പറുദീസകൾ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ?

‘ഫെലിക്‌സ്’ സിന്റേയൂമിൽ അധ്യാപകനായിരുന്നു. സമൂഹത്തിൽ ആദരണീയനും മാന്യനും. പക്ഷേ, ഒരു നിമിഷത്തെ നിയന്ത്രണംവിട്ട കോപം അദ്ദേഹത്തെ കൊലപാതകിയും തടവുകാരനുമായി മാറ്റി. റോമാക്കാരനായ വീഞ്ഞുകച്ചവടക്കാരനുമായി തന്റെ ഭാര്യ പ്രണയത്തിലാണെന്നറിഞ്ഞ അയാൾ റോമാക്കാരനെ വകവരുത്തി. അറസ്റ്റു ചെയ്യപ്പെട്ട ഫെലിക്‌സിന്റെ ഒരു കണ്ണ് റോമാക്കാർ ചൂഴ്‌ന്നെടുത്തു കളഞ്ഞു. മാത്രമല്ല, 22 വർഷത്തോളം തടവുശിക്ഷയും സഹിച്ചു. ഒടുവിൽ തടവുചാടി എൽഡോർ എന്ന കാട്ടുപ്രദേശത്ത് ഏകാകിയായി ജീവിക്കുകയാണ്.

തന്നെയും ലോകത്തെയും ദൈവത്തെയും വെറുത്തു ജീവിക്കുന്ന അയാൾ ഒരിക്കൽ യേശുവിന്റെ മുന്നിൽ ചെന്നുപെട്ടു. അയാൾ പറഞ്ഞു: ”ദൈവവും മനുഷ്യരുംകൂടി എന്നെ നശിപ്പിച്ചു. എന്റെ ഭാര്യ എന്നോട് അവിശ്വ സ്തത പുലർത്താനും സ്വതന്ത്രനും ബഹുമാന്യനുമായിരുന്ന എന്നെ കുറ്റവാളിയാക്കുവാനും ദൈവം അനുവദിച്ചു.” അയാൾ തലയിൽ ഇടിച്ചുകൊണ്ടും സ്വയം ശപിച്ചുകൊണ്ടും പറഞ്ഞു: ”ഇനിയും ഈ തലയിൽ എന്റെ ചിന്തകളും അ റിവും ഉണ്ട്. അതല്ലാതെ മറ്റൊന്നും എനിക്കില്ല.”
അപ്പോൾ യേശു മറുപടി പറഞ്ഞു: നിങ്ങൾക്ക് തെറ്റിപ്പോയി. അവിടെ നിങ്ങൾക്ക് രണ്ട് കാര്യം കൂടിയുണ്ട്.”
”അതെന്താണ്?”

”ഓർമയും വിദ്വേഷവും.” അവയെ പൂർണമായും നീക്കം ചെയ്യുക. അപ്പോൾ അവിടെ നിറയ്ക്കുന്നതിന് ഞാൻ മറ്റു ചിലതു തരാം.
”എന്ത്?”
”സ്‌നേഹം.”

യേശുവിന്റെ സ്‌നേഹം ഫെലിക്‌സിന്റെ ഹൃദയത്തെ സുഖപ്പെടുത്തി. വിദ്വേഷവും ഓർമകളും മാറി സ്‌നേഹംകൊണ്ടു നിറഞ്ഞപ്പോൾ അയാൾ സന്തോഷമുള്ളവനും സൗമ്യനും ശാന്തനുമായി മാറി. സ്‌നേഹം കൂടാത്ത ലോകം നരകമാണെന്നും അതിനെ പറുദീസയാക്കി മാറ്റാനാണ് മിശിഹാ വന്നതെന്നും അവൻ തിരിച്ചറിഞ്ഞു. ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യിലെ ഈ സംഭവത്തിലൂടെ യേശു നമ്മോട് പറയുന്നതിപ്രകാരമാണ്: ”ഓരോ ഹൃദയത്തിലും ഓരോ പറുദീസയുണ്ട്. നമ്മെ ദുഷ്ടരാക്കി മാറ്റുന്ന ഓർമകളും വിദ്വേഷവും ക്രിസ്തുവിന് കൊടുക്കുമ്പോൾ അതിനു പകരമായി നമ്മുടെ ഹൃദയത്തെ അവിടുന്ന് സ്‌നേഹംകൊണ്ട് നിറയ്ക്കും. അപ്പോഴാണ്
നരകം പറുദീസയായി രൂപാന്തരപ്പെടുന്നത്.”

