തുളഞ്ഞ ഹൃദയവുമായി ദൈവസന്നിധിയിലേക്ക്…

വിശുദ്ധ പെദ്രോ കലുംഗ്‌സോഡ്

ഹൃദയത്തിൽ ദൈവസ്‌നേഹം അനുഭവിക്കുമ്പോൾ ദേവാലയത്തിൽ പോകുന്നത് ഒരു ആനന്ദമായി പെദ്രോയ്ക്ക് തോന്നി. ദേവാലയശുശ്രൂഷിയാകാൻ അത് പെദ്രോയെ പ്രേരിപ്പിച്ചു. പിന്നീട് മിഷനറി മതബോധകനായി ഡീഗോ ലൂയിസ് ഡെ സാൻ വിറ്റോറസിനൊപ്പം ശുശ്രൂഷ ചെയ്യാനും പെദ്രോ താത്പര്യമെടുത്തത് ഉള്ളിൽ ആളിക്കത്തിയ ദൈവസ്‌നേഹം നിമിത്തംതന്നെയായിരിക്കണം. സ്പാനിഷ് ജെസ്യൂട്ട് മിഷനറിയായിരുന്നു ഫാ.വിറ്റോറസ്. ഇരുവരുടെയും പ്രവർത്തനഫലമായി ഗുവാം പ്രദേശത്തെ ‘ചമോറൊ’ വിഭാഗത്തിലുള്ള ധാരാളം ജനങ്ങൾ ക്രിസ്തുമതവിശ്വാസികളായി. മതപീഡനത്തിന്റെ പശ്ചാത്തലത്തിലും ശിശുക്കൾക്കും കുട്ടികൾക്കും പ്രായമായവർക്കും മാമ്മോദീസാ നല്കുന്നത് പെദ്രോയും ഫാ. വിറ്റോറസും തുടർന്നു. രക്തസാക്ഷിത്വത്തിലേക്കുള്ള ഇരുവരുടെയും ബോധപൂർവമായ കാൽവയ്പ്പായിരുന്നു അത്.

1654-ജൂലൈ 21-ാം തിയതിയാണ് പെദ്രോ കലുംഗ്‌സോഡിന്റെ ജനനം. സ്വദേശം ഫിലിപ്പീൻസിലെ വിസയാസ് പ്രദേശമാണ്. ജസ്യൂട്ട് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം മതബോധനമേഖലയിലും സ്പാനിഷ് ഭാഷയിലും പ്രാവീണ്യം നേടി. ഇതിനുപുറമേ ചിത്രകല, അഭിനയം, ആശാരിപ്പണി, ഗാനാലാപനം എന്നിവയിലും പെദ്രോ വൈദഗ്ധ്യം തെളിയിച്ചു. യുവ മതബോധകരിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന പെദ്രോയെ 14-ാമത്തെ വയസിൽ തന്നെ സ്പാനിഷ് ജസ്യൂട്ട് മിഷനറിമാരുടെ കൂടെ സഹായിയായി ‘കള്ളൻമാരുടെ ദ്വീപി’ലേക്ക് അയച്ചു. ഈ ദ്വീപിനെ പിന്നീട് പരിശുദ്ധ ദൈവമാതാവിന്റെ ബഹുമാനർത്ഥം മരിയാനാ ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി. കാടും മലകളും നിറഞ്ഞ ദ്വീപിലെ മിഷനറി പ്രവർത്തനം ദുസ്സഹമായിരുന്നു. ശക്തമായ കൊടുങ്കാറ്റുകൾ പലപ്പോഴും ദ്വീപിനെ നാശക്കൂമ്പാരമാക്കി. എന്നാൽ മിഷനറിമാരുടെയും പെദ്രോയുടെയും ഉള്ളിൽ ജ്വലിച്ചിരുന്ന വിശ്വാസദീപത്തെ അണയ്ക്കാൻ ഒരു കാറ്റിനും ശക്തിയുണ്ടായില്ല. എല്ലാ പ്രതികൂലങ്ങളിലും ക്രിസ്തുവിന്റെ സ്‌നേഹം അവർ നിർബാധം പ്രഘോഷിച്ചു. ധാരാളം പ്രദേശവാസികൾ മാമ്മോദീസാ സ്വീകരിച്ചു വിശ്വാസികളായി മാറി.
മനിലയിൽനിന്ന് നാടുകടത്തപ്പെട്ട ഒരു കുറ്റവാളിയായിരുന്നു ചോക്കോ. മിഷനറിമാർ മാമ്മോദീസായ്ക്കുപയോഗിക്കുന്ന വെള്ളം വിഷം കലർന്നതാണെന്ന് അദ്ദേഹം ഗുവാം പ്രദേശത്തെങ്ങും പ്രചരിപ്പിച്ചു. രോഗബാധിതരായിരുന്ന ചില കുട്ടികൾ മാമ്മോദീസായ്ക്കു ശേഷം മരിക്കാനിടയായത് ഈ പ്രചരണത്തിന് ശക്തി പകർന്നു. മിഷനറിമാരോട് വിരോധം പുലർത്തിയിരുന്ന വൈദ്യൻമാരുടെ ഒരു സംഘവും കുറെ യുവജനങ്ങളും കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം മിഷനറിമാരുടെമേൽ ആരോപിച്ചു.

ഈ സാഹചര്യത്തിലാണ് 1672 ഏപ്രിൽ 2-ാം തിയതി പെദ്രോയും ഫാ. വിറ്റോറസും ടുമോൺ എന്ന ഗ്രാമത്തിലെത്തുന്നത്. തങ്ങളുടെ ഒരു സഹശുശ്രൂഷകനെ അന്വേഷിച്ചാണ് അവർ ചെന്നത്. ഗ്രാമത്തലവനായ മാതാപാങ്ങിന്റെ ഭാര്യ ഒരു കുട്ടിക്ക് ജൻമം നല്കി എന്നറിഞ്ഞ് കുട്ടിക്ക് മാമ്മോദീസാ നല്കുന്നതിനായി അവർ അവിടേയ്ക്കു കടന്നുചെന്നു. എന്നാൽ ചോക്കോയുടെ പ്രചരണത്തിൽ വിശ്വസിച്ചിരുന്ന മാതാപാങ്ങ് കുട്ടിക്ക് മാമ്മോദീസാ നല്കുന്നതിനെ ശക്തിയുക്തം എതിർത്തു. അദ്ദേഹത്തിന് ശാന്തമാകുവാൻ സമയം നൽകുന്നതിനായി കുറെ കുട്ടികളും മുതിർന്നവരുമായി പെദ്രോയും ഫാ. വിറ്റോറസും മറ്റൊരു സ്ഥലത്തേക്ക് പോയി. അവിടെ കത്തോലിക്കാ വിശ്വാസസിദ്ധാന്തങ്ങൾ അവർ ഉച്ചത്തിൽ പ്രഘോഷിച്ചു. തങ്ങളോടൊപ്പം ചേരുവാൻ അവർ മാതാപാങ്ങിനെ സ്‌നേഹപൂർവം ക്ഷണിച്ചു. എന്നാൽ ദൈവത്തോട് തനിക്ക് ദേഷ്യമാണെന്നും ക്രിസ്തീയ വിശ്വാസം തനിക്ക് മതിയായെന്നും അദ്ദേഹം അവരോട് ആക്രോശിച്ചു. മിഷനറിമാരെ കൊല്ലുവാനായി വിജാതീയനായ ഹിരാഒ എന്ന വ്യക്തിയെ മാതാപാങ്ങ് ചട്ടംകെട്ടി. തദ്ദേശവാസികളോടുള്ള മിഷനറിമാരുടെ കരുണാപൂർവമായ പ്രവർത്തനത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഹിരാഒ ഈ ഹീനകൃത്യം ചെയ്യുവാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ ഭീരുവെന്ന് മുദ്രകുത്തി മാതാപാങ്ങ് ഹിരാഒയെ പ്രകോപിപ്പിച്ചതിനെ തുടർന്ന് മിഷനറിമാരെ വധിക്കുവാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്തു. മനുഷ്യന്റെ ബലഹീനതകളാണല്ലോ പിശാചിന് എന്നും പ്രവേശനകവാടം.
മാതാപാങ്ങിന്റെ ഭാര്യ ക്രിസ്തീയ വിശ്വാസിനിയായിരുന്നു. അവരുടെ താത്പര്യം കണക്കിലെടുത്ത്, മാതാപാങ്ങ് വീട്ടിലില്ലാതിരുന്ന സമയത്ത് കുട്ടിക്ക് മിഷനറിമാർ മാമ്മോദീസാ നല്കി. ഇതറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ രോഷം അണപൊട്ടിയൊഴുകി. ആ ദേഷ്യത്തിൽ അദ്ദേഹം കുന്തം കൊണ്ട് പെദ്രോയെ അക്രമിച്ചു. അരോഗദൃഢഗാത്രനായിരുന്ന പെദ്രോ കലുംഗ്‌സോഡിന് ആ അക്രമത്തിൽ നിന്ന് രക്ഷപെടുകയോ പ്രത്യാക്രമണം നടത്തുകയോ ചെയ്യാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പില്ക്കാലത്ത് സാക്ഷ്യപ്പെടുത്തി. എന്നാൽ വൈദികനായ വിറ്റോറസിനെ ഒറ്റയ്ക്കാക്കി രക്ഷപെടുവാൻ അദ്ദേഹം തുനിഞ്ഞില്ല. ആയുധം ഉപയോഗിച്ചുള്ള അക്രമം വിറ്റോറസ് കർശനമായി വിലക്കിയിരുന്നതിനാൽ തിരിച്ചാക്രമിക്കാനും അദ്ദേഹം ശ്രമിച്ചില്ല. ഹൃദയത്തിൽ കുന്തം തുളച്ചുകയറി അദ്ദേഹം നിലത്തേയ്ക്ക് വീണു. ആ സമയം വടിവാളിന് തലയ്ക്കടിച്ച ഹിരാഒ ദൈവസന്നിധിയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്ര ത്വരിതപ്പെടുത്തി. എന്നാൽ ജീവൻ വിട്ടകലുന്നതിന് മുമ്പായി ഫാ. വിറ്റോറസ് കലുംഗ്‌സോഡിന്റെ പാപങ്ങൾക്ക് മോചനം നല്കി. തുടർന്ന് മാതാപാങ് ഫാ. വിറ്റോറസിനെയും വകവരുത്തി. എന്നിട്ടും കലിയടങ്ങാത്ത മാതാപാങ്ങ് ഫാ. വിറ്റോറസ് ധരിച്ചിരുന്ന കുരിശുരൂപം ഊരി ദൈവദൂഷണം പറഞ്ഞുകൊണ്ട് ഒരു കല്ലുപയോഗിച്ച് ഇടിച്ച് നശിപ്പിച്ചു. പിന്നീട് ഇരുവരുടെയും മൃതദേഹം കല്ലുകെട്ടി കടലിൽ താഴ്ത്തി. എന്നാൽ മരണംവഴി ദൈവസന്നിധിയിലെത്തിച്ചേർന്ന കലുംഗ്‌സോഡ് അനേകർക്ക് മധ്യസ്ഥനാകുന്നുവെന്ന് കാലം തെളിയിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു(ക്ലിനിക്കലി ഡെഡ്)വെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ യുവതി, കലുംഗ്‌സോഡിന്റെ മാധ്യസ്ഥ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഫിലിപ്പീൻസിലെ ‘ലെയ്ത്തി’ പ്രദേ ശത്തുനിന്നുള്ള യുവതിക്കുവേണ്ടി, ചികിത്സിച്ചിരുന്ന ഡോക്ടറാണ് കലുംഗ്‌സോഡിന്റെ മാധ്യസ്ഥ്യസഹായം തേടിയത്.

ഹൃദയത്തിൽ കുന്തം തുളച്ചുകയറി മരണത്തിലേക്കുപോയ കലുംഗ്‌സോഡ് ആ യുവതിക്ക് ആരോഗ്യമുള്ള ഹൃദയം നേടിക്കൊടുത്തു. 2003-ൽ നടന്ന ഈ അത്ഭുതം സ്ഥിരീകരിച്ചതോടെ 2012 ഒക്‌ടോബർ 21-ാം തിയതി ബനഡിക്ട് പതിനാറാമൻ മാർപാപ്പ കലുംഗ്‌സോഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *