ഡാർജിലിങ്ങിൽനിന്ന് കൊൽക്കത്തയിലേക്കായിരുന്നു ആ ട്രെയിൻയാത്ര. എനിക്കും ഭർത്താവിനും താഴെയുള്ള ബർത്തും കുട്ടികൾക്ക് രണ്ടുപേർക്കും മുകൾ ബർത്തുമായിരുന്നു ലഭിച്ചത്.
ട്രെയിനിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നത് ഒരു കൊച്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലാണ്. ഞങ്ങൾ ഇരിക്കുന്നതിന് അപ്പുറമാണെങ്കിലും എനിക്ക് കുട്ടിയുടെ കരച്ചിൽ കേട്ടിട്ട് വിഷമമായി. ഏതാണ്ട് ഒന്നരവയസ് പ്രായമുള്ള കുട്ടിയുടെ കരച്ചിലടക്കാൻ മാതാപിതാക്കൾ ഒരുപാടു ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. രാത്രിയായതുകൊണ്ട് എല്ലാവരും കിടക്കാൻ തയാറെടുക്കുകയാണ്. അല്പസമയം കഴിഞ്ഞ് ആ ചെറുപ്പക്കാരൻ വന്ന് ഭർത്താവിനോട് മടിയോടെ ചോദിച്ചു, ”ബുദ്ധിമുട്ടില്ലെങ്കിൽ ഞങ്ങൾക്ക് താഴെയുള്ള ഒരു ബർത്ത് തരുമോ?” അവരുടേത് മുകൾ ബർത്ത് ആയിരുന്നു. ഭർത്താവ് മറ്റൊന്നും ആലോചിക്കാതെ ഉടനടി സമ്മതിച്ചു. അങ്ങനെ ഞങ്ങളുടെ രണ്ടു ലോവർ ബർത്തുകളും അവർക്ക് നല്കി. അവരുടെ ലഗേജുകൾ എടുത്തുകൊണ്ടുവന്ന് ഒതുക്കിവയ്ക്കാനും മറ്റും ഭർത്താവ് സഹായിക്കുകയും ചെയ്തു.
ബംഗാളികളായിരുന്ന ആ ഭർത്താവും ഭാര്യയും കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന പലരോടും ലോവർ ബർത്ത് ചോദിച്ചെങ്കിലും ആരും നല്കാൻ തയാറായിരുന്നില്ല. അല്പസമയം കഴിഞ്ഞ് ആ ചെറുപ്പക്കാരൻ ഭർത്താവിനോട് ചോദിച്ചു: ”ആർ യു എ ക്രിസ്ത്യൻ?”
അഡ്ജസ്റ്റ് ചെയ്യിക്കുന്നവർ
എന്റെ മനസിൽ മിന്നൽപ്പിണർപോലെ ഒരു വചനം കടന്നുവന്നു. ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ” (മത്താ. 5:16).
കരഞ്ഞുകൊണ്ടിരുന്ന ആ കുഞ്ഞിനെ ഞങ്ങളുടെ മക്കൾ കളിപ്പിച്ചും തമാശ കാണിച്ചും ആശ്വസിപ്പിച്ചു. അത് ആ മാതാപിതാക്കൾക്ക് ആശ്വാസമായി. ക്രിസ്ത്യാനി അല്ലാതിരുന്നിട്ടും ആ ചെറുപ്പക്കാരന് ഒരു ക്രിസ്ത്യാനിയെ തിരിച്ചറിയാൻ സാധിച്ചു.
ഒരു നിമിഷം എന്റെ ചിന്ത മറ്റൊരു വഴിക്കായി. എങ്ങനെയാണ് ഒരു ക്രിസ്ത്യാനിയെ തിരിച്ചറിയാൻ സാധിക്കുക?
എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുന്നവരല്ല, എന്റെ സ്വർഗീയ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും സഹോദരങ്ങളും എന്നാണ് യേശുവിന്റെ പ്രബോധനം. തന്നെപ്പോലെ തന്നെ തന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക എന്നത് അവിടുത്തെ കല്പന.
