പിശുക്കൻ രക്ഷപ്പെട്ട കഥ

ധനവാനായ മനുഷ്യനായിരുന്നു ലോപ്പസ്. ആളുകൾക്ക് പണം കടം കൊടുത്ത് അതിന് വലിയ പലിശ ഈടാക്കിയാണ് അയാൾ സമ്പത്തുണ്ടാക്കിയത്. നാട്ടിലെ പലരും അദ്ദേഹത്തിൽനിന്ന് ചെറിയ തുകകളാണ് കടം വാങ്ങിക്കാറ്. പക്ഷേ തൊട്ടടുത്ത മാസം തിരികെ കൊടുക്കാൻ കഴിയാതെവന്നാൽ ആ തുക പിന്നെ വളരെ വലുതാകും. അപ്പോൾ അത്രയും തുക കൊടുക്കാൻ അവർക്ക് സാധിക്കാതെ വരും. അങ്ങനെ വരുമ്പോൾ ആ തുകയ്ക്ക് പകരമായി അവരുടെ വീടും വയലുകളുമെല്ലാം ലോപ്പസ് സ്വന്തമാക്കും. ഇതായിരുന്നു പതിവ്.

തന്റെ ഭാര്യക്കും ഏകമകനുംപോലും ആവശ്യമുള്ള പണവും വസ്തുക്കളുമെല്ലാം കൊടുക്കാൻ ലോപ്പസിന് മടിയായിരുന്നു. എങ്കിലും അവർ അയാളെ വെറുത്തില്ല. അയാൾക്ക് നല്ല മനസ് കൊടുക്കണേ എന്ന് അവർ എന്നും പ്രാർത്ഥിക്കും. മാത്രവുമല്ല പിശുക്കനായ ലോപ്പസ് അറിയാതെ അവർ പാവങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു. അവരുടെ കൈയിൽ പണമില്ലാത്തതിനാൽ ലോപ്പസിന്റെ പണപ്പെട്ടിയിൽനിന്നുതന്നെയാണ് അവർ പണം എടുക്കാറ്. എന്നാൽ ഒരു ദിവസം ലോപ്പസ് ഇത് കണ്ടുപിടിച്ചു. അതോടെ അയാളുടെ കോപം ആളിക്കത്തി, രണ്ടുപേരെയും ക്രൂരമായി മർദിക്കാൻ തുടങ്ങി. ലോപ്പസിന്റെ ജീവിതത്തിൽ ഇടപെടാൻ ഇനിയും വൈകേണ്ടതില്ലെന്ന് തീരുമാനിച്ച ദൈവം ഈ സമയത്ത് ഒരു ഭിക്ഷാടകനെപ്പോലെ അവിടെയെത്തി.

രോഷാകുലനായി നില്ക്കുകയായിരുന്ന ലോപ്പസാകട്ടെ ഭിക്ഷാടകനെയും മർദിക്കാനാഞ്ഞു. പെട്ടെന്ന് ഭിക്ഷാടകനെ അവിടെയെങ്ങും കാണാതായി. കണ്ണഞ്ചിക്കുന്ന ഒരു പ്രകാശംമാത്രമേ പിന്നെ കണ്ടുള്ളൂ. അതിൽനിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി. ”ലോപ്പസ്, നീ ഉടനെ മരിച്ചുവീഴും. പാപമാണെന്നറിഞ്ഞിട്ടും പാപം ചെയ്തതിനുള്ള ശിക്ഷയായി നരകത്തിൽ നീ യാതന അനുഭവിക്കും.” ഇത് കേട്ടയുടനെ അയാൾ നിലത്ത് പിടഞ്ഞുവീണു.
എല്ലാം കണ്ടുകൊണ്ടിരുന്ന ഭാര്യയും മകനും ഉടനെ ലോപ്പസിനുവേണ്ടി ദൈവത്തോട് കണ്ണീരോടെ മാപ്പു ചോദിച്ചു. അയാൾക്ക് വീണ്ടും ജീവൻ കൊടുക്കണമേ എന്നവർ യാചിച്ചു. ആ യാചനക്കുമുന്നിൽ മനസലിഞ്ഞ ദൈവം ലോപ്പസിന് വീണ്ടും ജീവൻ നല്കി. ”ഇവരുടെ പ്രാർത്ഥനനിമിത്തംമാത്രമാണ് നിനക്ക് ഞാൻ മാപ്പുനല്കി ജീവൻ തിരികെ തന്നത്. ഇനി നല്ലവനായി ജീവിക്കുക” ദൈവത്തിന്റെ ഈ വാക്കുകൾ കേട്ട ലോപ്പസ് ദൈവത്തിനുമുന്നിൽ മുട്ടുകുത്തി. ”എന്നോട് ക്ഷമിക്കണേ. ഇനിയൊരിക്കലും ഞാൻ പഴയതുപോലെ ജീവിക്കില്ല” അപ്പോൾ ദൈവം അവരെ അനുഗ്രഹിച്ചു. അന്നുമുതൽ തന്റെ സ്വത്ത് പാവപ്പെട്ടവർക്കു നല്കിയും എല്ലാവരെയും സഹായിച്ചും അയാൾ നല്ല മനുഷ്യനായി ജീവിച്ചു.

ബിജു പുലിക്കോട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *