ഭൂമി സന്ദർശിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ

ആ കുട്ടിയുടെ മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതമായിരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ മൃതസംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന ചെറിയ ആൾക്കൂട്ടം. വിശാലമായ ആശുപത്രിവളപ്പിലെ ആറടി മണ്ണ് ആറുവയസുകാരിയെ ഏറ്റുവാങ്ങി. ഞാൻ ആ മൺകൂന നോക്കിനിന്നു. അതെന്നോട് സംസാരിക്കുന്നതായി തോന്നി.
ഇനി ജീവിതത്തിൽ നിരാശപ്പെടില്ല എന്ന് തീരുമാനിച്ചത് ബാംഗ്ലൂരിലെ സ്‌നേഹദാനിൽവച്ചായിരുന്നു. എയ്ഡ്‌സ് രോഗികളെ പരിചരിക്കാൻ ചില ഞായറാഴ്ചകൾ ഞാനവിടെ ചെലവഴിച്ചിരുന്നു. അതൊന്നും എനിക്കൊരു ഉണർവും നല്കിയില്ല. ചെയ്ത പാപത്തിന്റെ ഫലം അവർ അനുഭവിക്കട്ടെ എന്ന ഫരിസേയ മനോഭാവത്തോടെയായിരുന്നു ആ ശുശ്രൂഷകൾ. ഒരു ഞായറാഴ്ച അവിടുത്തെ ഗ്രൗണ്ടിൽ കളിച്ച് തിമിർക്കുന്ന കുട്ടികളെ ശ്രദ്ധിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ഞാനും അവരോടൊപ്പം ത്രോബോൾ കളിച്ചു. കളിക്കുശേഷം കുട്ടികൾ എന്റെ തോളിൽ കയറി. പിന്നെ അവരോടൊപ്പം പാട്ടുപാടി, കഥ പറഞ്ഞ്, സമയം പോയതറിഞ്ഞില്ല. മണിയടിയുടെ ശബ്ദം കേട്ടപ്പോൾ കുട്ടികൾ അകത്തേക്ക് പോയി. അവരെ നോക്കുന്ന സിസ്റ്റർ പറഞ്ഞതിപ്രകാരമായിരുന്നു; ‘ഭൂമി സന്ദർശിക്കുന്ന മാലാഖക്കുഞ്ഞുങ്ങളാണ് ഇവർ.”

എയ്ഡ്‌സ് രോഗികളായ കുട്ടികൾ. മാതാപിതാക്കളിൽനിന്ന് മക്കളിലേക്ക് ഒഴുകിയ രോഗം. ഇവരെ മരണം എപ്പോൾ വേണമെങ്കിലും പുല്കാം. ബാല്യത്തിന്റെ കുസൃതി നിറഞ്ഞ ചിരിയുടെ മുന്നിൽ മരണം പതറുന്നില്ല. അത് മാലാഖയെയും റാഞ്ചി സ്വർഗത്തിലേക്ക് പോകുന്നു. നമ്മൾക്കാർക്കും നമ്മുടെ മരണത്തിന്റെ കാരണമറിയില്ല. എന്നാൽ, ഈ കുട്ടികൾക്ക് അറിയാം. അങ്ങനെ ഇവർ മാലാഖമാരാകുന്നു. നമ്മെ മരണത്തെക്കുറിച്ചും സ്വർഗത്തെക്കുറിച്ചും പഠിപ്പിക്കുന്ന മാലാഖമാർ.

ബാല്യത്തിന്റെ സന്തോഷം എൽ.കെ.ജിയിൽ അവസാനിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് അത്ഭുതമാണ് ഈ കുട്ടികൾ. ഇവർക്ക് ജീവിതത്തിൽ എന്നും പുഞ്ചിരിയാണ്. അല്ലെങ്കിൽത്തന്നെ ഭാവിയെക്കുറിച്ച് അതിഭീകരമായ സ്വപ്നങ്ങൾ ഇല്ലാത്തവർ എന്തിന് നിരാശപ്പെടണം? നിരാശയും അസൂയയും കോപവും പുലർത്തി ജീവിക്കാൻ ഇവർ സാധാരണ മനുഷ്യരല്ലല്ലോ, മാലാഖക്കുഞ്ഞുങ്ങളല്ലേ?