നമ്മുടെ ഹൃദയത്തിൽ പറുദീസയുണ്ടോ? അതോ അവിടെ നരകത്തിന്റെ വാഴ്ചയാണോ? അസ്വസ്ഥത സൃഷ്ടിക്കുന്ന ഓർമകളും നിരാശാജനകമായ ചിന്തകളും ഹൃദയത്തെ കീഴടക്കിയതിനാൽ സ്വയം സ്‌നേഹിക്കാനും മറ്റുള്ളവരെ സ്‌നേഹിക്കുവാനും നമുക്ക് പറ്റുന്നില്ലേ? ദൈവത്തോടും ലോകത്തോടും മനുഷ്യരോടുമുള്ള വെറുപ്പ് നമ്മുടെ ഹൃദയത്തെ വരണ്ടുണങ്ങിയ മരുഭൂമിയാക്കി മാറ്റിയിട്ടുണ്ടോ? പാഴ്മലകളിൽ നദികളും വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ നീർച്ചാലുകളും സൃഷ്ടിക്കുവാൻ കഴിവുള്ള കർത്താവിന് വീണ്ടും നമ്മുടെ ഹൃദയത്തെ പറുദീസയാക്കി മാറ്റാൻ കഴിയും. എല്ലാ ഓർമകളും കർത്താവിന്റെ മുന്നിൽ സമർപ്പിക്കുക. വെറുപ്പിന്റെ ഭാണ്ഡക്കെട്ടുകളെല്ലാം തിരുമുമ്പിൽ ഇറക്കിവയ്ക്കുക. അവിടുത്തേക്ക് നമ്മെ രൂപാന്തരപ്പെടുത്താൻ കഴിയും. കാരണം, അവിടുന്ന് സർവശക്തനും കരുണ നിറഞ്ഞവനുമായ ദൈവമാണ്. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം.

കർത്താവേ, എന്റെ ഹൃദയത്തെ ഒരു പറുദീസയാക്കി മാറ്റണമേ. അതിനെ നരകമാക്കി മാറ്റിയ എല്ലാ വേദനിപ്പിക്കുന്ന ഓർമകളും വിദ്വേഷവും ഞാനിതാ അങ്ങേക്ക് സമർപ്പിക്കുന്നു. അവയിൽനിന്നും എന്റെ ഹൃദയത്തെ സ്വതന്ത്രമാക്കിയാലും. യേശുവേ, അവിടുത്തെ സ്‌നേഹത്താൽ എന്റെ ഉള്ളം നിറയട്ടെ. അവിടുത്തെ സ്‌നേഹാരൂപി എന്റെ മനസിനെ വീണ്ടും ആർദ്രതയുള്ളതാക്കി മാറ്റട്ടെ.

യേശുവേ, ഞാനങ്ങയെ സ്‌നേഹിക്കുന്നു. ഞാനവിടുത്തെ ആരാധിക്കുന്നു. എന്റെ രക്ഷകനും നാഥനുമായ അങ്ങയുടെ സ്‌നേഹം ഒരു പുതിയ പറുദീസാനുഭവത്തിലേക്ക് എന്നെ ഉയർത്തുന്നതിനെയോർത്ത് സ്‌തോത്രം,
ഹാലേലൂയ്യാ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *