രാത്രി ഏറെ വൈകിയിരിക്കുന്നു. കാര്യങ്ങൾ വിചാരിച്ചതുപോലൊന്നും ശരിയായതുമില്ല. ഇനി നാളത്തെ കാര്യം എന്താകും? ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസിലെ ചിന്ത അതൊക്കെയായിരുന്നു. പെട്ടെന്നാണ് ഒരു വ്യക്തി റോഡിലേക്കിറങ്ങിനിന്ന് കൈ കാണിക്കുന്നതു കണ്ടത്. ബൈക്ക് നിർത്തി അദ്ദേഹത്തെ കയറ്റി. സംസാരിച്ചപ്പോൾ ഒരു കാര്യം മനസിലായി, അദ്ദേഹം ഏതാണ്ട് അന്ധനാണ്; വളരെ നേർത്ത കാഴ്ചശക്തിയേ ഉള്ളൂ. അന്ധരുടെ ഒരു സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കുറച്ചകലെയുള്ള ഒരു പട്ടണത്തിലേക്ക് പല ദിവസങ്ങളിലും പോകുന്നുണ്ട്. ചില രാത്രികളിൽ ഉൾപ്രദേശത്തുള്ള തന്റെ വീട്ടിലേക്ക് പോകാനുള്ള അവസാനത്തെ ബസും പോയിക്കഴിഞ്ഞാണ് അദ്ദേഹം ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നത്. അപ്പോഴൊക്കെ വഴിയിലിറങ്ങി നിന്ന് ഏതെങ്കിലും വാഹനങ്ങൾക്ക്, പ്രത്യേകിച്ചും ബൈക്കിന്, കൈ കാണിക്കും. അത്ഭുതകരമെന്നു പറയുംവിധത്തിൽ ഓരോ തവണയും അദ്ദേഹത്തിന് ആരെങ്കിലുമൊക്കെ നിർത്തിക്കൊടുക്കും. അവരുടെ സ്ഥലത്തെത്തുമ്പോൾ വഴിയിൽ ഇറങ്ങും. അവിടെനിന്ന് വീണ്ടും അടുത്ത വാഹനം ലഭിക്കും. അവസാനത്തെ ബസ് നഷ്ടപ്പെട്ട എല്ലാ ദിവസങ്ങളിലും ഇപ്രകാരം അദ്ദേഹം വീട്ടിലെത്തിച്ചേർന്നുവത്രേ. അതിനെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. അദ്ദേഹത്തിന് ഒരു ഉത്കണ്ഠയുമില്ല. തന്റെ ദൈവം തന്നെ സഹായിക്കുമെന്ന പ്രത്യാശയിൽ ആ മനുഷ്യൻ വളരെ പ്രസാദവാനായിരിക്കുന്നു. ആ കൂടിക്കാഴ്ച എന്നെയും ശാന്തതയിലേക്കും പ്രത്യാശയിലേക്കും നയിച്ചു. തൊട്ടടുത്ത കവലവരെ അദ്ദേഹത്തെ എത്തിച്ചിട്ട് തിരികെപ്പോരുമ്പോൾ ഉത്കണ്ഠയുടെ ഇരുൾ നീങ്ങി എന്റെ മനസിലും വെളിച്ചം പരന്നുതുടങ്ങിയിരുന്നു.
”അങ്ങ് എന്റെ ദീപം കൊളുത്തുന്നു; എന്റെ ദൈവമായ കർത്താവ് എന്റെ അന്ധകാരം അകറ്റുന്നു” (സങ്കീ. 18:28)
ബിനു ജോസഫ്