നഷ്ടപ്പെട്ട ബസും തിരിച്ചുകിട്ടിയ സന്തോഷവും

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ അവിസ്മരണീയങ്ങളാണ്. എത്ര ശ്രമിച്ചാലും അവ നമ്മുടെ ഓർമയിൽനിന്ന് മാഞ്ഞുപോകുന്നില്ല. അവയിൽത്തന്നെ ചിലത് വളരെ സന്തോഷകരമായതും ചിലത് ദുഃഖമുളവാക്കുന്നതുമാണ്. എന്നാൽ, വേറെ ചില സംഭവങ്ങളുണ്ട്. അവ യഥാർത്ഥത്തിൽ നടന്നതാണെങ്കിലും നമുക്ക് വിശ്വസിക്കുവാൻ പ്രയാസമുള്ളവയാണ്. നോവലുകളിൽ വിവരിക്കപ്പെടുന്നവയെപ്പോലെ വിചിത്രങ്ങളായി അവ നമുക്ക് അനുഭവപ്പെടും. അങ്ങനെയൊരു സംഭവം ഞാൻ വായിച്ചത് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ.

ഒരു ഡിസംബർ മാസത്തിലാണ് അത് സംഭവിക്കുന്നത്. ശക്തമായ കാറ്റും മഴയുമുണ്ടായി. ദേവാലയത്തിന്റെ അൾത്താരയുടെ പിന്നിലുള്ള ഭിത്തിയുടെ ഒരു ഭാഗം തകർന്നു താഴെ വീണു. അവിടെ ഒരു വലിയ ദ്വാരമുണ്ടായി. ഇതു കണ്ടപ്പോൾ വൈദികന് വലിയ സങ്കടമായി. അദ്ദേഹം കർത്താവിനോട് പരാതി പറഞ്ഞു: ”കർത്താവേ, എന്ത് പണിയാണ് ചെയ്തത്? ക്രിസ്മസിന് ഇനി രണ്ടു ദിവസങ്ങളല്ലേ ഉള്ളൂ. മാത്രവുമല്ല, ഇത് നന്നാക്കുവാനുള്ള പണവും ഞങ്ങൾക്കില്ല.” പിന്നെ അദ്ദേഹം ഇപ്രകാരം ചിന്തിച്ചു: ”ദൈവം അനുവദിക്കുന്നതെല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. അതിനാൽ അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ.”
അന്ന് വൈകുന്നേരം അദ്ദേഹം നടക്കുവാനിറങ്ങി. അതാ, തെരുവിന്റെ ഒരു മൂലയിൽ ഒരു ലേലംവിളി നടക്കുന്നു. ലേലംവിളിക്കാരൻ ലേലം വിളിക്കാനെടുത്തിരിക്കുന്നത് മനോഹരമെങ്കിലും പഴയ ഒരു മേശവിരിയാണ്. പഴയതായതുകൊണ്ട് അതിന് അധികം ആവശ്യക്കാരുണ്ടായിരുന്നില്ല. ഈ മനോഹരമായ മേശവിരി കണ്ടപ്പോൾ വൈദികന്റെ മനസിൽ ഒരു നല്ല ആശയമുദിച്ചു. അതെന്താണെന്ന് നിങ്ങൾക്ക് മനസിലായിക്കാണും. അദ്ദേഹം ആ മേശവിരി ലേലത്തിൽ വിളിച്ചു. വളരെ സന്തോഷത്തോടെ ദേവാലയത്തിലേക്ക് ചെന്നു. അൾത്താരയുടെ പിന്നിലുള്ള ദ്വാരം ആ മേശവിരികൊണ്ട് അദ്ദേഹം മറച്ചു. വളരെ കൃത്യമായിരിക്കുന്നു! മാത്രവുമല്ല, അത് ദേവാലയത്തിന് വളരെ അനുയോജ്യവുമായിരുന്നു. ദൈവത്തിന്റെ അത്ഭുതകരമായ ക്രമീകരണത്തെയോർത്ത് വൈദികൻ നന്ദി പറഞ്ഞു.

