”വെറുംകൈയോടെ എങ്ങനെയാ വിടുന്നത് !”

ഒരു കരച്ചിൽ കേട്ടാണ് കന്യാസ്ത്രീകൾ ഓടിവന്നത്. നടക്കാൻ വയ്യാതെ കിടന്ന സിസ്റ്റർ അൽഫോൻസ നിരങ്ങി നിരങ്ങി വരാന്തയിലെത്തിയിരിക്കുന്നു. അവളുടെ ദേഹമാകെ വിറയ്ക്കുന്നുണ്ട്.
ഒരു ഭാഗത്തേക്ക് കൈചൂണ്ടി പേടിച്ചരണ്ട് അവൾ പറഞ്ഞു.
” കള്ളൻ, കള്ളൻ! ”
അവർ വിചാരിച്ചു അൽഫോൻസ സ്വപ്നം കണ്ടതാണെന്ന്. എന്നാൽ വരാന്തയിൽ കിടക്കുന്ന പെട്ടിയും കുടയും കണ്ടപ്പോൾ മോഷണശ്രമം നടന്നിട്ടുണ്ടെന്ന് മനസിലായി. അൽഫോൻസ പേടിച്ചുകരഞ്ഞപ്പോൾ കള്ളൻ സാധനങ്ങളുപേക്ഷച്ച് ഓടിപ്പോയതാണ്. നാടാകെ ദാരിദ്ര്യം നടമാടുന്ന യുദ്ധകാലമായിരുന്നു അത്.
കടുത്ത രോഗാവസ്ഥയിലായിരുന്ന അൽഫോൻസയെ, ഈ സംഭവത്തിൽനിന്നുണ്ടായ ഭയം ശാരീരികമായും മാനസികമായും ഉലച്ചുകളഞ്ഞു. സുബോധം നഷ്ടപ്പെട്ടു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൾ മാനസികമായി പൂർണ ആരോഗ്യവതിയായി. ഈ സമയത്ത്, രോഗാവസ്ഥയിൽ അവൾക്ക് കൂട്ടിരുന്ന ഒരു സഹസന്യാസിനി ഇങ്ങനെ പങ്കുവച്ചു.
ഒരു ദിവസം അൽഫോൻസ വിളിച്ചുപറഞ്ഞുവത്രേ:
”കളളാ, നീ വേഗം ഓടിപ്പൊയ്‌ക്കൊള്ളുക. ആ കുടയും പെട്ടിയുംകൂടെ എടുത്തുകൊള്ളുക. അല്ലെങ്കിൽ ഇവിടെയുളളവർ ഇപ്പോൾ വരും. അവർ കണ്ടാൽ പിന്നെ നിനക്ക് ഒന്നും തന്നുവിടുകയില്ല. നിനക്കു വേണമെങ്കിൽ ഈ പുതപ്പുകൂടി തന്നേക്കാം. ഓ, ഇതു നിനക്കു പുതയ്ക്കാൻ കൊള്ളുകയില്ല. തീരെ കനം കുറഞ്ഞതാണ്. നല്ലത് എന്റെ പെട്ടിയിലിരിപ്പുണ്ട്. പെട്ടിയുടെ അടിയിൽ ഇരിക്കുന്ന കനമുളള പുതപ്പും വേണമെങ്കിൽ എടുത്തുകൊള്ളുക. എനിക്ക് എഴുന്നേറ്റ് എടുക്കാൻ പറ്റുകയില്ലല്ലോ”
പിന്നെ സ്വയം പറഞ്ഞു:
”പാവമല്ലേ, വെറുംകൈയോടെ എങ്ങനെയാ വിടുന്നത്!”

(വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽനിന്ന്…)

Leave a Reply

Your email address will not be published. Required fields are marked *