എന്നെ ഞെട്ടിച്ച ചോദ്യം

ഉപവാസത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ സുഹൃത്തിനോട് ചോദിച്ചു: ”ഉപവസിച്ച് പ്രാർത്ഥിച്ചിട്ടുണ്ടോ?” ”ഉണ്ട്.” ”എന്തിനുവേണ്ടിയാണ് ഉപവസിച്ച് പ്രാർത്ഥിച്ചത്?” ”വണ്ടി കള്ളൻ കൊണ്ടുപോയപ്പോൾ അതു കിട്ടാൻ വേണ്ടിയാണ് ഉപവസിച്ച് പ്രാർത്ഥിച്ചത്.” ”എന്നിട്ട് വണ്ടി കിട്ടിയോ?” ”രണ്ടാഴ്ച്ചയ്ക്കകം വണ്ടി കിട്ടി” ഞാൻ അവരോട് പറഞ്ഞു: ”ഇതാണ് ഉപവാസ പ്രാർത്ഥനയുടെ ശക്തി.” ഉപവസിച്ച് പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം നല്കും.
ഇതുകഴിഞ്ഞ് പ്രാർത്ഥിക്കാനായി ഇരുന്നപ്പോൾ ഈശോ ഇങ്ങനെ ചോദിക്കുന്നതായി തോന്നി. ”വണ്ടി കള്ളൻ കൊണ്ടുപോയപ്പോൾ ഉപവസിച്ച് പ്രാർത്ഥിച്ചു. എന്നാൽ ഞാൻ കുരിശിൽ മരിച്ച്, എന്റെ അമൂല്യരക്തം വിലയായി കൊടുത്ത് വീണ്ടെടുത്ത ആത്മാക്കളെ പിശാച് മോഷ്ടിച്ചുകൊണ്ടുപോകുമ്പോൾ എന്താണ് ഉപവസിച്ച് പ്രാർത്ഥിക്കാത്തത്?” ആ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി.

ശരിയല്ലേ! നമ്മൾ എന്തിനെല്ലാം വേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്നു? രോഗം മാറാൻ, കടം മാറാൻ, സ്ഥലം കിട്ടാൻ, ജോലി ലഭിക്കാൻ… എന്നാൽ, പാപികളുടെ മാനസാന്തരത്തിനുവേണ്ടി, ആത്മാക്കളുടെ രക്ഷയ്ക്കായി ഉപവസിച്ച്, ത്യാഗം ചെയ്ത് പ്രാർത്ഥിക്കാറുണ്ടോ? ഇതാണ് നമ്മൾ ഏറ്റവും കൂടുതലായി ചെയ്യേണ്ടത്. പാപികളുടെ മാനസാന്തരമാണ് ഈശോ ഏറ്റവും കൊതിക്കുന്നത്. വ്യക്തികളുടെ രക്ഷ ഏറ്റവും അധികം ആഗ്രഹിക്കുകയും ചെയ്യുന്നു. പാപികളുടെ മാനസാന്തരത്തിനായുള്ള പ്രാർത്ഥനയാണ് അവിടുന്ന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈശോ പറഞ്ഞിട്ടില്ലേ- അനുതപിക്കുന്ന പാപിയെക്കുറിച്ചാണ് സ്വർഗത്തിൽ സന്തോഷമുണ്ടാകുന്നതെന്ന് (ലൂക്കാ 15:7,10).

നമ്മുടെ ഉപവാസപ്രാർത്ഥന വഴി ഒരു പാപിയെങ്കിലും തിരിച്ചുവരുമ്പോൾ സ്വർഗത്തിൽ എത്രമാത്രം സന്തോഷം ഉണ്ടാകും. അപ്പോൾ ദൈവം നമ്മെ എത്രമാത്രം അനുഗ്രഹിക്കും! അനുഗ്രഹം പ്രാപിക്കാനുള്ള എളുപ്പവഴി പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നതാണ്. നമ്മുടെ അയല്പക്കത്തും നാട്ടിലും തിന്മയുടെ, പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്നവരുണ്ടാകും. അവരെ പിശാച് മോഷ്ടിച്ചിരിക്കുകയാണ്. ഈശോ പറഞ്ഞിട്ടില്ലേ, അവൻ കള്ളനാണെന്ന് (യോഹ. 8:44, 10:10). മനുഷ്യരുടെ ആത്മാക്കളെ തെറ്റായ മോഹങ്ങൾ നല്കി മോഷ്ടിക്കലാണവന്റെ പണി. ഈശോ തിരുരക്തം കൊടുത്ത് വീണ്ടെടുത്തവരെ അവൻ വീണ്ടും അടിമകളാക്കുന്നു.

നമ്മൾ ഉപവസിച്ച്, സഹിച്ച് പ്രാർത്ഥിച്ചാൽ അവരെ നമുക്ക് മോചിപ്പിക്കാൻ പറ്റും. ഓരോ കുഞ്ഞുസഹനവും ത്യാഗവും ഈശോയോടുള്ള സ്‌നേഹത്തെപ്രതി ആത്മാക്കളെ രക്ഷിക്കാനായി കാഴ്ചവയ്ക്കണം. ഈശോയോടുള്ള സ്‌നേഹത്തെപ്രതി നമ്മൾ ചെയ്യുന്ന ഉപവാസവും ത്യാഗവും പ്രാർത്ഥനയും എത്രയോ പേരെ രക്ഷിക്കും!

സഹനം പിശാചിന് ഉൾക്കൊള്ളാൻ പറ്റാത്ത കാ ര്യമാണ്. സഹിച്ച്, ത്യാഗം ചെയ്ത് പ്രാർത്ഥിക്കുന്ന വരുണ്ടെങ്കിൽ അവർ ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരിൽനിന്ന് പിശാച് ഓടിപ്പോകും. അങ്ങനെ ആ വ്യക്തിയെ നമുക്ക് ഈശോയ്ക്ക് കൊടുക്കാം.

പ്രാർത്ഥന
പരിശുദ്ധ മാതാവേ, പാപികളുടെ മാനസാന്തരത്തിനായി ഉപവസിച്ച് പ്രാർത്ഥിക്കുവാനുള്ള കൃപ ഞങ്ങൾക്ക് വാങ്ങിത്തരണമേ, ആമ്മേൻ.

ഫാ. ജോർജ് ആലുക്ക സി.എസ്.റ്റി.

Leave a Reply

Your email address will not be published. Required fields are marked *