വ്യാകരണ ഭാരത്തോടെ, സങ്കീർണതയോടെ, സമ്മർദത്തിന്റെ നടുവിലാണ് ഇന്നു വിശ്വാസി. ലോകം മുഴുവൻ തന്നെ തോല്പ്പിക്കുവാനായി ഗൂഡാലോചന നടത്തുന്നുവെന്നാണ് അവൻ വിശ്വസിക്കുന്നത്. ദുഃഖത്തിന്റെ പാനപാത്രവുമായി ജീവിക്കുവാൻ ആരാണ് പറഞ്ഞത്?

”തിരിച്ച് ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്” – ഒരു ഓട്ടോറിക്ഷയുടെ പുറകിലെഴുതിവച്ചിരുന്ന വാചകമാണിത്. തീർച്ചയായും ഈ പ്രത്യാശയോടെയാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, ഈ ഭൂമിയിൽ വാടകയ്ക്കാണ് നാം താമസിക്കുന്നത് എന്ന കാര്യം നാം എന്നേ മറന്നു. ദേവാലയ സന്ദർശനങ്ങൾപോലും എന്റെ കുടുംബത്തിനുവേണ്ടിയുള്ള പ്രാർത്ഥനകളായി ചുരുങ്ങുന്നു.

പ്രതിരോധത്തിന്റെ ഒരു മാർഗമായിരുന്നു എനിക്ക് എയ്ഡ്‌സ് രോഗികളുടെ ജീവിതത്തിൽ കാണാൻ സാധിച്ചത്. അവരിൽ മിക്കവരുടെയും മുഖത്ത് പ്രകാശമില്ലായിരുന്നു. എന്നാൽ, എയ്ഡ്‌സ് ബാധിച്ച കുട്ടികളുടെ സന്തോഷം ആത്മാവിന് വെളിച്ചം നല്കി.

സഹനങ്ങളുടെ നടുവിലും ജീവിതം ആഘോഷിച്ചവരുടെ ചിത്രങ്ങൾ ബൈബിളിലുണ്ട്. എല്ലാവരുടെയും പഴി കേട്ടിട്ടും മൃതദേഹം മറവ് ചെയ്ത തോബിത്ത്, സഹനങ്ങളെ ആയുധമാക്കിയ ജോബ്, കൂട്ടുകാരന്റെ സന്തോഷം എന്റെ സന്തോഷത്തെക്കാൾ വലുതെന്ന് ചിന്തിച്ച ജോനാഥാൻ, വാഗ്ദത്ത ദേശം കൈവശമാക്കാൻ സാധിക്കാതെ പോയ മോശ… ഇവരുടെയൊന്നും ജീവിതത്തിന് പരിപൂർണതയില്ല. എന്നാൽ, അവർ അവരുടെ ദൗത്യം നിറവേറ്റിയവരാണ്.
ഭോഷനായ ധനികന്മാർ പെരുകുന്നു. പൂർണതയോടെ മരിക്കുന്നവർ മാലാഖക്കുഞ്ഞുങ്ങൾ മാത്രമായിരിക്കും. മരണത്തിന്റെ നിറവും ഗന്ധവും ആ കുഞ്ഞുങ്ങൾക്ക് അറിഞ്ഞുകൂടാ. ഒളിച്ചുകളിക്കുമ്പോൾ കാണാതായവരെത്തേടി അലയുന്ന കുട്ടിയുടെ ആശങ്ക മരണദൂതനെ കാണുമ്പോൾ തീരുന്നു. സന്തോഷത്തോടെ മാലാഖമാരുടെ ചിറകിലേറി കുഞ്ഞുമാലാഖ പോകുന്നു.

നാമെല്ലാം ഈ ലോകത്തിൽ അതിഥികളാണ്. നാം മറന്നുപോകുന്ന ഈ സനാതന സത്യത്തെ അനുസ്മരിപ്പിക്കാൻ വേണ്ടിയല്ലേ ദിനപ്പത്രങ്ങൾ നിര്യാതരായവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എന്നിട്ടും അതൊന്നും കാണാത്തതുപോലെ നാം ജീവിക്കുന്നു. മൺകൂനയിൽ നോക്കി നിന്നപ്പോൾ ഹബക്കുക്ക് പ്രവാചകന്റെ വാക്കുകളായിരുന്നു മനസിൽ: ”ദർശനം അതിന്റെ സമയം പാർത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാകുകയില്ല. അത് വൈകുന്നെങ്കിൽ അതിനായി കാത്തിരിക്കുക. അത് തീർച്ചയായും വരും. അത് താമസിക്കുകയില്ല” (ഹബക്കുക്ക് 2:3).
ബ്ര. ജിൽസൺ ജോസഫ് മുകളേൽ സി.എം.എഫ്‌

Leave a Reply

Your email address will not be published. Required fields are marked *