ആനന്ദത്തിന്റെ രഹസ്യം

ഒരു ശുശ്രൂഷകൻ ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങി. അനുദിനം നാലുപേർ തന്റെ ശുശ്രൂഷവഴി ദൈവത്തിന്റെ അജഗണത്തിലേക്ക് ചേരണം. ദൈവഹിതമനുസരിച്ചുള്ള ഒരു പ്രാർത്ഥനയായിരുന്നതുകൊണ്ട് അത് കർത്താവ് സാധിച്ചു കൊടുത്തിരുന്നു. എന്നെങ്കിലും എണ്ണം അതിനെക്കാൾ കുറഞ്ഞുപോയാൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്തവിധം ഒരു ഹൃദയഭാരം അദ്ദേഹത്തിന് അനുഭവപ്പെടും. നന്മയിലേക്ക് നയിക്കുന്നതരത്തിലുള്ള ഹൃദയഭാരമായിരുന്നു അത്. അപ്പോൾ തന്നിൽത്തന്നെയുള്ള തടസം എന്താണെന്നറിയാനായി അദ്ദേഹം പ്രാർത്ഥിക്കും. പ്രാർത്ഥിക്കുമ്പോൾ അത് തന്റെ ജീവിതത്തിലുള്ള സ്തുതിയുടെ കുറവാണെന്ന് അദ്ദേഹത്തിന് മനസിലാവും. അങ്ങനെയുള്ള സമയങ്ങളിൽ തന്റെ തെറ്റ് അദ്ദേഹം ഏറ്റുപറയുകയും സ്തുതിയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ് താൻ സ്തുതിക്കുമ്പോൾ ദൈവത്തെ തേടുന്ന ആത്മാക്കൾ തന്റെയടുത്തേക്ക് വരും. ദൈവസ്തുതിയുടെ പ്രാധാന്യം ഈ സംഭവം വ്യക്തമാക്കുന്നു.

പ്രാർത്ഥനപോലെതന്നെ പ്രധാനമാണ് സ്തുതിയാരാധനയും. നാം കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങൾ കടക്കുകയും സ്തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും അവിടുത്തെ നാമം വാഴ്ത്തുകയും വേണം (സങ്കീ. 100:4) എന്ന് സങ്കീർത്തകൻ പറയുന്നത് അതുകൊണ്ടാണ്.

ദൈവമായ കർത്താവിന് സ്തുതികളർപ്പിക്കുമ്പോൾ അങ്ങനെമാത്രമേ പ്രാർത്ഥിക്കാവൂ എന്നല്ല അർത്ഥമാക്കുന്നത്. നിശ്ചിതവഴികളിലൂടെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് ദൈവത്തെ പരിമിതപ്പെടുത്തേണ്ടതില്ല. എന്നാൽ നാം പ്രാർത്ഥിക്കുമ്പോൾ സ്തുതിയാരാധന അതിന്റെ ഒരു പ്രധാനഭാഗമായിരിക്കണം. അതുവഴിയാണ് ആനന്ദമനുഭവിക്കാൻ നമുക്ക് കഴിയുക. യഥാർത്ഥ ക്രൈസ്തവികതയിൽ ആനന്ദമുണ്ടാവുകതന്നെ വേണം.

”ആനന്ദിക്കുക! ഹൃദയവും മനസും ആത്മാവുംകൊണ്ട് ദൈവത്തെ സ്തുതിക്കുക.”
കർത്താവിൽ ആനന്ദിക്കുന്നതിൽനിന്ന് നാം പലപ്പോഴും തടയപ്പെടുന്നത് യാദൃച്ഛികമായല്ല. നമ്മുടെ പാപങ്ങൾ, ബലഹീനതകൾ എന്നിവ ദൈവസ്തുതിയിൽനിന്ന് നമ്മെ അകറ്റുന്നു. എല്ലാ നിമിഷവും ഹൃദയത്തിന്റെ ഉള്ളറകളിൽ സ്തുതികളുയർത്തുന്ന പ്രാർത്ഥനയുടെ അരൂപിയോടു ചേരാൻ അതുവഴി നമുക്ക് കഴിയാതെ പോകുന്നു. എന്നാൽ അതിനായി ബോധപൂർവം പരിശ്രമിക്കുകയും എപ്പോഴും ദൈവസാന്നിധ്യബോധം കാത്തുസൂക്ഷിക്കാൻ ഓർമിക്കുകയും ചെയ്താൽ ഈ ജീവിതം നമുക്ക് സാധ്യമാണ്. അസ്വസ്ഥരായിരിക്കുന്ന മക്കളെയല്ല ദൈവത്തിന് ആവശ്യം, ദൈവത്തിന്റെ മക്കൾക്ക് അസ്വസ്ഥതക്ക് കാരണവുമില്ല. വിശുദ്ധ പൗലോസ്, മനുഷ്യരിൽവച്ച് ഏറ്റവും ശിക്ഷിക്കപ്പെട്ടവനായിരുന്നു. എങ്കിലും അദ്ദേഹം കീർത്തനങ്ങളുടെ മനുഷ്യനായി ജീവിച്ചു. ജയിലിലും പുറത്തും അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് സ്തുതിയുടെ കീർത്തനങ്ങൾ ഉയർന്നു, പകലും രാവും അദ്ദേഹം തന്റെ രക്ഷകനെ സ്തുതിച്ചു. കാരാഗൃഹത്തിലായിരുന്ന പൗലോസും സീലാസും അവിടെയിരുന്ന് രാത്രിയിൽ ദൈവസ്തുതികീർത്തനങ്ങൾ ആലപിച്ചതായി നാം വായിക്കുന്നു. അവിടെയും അദ്ദേഹത്തിന് ദൈവസ്തുതികളുയർത്താതെ വയ്യ എന്നവിധം ആ ജീവിതം പരിശീലിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹം ആഹ്വാനം ചെയ്യുന്നത് ശ്രദ്ധേയമാണ്. ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം” (1 തെസ. 5:16-18). ആ ചിന്ത മനസിലേക്ക് കൊണ്ടുവരിക. അതിൽ മറ്റൊരു തിരഞ്ഞെടുപ്പില്ല.

സന്തോഷിക്കുക: പ്രാർത്ഥിക്കുക: കൃതജ്ഞത പ്രകാശിപ്പിക്കുക 
നിങ്ങൾക്കും എനിക്കും ദൈവഹിതമനുസരിച്ചുള്ള ക്രമം ഇതാണ്. നമ്മുടെ സ്തുതികൾ ദൈവത്തെ അത്രയേറെ പ്രീതിപ്പെടുത്തുന്നു. പ്രാർത്ഥിക്കുന്നതോടൊപ്പം സ്തുതിക്കുന്നതുപോലെ മറ്റൊന്നും നമുക്ക് അത്രമാത്രം അനുഗ്രഹപ്രദമാവുന്നില്ല. ”കർത്താവിൽ ആനന്ദിക്കുക, അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരും” (സങ്കീ. 37:4).

ഒരിക്കൽ ഒരു മിഷനറിക്ക് വീട്ടിൽനിന്ന് വളരെ ദുഃഖകരമായ ഒരു വാർത്ത ലഭിച്ചു. അതുകേട്ട് അദ്ദേഹം തകർന്നുപോയി. തന്റെ ഹൃദയത്തിന്റെ അന്ധകാരം മാറ്റാൻ പ്രാർത്ഥനകൊണ്ടൊന്നും സാധിച്ചില്ല. ആശ്വാസം തേടി അദ്ദേഹം മറ്റൊരു മിഷനറിയുടെ അടുത്തെത്തി. അവിടെ ഒരു വാചകമെഴുതിയ കാർഡ് വെച്ചിരുന്നു. ”കൃതജ്ഞതാപ്രകാശനം പരീക്ഷിച്ചുനോക്കുക!” അത് അദ്ദേഹം ചെയ്തുനോക്കി. സംഭവിച്ച സകലതിനെയുംപ്രതി അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞ് സ്തുതിച്ചു പ്രാർത്ഥിച്ചു. നിമിഷങ്ങൾക്കകം വലിയ ആന്തരികസമാധാനത്താൽ അദ്ദേഹം നിറഞ്ഞു. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടണമെങ്കിൽ നാം വേണ്ടത്ര സ്തുതിക്കണം. നാം വാസ്തവമായും ദൈവത്തിൽ ശരണപ്പെടുന്നുവെങ്കിൽ എപ്പോഴും അവിടുത്തെ സ്തുതിക്കും.

യഥാർത്ഥ ആത്മീയനായ ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് കേൾക്കാനിടയായ സുഹൃത്ത് പറഞ്ഞു: എന്തൊരു അഭിഷേകവും വിശ്വാസവുമാണ് അദ്ദേഹത്തിന്റെ ഭാവങ്ങളിൽ! ദൈവസാന്നിധ്യത്തിലെന്നപോലെ അത്രമാത്രം ആദരവോടെയാണ് അദ്ദേഹം ദൈവത്തോട് അപേക്ഷിക്കുന്നത്, അതേസമയം പിതാവിനെയോ സുഹൃത്തിനെയോ അഭിസംബോധന ചെയ്യുംപോലെ പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടി ദൃഢമായിത്തന്നെ. പ്രാർത്ഥനക്ക് തടസങ്ങൾ ഉണ്ട് എന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ല. തന്റെ എല്ലാ മക്കൾക്കുംവേണ്ടി ദൈവം പദ്ധതിയിട്ടിരിക്കുന്നത് വിശുദ്ധിയുടെ ജീവിതമാണ്. അതേക്കുറിച്ചുള്ള അറിവില്ലായ്മയാണ് അല്ലെങ്കിൽ നമ്മെത്തന്നെ പൂർണമായും അവിടുത്തേക്ക് സമർപ്പിക്കാനുള്ള തയാറില്ലായ്മയാണ് പ്രാർത്ഥനക്കുള്ള എല്ലാ തടസങ്ങൾക്കും കാരണം.
”ഞാനും എനിക്കുള്ളതും അങ്ങയുടേതാണ് ദൈവമേ” എന്ന് നമുക്ക് ദൈവത്തോട് സത്യസന്ധമായി പറയാൻ സാധിക്കുമ്പോൾ അവിടുത്തേക്ക് നമ്മോട് ഇങ്ങനെ പറയാൻ സാധിക്കും ”എന്റേതായതെല്ലാം നിന്റേതാണ്”.

(കടപ്പാട്: നീലിംഗ് ക്രിസ്ത്യൻ)

Leave a Reply

Your email address will not be published. Required fields are marked *