 15). എന്ന്, എവിടെ, എങ്ങനെ കണ്ടെത്തുമെന്നുള്ള ഉറപ്പുമില്ല. ഇതിന് സ്ഥിരോത്സാഹവും കഷ്ടതകളെ അതിജീവിക്കാനുള്ള മനക്കരുത്തും ആവശ്യമാണ്.
കണ്ടെത്താനുള്ള നിധിയുടെയും രത്നത്തിന്റെയും മൂല്യത്തെപ്പറ്റി പൂർണമായ ബോധ്യമുണ്ടായിരിക്കുക എന്നതും പ്രധാനമാണ്. സാധാരണമായതോ നിസാരമായതോ അല്ല ഞാൻ തേടുന്നതെന്ന് ഓർമയുണ്ടായിരിക്കണം. ഇത്രയധികം ശ്രേഷ്ഠതയുള്ളതാണ് ഞാൻ കണ്ടെത്തിയ നിധിയെന്ന് ബോധ്യപ്പെടുന്നവൻ, അത് മറ്റൊരുവനോ വേറൊരു ശക്തിയോ തന്നിൽനിന്ന് തട്ടിയെടുക്കാതെ കാത്തുസൂക്ഷിക്കേണ്ടണ്ടിയിരിക്കുന്നു. മറ്റെല്ലാ അപകട-നഷ്ട സാധ്യതകളിൽനിന്ന് അതിനെ സംരക്ഷിക്കണം.
പിന്നീട് അവൻ ചെയ്യേണ്ടത്, ‘തനിക്കുള്ളതെല്ലാം വിറ്റ് ആ നിധിയും രത്നവും’ സ്വന്തമാക്കുക എന്നതാണ്. താൻ അതുവരെ വിലയേറിയതും മികച്ചതും നല്ലതുമെന്ന് കരുതിയതെല്ലാം ‘വിറ്റ്’ (ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തി) ആ നിധി അല്ലെങ്കിൽ രത്നം സ്വന്തമാക്കുന്നു.
അത് സ്വന്തമാക്കി കഴിയുമ്പോൾ, തനിക്കുള്ള സമ്പ ത്ത് അത് മാത്രമായി മാറുന്നു. വേറൊന്നും ആവശ്യമില്ല. കാരണം, അത്രയേറെ വിലപ്പെട്ടതാണത്! ആ നിധി സ്വന്തമാക്കാൻ ഏറ്റെടുക്കേണ്ടിവന്ന എല്ലാ സഹനങ്ങളും ത്യാഗങ്ങളും നഷ്ടങ്ങളും അവൻ അപ്പോൾ മറന്നുപോകുന്നു.
താൻ സ്വന്തമാക്കാൻ പോകുന്ന സ്വർഗരാജ്യത്തിന്റെ ഒരു ദൃശ്യം വിശുദ്ധ സ്തേഫാനോസ് ദർശിച്ചപ്പോൾ, തന്റെ ശരീരത്തിലേക്ക് പതിച്ചുകൊണ്ടിരുന്ന മൂർച്ചയേറിയ കല്ലുകളുടെ വേദന അറിഞ്ഞില്ല. ശരീരം മുറിഞ്ഞൊഴുകുന്ന ചോരയും ഗൗനിച്ചില്ല! ”തനിക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ എത്രയോ നിസാരമാണെന്ന്”(റോമാ 8:18) വിശുദ്ധ സ്തേഫാനോസും വിശുദ്ധ സെബാസ്റ്റ്യനും വിശുദ്ധ ആഗ്നസും മറ്റെല്ലാ രക്തസാക്ഷികളും വിശുദ്ധരും ഉറച്ചു വിശ്വസിച്ചു.
എന്നാൽ, ആധുനിക കാലഘട്ടത്തിൽ വിലയേറിയതും മേന്മയേറിയതും ഉത്തമമായുള്ളതുമെന്തെന്ന് അന്വേഷിക്കാൻപോലും പലർക്കും സാധിക്കുന്നില്ല. ലോകത്തിന്റെ നേർക്കാഴ്ചകൾ അവരുടെ ഉൾക്കാഴ്ചകളെ മന്ദീഭവിപ്പിക്കുന്നു. തല്ക്കാലത്തേക്കുള്ള സന്തോഷങ്ങളും സുഖങ്ങളുമായി അവർ രമ്യതപ്പെടുന്നു. അവരുടെ ചെറിയ ലോകത്തിന്റെ നൈമിഷികമായ ആഘോഷങ്ങൾ നിത്യതയെപ്പറ്റിയും സ്വർഗരാജ്യത്തെപ്പറ്റിയുമുള്ള ചിന്തയിൽനിന്ന് അവരെ അകറ്റുന്നു. പഠിക്കാതെ ജയിക്കാനും അധ്വാനിക്കാതെ സമ്പാദിക്കാനും യോഗ്യതയില്ലാതെ സ്വന്തമാക്കാനുമാണ് ഇന്നത്തെ ഉപഭോക്തൃ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. കൺമുമ്പിൽ ഉള്ളവ മാത്രമാണ് യാഥാർത്ഥ്യമെന്നും നിത്യതയും നിത്യജീവനും വെറും സങ്കല്പങ്ങളാണെന്നും ഈ ലോകത്തിന്റെ അരൂപിയുടെ തന്ത്രങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു. പിശാച് അത്രമേൽ സൂത്രശാലിയും ചതിയനുമാണ്.
ആ വലിയ നിധിയും വിലയേറിയ രത്നവും സ്വന്തമാക്കാൻ നാം കൊടുക്കേണ്ട വിലയും വലുതാണ്. പലതും ഉപേക്ഷിക്കണം. സ്വർഗരാജ്യമെന്ന നിധിയിലും നിത്യജീവനെന്ന വിലയേറിയ രത്നത്തിലും ദൃഷ്ടിയുറപ്പിച്ചവനെ ഈ ലോകത്തിലെ ഒന്നിനും വശീകരിക്കാനാവില്ല.
യേശുനാഥൻ വാഗ്ദാനം ചെയ്ത നിധിയും രത്നവും നമുക്ക് സ്വന്തമാക്കാം. അവ നമുക്കുവേണ്ടിയല്ലേ ഒളിച്ചുവച്ചിരിക്കുന്നത്? ശിരസുയർത്തി ഈ ലോകത്തിന്റെ ചക്രവാളത്തിനപ്പുറത്തുള്ള നിത്യതയിലേക്കും നിത്യജീവനിലേക്കും നോക്കാം.
പ്രാർത്ഥന
”ഓ, ദൈവമേ അങ്ങ് ഈ ജീവിതവയലിൽ ഞങ്ങൾ ക്കായി ഒളിച്ചുവച്ചിരിക്കുന്ന ആ വിലയേറിയ നിധിയും രത്നവും ക്ഷമയോടെ കാത്തിരുന്ന് കണ്ടെത്തുവാനുള്ള സ്ഥിരോത്സാഹം ഞങ്ങൾക്ക് നല്കിയാലും. ആ നിധിയും രത്നവും കണ്ടെത്തുക എന്നതായിരിക്കട്ടെ ഞങ്ങളുടെ ജീവിതാഭിലാഷം. സ്വർഗരാജ്യത്തെപ്പറ്റിയുള്ള ചിന്തകളാലും സ്വപ്നങ്ങളാലും ഞങ്ങളുടെ മനസുകളെ നിറയ്ക്കണമേ, ആമ്മേൻ.
ജോൺ തെങ്ങുംപള്ളിൽ