പുതിയ ലഹരി

ഹെറോയ്ൻ, കൊക്കെയ്ൻ, ഓപിയം, മാരിജുവാന…. ലഹരിമരുന്നുകളുടെ പേരുകൾ പഠിപ്പിക്കുകയല്ല, പതിനെട്ടു വയസിനുള്ളിൽ ഡൊണാൾഡ് ഉപയോഗിച്ചിരുന്ന മയക്കുമരുന്നുകളാണിവ. ഇവയിൽ പലതിനും അവൻ പതിനാലുവയസിനുള്ളിൽ തന്നെ അടിമയായിരുന്നു എന്നു പറയുമ്പോൾ അതിന്റെ ഭീകരത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഫാ. ഡൊണാൾഡ് എന്ന മരിയ ഭക്തന്റെ ജീവിതകഥ ആരംഭിക്കാൻ ഇതിലും പറ്റിയ വാക്കുകൾ ഇല്ലതന്നെ.
യുവത്വത്തിന്റെ പ്രസരിപ്പിൽ പ്രലോഭനങ്ങൾക്ക് വശംവദനായി ജീവിച്ച നാളുകൾ. ശരീരത്തിന്റെ ആഗ്രഹങ്ങളെ പിഞ്ചെന്ന് അവൻ ചെയ്യാത്ത കാര്യങ്ങളൊന്നുംതന്നെയില്ലായിരുന്നു എന്നു പറയാം. വഴിവിട്ട ബന്ധങ്ങൾ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, മോഷണം, നൈറ്റ് പാർട്ടികൾ, എല്ലാത്തരത്തിലുമുള്ള മയക്കുമരുന്നുകൾ, മനസിനെ ഉന്മത്തമാക്കുന്ന പൈശാചികമായ സംഗീതാസ്വാദനം… എല്ലാറ്റിന്റെയും ഓർമയ്‌ക്കെന്നവണ്ണം കൈത്തണ്ടയിലെ ‘ഗ്രേറ്റ് ഡെഡ് റ്റാറ്റൂ’ മാത്രം മാഞ്ഞില്ല.

മിഷിഗണിലെ ഡെർബണിൽ 1972 ജൂൺ 29-നാണ് ഡൊണാൾഡ് ജനിച്ചത്. മാതാപിതാക്കൾക്ക് അവൻ എന്നും പ്രശ്‌നക്കാരനായിരുന്നു. കുറച്ചുകാലം ജപ്പാനിലെ മിലിട്ടറി ക്യാംപിനടുത്തായിരുന്നു അവർ താമസിച്ചിരുന്നത്. അവന്റെ രണ്ടാനച്ഛൻ ഒരു മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അത് അധികകാലം തുടർന്നില്ല. മോശപ്പെട്ട ചങ്ങാത്തം വലിയ കുറ്റകൃത്യങ്ങളിലേക്ക് അവനെ നയിച്ചു. ഒരിക്കൽ വലിയൊരു മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട ഡൊണാൾഡ് നാടുകടത്തപ്പെട്ടു.
മാതാപിതാക്കൾ പലതവണ റീഹാബിലിറ്റേഷൻ സെന്ററുകളിൽ കൊണ്ടുപോയെങ്കിലും അവന്റെ സ്വഭാവത്തിന് മാറ്റമൊന്നും വന്നില്ല. അവനുവേണ്ടി പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ലായിരുന്നു അവരുടെ ജീവിതത്തിൽ. ഡൊണാൾഡിന് ഒരു ഇളയ സഹോദരനുണ്ടായിരുന്നു, മാത്യു. ഡൊണാൾഡിനെക്കാൾ പത്തുവയസിന് ഇളപ്പമായിരുന്നു അവൻ. ഡൊണാൾഡിനെ വീടിനോട് ബന്ധിപ്പിച്ചിരുന്നത് മാത്യുവിന്റെ സാന്നിധ്യമായിരുന്നു. എന്നാൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതോടെ അവനോടൊപ്പം സമയം ചെലവഴിക്കാൻ ഡൊണാൾഡിന് കഴിയാതായി. പലപ്പോഴും അനുജന്റെ സാന്നിധ്യം അവനിൽ അസ്വസ്ഥതയുളവാക്കി. അവനോടൊപ്പം ആയിരിക്കുന്നതിനെക്കാൾ കൂടുതൽ സമയം ഡൊണാൾഡ് തന്റെ ഗാങ്ങിനോടൊപ്പമായിരുന്നു. ഒരു ചേട്ടനെപ്പോലെ തന്റെ അനിയനുമായി ഇടപഴകാൻ കഴിയാത്തതിലുള്ള കുറ്റബോധം പലപ്പോഴും ഡൊണാൾഡിനെ വേട്ടയാടിയിരുന്നു.

ജപ്പാനിൽനിന്ന് തിരികെയെത്തിയ ശേഷം പെൻസിൽവാനിയയിലുള്ള ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ അവനെ കൊണ്ടുപോയെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ല. വർഷങ്ങളായുള്ള ലഹരിമരുന്നുപയോഗം അവനെ അതിനടിമയാക്കിയിരുന്നു. ഒരുവേള മടങ്ങിവരാൻ പറ്റാത്തവിധം അത്രമാത്രം ലഹരിക്കടിമയായിരുന്നു എന്നുവേണം പറയാൻ. ലഹരിമരുന്നുപയോഗം മറ്റ് കുറ്റകൃത്യങ്ങളിലേക്കും അവനെ നയിച്ചു. തെറ്റായ ബന്ധങ്ങളും മോഷണവും കൂടിവന്നു. വിഷം നിറച്ച ഗുഹയിൽ ഒറ്റപ്പെട്ടുപോയവന്റെ അവസ്ഥയെന്നാണ് ആ നാളുകളെപ്പറ്റി ഡൊണാൾഡ് ഓർക്കുന്നത്.

മയക്കുമരുന്ന് കച്ചവടം നടത്തുന്ന കെട്ടിടത്തിൽ അല്പം ലഹരിമരുന്നിനുവേണ്ടി മുട്ടിൽ ഇഴഞ്ഞു നടന്നത് ഡൊണാൾഡ് ഓർമിക്കുന്നു. തറയിൽ വീണു കിടക്കുന്ന മയക്കുമരുന്നിന്റെ പൊടിയെങ്കിലും ഉപയോഗിക്കാൻ വേണ്ടിയായിരുന്നു അത്. അത്രമാത്രം അത് അവനെ അടിമയാക്കിയിരുന്നു. പാറ്റകളും പുഴുക്കളും അഴുക്കു നിറഞ്ഞ പാത്രങ്ങളും കൊണ്ട് ആകെ വൃത്തികേടായ ആ മുറിയിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൻ പരതി നടന്നു. അപ്പുറത്തെ മുറിയിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ അവന് കേൾക്കാമായിരുന്നു. ആ കുഞ്ഞിന്റെ അമ്മയും അവനോടൊപ്പം മയക്കുമരുന്ന് അന്വേഷിക്കുകയായിരുന്നു. എന്തെങ്കിലും വെളുത്ത പൊടി കണ്ടാൽ അതെടുത്ത് അവർ വലിക്കും; അത് എന്തായിരുന്നാൽ തന്നെയും!

കല്ലിനുള്ളിലെ ശില്പം കണ്ടെത്തുന്നൊരമ്മ
ഇത്രമാത്രം അധഃപതിച്ച, ആസക്തികൾ നിറഞ്ഞ, മയക്കുമരുന്നിനടിമയായ ആ യുവാവിൽ ക്രിസ്തു കണ്ടെത്തിയത് ഒരു സമർപ്പിത വൈദികനെയായിരുന്നു. നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമാകാൻ ദൈവം അവനെ തിരഞ്ഞെടുത്തു. ‘പന്നിക്കുഴിയിൽ നിന്നും’ അവനെ കണ്ടെടുത്തത് യഥാർത്ഥത്തിൽ പരിശുദ്ധ അമ്മയാണ്. ഇതെല്ലാം സംഭവിച്ചത് ഈ ആധുനിക കാലഘട്ടത്തിലാണ് എന്നത് നമ്മെ വീണ്ടും അത്ഭുതപ്പെടുത്തും.

1992-ലെ മാർച്ച് മാസത്തിലെ ഒരു സായാഹ്നം. അന്നാണ് ഡൊണാൾഡിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. സുഹൃത്തുക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡൊണാൾഡ് അന്ന് പാർട്ടിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു. ആ രാത്രിയിൽ വീട്ടിൽ തന്നെ കഴിയാൻ തീരുമാനിച്ചതിന്റെ കാരണമെന്തെന്ന് ഡൊണാൾഡിന് ഇന്നും അറിയില്ല. ഒരുതരം മന്ദത അവനെ ബാധിച്ചിരുന്നു. വല്ലാത്തൊരു ശൂന്യതാബോധം അവനെ ഭരിച്ചിരുന്നു. പക്ഷേ അതെല്ലാം തനിക്കു സംഭവിക്കാനിരിക്കുന്ന ദൈവാനുഭവത്തിന്റെ മുന്നോടിയായിരുന്നുവെന്ന് അവന് മനസിലായില്ല.

”ആരുടെയും ശല്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ മുറിയിൽ ഒറ്റയ്ക്ക് ഞാനിരുന്നു. നിരാശത എന്നെ കീഴടക്കിയിരുന്നു. ജീവിതത്തിന് ഒരു അർത്ഥവുമില്ല. എല്ലാം അവസാനിപ്പിക്കാറായെന്ന തോന്നൽ. എന്റെ ജീവിതത്തെ ഞാൻ വെറുത്തു… പലതരത്തിലുള്ള ചിന്തകൾ എന്നിലൂടെ കടന്നുപോയി…”

എത്രനേരം അങ്ങനെയിരുന്നു എന്ന് അവനറിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ നേരമ്പോക്കിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവന് തോന്നി. മാതാപിതാക്കളുടെ ഷെൽഫിൽനിന്നും ഒരു പുസ്തകമെടുക്കാൻ നോക്കിയെങ്കിലും ഒന്നിലും അവന് താല്പര്യം തോന്നിയില്ല. വായിക്കാൻ താല്പര്യമില്ലാതിരുന്നതുകൊണ്ട് വെറുതെ ചിത്രങ്ങൾ നോക്കാമെന്നു കരുതി അത്തരമൊരു പുസ്തകത്തിനായി അവൻ പരതി. അപ്പോഴാണ് കട്ടിയുള്ള പുറംചട്ടയോടുകൂടിയ ഒരു പുസ്തകം അവന്റെ ശ്രദ്ധയിൽ പെട്ടത്. പരിശുദ്ധ അമ്മ മെഡ്ജുഗോറിയയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങളും വിശദാശംങ്ങളും അടങ്ങിയ പുസ്തകമായിരുന്നു അത്.
”ആ പുസ്തകത്തിൽ വിവരിച്ചിരുന്ന കാര്യങ്ങൾ ഞാൻ മുമ്പ് കേട്ടവ ആയിരുന്നില്ല. അതെപ്പറ്റി യാതൊരു ഊഹവും എനിക്കില്ലായിരുന്നു. എങ്കിലും ആ പുസ്തകം എന്റെ കൈയിൽ വന്നത് തികച്ചും യാദൃച്ഛികമാണെന്ന് എനിക്കു തോന്നിയില്ല. കാരണം, അതിലെ സന്ദേശങ്ങൾ എന്റെ ജീവിതത്തിന് ഒരു മാറ്റം ആവശ്യമാണെന്ന് എന്നോടു പറയുന്നതുപോലെ എനിക്കു തോന്നി. ലോകത്തിനും ലോകമോഹങ്ങൾക്കും അടിയറവെച്ച എന്റെ ജീവിതം കുറെക്കൂടി നല്ലവയ്ക്കുവേണ്ടി അടിയറവെയ്ക്കാനൊരു ഓർമപ്പെടുത്തൽ – ദൈവത്തിൽ വിശ്വസിക്കുക. വ്യത്യസ്തനായിരിക്കുക. മെല്ലെ എന്റെ ചിന്തകൾക്ക് പരിവർത്തനം വന്നുതുടങ്ങി… ഒരുപക്ഷേ, ഇതായിരിക്കുമോ ഞാനാഗ്രഹിച്ചിരുന്നത്?”