നാമെല്ലാവരും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നവരാണ്. യാത്ര ചെയ്യുമ്പോൾ ഒരു സീറ്റു കിട്ടാൻവേണ്ടി മറ്റുള്ളവരെക്കൊണ്ട് പരമാവധി അഡ്ജസ്റ്റ് ചെയ്യിക്കാൻ ഉത്സാഹിക്കാറുണ്ട്. എന്നാൽ, നമുക്ക് കിട്ടിയ സൗകര്യപ്രദമായ സീറ്റ് മറ്റുള്ളവർക്കുവേണ്ടി കൂടി അഡ്ജസ്റ്റ് ചെയ്യാൻ എത്രപേർ തയാറാകും?
സഹജീവികൾ ദുഃഖത്തിലും ദുരിതത്തിലും ആണ്ടുകിടക്കുമ്പോഴും കടത്തിന്റെ കരകാണാക്കയത്തിൽ മുങ്ങിപ്പൊങ്ങുമ്പോഴും പ്രായം തികഞ്ഞ പെൺമക്കളെ കെട്ടിക്കാൻ നിവൃത്തിയില്ലാതെ വിഷമിക്കുമ്പോഴും അവരെ കണ്ടില്ലെന്ന് നടിക്കാൻ ഒരു വിശ്വാസിക്കാകുമോ? നിലംപറ്റെ വീണുകിടക്കുന്നവരുടെ ഒഴുകുന്ന കണ്ണുനീർ കാണാൻ തക്കവിധത്തിൽ ഹൃദയതുറവിയുള്ളവനല്ലേ ക്രിസ്ത്യാനി?
മറ്റുള്ളവർക്കുവേണ്ടി അഴുകിത്തീരേണ്ടവരാണ് ഒരു ക്രൈസ്തവൻ. നമ്മുടെ ജീവിതത്തിൽ എത്രപേർ ഉരുകിത്തീർന്നപ്പോഴാണ് നാമൊക്കെ തഴച്ചുവളരാൻ തുടങ്ങിയത്? നമ്മുടെയൊരു പുഞ്ചിരി, ഒരു സ്‌നേഹസ്പർശം, സാന്ത്വനത്തിന്റെ ഒരു വാക്ക് ഇതൊക്കെ സഹജീവികളുടെ മനസിന്റെ വിങ്ങലുകൾ കുറയ്ക്കാൻ സഹായകമാകും. നാം കാണുന്ന മുഖങ്ങളിൽ പലതും പൊയ്മുഖങ്ങളാണ്. ഉള്ളിൽ അഗ്നിയായ്, തിളച്ചു മറിയുന്ന ചൂടുമായാണ് പലരും ജീവിതം തള്ളിനീക്കുന്നത്. ആ വികാരത്തള്ളലിൽ നമ്മുടെ സാന്ത്വനസ്പർശം ഒരു കുളിർത്തെന്നലാവണമെങ്കിൽ നമ്മിൽ കാരുണ്യത്തിന്റെ തണുപ്പുണ്ടാകണം. അപ്പോൾ സുവിശേഷത്തിന്റെ ചൈതന്യം സമൂഹത്തിന് ദൃശ്യമാകും.
”നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തുതന്നെ ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ” (കൊളോ. 3:17).
ക്രിസ്തുവിനെ നെഞ്ചിലേറ്റാൻ കഴിഞ്ഞതുകൊണ്ടാണ് മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികളെ ശുശ്രൂഷിക്കാൻ ഒരു ഫാ. ഡാമിയൻ രൂപപ്പെട്ടതും നാസി കോൺസൻട്രേഷൻ ക്യാമ്പിൽ ഒരു മാക്‌സ്മില്യൻ കോൾബെ ഉണ്ടായതും.
വിളക്കുകളെ നോക്കാം
ഒരു സഹോദരനോട് ദശാംശം കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചപ്പോൾ അയാൾ എന്നോടു ചോദിച്ചു, ”കിട്ടുന്ന വരുമാനംകൊണ്ട് വീട്ടുകാര്യങ്ങളെല്ലാം നടത്താൻ പറ്റുന്നില്ല. പിന്നെങ്ങനാ ദശാംശം കൊടുക്കുന്നത്? മൊത്തം വരുമാനത്തിന്റെ ദശാംശം നോക്കിയാൽ അതു വലിയൊരു തുകയാകും. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ദശാംശമെന്ന പേരിൽ വെറുതെ വാരിക്കോരി കൊടുക്കാനോ?”
എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചശേഷം മിച്ചം വല്ലതുമുണ്ടെങ്കിൽ അതാണോ ദശാംശം? നമ്മുടെ കൈയിൽ കൂടുതലുണ്ടോ എന്നല്ല, എന്തുണ്ട് എന്നാണ് നീതിമാനായ വിധികർത്താവ് നോക്കുന്നത്. കുറവുള്ളവരിൽ നിന്നാണ് അവിടുന്ന് തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതും. വിക്കനായ മോശയുടെ കൈയിൽ ഒരു വടി, ദാവീദിന്റെ കൈയിൽ ഒരു കവണയും അഞ്ചു കല്ലുകളും. ശിഷ്യന്മാരുടെ കൈയിൽ അഞ്ചപ്പവും രണ്ടു മീനും. മദർ തെരേസയുടെ കൈയിൽ അഞ്ചുരൂപ. പോരായ്മയുടെ കണക്കുകളല്ലേ ഇതെല്ലാം? ഈ ഇല്ലായ്മകളിൽനിന്ന് ചരിത്രത്തെത്തന്നെ അവിടുന്ന് ഗതിമാറ്റി ഒഴുക്കിയില്ലേ?
ക്രിമിയൻ യുദ്ധത്തിൽ മുറിവേറ്റ ബ്രിട്ടീഷ് സൈനികരെ ശുശ്രൂഷിക്കാൻ ഉന്നതകുലജാതയും സമ്പന്ന കുടുംബാംഗവുമായിരുന്ന ഫ്‌ളോറൻസ് നൈറ്റിംഗേൽ എന്ന യുവതി തയാറായി. അതോടെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന നഴ്‌സിംഗ് മേഖലയിലേക്ക് അനേകം പെൺകുട്ടികൾ കടന്നുവന്നു. അങ്ങനെയത് മാന്യമായ തൊഴിൽ മേഖലയായി മാറുകയും ചെയ്തു.
രാത്രിയുടെ ഏകാന്തയാമങ്ങളിൽ കൈയിൽ ഒരു റാന്തൽ വിളക്കുമായി കിടക്കകൾക്കരികിൽച്ചെന്ന് ആശ്വാസവചനങ്ങളുതിർത്തിരുന്ന നൈറ്റിംഗേലിനെ ‘വിളക്കേന്തിയ വനിത’ എന്നാണ് രോഗികൾ ആദരപൂർവം വിളിച്ചിരുന്നത്.
കാരുണ്യത്തിന്റെയും ആർദ്രതയുടെയും വറ്റിപ്പോകാത്ത ഉറവ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് മുൻപിൽ കണ്ട മുറിവേറ്റ മനുഷ്യജീവനുകളെ ശുശ്രൂഷിക്കാൻ അവർ കാണിച്ച ആത്മാർത്ഥത കാൽവരിയിലെ ദിവ്യസ്‌നേഹത്തിന്റെ ബഹിർസ്ഫുരണമല്ലേ? തൊട്ടുമുൻപിൽ കണ്ട ചെറിയ സമൂഹത്തോടുള്ള വലിയ സുവിശേഷപ്രഘോഷണമായിരുന്നില്ലേ അത്? അതാണ് ക്രിസ്തീയത.
നമ്മുടെ ഉള്ളിലെ വിളക്കു തെളിച്ചുവച്ചാലേ അതു മറ്റുള്ളവർക്ക് വെളിച്ചമായി മാറൂ. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു, ”ജ്വലിക്കുന്ന ഒന്നിനേ മറ്റൊന്നിനെ ജ്വലിപ്പിക്കാനാവൂ.” ഉള്ളതും ഉള്ളവും കൊടുക്കുക, ഉള്ളിലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക. അതാണ് ക്രിസ്തീയത; അതു ചെയ്യുന്നവനാണ് ക്രിസ്ത്യാനി.
സിസി ലൂയിസ്, തൃപ്പൂണിത്തുറ