വർഷങ്ങൾക്കുമുൻപാണ് അത് സംഭവിച്ചത്. ഇന്ത്യയിലെ ഒരു പ്രശസ്തസുവിശേഷകന്റെ ഏകമകൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് തികച്ചും താങ്ങാൻ കഴിയാത്തതായിരുന്നു ആ തകർച്ച. അത്രമേൽ ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾ അവളെ സ്‌നേഹിച്ചിരുന്നു. പലരും വിചാരിച്ചു, ഈ സംഭവത്തോടുകൂടി അദ്ദേഹം ദൈവശുശ്രൂഷയിൽനിന്ന് പിന്മാറുമെന്ന്. മറ്റുചിലർ വിധിയെഴുതി അദ്ദേഹം എന്തോ കാര്യമായ തെറ്റ് ചെയ്തതിന്റെ ശിക്ഷയാണ് കുടുംബത്തോടെ അവർ നേരിടേണ്ടി വന്ന ഈ അപകടമെന്ന്. ഇനി അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാൻ വേണ്ടി എല്ലാവരും കാത്തിരുന്നു. എല്ലാവരുടെയും ചോദ്യത്തിനുള്ള ഉത്തരം എന്ന് തോന്നിക്കത്തക്കവണ്ണം അദ്ദേഹം ഒരു വലിയ സുവിശേഷയോഗം വിളിച്ചുകൂട്ടി. അനേകമാളുകൾ പങ്കെടുത്ത ആ യോഗത്തിന്റെ ക്ഷണക്കത്ത് ഇപ്രകാരമായിരുന്നു. നല്ലവനായ ദൈവം എന്റെ ഏകമകളെ സ്വർഗീയസൗഭാഗ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതിലുള്ള സന്തോഷം പങ്കുവയ്ക്കാനും അതിനെപ്രതി ദൈവത്തിന് നന്ദി പറയാനും വിളിച്ചുകൂട്ടുന്ന ഈ യോഗത്തിൽ താങ്കൾ തീർച്ചയായും പങ്കുചേരണമേ എന്നായിരുന്നു അത്. ആ യോഗത്തിൽ പലരും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ടുപോയി. സങ്കടത്തിന്റെയോ നിരാശയുടെതോ ആയ ഒരു വാക്കുപോലും അദ്ദേഹത്തിന്റെയോ ആ കുടുംബാംഗങ്ങളുടെയോ വായിൽനിന്ന് പുറത്തുവന്നില്ല. പകരം അവർ കർത്താവിൽ ആനന്ദിച്ച് അവിടുത്തേക്ക് സ്‌തോത്രം കരേറ്റി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുവിശേഷ ശുശ്രൂഷയിൽ നിർണായകമായ വിജയമായി ആ യോഗം മാറി.
വിശുദ്ധ പൗലോസ് ശ്ലീഹാ ആത്മാവിനാൽ പ്രേരിതനായി ഇപ്രകാരം പറഞ്ഞു: ”എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ച ദൈവഹിതം” (1 തെസ. 5:16-18).
പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തിക്താനുഭവങ്ങളും എല്ലാം നിറഞ്ഞ ഈ ലോകത്തിൽ എപ്പോഴും സന്തോഷത്തോടെ ആയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, കർത്താവിൽ ആശ്രയിക്കുന്നവർക്ക് പ്രത്യേകിച്ചും പരിശുദ്ധാത്മാവിൽ ശരണം തേടുന്നവർക്ക് തികച്ചും സാധ്യമായ കാര്യമാണ് ഇതെന്ന് മുൻപുപറഞ്ഞ സുവിശേഷകന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു. എപ്പോഴും സന്തോഷത്തോടുകൂടെ ആയിരിക്കുന്നതിനുള്ള കുറുക്കുവഴിയാണ് ഇടവിടാതെ പ്രാർത്ഥിക്കുക, എല്ലാ കാര്യത്തിനും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുക എന്നത്. എല്ലാക്കാര്യത്തിലും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്ന ഒരാൾക്കുമാത്രമേ ഇടവിടാതെ പ്രാർത്ഥനയിൽ ആയിരിക്കുവാൻ കഴിയൂ. ഇടവിടാതെ പ്രാർത്ഥിക്കുന്ന ഒരാൾക്കു മാത്രമേ എപ്പോഴും സന്തോഷത്തോടുകൂടെ ആയിരിക്കുവാൻ കഴിയൂ. എന്തുതന്നെയാണെങ്കിലും നാം എപ്പോഴും സന്തോഷത്തോടെ ആയിരിക്കണം എന്നതാണ് പിതാവായ ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഹിതം.
വൈപരീത്യങ്ങളുടെ നടുവിലെ സന്തോഷം
എനിക്കൊരു ദൈവശുശ്രൂഷകനെ അറിയാം. നിറഞ്ഞ പ്രതിസന്ധികളുടെ നടുവിൽ തികഞ്ഞ പ്രത്യാശയോടെ ജീവിക്കുന്ന അദ്ദേഹം ഒരു വലിയ ശാസ്ത്രജ്ഞനാണ്. ബോധവും വിവരവും ഇല്ലാത്ത കുറെപ്പേർക്കുവേണ്ടി മാത്രമുള്ളതാണ് ക്രിസ്തുവിലുള്ള ഈ സന്തോഷജീവിതം എന്ന് കരുതുന്നവർക്കുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ പ്രത്യാശയിൽ നിറഞ്ഞ സന്തോഷകരമായ ജീവിതം. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും ജന്മനാ തന്നെയുള്ള ഒരു മാരകരോഗത്തിന്റെ പിടിയിൽപ്പെട്ട് മരണമടഞ്ഞു. ഭാര്യയും മറ്റൊരു രോഗത്തിന് അടിമയായി മരിച്ചു. അദ്ദേഹം തനിച്ചായി. എന്നാൽ, ഈ വേദനിപ്പിക്കുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ മനസിടിച്ചില്ല. ”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന” (റോമാ 8:28) കർത്താവിന്റെ സ്‌നേഹത്തിൽ ശരണം വച്ചുകൊണ്ട് അദ്ദേഹം വർധിച്ച സന്തോഷത്തോടെ ദൈവം വിളിച്ചിരിക്കുന്ന മേഖലകളിൽ സുവിശേഷവേല ചെയ്യുന്നു. ജീവിതത്തിലെ വൈപരീത്യങ്ങളുടെ മേലുള്ള ആധിപത്യത്താൽ വർധിച്ച പ്രത്യാശയിൽ അദ്ദേഹം എഴുതിയ പുസ്തകമാണ് ‘പ്രതിസന്ധികളിൽ പ്രത്യാശയോടെ.’ ഇതാ കർത്താവിന്റെ വചനം ഇപ്രകാരം പറയുന്നു: ”നിങ്ങളെപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ. ഞാൻ വീണ്ടും പറയുന്നു നിങ്ങൾ സന്തോഷിക്കുവിൻ. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ” (ഫിലി. 4:4). ഈ വചനത്തിൽ എഴുതിയിരിക്കുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അത് ഇതാണ്- നിങ്ങളെപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ. കർത്താവിൽ ആയിരിക്കുന്ന വ്യക്തിക്ക് മാത്രമേ എപ്പോഴും സന്തോഷത്തിൽ ആയിരിക്കുവാൻ കഴിയൂ.
കുറെ നാളുകൾക്കുമുൻപ് എന്റെ ഹൃദയം പലവിധത്തിലുള്ള വേദനകളിൽ കുടുങ്ങിപ്പോയിരുന്നു. പ്രാർത്ഥനാസഹായത്തിനായി കൃപാവരങ്ങൾ നിറഞ്ഞ ഒരു ശുശ്രൂഷകയുടെ അടുത്തെത്തി. ആ മകൾ എന്നോട് പറഞ്ഞു: ”സഹോദരിയുടെ ഹൃദയം കർത്താവിൽ സന്തോഷം തേടാത്തതുകൊണ്ടാണ് ഈവിധം ദുഃഖത്തിന് അടിമപ്പെട്ടുപോകുന്നത്. നമ്മുടെ ഹൃദയം മക്കളിൽ സന്തോഷം തേടരുത്, ഭർത്താവിൽ സന്തോഷം തേടരുത്, ശുശ്രൂഷകളുടെ വിജയത്തിൽ സന്തോഷം തേടരുത്, അംഗീകാരത്തിലോ പ്രശസ്തിയിലോ സന്തോഷം തേടരുത്, മാത്രമല്ല ഈ ലോകത്തിലുള്ള യാതൊന്നിലും സന്തോഷം തേടരുത്. മറിച്ച് ദൈവത്തിൽ മാത്രമായിരിക്കട്ടെ നമ്മുടെ സന്തോഷം! അപ്പോൾ ഈ ലോകത്തിൽ നിന്നുളവാകുന്ന തിക്തതകളെ അതിജീവിക്കുവാനും എപ്പോഴും സന്തോഷത്തോടെ ആയിരിക്കുവാനും നമുക്ക് കഴിയും.” എന്റെ ജീവിതത്തിൽ കുറിക്കുകൊണ്ട ഉപദേശമായിരുന്നു അത്. അതിനുശേഷം എന്നെ അലട്ടിക്കൊണ്ടിരുന്ന പല ദുഃഖങ്ങളിൽനിന്നും കരകയറുവാനും അവ എന്നിൽ നിലനില്ക്കുമ്പോൾത്തന്നെ കർത്താവിൽ സന്തോഷിക്കുവാനും എനിക്ക് കഴിഞ്ഞു.
സന്തോഷവതിയായ ഒരമ്മച്ചി
ഒരിക്കൽ ഞാനൊരു അമ്മച്ചിയെ പരിചയപ്പെടാൻ ഇടയായി. ആ അമ്മച്ചിയുടെ ഭർത്താവ് വർഷങ്ങൾക്കുമുൻപ് കാൻസർ ബാ ധിച്ച് മരിച്ചുപോയി. മക്കൾ രണ്ടുപേർ മന്ദബുദ്ധികളാണ്. സുബോധമുള്ള മൂത്തമകനാകട്ടെ തികഞ്ഞ മദ്യപാനിയും കുടുംബകാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവനും. കടബാധ്യതയാൽ ജപ്തിയുടെ വക്കുവരെ എത്തിനില്ക്കുന്ന സാമ്പത്തികാവ സ്ഥ. വീട്ടിൽ ഭക്ഷണസാധനങ്ങൾക്കുവരെ ദാരിദ്ര്യമാണ്. പക്ഷേ, ആ അമ്മച്ചിയെ കണ്ടാൽ ആരും പറയുകയില്ല ഇത്രയധികം സഹിക്കുന്ന ഒരമ്മ ച്ചിയാണ് അതെന്ന്. ഞാൻ ഒരിക്കൽ അമ്മച്ചിയുടെ ഈ സന്തോഷത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചു. അപ്പോൾ അമ്മച്ചി പറഞ്ഞു: ”എന്റെ മോളേ, മനുഷ്യന്റെ കണ്ണുകൊണ്ടു നോക്കുമ്പോൾ എന്റെ ജീവിതത്തിൽ സന്തോഷിക്കുവാനായി ഒന്നുമില്ല. എന്നാൽ, ഞാൻ ആശ്രയംവച്ചിരിക്കുന്നത് എന്റെ കർത്താവിലാണ്. അവിടുന്നിലാണ് എന്റെ സന്തോഷം. അതുകൊണ്ടാണ് ഇടതടവില്ലാതെ അവിടുത്തെ സ്തുതിക്കുവാനും എപ്പോഴും സന്തോഷത്തോടുകൂടി ആയിരിക്കുവാനും എനിക്ക് കഴിയുന്നത്. ദുഃഖങ്ങൾ അലട്ടുമ്പോൾ ഞാൻ എന്റെ കർത്താവിങ്കലേക്ക് മനസുയർത്തും. അവിടുന്ന് എന്നെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. അങ്ങനെയാണ് എപ്പോഴും ചിരിച്ചുകൊണ്ട് ഞാൻ നിങ്ങളുടെയൊക്കെ മുൻപിലെത്തുന്നത്. ഇവരെപ്പോലുള്ളവരെക്കുറിച്ചാണ് ദൈവവചനം ഇപ്രകാരം പറഞ്ഞിരിക്കുന്നത്: ”ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്” (റോമാ 14:17).
ചേച്ചിവാവ ഒരത്ഭുതം!
തികച്ചും സാധാരണക്കാരിൽ സാധാരണക്കാരാണ് ആ കുടുംബാംഗങ്ങൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ. ആ കുടുംബത്തിലെ ആദ്യത്തെ സന്താനമാണ് ആ പെൺകുഞ്ഞ്. 24 വയസുണ്ടെങ്കിലും വലിപ്പത്തിൽ ഒന്നരവയസുപോലും പ്രായം തോന്നിക്കില്ല. ബുദ്ധിമാന്ദ്യമുണ്ട്. ചലിക്കാനോ സംസാരിക്കാനോ കഴിവില്ല കിടന്നുറങ്ങുന്നത് ഇപ്പോഴും തൊട്ടിലിൽതന്നെ. ഈ കുഞ്ഞിന്റെ സാന്നിധ്യവും പരിചരണവും മൂലം അമ്മയ്ക്ക് പുറത്തുപോകാനോ മറ്റു വരുമാനമാർഗങ്ങൾ തേടാനോ വയ്യാത്ത അവസ്ഥ. മനുഷ്യന്റെ സ്വാഭാവിക രീതിയനുസരിച്ച് ഈ കുഞ്ഞിന്റെ സാന്നിധ്യം ഒരു ഭാരമായി അവർ കരുതേണ്ടതാണ്. എന്നാൽ, അവരാകട്ടെ സ്വർഗത്തിൽനിന്നും അവർക്ക് ലഭിച്ച അമൂല്യരത്‌ന ത്തെ എന്നതുപോലെയാണ് ആ കുഞ്ഞിനെ കാണുന്നത്. ഞങ്ങളുടെ എല്ലാ സന്തോഷവും ഇവളിലൂടെയാണ് ദൈവം ഞങ്ങൾക്ക് നല്കുന്നത്. അവൾ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ കൂടി ഞങ്ങൾക്കാവില്ല! അവർ പറഞ്ഞു.
ആ കുഞ്ഞിനെക്കുറിച്ചും ആ കുടുംബത്തെക്കുറിച്ചുമുള്ള ഒരു പ്രോഗ്രാം ശാലോം ടി.വിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ ആ കുഞ്ഞിനെ സന്ദർശിക്കുവാനെത്തിയപ്പോൾ ഞങ്ങളെ ഏറ്റവും ആകർഷിച്ചത് ചേച്ചിവാവയെക്കുറിച്ച് പറയുമ്പോഴുള്ള അവരുടെ സന്തോഷമാണ്. ലോകരുടെ ദൃഷ്ടിയിൽ ശാപമായി കരുതപ്പെടേണ്ട ആ കുരുന്നു ജീവിതത്തെ കർത്താവിന്റെ കരങ്ങളിൽനിന്ന് സന്തോഷത്തോടെ സ്വീകരിച്ചപ്പോൾ ചേച്ചിവാവ ആ കുടുംബത്തിന് മാത്രമല്ല, അയല്ക്കാർക്കും അവളെ അറിയുന്ന എല്ലാവർക്കും ആനന്ദവിഷയമായി മാറി. ഈ ആനന്ദം പരിശുദ്ധാത്മാവ് നല്കുന്നതാണ്. ഇത് വില കൊടുത്താൽ കിട്ടുന്നതല്ല. ഭൂമിയിലുള്ള മറ്റേതെങ്കിലും വസ്തുവിനോ വ്യക്തികൾക്കോ നമുക്ക് നല്കാൻ കഴിയുന്നതല്ല. ആ കുടുംബം പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിക്കുന്നു എന്നതിനുള്ള തെളിവാണ് അവരുടെ ഹൃദയങ്ങളിലും വാക്കുകളിലും നിറഞ്ഞുനില്ക്കുന്ന ആ സന്തോഷം. പരിശുദ്ധാത്മാവ് നല്കുന്ന ഈ സന്തോഷം പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്നു. ജീവിതത്തിൽ ഒത്തിരിയേറെ പ്രതികൂലങ്ങളെ നേരിടേണ്ടി വന്നപ്പോഴും അമ്മയുടെ ഹൃദയം രക്ഷകനായ ദൈവത്തിൽ സന്തോഷിച്ചിരുന്നു. അതിന്റെ തെളിവാണ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അമ്മ എലിസബത്തിന്റെ മുൻപിൽവച്ച് പാടിയ സ്‌തോത്രഗീതം. ”എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്കാ 1:46-47).
