ദൈവമക്കൾക്ക് സാത്താനെയും അവന്റെ തന്ത്രങ്ങളെയും കുറിച്ചറിയാൻ എ ന്നും ജിജ്ഞാസയാണ്. അവന്റെ തന്ത്രങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാലേ നമുക്ക് അതിനെതിരെ പ്രതിരോധിച്ച് നില്ക്കാൻ പറ്റുകയുള്ളൂ. സാത്താൻ കബളിപ്പിക്കാതിരിക്കേണ്ടതിന് അവന്റെ തന്ത്രങ്ങളെക്കുറിച്ച് അജ്ഞരായിരിക്കരുത് എന്ന് പൗലോസ് ശ്ലീഹ ഉപദേശിക്കുന്നുണ്ട് (2 കോറി. 2:11). സാത്താന്റെ കുടിലതന്ത്രങ്ങളെ തകർക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ (എഫേ. 6:11). ആയുധങ്ങൾ ഇവയാണ്- വിശ്വാസമാകുന്ന പരിചയും വചനമാകുന്ന വാളും എടുക്കണം. അരപ്പട്ട സത്യംകൊണ്ട് മുറുക്കിക്കെട്ടി നീതിയുടെ കവചംകൊണ്ട് മറച്ച് സമാധാനമാകുന്ന സുവിശേഷം പാദരക്ഷയാക്കണം (പാദങ്ങൾക്ക് വിളക്കാണ് വചനം – സങ്കീ. 119:105). നിത്യരക്ഷയുടെ പടത്തൊപ്പി വേണം. ഇത്രയും ആയുധങ്ങൾ കൈയിലെടുത്തതിനുശേഷം സാത്താനുമായി യുദ്ധത്തിലേർപ്പെടാം. പക്ഷേ, ഒരിക്കലും സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് പഠിക്കുവാൻ അവന്റെ പുറകെ പോകരുത്. ഹവ്വയ്ക്ക് തെറ്റു പറ്റിയതുപോലെ എവിടെയെങ്കിലുംവച്ച് നമ്മെ അവൻ കബളിപ്പിക്കും. ദൈവത്തെ തേടുന്ന വിവേകികളുണ്ടോ എന്ന് സ്വർഗത്തിൽനിന്ന് ദൈവം നോക്കുന്നതുപോലെ സാത്താനെ തേടുന്ന ഭോഷരുണ്ടോ എന്ന് നരകത്തിൽനിന്ന് പിശാചും നോക്കും. അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് വിചാരിച്ച് അന്വേഷിക്കുമ്പോഴായിരിക്കും സാത്താന്റേതായ പൈശാചികതയുള്ള ഒരു പ്രേതസിനിമ കാണുന്നതോ അല്ലെങ്കിൽ ഹാരിപോട്ടർ പോലുള്ള നോവലുകൾ വായിക്കുന്നതോ അതുമല്ലെങ്കിൽ വെറുതെ ഒരു രസത്തിന് തിന്മകൾ ചെയ്യുന്നതോ ഭവിഷ്യത്തുകൾ അറിയാതെ ഓജോബോർഡ് പോലുള്ളവ കളിക്കുന്നതോ കാണുന്നത്.
ഈശോയെ തേടുന്നവരുടെ അരികിലേക്ക് ഈശോ കടന്നുവരുന്നതുപോലെ സാത്താനെ തേടുന്നവരിലേക്ക് അവനും കടന്നുവരും. ഈ വരവിനാൽ ദൈവികചിന്തകളിൽനിന്ന് നമ്മുടെ ബുദ്ധിയെ അകറ്റിക്കളയും. ദൈവികമായത് പറയുന്നതോ കേൾക്കുന്നതോപോലും മടുപ്പുളവാക്കും.