സന്തോഷമേകും സമാഗമത്തിലേക്ക്
അങ്ങനെ ക്രിസ്മസ് ആഗതമായി. ക്രിസ്മസ് തലേന്ന് ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ദേവാലയം റോഡിനടുത്താണ്. പുറത്തേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീ ആ തണുപ്പത്ത് ബസ് കാത്തുനില്ക്കുകയാണ്. അദ്ദേഹത്തിന് ആ സ്ത്രീയോട് സഹതാപം തോന്നി. കാരണം സഹിക്കാൻ പറ്റാത്ത വലിയ തണുപ്പാണ് പുറത്ത്. മാത്രവുമല്ല ഇനി ഏകദേശം നാല്പത് മിനിട്ടുകൾക്കുശേഷമേ ബസ് വരികയുള്ളൂ. ഇത് തന്റെ ദീർഘനാളത്തെ പരിചയത്തിൽനിന്ന് അദ്ദേഹത്തിന് അറിയാവുന്നതാണ്. അദ്ദേഹം ആ സ്ത്രീയുടെ അടുത്തുചെന്ന് പറഞ്ഞു: ”സഹോദരീ, ഈ തണുപ്പത്ത് ഇവിടെ നില്ക്കണ്ട. ദേവാലയത്തിലേക്ക് വരിക. നിങ്ങൾക്ക് പ്രാർത്ഥിക്കുകയും തണുപ്പിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം.” ആ സ്ത്രീ വൈദികന്റെ വാക്കുകൾ അനുസരിച്ച് ദേവാലയത്തിലേക്ക് വന്നു. അവർ ശാന്തയായിരുന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. അല്പസമയം കഴിഞ്ഞ് കണ്ണുകളുയർത്തി നോക്കിയപ്പോൾ അൾത്താരയുടെ പുറകിൽ ഒരു മേശവിരി കണ്ടു. അതിനെന്തോ പ്രത്യേകതയുണ്ടല്ലോ എന്നവർ ചിന്തിച്ചു. വളരെ തിടുക്കത്തിൽ ആ വിരിയുടെ അടുത്തുചെന്ന് നോക്കി. അതൊന്ന് തൊട്ടുനോക്കി. അതിന്റെ അഗ്രം മറിച്ചുനോക്കിയപ്പോൾ അവരുടെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അവിടെ അവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ എഴുതിവച്ചിരിക്കുന്നു.
ആ സ്ത്രീ വൈദികന്റെ അടുത്തുചെന്ന് ആവേശത്തോടെ സംസാരിക്കുവാൻ തുടങ്ങി. ”ഇത് അനേക വർഷങ്ങൾക്കുമുൻപ് ഞാൻ എന്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന മേശവിരിയാണ്. നോക്കൂ, എന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ഇവിടെ എഴുതിയിരിക്കുന്നത്?” വൈദികന് അത്ഭുതമായി. ‘നിങ്ങൾ എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നത്?’ അദ്ദേഹം ചോദിച്ചു. ആ സ്ത്രീ അവരുടെ ജീവിതകഥ പറയുവാൻ തുടങ്ങി. അവൾ ഭർത്താവുമൊന്നിച്ച് ആസ്ട്രിയായിലെ വിയന്നായിൽ ആയിരുന്നു താമസിച്ചിരുന്നത്. നാസി ഭീകരതയുടെ നാളുകൾ വന്നു. ആ ദുർഭരണത്തെ എതിർത്തതിന്റെ പേരിൽ അവർക്ക് നാടുവിടേണ്ടി വന്നു. ഒന്നിച്ച് യാത്രചെയ്യുവാൻ പറ്റാത്ത സാഹചര്യമായിരുന്നു അത്. വിടവാങ്ങുന്നതിന് മുൻപ് അവർ ഒന്നിച്ച് പ്രാർത്ഥിച്ചു. ഭർത്താവ് ഭാര്യയുടെ കരങ്ങൾ ചേർത്തുപിടിച്ച് ഹൃദയവേദനയോടെ പറഞ്ഞു: ‘ഇപ്പോൾ നാം പിരിയുവാൻ നിർബന്ധിതരായിരിക്കുന്നു. എന്നാൽ ദൈവം നമ്മെ കൈവിടുകയില്ല. എന്നെങ്കിലും വീണ്ടും കാണുവാൻ അവിടുന്ന് നമ്മെ അനുവദിക്കും.’ അവർ പിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞു. ഭർത്താവിനെക്കുറിച്ച് ഒരു വിവരവുമില്ല. അദ്ദേഹം മരിച്ചുപോയെന്ന് പലരും പറഞ്ഞു.
ജോലി അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ആ സ്ത്രീ അവിടെയെത്തിയത്. അവിടെ അടുത്തുള്ള ഒരു ധനികഭവനത്തിൽ കുട്ടികളെ പഠിപ്പിക്കുവാൻ ഒരു അധ്യാപികയെ ആവശ്യമുണ്ടെന്നറിഞ്ഞ് ഇന്റർവ്യൂവിന് വന്നതാണ്. പക്ഷേ, അവരുടെ ഇംഗ്ലീഷ് പരി ജ്ഞാനം തൃപ്തികരമല്ലാത്തതിനാൽ ജോലി ലഭിച്ചില്ല. അങ്ങനെ സങ്കടപ്പെട്ട് തിരിച്ചുപോകുവാൻ ബസ് കാത്തുനില്ക്കുകയായിരുന്നു അവർ. അവരുടെ കഥ കേട്ടപ്പോൾ വൈദികൻ സ്‌നേഹപൂർവം പറഞ്ഞു: ”എങ്കിൽ ഈ മേശവിരി നിങ്ങൾത്തന്നെ കൊണ്ടുപോയിക്കൊള്ളൂ.” അവർ പറഞ്ഞു: ”കർത്താവിന് കൊടുത്തത് അവിടെത്തന്നെ ഇരിക്കട്ടെ.” അവർ സന്തോഷത്തോടെ തിരിച്ചുപോയി.
ക്രിസ്മസ് തലേരാത്രിയിൽ പള്ളിയിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇടവകാംഗങ്ങൾ എല്ലാവരും പുതിയ മേശവിരി ശ്രദ്ധിച്ചു. അതിൽ അവിടുത്തെ വാച്ച് നന്നാക്കുന്ന കട നടത്തുന്ന വ്യക്തിയുമുണ്ടായിരുന്നു. വളരെ വർഷങ്ങളായി അവിടെ അദ്ദേഹം താമസിക്കുകയാണ്. അൾത്താരയുടെ പിന്നിലെ മേശവിരി അദ്ദേഹത്തെ പ്രത്യേകമായി ആകർഷിച്ചതിനാൽ തിരുക്കർമങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്തുചെന്ന് അത് പരിശോധിച്ചു. സംശയനിവൃത്തിക്കായി മറിച്ചുനോക്കിയപ്പോൾ തന്റെ ഭാര്യയുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ അവിടെ എഴുതിയിരിക്കുന്നു. അദ്ദേഹം അത്യധികം ആഹ്ലാദത്തോടെ പറഞ്ഞു: ”ഇത് എന്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന മേശവിരിയാണ്. മെത്രാനച്ചനെപ്പോലെയുള്ള വിശിഷ്ടാതിഥികൾ വരുമ്പോൾ മാത്രമാണ് എന്റെ പ്രിയപ്പെട്ട ഭാര്യ ഇത് ഉപയോഗിച്ചിരുന്നത്.” ഇതുകേട്ട വൈദികൻ അത്ഭുതത്തോടെ പറഞ്ഞു: ”താങ്കളുടെ ഭാര്യ ഏതാനും മണിക്കൂറുകൾക്കുമുൻപ് ഇവിടെ വന്നിരുന്നു.” തന്റെ ഭാര്യയെ കണ്ടെത്തുവാൻ ആ മനുഷ്യൻ വൈദികന്റെ സഹായം തേടി. അവർ ഇന്റർവ്യൂവിന് ചെന്ന ഭവനവുമായി ബന്ധപ്പെട്ട് അവരുടെ ഫോൺനമ്പർ വാങ്ങി. ക്രിസ്മസ് പ്രഭാതം പൊട്ടിവിടർന്നത് മനോഹരമായ അവരുടെ സമാഗമത്തോടെയായിരുന്നു.

പുതുഗാനം ആലപിക്കുവാൻ
ഈ സംഭവകഥ അവിശ്വസനീയമായി നിങ്ങൾക്ക് തോന്നാം. പക്ഷേ, ദൈവം എപ്പോഴും പ്രവർത്തിക്കുന്നത് നമുക്ക് മനസിലാക്കുവാൻ പറ്റാത്ത വിധത്തിലാണ്. അൾത്താരയുടെ പിന്നിലെ ഭിത്തി എന്തുകൊണ്ട് മഴയത്ത് തകർന്നുവീണു? ദൈവത്തിന് സ്വന്തം ആലയത്തെപ്പോലും സംരക്ഷിക്കുവാൻ സാധിക്കുകയില്ലേ? നമ്മളാണെങ്കിൽ ഇങ്ങനെയൊക്കെ ചിന്തിക്കും. കാരണം, നാം ഹ്രസ്വദൃഷ്ടിയുള്ളവരാണ്. ഇപ്പോഴത്തെ സംഭവങ്ങൾ മാത്രമേ നമ്മുടെ കണ്ണിൽപ്പെടുന്നുള്ളൂ. എന്നാൽ ഈ പ്രപഞ്ചത്തെയും അതിലെ സകല നിവാസികളുടെയും ഏറ്റവും നിസാരമായ കാര്യങ്ങളിൽപ്പോലും ശ്രദ്ധിക്കുന്ന ആ സ്‌നേഹപിതാവിന്റെ കൈയിൽ വളരെ വിശാലമായ ഒരു ബ്ലൂപ്രിന്റ് ഉണ്ടെന്ന് പലപ്പോഴും നാം ഓർക്കാറില്ല. അവിടുന്ന് ഓരോ കാര്യങ്ങളും അനുവദിക്കുന്നത് അതനുസരിച്ചാണ്. അത് തിരിച്ചറിയാത്തതുകൊണ്ട് ഇപ്പോൾ നാം അസ്വസ്ഥരും അക്ഷമരും ആകുന്നു.