രാത്രി മുഴുവൻ അവൻ ആ പുസ്തകം വായിച്ചു. വായിക്കുന്തോറും ഉള്ളിലെ അസ്വസ്ഥതകൾ മെല്ലെ മാറുന്നതായി അവന് അനുഭവപ്പെട്ടു. കഴിഞ്ഞകാല ജീവിതത്തിലൂടെ ഉള്ളിൽ അടിഞ്ഞുകൂടിയ നിരാശത അലിഞ്ഞലിഞ്ഞില്ലാതാകുന്നപോലെ… മെഡ്ജുഗോറിയയിലെ പ്രത്യക്ഷീകരണത്തിലൂടെ മാതാവ് നല്കിയ സന്ദേശങ്ങൾ അവന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ഒരു മാറ്റം ആവശ്യമാണെന്ന് അവന് തോന്നിത്തുടങ്ങി. പ്രാർത്ഥിക്കണം… ദൈവവുമായുള്ള ബന്ധത്തിൽ വളരണം… ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരിക്കൽപോലും ഉണ്ടായിട്ടില്ലാത്തത്ര ശക്തമായിരുന്നു ആ തോന്നൽ.

”പരിശുദ്ധ അമ്മയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ എന്നെ വശീകരിക്കുകയായിരുന്നു. കുട്ടിക്കാലത്ത് എന്റെ അമ്മയോട് ചേർന്നിരുന്ന് കളിപറഞ്ഞുല്ലസിച്ച അനുഭവം അത് എന്നിലുളവാക്കി. പ്രായമായപ്പോൾ അമ്മയെയും വീട്ടുകാരെയും മറന്നുള്ള ജീവിതമായിരുന്നല്ലോ എന്റേത്. ഇപ്പോഴിതാ, പരിശുദ്ധ അമ്മ എന്റെ അമ്മയായിരിക്കുന്നു. എന്റെ മാത്രമല്ല, എന്നെപ്പോലെ വഴിതെറ്റിയ അനേകർക്ക് അവൾ അമ്മയാണ്; യഥാർത്ഥ വഴിയായ ക്രിസ്തുവിലേക്ക് നയിക്കുന്ന അമ്മ. ‘അവൻ പറയുന്നതു ചെയ്യുക’ എന്നു പറഞ്ഞ് നിത്യരക്ഷയായ ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചു തരുന്ന അമ്മ. പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം മെല്ലെ എന്റെ ഹൃദയത്തിൽ നിറയുന്നത് ഞാനറിഞ്ഞു…”

പരിശുദ്ധ അമ്മയിലൂടെ വിശുദ്ധിയുടെ പ്രകാശരശ്മികൾ അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതത്തിലെ ഇരുട്ട് മാറുന്നത് അവൻ അറിഞ്ഞു. ഉള്ളിൽ നിന്നും നേരിയ പ്രാർത്ഥനയുടെ സ്വരം ഉയർന്നു… ‘അമ്മേ, ഞാൻ വിശ്വസിക്കുന്നു… എന്റെ ജീവിതത്തിലേക്ക് പ്രത്യാശയുടെ കിരണമായി കടന്നു വന്ന അമ്മേ, ഇതുവരെയും ഞാനനുഭവിച്ചിട്ടില്ലാത്ത ആനന്ദത്തിലേക്ക് എന്നെ നയിച്ച അമ്മേ, എനിക്ക് അമ്മയെ വേണം…’ വായന തുടരുന്തോറും ആഗ്രഹവും ഏറിവന്നു. അത് ആഴമായ മാനസാന്തരത്തിലേക്ക് അവനെ നയിച്ചു. മരണത്തിന്റെ ഇരുളിൽനിന്ന് പ്രകാശത്തിലേക്കുള്ള ജനനം അവനിൽ നടക്കുകയായിരുന്നു.

വായനയും പ്രാർത്ഥനയുമായി രാത്രി കടന്നുപോയി. ഡൊണാൾഡിന്റെ ജീവിതത്തിൽ പരിശുദ്ധ അമ്മ നല്കിയ പ്രകാശരശ്മിപോലെ പ്രഭാതം കടന്നുവന്നു. ജീവിതം അടിമുടി മാറ്റിയ പുസ്തകവും കൈയിൽ പിടിച്ച് ഡൊണാൾഡ് എഴുന്നേറ്റു. തന്റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായിരുന്ന കാര്യങ്ങൾ, തനിക്കുവേണ്ടി മാത്രം ആ പുസ്തകത്തിൽ എഴുതപ്പെട്ടതുപോലെ അവന് തോന്നി. തനിക്കുവേണ്ടി മാത്രമാണ് പരിശുദ്ധ അമ്മ മെഡ്ജുഗോറിയയിൽ പ്രത്യക്ഷപ്പെട്ടതെന്നുപോലും അവൻ വിശ്വസിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല. അവൻ അടുത്തുള്ള ദേവാലയത്തിലേക്ക് ഓടി; ജീവിതത്തിലാദ്യമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ!
വിശുദ്ധ ബലിക്കുശേഷം തനിക്കുണ്ടായ അനുഭവങ്ങൾ ഡൊണാൾഡ് വൈദികനുമായി പങ്കുവച്ചു. കഴിഞ്ഞകാല ജീവിതം ആ വൈദികന്റെ മുമ്പിൽ നിരത്തിവച്ചു. തിരികെ വീട്ടിലെത്തിയ ഡൊണാൾഡ് തീർത്തും പുതിയൊരു മനുഷ്യനായിരുന്നു. തന്റെ കഴിഞ്ഞകാല ജീവിതം അടിമപ്പെടുത്തിയ വൃത്തികെട്ട വസ്തുക്കൾ വീട്ടിൽനിന്നും (ജീവിതത്തിൽനിന്നും) ഒഴിവാക്കുകയാണ് അവൻ ആദ്യം ചെയ്തത്. മയക്കുമരുന്നുകൾ, അശ്ലീല മാസികകൾ, റോക്ക് മ്യൂസിക് കളക്ഷനുകൾ, ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ… എല്ലാം കൂടി ആറ് വലിയ ബാഗുകളിൽ അവൻ നിറച്ചു!

‘ഡോണീ, എനിക്ക് വളരെ സന്തോഷമായി…’
എല്ലാം വൃത്തിയാക്കി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ശാന്തത അവന് അനുഭവപ്പെട്ടു. പ്രാർത്ഥിക്കണമെന്ന് ശക്തമായ ആഗ്രഹം അവന്റെയുള്ളിലുണ്ടായി. അവൻ ആ മുറിയിൽ മുട്ടുകുത്തി. പക്ഷേ, എങ്ങനെ പ്രാർത്ഥിക്കണമെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. കഴിഞ്ഞ രാത്രിയിൽ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ഉള്ളിൽ നിന്നുയർന്ന പ്രാർത്ഥനയെക്കുറിച്ച് അവനോർത്തു. മുമ്പൊരിക്കൽപോലും പ്രാർത്ഥനയുടേതായ ഒരു വാക്കുപോലും താൻ ഉച്ചരിച്ചിട്ടില്ലെന്ന് അവൻ തിരിച്ചറിഞ്ഞു.

അവൻ കരയാൻ തുടങ്ങി. ശ്വാസമെടുക്കാൻ പോലും കഴിയാത്ത വിധത്തിൽ കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു… അവൻ കണ്ണീരിൽ കുതിർന്നു… എത്രനേരം അങ്ങനെ കരഞ്ഞുവെന്ന് അവനറിയില്ല.. ഹൃദയമുരുകിയുള്ള കരച്ചിലിനൊടുവിൽ എന്തെന്നില്ലാത്ത സമാധാനം ഉള്ളിൽ നിറയുന്നത് അവന് അനുഭവപ്പെട്ടു… പറഞ്ഞറിയിക്കാനാവാത്ത ശാന്തത… എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അവനത്ഭുതപ്പെട്ടു. ശരീരത്തിലൂടെ എന്തോ തരിപ്പ് കടന്നുപോകുന്നു… ക്രിസ്തുവിന്റെ കരങ്ങൾ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നതുപോലെ അവന് തോന്നി. പിതാവിന്റെ കരങ്ങളിൽ ചേർന്നിരിക്കുന്ന കുഞ്ഞിനെപ്പോലെ അവൻ ശാന്തനായി…
”വിവരിക്കാനാവാത്ത അനുഭൂതിയിലേക്ക് ഞാൻ വഴുതിവീണു. മരണത്തിലൂടെ കടന്നുപോയ അനേകരുടെ അനുഭവം പോലെയായിരുന്നു അത്. ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ട അവസ്ഥ. ശരീരത്തിൽനിന്നും പുറത്തുകടന്നത് ഞാൻ അറിഞ്ഞു. സംഭ്രമജനകമായ അനുഭൂതിയുടെ പാരവശ്യം എന്നെ തളർത്തി. ശരീരത്തിൽനിന്നും വളരെ അകലെ ഞാൻ എത്തി. ആത്മാവിന്റെ സാന്നിധ്യം ഏതാണ്ട് പൂർണമായും ശരീരത്തിൽനിന്നും വിടാറായ നിമിഷം സർവശക്തിയോടും കൂടെ ഞാൻ വിളിച്ചു.. ‘അമ്മേ… മാതാവേ…!’ പെട്ടന്ന് ഞാൻ പൂർവസ്ഥിതിയിലായി…” അന്നത്തെ അനുഭവത്തെക്കുറിച്ച് ഡൊണാൾഡ് ഓർമിക്കുന്നു.

കണ്ണീരിൽ കുതിർന്ന് മുട്ടിന്മേൽ നില്ക്കുകയാണ് ഡൊണാൾഡ്. ഹൃദയത്തിൽ നിറയുന്ന ശാന്തതയിൽ അവൻ ഒരു സ്വരം തിരിച്ചറിഞ്ഞു. പുറമേനിന്നാണോ, ഉള്ളിൽ നിന്നാണോ അതോ അശരീരിയാണോ എന്നൊന്നും അവന് വ്യക്തമായില്ല. എന്തായാലും സ്വരം വ്യക്തമായി കേട്ടു… ‘ഡോണീ, എനിക്ക് വളരെ സന്തോഷമായി…’ അവന്റെ അമ്മയൊഴികെ ആരും അവനെ ഡോണി എന്ന് വിളിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ അവന് മനസിലായി. ഇത് പരിശുദ്ധ അമ്മയാണ്! അമ്മയുടെ മാറിൽ ചേർന്നിരിക്കുന്ന കുഞ്ഞാണ് താനെന്ന് അവന് തോന്നി. ചെറുപ്പത്തിൽ അമ്മയോട് ചേർന്നിരുന്ന് ഉറങ്ങിയതുപോലെ ശാന്തമായി അവനുറങ്ങി..
അതിശക്തമായ ഈ ആത്മീയാനുഭവത്തിനുശേഷം ഡൊണാൾഡ് കത്തോലിക്കാ സഭയിൽ ചേർന്നു. ഒരു വൈദികനാകണമെന്ന് ഇതിനകം അവൻ തീരുമാനിച്ചിരുന്നു. വെറുമൊരു വൈദികനല്ല, ഒരു മരിയൻ വൈദികനാകണം. പരിശുദ്ധ അമ്മയുടെയും ദൈവകരുണയുടെയും വക്താക്കളായ അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള കോൺഗ്രിഗേഷനിൽ ചേരാനായിരുന്നു അവന് താല്പര്യം. കാരണം, പരിശുദ്ധ അമ്മ വഴി ദൈവത്തിന്റെ അളവില്ലാത്ത കരുണ തന്റെ ജീവിതത്തിൽ ചൊരിയപ്പെട്ടുവെന്ന് അവൻ വിശ്വസിച്ചു.

ഒരു വൈദികനാകണമെങ്കിൽ മുടങ്ങിപ്പോയ തന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കണമെന്ന് അവന് അറിയാമായിരുന്നു. വൈകിയ വേളയിലും ആഗ്രഹനിവർത്തിക്കായി അവൻ പഠനം ആരംഭിച്ചു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. എങ്കിലും, അവന്റെ ഇച്ഛാശക്തിയുടെയും കഠിന പരിശ്രമത്തിന്റെയും മുന്നിൽ എല്ലാം കീഴടങ്ങി.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അധികാരികൾ ഡൊണാൾഡിനെ ഉന്നതവിദ്യാഭ്യാസത്തിനയച്ചു. ചിട്ടയായ പഠനത്തിലൂടെ, കഠിനാധ്വാനത്തിലൂടെ കത്തോലിക്കാ സഭയിലെ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായി ഡൊണാൾഡ് വളർന്നു. ഇതിനിടയിൽ തന്റെ പഠനങ്ങൾ ഉൾപ്പെടുത്തി പരിശുദ്ധ അമ്മയെക്കുറിച്ച് പുസ്തകവും പ്രസിദ്ധീകരിച്ചു.

മയക്കുമരുന്നിനടിമ… ക്രിമിനൽ പശ്ചാത്തലം… ജയിൽ വാസം… സ്‌കൂളിൽനിന്നും നാട്ടിൽനിന്നും പുറത്താക്കപ്പെട്ടവൻ… ഡൊണാൾഡ് മരിയ ഭക്തനായ വൈദികനായി അഭിഷിക്തനായി.

കർത്താവിന്റെ അളവില്ലാത്ത കരുണയുടെ ഉത്തമോദാഹരണമാണ് ഫാ. ഡൊണാൾഡിന്റെ ജീവിതം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം ഒരു വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഡൊണാൾഡിന്റെ ജീവിതം വ്യക്തമാക്കുന്നു. എത്രമാത്രം പാപത്തിന്റെ ഇരുളിൽ ആഴ്ന്നു കിടക്കുന്നവർക്കും യഥാർത്ഥ വെളിച്ചത്തിലേക്ക് വരാൻ കഴിയുമെന്നും ലോകത്തിന്റേതായ എല്ലാ മായിക വലയങ്ങൾക്കും അടിമപ്പെട്ടാലും നിത്യജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെന്നും ഫാ. ഡൊണാൾഡ് നമ്മെ ഓർമിപ്പിക്കുന്നു.

ജേക്കബ് മാത്യു

Leave a Reply

Your email address will not be published. Required fields are marked *