തോറ്റവരുടെ വിജയം

”വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എന്റെ പീഡകർക്ക് കാലിടറും; അവർ എന്റെമേൽ വിജയം വരിക്കുകയില്ല…” (ജറെമിയ 20:11).

പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ് ലൂസേഴ്‌സ് ഫൈനൽ. വിജയികളെ നിശ്ചയിക്കുന്ന തലത്തിൽനിന്നും പുറത്താക്കപ്പെട്ടവർക്ക് പിന്നീട് എന്തിനാണ് ഒരു മത്സരം? വീണ്ടും നടത്തുന്ന ‘ഫൈനൽ’ ഒരു പക്ഷത്തിന് വീണ്ടും ആഘാതമേല്പ്പിക്കുന്നുണ്ട്. എന്നാൽ ആഘാതങ്ങളെക്കാൾ സമാശ്വാസമേകുന്ന ലൂസേഴ്‌സ് ഫൈനലുകൾ നമ്മുടെ ജീവിതത്തിൽ അരങ്ങേറാറുണ്ടല്ലോ.

തോല്‌വികൾ എന്നെ ഒത്തിരി അസ്വസ്ഥനാക്കുകയും അക്ഷമനാക്കുകയും ചെയ്യുന്നുവെന്ന് സൂചിപ്പിച്ചപ്പോൾ, ”ദൈവംപോലും തോല്ക്കാൻ മടി കാണിക്കാത്തവനായിരുന്നില്ലേ സഹോദരാ” എന്നു പറഞ്ഞ പുരോഹിതന്റെ വാക്കുകൾ മനസിൽ വല്ലാതെ തട്ടിയിട്ടുണ്ടണ്ട്. തോല്‌വികളെ സ്വീകരിച്ച രീതിയാണ് അവിടുത്തെ രക്ഷകനാക്കി രൂപപ്പെടുത്തിയത്.

ലൂസേഴ്‌സ് ഫൈനൽ എന്ന പദം ക്രൈസ്തവവീക്ഷണത്തിൽ വളരെ അർത്ഥവത്താണ്. ലൗകികമായ തോല്‌വികൾക്കപ്പുറത്ത് അനശ്വരമായ വിജയമുണ്ടെന്ന ചിന്തയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കാതൽ. സ്വർഗരാജ്യം ഈ വിശ്വാസത്തിന്റെ പ്രതീകവും ക്രിസ്തുവിന്റെ ഉയിർപ്പ് അതിനുള്ള സജീവസാക്ഷ്യവുമാണ്. പലരുടെയും തോറ്റുകൊടുക്കുവാനുള്ള മനസിന്റെ വിശാലതയാണ് നാമിന്ന് അനുഭവിക്കുന്ന പലവിധങ്ങളായ സൗകര്യങ്ങളുടെ കാമ്പ്. ഒരമ്മയുടെ ജീവിതത്തെ എടുത്തുനോക്കിയാൽ, തന്റെ ആഗ്രഹങ്ങളുടെ മുൻപിൽ സ്വയം തോറ്റുകൊടുത്തതിന്റെ ഫലമാണ് ഭൂമിയിലെ ഓരോ കുഞ്ഞിന്റെയും ജീവന്റെ നിലനില്പ്പ് തന്നെ. ഒരു കുഞ്ഞിനെ ഗർഭാവസ്ഥയിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന നിമിഷം മുതൽ ഒരു സ്ത്രീ ഒത്തിരി തോല്‌വികൾ സ്വയം ഏറ്റെടുക്കുന്നുണ്ട്. താൻ തോറ്റു കൊടുത്തതിന്റെ പരിസമാപ്തി അവളെ കൊണ്ടുചെന്നെത്തിക്കുന്നത് അമ്മയെന്ന മഹനീയമായ ഒരവസ്ഥയുടെ ഉന്നതിയിലാണ്.

കുടുംബജീവിതത്തിന്റെ വിജയവും തോറ്റുകൊടുക്കുവാനുള്ള സന്നദ്ധതയിലാണ് അടങ്ങിയിരിക്കുന്നത്. തോല്ക്കുവാനുള്ള മനസുണ്ടാവുക എന്നതുതന്നെ വലിയ കാര്യമാണ്. സ്ഥിരം മദ്യപിച്ചുവന്ന് മർദിക്കുന്ന ഭർത്താവിന്റെ കൂടെ കഴിയുന്ന ഒരു സ്ത്രീക്ക് എങ്ങനെ മറ്റുള്ളവരുടെ മുൻപിൽ ചിരിക്കുവാനാകുന്നുവെന്ന് നാം അതിശയപ്പെട്ടിട്ടുണ്ടെങ്കിൽ തോറ്റുകൊടുക്കുവാനുള്ള അവളുടെ മനസിന്റെ വിശാലതയാണതിനു കാരണമെന്ന് മനസിലാക്കാം. ഇന്നു നാം കാണുന്ന അമ്പതും അതിലേറെ വർഷങ്ങളുടെ ദാമ്പത്യജീവിത ജൂബിലിക്കാർക്കും പലപ്പോഴും പലതിനോടും തോറ്റു കൊടുത്തിട്ടുള്ളതിന്റെ ജീവസുറ്റ കഥകൾ പറയാനുണ്ടാകും. തോല്‌വികൾ നല്ലതാണെന്ന് ഏറ്റുപറയാനുള്ള ആർജവം നമുക്കുമുണ്ടാകട്ടെ.

കളിക്കളം ഒരുവന്റെ വ്യക്തിത്വത്തിന്റെ പ്രകാശനവേദിയാണെന്നാണ് മനഃശാസ്ത്രവിശകലനം. കളിക്കളത്തിലെ തോല്‌വികളെ സന്തോഷത്തോടെ അംഗീകരിക്കുന്നവർ ജീവിതത്തിൽ വിജയികളാകുന്ന ചരിത്രം നമുക്ക് സുപരിചിതമാണ്. തോല്ക്കാൻ മനസില്ലാത്തവരെയും നാം കാണാറുണ്ട്- എതിരാളിയെ ഇടിച്ചുവീഴ്ത്തുന്നതും കളിയിൽ തോറ്റ ദേഷ്യം കൈയിലുള്ളത് തല്ലിത്തകർത്ത് തീർക്കുന്നതുമെല്ലാം. തോല്ക്കാൻ മനസില്ലാത്തവരുടെ മത്സരം നിറഞ്ഞൊരു ലോകത്താണ് നാം. എന്നാൽ ദൈവം തോല്ക്കാൻ മടിക്കാത്തവനായിരുന്നുവെന്ന ചിന്ത എന്നെ ലജ്ജിപ്പിക്കുന്നു.

ഒരു പിതാവ് മകളോട് പറഞ്ഞ വാക്കുകൾ കേൾക്കാനിടയായി. അത് ഇപ്പോഴും മനസിൽ തങ്ങിനില്ക്കുന്നു- ”ജീവിതം തന്ന ദൈവത്തിന്റെ മുൻപിൽ തോല്ക്കാതിരിക്കാൻ മനുഷ്യരോട് തോല്ക്കുന്നത് നല്ലതാണ്.”

ബ്ര. പ്രിന്റോ പറപ്പിള്ളി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *