1985-86 കാലഘട്ടമായിരുന്നു അത്. ഞാൻ ഡൽഹിയിൽ ഒരു ചെറിയ ജോലി ചെയ്യുകയാണ്. താമസമാകട്ടെ ഒരു ബന്ധുവിന്റെകൂടെയും. രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെയായിരുന്നു ജോലിസമയം. ആറുമണിമുതൽ 8.30വരെ ഒരു വ്യവസായിയുടെ വീട്ടിലെ ഓഫീസിൽ പാർട്ട് ടൈം ജോലികൂടി ലഭിച്ചപ്പോൾ ഞാനത് ഏറ്റെടുത്തു. എന്നാൽ എട്ടുമണി കഴിഞ്ഞാൽ അദ്ദേഹത്തിന്റെ വീടിനടുത്തുനിന്ന് എനിക്ക് ബസ് ലഭിക്കുകയില്ലായിരുന്നു. അതിനാൽ എട്ടുമണിയാകുമ്പോൾ ഇറങ്ങാറാണ് പതിവ്. എന്നാൽ അന്ന് ചെന്നപ്പോൾ ബോസ് പറഞ്ഞു: ”ഇന്ന് രാത്രി ഞാൻ ലണ്ടനിൽ പോകുകയാണ്. കുറച്ചധികം ജോലി ഉണ്ട്. അതുകൊണ്ട് താമസിക്കും. ജോലി കഴിയുമ്പോൾ ഓട്ടോറിക്ഷ വിളിച്ച് പോയിക്കൊള്ളുക”.
പറഞ്ഞതുപോലെതന്നെ, ജോലി കഴിഞ്ഞപ്പോൾ രാത്രി 11 മണിയായി. ഓട്ടോറിക്ഷ പോയിട്ട് ഒരു സൈക്കിൾപോലും കണ്ടില്ല. ബോസ് താമസിക്കുന്ന സ്ഥലം വി.ഐ.പികളുടെ സ്ഥലം ആയിരുന്നതുകൊണ്ട് അവിടത്തെ മിക്ക വീടുകളിലുംതന്നെ മുന്തിയ ഇനം നായ്ക്കളുണ്ട്. അവയുടെ നിർത്താത്ത കുര കേൾക്കാം. എനിക്കാണെങ്കിൽ നായ്ക്കളെ ഭയങ്കര പേടിയുമാണ്. എങ്ങനെ വീട്ടിലെത്തും എന്നാണ് എന്റെ ചിന്ത. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമാണ്. എന്റെ ബന്ധുവിനോട് ഇക്കാര്യം അറിയിക്കാൻപോലും വഴിയില്ല. ഞാൻ കർത്താവിനെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞാൻ റോഡിൽ നില്ക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് അരമണിക്കുർ ആയി. വീട്ടിലേക്ക് നടക്കാമെന്നുവച്ചാൽ ഒത്തിരി ഉണ്ട്. പെട്ടെന്ന് അകലെ ഒരു വെളിച്ചം കണ്ടു, അത് അടുത്തടുത്ത് വന്നപ്പോൾ മനസിലായി, ഒരു ബൈക്ക് ആണ്. അതിവേഗതയിലാണ് വരുന്നതും. എന്തായാലും ഞാൻ കൈകാണിച്ചു. ബൈക്ക് നിർത്തി, എനിക്കറിയാവുന്ന ഹിന്ദിയിൽ ചോദിച്ചു; ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് പോകുമോ എന്ന്. അയാൾ ആംഗ്യം കാണിച്ചു കയറിക്കൊള്ളാൻ. മനസിൽ അല്പം പേടി ഉണ്ടായിരുന്നെങ്കിലും ബൈക്കിൽ കയറി. ഞാൻ താമസിക്കുന്നതിന്റെ 50 മീറ്റർ അകലെ നിർത്തിയിട്ട് അദ്ദേഹം പറഞ്ഞു, വേറെ വഴിക്കാണ് ഇനി പോകുന്നതെന്ന്. ഞാൻ അയാളോട് നന്ദി പറഞ്ഞിട്ട് ഇറങ്ങി.
അല്പംമാത്രം നടന്ന് വീട്ടിലെത്തുമ്പോൾ സമയം പന്ത്രണ്ടു മണി.
യാതൊരു കാരണവശാലും ഒരു വാഹനവും വരാൻ സാധ്യതയില്ലാത്ത സമയത്ത് ഒരു ബൈക്കിൽ വന്ന് എന്നെ താമസസ്ഥലത്തിനടുത്ത് എത്തിച്ചത് അവിടുന്ന് അയച്ച ഒരു മാലാഖയായിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഏതുനേരത്തും നമ്മുടെ കൂടെയുള്ള കർത്താവിന്റെ പരിപാലന ഞാൻ അനുഭവിച്ചറിഞ്ഞ ആ രാത്രി ഇന്നും ഓർമ്മയിൽ തങ്ങിനില്ക്കുന്നു.
”നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാൻ നിന്നെ സഹായിക്കും”
(ഏശയ്യാ 41:13)
ടോം ജെ.