കാരണമെന്ത്?
ആശ്വസിപ്പിക്കപ്പെടാത്ത നമ്മുടെ വേദനകളുടെ കാരണം നാം നമ്മുടെ സന്തോഷത്തിന്റെ കാരണമായി ദൈവത്തെ കണ്ടെത്തുന്നില്ല എന്നതാണ്. എല്ലാ സന്തോഷങ്ങളുടെയും പൂർണത ദൈവത്തിലുണ്ട്. നാമതറിഞ്ഞ് ദൈവത്തിൽ ഹൃദയമർപ്പിച്ച് ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുമ്പോൾ സന്തോഷത്തിന്റെ പൂർണതയായ ദൈവത്തിൽനിന്ന് സ ന്തോഷം നമ്മുടെ ഹൃദയത്തിലേക്കൊഴുകുന്നു.
ഒത്തിരിയേറെ പ്രതിസന്ധികളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോയ ദാവീദ് ദൈവത്തിങ്കലേക്ക് ഹൃദയമുയർത്തി ആനന്ദത്തിന്റെ ഉറവിടമായ അവിടുത്തെ സ്തുതിച്ച പ്പോൾ അദ്ദേഹത്തിന്റെ ഹൃദയം പരമാനന്ദത്താൽ നിറ ഞ്ഞിരുന്നതായി അദ്ദേഹം താൻ രചിച്ച സങ്കീർത്തനവചനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ”ഞാൻ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്ക് കടന്നുചെല്ലും. എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ” (സങ്കീ.43:4). ആനന്ദത്തിന്റെ പൂർണത അദ്ദേഹം കണ്ടെത്തിയിരുന്നത് ദൈവത്തിലാണ്. ”അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്. അങ്ങയുടെ വലതുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്” (സങ്കീ.16:11).
നന്ദി പറഞ്ഞുസ്തുതിക്കുക
ദൈവികസന്തോഷത്താൽ നിരന്തരം ഹൃദയം നിറയപ്പെടുവാനുള്ള മാർഗം എപ്പോഴും എല്ലാറ്റിനെപ്രതിയും നമ്മുടെ കർത്താവിന് നന്ദി പറഞ്ഞ് അവിടുത്തെ സ്തുതിക്കുക എന്നതാണ്. തിരുവചനങ്ങൾ നമ്മെ പഠിപ്പിക്കുന്ന യാഥാർത്ഥ്യവും മറ്റൊന്നല്ല. ”എപ്പോഴും എല്ലാറ്റിനുംവേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിക്കുവിൻ” (എഫേ. 5:20).
സന്തോഷങ്ങളെപ്രതിമാത്രം നമ്മൾ കർത്താവിന് നന്ദിയും സ്തുതിയും കരേറ്റിയാൽ പോരാ. നമ്മുടെ ജീവിതത്തിൽ വേദനിപ്പിക്കുന്നതായി നാം അനുഭവിക്കുന്ന സകലതിനെപ്രതിയും നാം ദൈവത്തിന് നന്ദി പറഞ്ഞ് അവിടുത്തെ സ്തുതിക്കണം. കർത്താവേ സഹിക്കുവാൻ അനുവദിക്കുന്നതിനെപ്രതി അങ്ങേക്ക് നന്ദി എന്ന് നാം പറയണം. സാമ്പത്തിക തകർച്ചകളെപ്രതി, രോഗത്തെപ്രതി, വേർപാടുകളെപ്രതി, പരീക്ഷയിലെ പരാജയത്തെപ്രതി, പ്രിയപ്പെട്ടവരിൽനിന്ന് ലഭിച്ച തിക്താനുഭവങ്ങളെപ്രതി, അങ്ങനെ എന്തെല്ലാം നമ്മെ അലട്ടുന്നുവോ അതിനെപ്രതിയെല്ലാം നാം ദൈവത്തിന് നന്ദി പറഞ്ഞ് സ്തുതിച്ചു പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽനിന്ന് പ്രതികൂല വികാരങ്ങൾ നീങ്ങിപ്പോവുകയും നാം ദൈവികസന്തോഷത്താൽ നിറയുകയും ചെയ്യും.
ദൈവവുമായി ഐക്യപ്പെടുന്നവന് മാത്രമേ ദൈവികസന്തോഷം അനുഭവിക്കുവാൻ കഴിയൂ. അത് ഒച്ചപ്പാടിന്റെയോ അട്ടഹാസത്തിന്റെയോ സന്തോഷമല്ല. നിറഞ്ഞ ദൈവികസമാധാനം നമുക്ക് നല്കുന്ന സന്തോഷമാണ്. നമ്മുടെ ജീവിതത്തിൽനിന്ന് സന്തോഷത്തെ എടുത്തുമാറ്റുന്ന ഒന്നാണ് നമ്മുടെ ആകുലതകൾ. ഈ ആകുലതകൾ കാരണം നാം അനുഭവിക്കേണ്ടതിലും വളരെയധികം ദുഃഖം നാം അനുഭവിക്കുന്നു. എന്നാൽ, ദൈവികസന്തോഷത്തിൽ വ്യാപരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആകുലചിന്തകൾക്ക് അവനെ ഭാരപ്പെടുത്തുവാനാവുകയില്ല. കാരണം, അവന്റെ സന്തോഷം ദൈവത്തിൽ ഹൃദയമർപ്പിച്ചുകൊണ്ടുള്ളതാണ്. തിരുവചനങ്ങൾ പറയുന്നു: ”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. മറിച്ച് അപേക്ഷകളിലൂടെയും പ്രാർത്ഥനകളിലൂടെയും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നിങ്ങളുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും” (ഫിലി. 4:6-7).
ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ നമ്മുടെ സ്വസ്ഥതയെയും സമാധാനത്തെയും പലപ്പോഴും ഇല്ലാതാക്കിത്തീർക്കാറുണ്ട്. എന്നാൽ കർത്താവ് നമ്മുടെ കാര്യത്തിൽ കരുതലുള്ളവനാണ്. സങ്കീർത്തകൻ പറയുന്നു; ”അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ് എന്നെ കൈക്കൊള്ളും” (സങ്കീ. 27:10). സമാധാനപൂർണമായ നമ്മുടെ ഉയർച്ചകളും പുരോഗതികളും കർത്താവിൽനിന്ന് വരുന്നതാണ്. വിശുദ്ധ പത്രോസ്ശ്ലീഹായിലൂടെ പരിശുദ്ധാത്മാവ് അതേക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു ”ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ നില്ക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6-7).
നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിൽനിന്ന് നമ്മെ അകറ്റുന്ന മറ്റൊരു കാര്യം നമ്മുടെ ജീവിതവ്യഗ്രതകളും ജീവിതഭാരങ്ങളുമാണ്. നമുക്കുവേണ്ടി അവിടുന്ന് വഹിച്ച ക്രൂശിന്റെ ഭാരത്തിൽ അവിടുന്നത് നമുക്കുവേണ്ടി മുൻകൂട്ടി വഹിച്ചിട്ടുണ്ട്. എന്നാൽ, കർത്താവിൽ ഹൃദയവും ജീവിതവും അർപ്പിക്കുന്നവനുമാത്രമേ ആ ആശ്വാസം പ്രാപിക്കുവാൻ കഴിയുകയുള്ളൂ. സങ്കീർത്തകൻ പറയുന്നു: ”നിന്റെ ഭാരം കർത്താവിനെ ഏല്പിക്കുക; അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും” (സങ്കീ. 55:22).
ജീവിതത്തിൽ ദുഃഖകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വേദനിക്കുകയോ കരയുകയോ അരുത് എന്ന് ഈ ലേഖനം നിങ്ങളോടു പറയുന്നില്ല. കർത്താവുപോലും അതിഘോരമായ വേദനയുടെ നിമിഷങ്ങളിൽ കരയുന്നുണ്ട്. ‘എന്റെ പിതാവേ, എന്തുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ചു’ എന്ന് വിലപിക്കുന്നുണ്ട്. പക്ഷേ, അവിടുത്തെ വിലാപം പിതാവിൽ പൂർണമായും ഹൃദയമർപ്പിച്ചുകൊണ്ടുള്ള വിലാപമായിരുന്നു. അതുകൊണ്ട് ആ വിലാപം ഉയിർപ്പിന്റെ സന്തോഷമായി രൂപാന്തരപ്പെട്ടു. അതുകൊണ്ടത്രേ സങ്കീർത്തകൻ ഇപ്രകാരം എഴുതിയിരിക്കുന്നത്: ”അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി” (സങ്കീ. 30:11).
പരിശുദ്ധാത്മാവ് ദൈവിക സന്തോഷത്തിന്റെ ആത്മാവ്
ദൈവികസന്തോഷം പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ്. അതിനാൽ, എപ്പോഴും സന്തോഷത്തോടെ ആയിരിക്കാൻ നമുക്ക് കഴിയണമെങ്കിൽ പരിശുദ്ധാത്മാവിന്റെ നിറവിനുവേണ്ടി നാം പ്രാർത്ഥിച്ചേ മതിയാവൂ. നമ്മുടെ ജീവിതവ്യഗ്രതകളിൽപ്പെട്ട് ഒത്തിരി കാര്യങ്ങൾ നാം ദൈവത്തോട് ചോദിക്കാറുണ്ട്. പക്ഷേ, പരമപ്രധാനമായ ഒരു കാര്യം നാം മറന്നുപോകുകയോ അത്ര പ്രാധാന്യമുള്ളതായി കരുതാതെ അവഗണിക്കുകയോ ചെയ്തുപോകുന്നു. അത് മറ്റൊന്നല്ല പരിശുദ്ധാത്മ നിറവിനുവേണ്ടിയുള്ള പ്രാർത്ഥനയാണ്. അതിനായി നാം നിരന്തരം പ്രാർത്ഥിക്കണം. ആത്മാവ് നമ്മിൽ നിറഞ്ഞു കഴിയുമ്പോൾ നമ്മുടെ ഭാരങ്ങളും ദുഃഖങ്ങളും അകന്നുപോവുകയും സന്തോഷനിറവുള്ളവരായി നാം തീരുകയും ചെയ്യും.
ചേച്ചിവാവ ഒരത്ഭുത സന്തോഷത്തിന്റെ കാരണമായി വീട്ടുകാർക്കും നാട്ടുകാർക്കും തീർന്നതുപോലെ നമ്മുടെ ദുഃഖങ്ങളും പ്രയാസങ്ങളും മൂല്യമേറിയ രത്‌നങ്ങളായി രൂപാന്തരപ്പെടും. അപ്പോൾ ജറെമിയാ പ്രവചനത്തിലൂടെ കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നമ്മിൽ യാഥാർത്ഥ്യമായിത്തീരും. ”ഞാനവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും. ഞാനവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും” (ജറെമിയ 31:13). പരിശുദ്ധാത്മ സന്തോഷത്തിൽ നിറഞ്ഞു കഴിയുമ്പോൾ കർത്താവ് നല്കുന്ന ഉയർച്ച എല്ലാ തലങ്ങളിലും അനുഭവിക്കുവാൻ നമുക്ക് കഴിയും. അവിടുന്ന് പറയുന്നു: ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് കർത്താവാണ്” (സങ്കീ. 75:6). അതിനാൽ നമ്മെ ഉയർത്തുന്ന, സന്തോഷത്തിൽ ഉറപ്പിക്കുന്ന, സമാധാനത്തിന്റെ തികവിൽ കാക്കുന്ന ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാൻ പരിശുദ്ധാത്മാവിന്റെ നിറവ് ലഭിക്കാനായി നിരന്തരം പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അവിടുന്ന് വാഗ്ദാനം ചെയ് ത പരിശുദ്ധാത്മാവുകൊണ്ട് എന്നെ നിറയ്ക്കണമേ. എപ്പോഴും സന്തോഷത്തോടെ ഇരിക്കുവാനും ഇടവിടാതെ പ്രാർത്ഥിക്കുവാനും എല്ലാ കാര്യത്തിലും നന്ദി പ്രകാശിപ്പിക്കാനും എന്നെ പഠിപ്പിക്കണമേ. ഈ പ്രവാസഭൂമിയിൽ ദൈവികസന്തോഷത്താൽ നിറഞ്ഞവനും ആ സന്തോഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവനും ആക്കി എന്നെ മാറ്റണമേ, ആമ്മേൻ.
സ്റ്റെല്ല ബെന്നി