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില ദുഃഖാനുഭവങ്ങളുടെ അർത്ഥവും മൂല്യവും മനസിലാക്കണമെങ്കിൽ വർഷങ്ങൾ കഴിയണം. അതിനാൽ കരണീയമായിട്ടുള്ളത് എല്ലാം അറിയുന്ന അവിടുത്തെ കരങ്ങളിൽ നമ്മെത്തന്നെ, നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും, വിശ്വസിച്ച് ഏല്പിക്കുകയെന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ സ്വർഗം നല്കുന്ന ഒരു വലിയ സമാധാനം, ശാന്തത നമ്മുടെ ഹൃദയങ്ങളിൽ നിറയും.

പല കാര്യങ്ങളും നമ്മുടെ പരിധിക്കും നിയന്ത്രണത്തിനും അപ്പുറത്താണെന്ന് നാം തിരിച്ചറിയുന്ന നിമിഷങ്ങളുണ്ട്. എങ്കിൽ എല്ലാ കാര്യങ്ങളും ആ അനന്തജ്ഞാനത്തിന്റെ തീർപ്പിനായി പൂർണമായും സമർപ്പിക്കുന്നതാണ് കൂടുതൽ ബുദ്ധിപൂർവമായ കാര്യം. ഇതിന് ഒരു ശിശുവിന്റെ മനോഭാവം ആവശ്യമാണല്ലോ. പ്രായപൂർത്തിയായ ഒരു മനുഷ്യന് ഇത് അസാധ്യമല്ലെന്ന് വിശുദ്ധരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സങ്കീർത്തകൻ ഇപ്രകാരമാണ് ആ അവസ്ഥയെ വിവരിക്കുന്നത്: ”മാതാവിന്റെ മടിയിൽ ശാന്തനായി കിടക്കുന്ന ശിശുവിനെപ്പോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി. ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്” (സങ്കീ. 131:2).

തികച്ചും ദുർബലമായ ഒരു അവസ്ഥയാണിതെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് തോന്നാം. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ ഈ ശിശുവിന്റെ മനോഭാവത്തോടെ ദൈവത്തിൽ പൂർണമായും ശരണപ്പെടുന്ന ഒരു വ്യക്തിയാണ്. ”കർത്താവിൽ ആശ്രയിക്കുന്നവർ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോൻ പർവതംപോലെയാണ്” (സങ്കീ. 125:1). ജീവിതത്തിലെ വലിയ കൊടുങ്കാറ്റുകളെ തെല്ലും കൂസാതെ തലയുയർത്തി നില്ക്കുന്ന സീയോൻ പർവതം പോലെയാണ് ഒരു ദൈവഭക്തൻ. അവൻ അചഞ്ചലനായി നിലകൊള്ളുന്നത് അവൻ ആശ്രയിക്കുന്ന ദൈവം തക്കസമയത്ത് അവന്റെ ജീവിതത്തിൽ ഇടപെടും എന്ന ഉറപ്പുള്ളതുകൊണ്ടാണ്. നാസിഭീകരത അറുത്ത് മുറിച്ചുകളഞ്ഞ ദാമ്പത്യത്തിന്റെ കണ്ണികളെ അതിശയകരമായി കൂട്ടിച്ചേർത്ത ദൈവം ഇന്നും ജീവിക്കുന്നു. അവിടുന്ന് നിങ്ങൾക്കായി തീർച്ചയായും ഇന്ന് ഇടപെടുകതന്നെ ചെയ്യും. ”എനിക്കെതിരെ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയപ്പെടുകയില്ല” എന്ന് സങ്കീർത്തകനോടൊപ്പം പാടാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

എന്റെ കർത്താവും സ്‌നേഹപിതാവുമായ ദൈവമേ, അങ്ങയുടെ ശക്തമായ കരങ്ങളാണ് എന്റെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുകയും ഇപ്പോൾ ഏറ്റുപറയുകയും ചെയ്യുന്നു. ഈ സത്യം മറന്നുപോകുമ്പോഴൊക്കെ ഞാൻ ഭയപ്പെട്ടുപോകുന്നു. ഓ, കർത്താവേ, അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ എന്നിലേക്ക് ഇപ്പോൾ അയക്കണമേ. ശിശുസഹജമായ ഒരു മനോഭാവം എന്നിൽ രൂപപ്പെടുത്തിയാലും. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുമ്പോഴാണ് ഞാൻ നിർഭയനായ ഒരു ദൈവമകനായി രൂപാന്തരപ്പെടുന്നതെന്ന് ഞാൻ അറിയുന്നു. എന്നെ ശക്തിപ്പെടുത്തുകയും നവമായി ഇപ്പോൾ അഭിഷേകം ചെയ്യുകയും ചെയ്യണമേ. ആനന്ദത്തിന്റെ ഒരു പുതുഗാനം ആലപിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കണമേ, ആമ്മേൻ.

പ്രൊഫ. കെ.ജെ.മാത്യു

Leave a Reply

Your email address will not be published. Required fields are marked *