എനിക്ക് പരിചയമുണ്ടായിരുന്ന ഒരു വൈദിക വിദ്യാർത്ഥി. ദൈവികകാര്യങ്ങളി ൽ ഒരു പ്രത്യേക ചൈതന്യവും താല്പര്യവുമായിരുന്നു. അവധിദിവസങ്ങളിൽ വീട്ടിൽ വരുമ്പോൾ എന്റെ മക്കൾക്ക് പ്രത്യേകിച്ച് വൈദികനാകാൻ ആഗ്രഹിക്കുന്ന മകനെ ഉപദേശിക്കും, ദൈവികകാര്യങ്ങൾക്കായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരു പ്രാവശ്യം അവധിക്ക് വീട്ടിൽ വന്നപ്പോൾ വൈദികരെക്കുറിച്ചും സുപ്പീരിയറിനെക്കുറിച്ചെല്ലാം കുറ്റങ്ങൾ പറഞ്ഞു. നിരാശയുടെ വാക്കുകൾ. കേട്ടപ്പോൾ ഈ കുട്ടിക്ക് എന്തുപറ്റിയെന്നോർത്തു. ഈ മാറ്റത്തെക്കുറിച്ച് ഞങ്ങൾ വീട്ടിൽ സംസാരിച്ചു. ബ്രദറിന്റെ അമ്മയോടും സംസാരിച്ചു. അമ്മ പറഞ്ഞു: മകന് ദൈവവിളിയിൽ തുടരാൻ താല്പര്യമില്ല. തിരികെ പോരണമെന്ന് ഭയങ്കര പ്രലോഭനമുണ്ടെന്ന്. അറിയാവുന്ന ധ്യാനകേന്ദ്രങ്ങളിലും വൈദികരോടും പ്രാർത്ഥനാസഹായം ചോദിച്ചുവെന്നും പറഞ്ഞു. പക്ഷേ, പ്രാർ ത്ഥനമൂലം ദൈവകരുണയാൽ സാത്താനൊരുക്കിയ തന്ത്രത്തിൽനിന്ന് ആ മകൻ രക്ഷപ്പെട്ട് വൈദികനായി കാണുവാനു ള്ള ഭാഗ്യം അമ്മയ്ക്കുണ്ടായി. ഒരാൾ വൈദികനായാൽ ആ വ്യക്തിയിലൂടെ എത്രമാത്രം ആത്മാക്കളാണ് രക്ഷപ്പെടാൻ പോകുന്നതെന്ന് വ്യക്തമായി അറിയാവുന്ന സാത്താൻ വൈദികരെയും വൈദികവിദ്യാർത്ഥികളെയും വീഴിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കും. അവർക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം.
വീഴാതിരിക്കാൻ…
വേറൊരു വൈദിക വിദ്യാർത്ഥിയുടെ വേദനാജനകമായ വീഴ്ച പങ്കുവയ്ക്കാം: പ്രതിസന്ധികൾ രോഗങ്ങളുടെ രൂപത്തിൽ വന്നിട്ടും വൈദികവൃത്തിയിലേക്കുള്ള വിളിയിൽ ഉറച്ചുനിന്ന അദ്ദേഹം വൈദികനാകാൻ നാളുകൾമാത്രം ബാക്കിനില്ക്കേ വിളി ഉപേക്ഷിച്ചു. അതിനുമുൻപ് വഴിയിൽവച്ച് ഈ സഹോദരനെ കണ്ടു. കൈയിൽ ഒരു പുസ്തകം. എന്തു പുസ്തകമാണെന്ന് വെറുതെ ചോദിച്ച് അത് വാങ്ങിച്ചുനോക്കി. ഇത് ചേച്ചിയ്ക്കിഷ്ടപ്പെടില്ലെന്നു പറഞ്ഞു.
സർപ്പാരാധനയെക്കുറിച്ചുള്ള പുസ്തകം. ഇതെന്തിനാ വാങ്ങിച്ചതെന്ന് ഞാൻ ബ്രദറിനോട് ചോദിച്ചു. ഇതൊക്കെ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞു. നിങ്ങൾക്ക് പഠിക്കാൻ തന്നെ കുറെയുണ്ടല്ലോ. ഇതിനൊക്കെ സമയമുണ്ടോയെന്ന് ചോദിച്ച് ഞങ്ങൾ പിരിഞ്ഞു. പിന്നെ ഒരു ദിവസം ഈ വ്യക്തിയെ കണ്ടപ്പോൾ ഒന്നാം പ്രമാണ (ഞാനാണ് നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവൻമാർ നിനക്കുണ്ടാകരുത്- പുറ. 20:3)ത്തിനെതിരായ ഒരു സ്ഥലത്ത് കൂട്ടുകാരുമായി കറങ്ങിവരുന്നു. ഇതൊക്കെ ഈ ജീവിതത്തിന്റെ ഭാഗമാണെന്ന് എന്നോട് പറഞ്ഞ് അന്നെന്നെ വിശ്വസിപ്പിച്ചു. എങ്കിലും എനിക്കെന്തോ ഉള്ളിൽ തീയാളുന്നപോലെ വേദനയുണ്ടായിരുന്നു. അന്ന്, ഒത്തിരി അറിവുള്ളയാളല്ലേ, പറഞ്ഞതെല്ലാം ശരിയാണെന്ന് ഞാൻ വിചാരിച്ചു. പക്ഷേ, കുറച്ചുനാൾ കഴിഞ്ഞ് ഒരു മോശം സാഹചര്യത്തിൽ ഈ മകൻ ദൈവവിളി ഉപേക്ഷിച്ചു.
ഈ അനുഭവത്തിന്റെയൊക്കെ വെളിച്ചത്തിൽ ഒരു ചിന്ത വന്നതിതാണ്. വചനം ആഴക്കടൽപോലെ വിശാലമാണ്. ഒരായുസ് പഠിച്ചാലും വചനവും ഈശോയും മരീചികപോലെ നില്ക്കുന്ന വേളയിൽ സാത്താന്റെ പുറകെ നടന്ന് സമയം കളയാൻ ഈ ജീവിതത്തിൽ സമയമില്ല. നമുക്ക് അവന്റെ തന്ത്രങ്ങളെക്കുറിച്ച് വ്യക്തമായി പഠിപ്പിച്ചുതരുന്നത് പരിശുദ്ധ മറിയമാണ്. സാത്താന്റെ തലയെ തകർക്കാൻ അധികാരം ദൈവത്തിൽനിന്ന് ലഭിച്ച നമ്മുടെ പരിശുദ്ധ അമ്മ. സാത്താനേറ്റം ഭയമുളവാക്കുന്ന സ്ത്രീ; വെളിപാടിലെ, ഉത്പത്തിയിലെ സ്ത്രീ. പരിശുദ്ധ അമ്മയുടെ വിദ്യാലയത്തിൽ ചേർന്ന് പഠിക്കാം. പരിശുദ്ധ അമ്മ വചനങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമെല്ലാം സാത്താനെതിരായുള്ള സമരതന്ത്രങ്ങൾ, പ്രാർത്ഥനകൾ, സാത്താന്റെ കെണികൾ എന്നിവയെക്കുറിച്ച് അറിവ് നല്കും. പരിശുദ്ധാത്മാവും നമ്മെ സഹായിക്കും. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയുംകുറിച്ച് നിങ്ങളെ പഠിപ്പിക്കും (1 യോഹ.2:27).
യുവതലമുറയെ വഴിതെറ്റിക്കാൻ മാധ്യമങ്ങളെ സാത്താൻ ഉപയോഗിക്കുന്നുണ്ട്. നന്മയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴത്തെ അനേകം ചലച്ചിത്രങ്ങൾ ക്രിസ്തീയതയുള്ള പേരുകളിലാണ് പുറത്തുവരുന്നത്. ഈശോയുടെ മക്കളെ ആകർഷിക്കാൻ ജിജ്ഞാസ ഉളവാക്കി ആ ചിത്രം കാണിച്ച് അതിലുള്ള വിഷക്കനി ഭക്ഷിപ്പിക്കുക എന്നതു മാത്രമാണവന്റെ ലക്ഷ്യം. പ്രലോഭനഹേതുവാകുന്നവന് ദുരിതമെന്നല്ലേ വചനം പറയുന്നത്. നമുക്ക് ചെയ്യാവുന്നത് പ്രാർത്ഥന മാത്രമാണ്. അനാവശ്യമായ ജിജ്ഞാസ വെടിഞ്ഞ്, ലോകത്തിനായി, സാത്താന്റെ പിടിയിൽ ദൈവമക്കൾ പെടാതിരിക്കാൻ ജപമാല അർപ്പിക്കാം.
അമ്മയോടൊപ്പം
സാത്താൻ ജീവിച്ചിരിപ്പുണ്ട്. അവൻ നിങ്ങളെ നശിപ്പിക്കുവാൻ ശ്രമിക്കുകയാണ് എന്നാണ് ഫെബ്രുവരി 14, 1982-ൽ മെഡ്ജുഗോറിയയിലെ സന്ദേശത്തിൽ മാതാവ് പറഞ്ഞത്. സാത്താനെ പേടിക്കേണ്ടതില്ല. അസ്വസ്ഥരാകാൻ തക്ക വില അവന് കല്പിക്കേണ്ട. എളിമയോടുകൂടിയ പ്രാർത്ഥനയാലും തീക്ഷ്ണതയുള്ള സ്നേഹത്താലും നിങ്ങൾക്ക് അവനെ നിരുപദ്രവിയാക്കാൻ കഴിയും (ആഗസ്റ്റ് 4, 1985). വചനമാകുന്ന നിധിയെ തേടിയിറങ്ങാനുള്ള ജിജ്ഞാസ നമ്മിൽ ഉണരട്ടെ. അങ്ങനെ ദൈവത്തെ തേടുന്ന വിവേകികളുണ്ടോയെന്ന് സ്വർഗത്തിൽനിന്ന് നമ്മുടെ സ്വർഗീയ പിതാവ് നോക്കുമ്പോൾ നമ്മെ ഓരോരുത്തരെയും ദൈവത്തെ തേടി നടക്കുന്നവരായി കണ്ട് സന്തോഷിക്കുവാൻ ഇടവരട്ടെ.
ഡാർലി വർഗീസ്