നിങ്ങളുടെ കണ്ണുകൾ എന്താണ് അന്വേഷിക്കുന്നത്?

ഒരു യാത്രാവേളയിൽ എന്റെ മുൻപിൽ നടന്നുപോകുന്ന വ്യക്തിയെ അല്പസമയം ശ്രദ്ധിക്കുവാൻ പരിശുദ്ധാത്മാവ് എന്നോട് ആവശ്യപ്പെടുന്നതായി തോന്നി. ആ വ്യക്തി എനിക്കും എന്റെ നാട്ടുകാർക്കും സുപരിചിതനായ ഒരു സാധാരണക്കാരനാണ്. നാട്ടിൽനിന്ന് അറവുമാടുകളെ മൊത്തമായി വാങ്ങി, അതിനെ അറവു ചെയ്തു വിറ്റ് ഉപജീവനം കഴിക്കുന്ന ഒരു മനുഷ്യൻ. ഈ വ്യക്തിയെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

റോഡിന് ഇടത്തേക്കും വലത്തേക്കും അദ്ദേഹം മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. എന്തിനെയോ അന്വേഷിക്കുന്നതുപോലെ. അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ, അല്പം മുൻപിൽ തൊട്ടടുത്ത വീട്ടിലെ കന്നുകാലിയെ പുല്ല് തിന്നുവാൻ റോഡരികിൽ കെട്ടിയിട്ടിരിക്കുന്നു. അദ്ദേഹം അവിടെ നിന്ന്, ആരെയും ശ്രദ്ധിക്കാതെ സന്തോഷത്തോടെ ആ മൃഗത്തെ അടിമുടി നോക്കിക്കൊണ്ടിരുന്നു. ഒരു അറവുകാരന്റെ ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ ഒട്ടും വിഷമം തോന്നിയില്ല. ”എന്തുമാത്രം തൂക്കം വരും ആ കന്നുകാലിക്ക്, എന്ത് വിലകൊടുത്താൽ എനിക്ക് ലാഭം കിട്ടും.” അദ്ദേഹത്തിന്റെ ബിസിനസ് കണ്ണുകൾ ആ കന്നുകാലിയിൽ മാത്രം ഒതുങ്ങിനിന്നു. വീണ്ടും അല്പസമയം കഴിഞ്ഞ് അദ്ദേഹം നടത്തം തുടർന്നു.

ഇപ്പോൾ ഒരു വീടിനുമുന്നിലെത്തിയിരിക്കുന്നു. റോഡിനരികിലുള്ള ആ വീടും പൂന്തോട്ടവും ഏറെ മനോഹരമാണ്. കൃഷിയിടം ഫലസമൃദ്ധം. വീടിനു മുൻപിൽ ഏതാനും കുട്ടികൾ കളിച്ചുകൊണ്ടിരുന്നു. എന്റെ ശ്രദ്ധയും നോട്ടവും അവിടൊക്കെ ചിതറിക്കൊണ്ടിരുന്നു. എന്നാൽ, ഈ മനുഷ്യൻ അവയിലൊന്നും ശ്രദ്ധിക്കുന്നില്ല. വീടിനോട് ചേർന്നുള്ള തൊഴുത്തിലേക്കാണ് അയാൾ എത്തിനോക്കുന്നത്. അവിടെയുള്ള കന്നുകാലികളെ അയാൾ സാകൂതം വീക്ഷിക്കുന്നു. വരുന്ന ദിവസത്തെ കശാപ്പിനായി തനിക്ക് പറ്റിയ കന്നുകാലികൾ വല്ലതും അവിടെയുണ്ടോ?

ഇത്രയുമായപ്പോൾ ദൈവാത്മാവ് എന്നോട് ചില ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങി. ഈ വ്യക്തി താൻ ഏറ്റെടുത്ത ജോലിയിൽമാത്രം മുഴുവൻ സമയവും ശ്രദ്ധിക്കുന്നു, ചിന്തിക്കുന്നു, സമർപ്പിക്കുന്നു. ഒരു സുവിശേഷകനായ, ക്രിസ്തുവിനെ വഹിക്കുന്നവനായ നിന്റെ ഹൃദയം എവിടെയാണ്? നിന്റെ നോട്ടങ്ങൾ എങ്ങോട്ടാണ്? നിന്റെ കാഴ്ചപ്പാടുകളും വ്യഗ്രതയും എന്തിനെ ചുറ്റിപ്പറ്റിയാണ്? അത് പലപ്പോഴും ഈ ലോകം, സുഖഭോഗങ്ങൾ, എന്റെ ഭാവി, സ്വന്തം പ്രശസ്തി എന്നിവയിൽ മാത്രമായി ഒതുങ്ങുന്നില്ലേ? നിന്നെ ഞാൻ ഏല്പിച്ച ആത്മാക്കളുടെയും ശുശ്രൂഷകളുടെയും കാര്യത്തിൽ നീ എത്രത്തോളം ശ്രദ്ധാലുവാണ്.

കുറുക്കന്റെ കണ്ണ് വേണം
നാം ഒന്ന് ശ്രദ്ധിച്ചാൽ- നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ജീവിതതുറകളിലും പെട്ടവർ അവർ ഏറ്റെടുത്ത കാര്യത്തിൽമാത്രം ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് ഒരു എൽ.ഐ.സി ഏജന്റ് എന്റെ വീട്ടിൽ വന്നാൽ, അദ്ദേഹം തന്റെ കമ്പനിയെക്കുറിച്ച് ബോധപൂർവം വാതോരാതെ പറയുന്നു. എന്റെ വീട്ടിൽ ആർക്കെല്ലാം പോളിസി ഉണ്ട് എന്ന് സംസാരമധ്യേ മനസിലാക്കുന്നു. അദ്ദേഹം മടങ്ങുമ്പോൾ ആ പോളിസിയിൽ ചേരാനുള്ള ഒരു താല്പര്യം എന്നിൽ അറിയാതെ ജനിക്കുന്നു. എന്നാൽ, ഒരു മിഷനറിയായ എനിക്ക് ഈ ആത്മഭാരം ഉണ്ടോ? കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ എന്ന് സാധാരണയായി പറയുന്നതുപോലെ, ഒരു മിഷനറിയുടെ കണ്ണുകൾ എപ്പോഴും ആത്മാക്കളെ നോക്കുന്നതായിരിക്കണം.

ഒരു വീട്ടിൽ നാം ചെന്നാൽ, ഒരു പുതിയ ദേശത്ത് നാം ചെന്നാൽ – അവിടെയുള്ള ആത്മീയസ്ഥിതി നാം അന്വേഷിക്കാറുണ്ടോ? അവിടെയുള്ള എത്രപേർ യേശുവിനെ അറിഞ്ഞിരിക്കുന്നു? അവർ നിത്യതയോട് എത്രത്തോളം അടുത്താണ്? ഇങ്ങനെ നാം ചിന്തിച്ചുകൊണ്ടിരിക്കണം. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനകളും പ്രവർത്തനങ്ങളുമാണ് ഈ ഭൂമിയിൽ ഏറ്റവും ഉന്നതമായ പദവിയും ജോലിയും. അലക്‌സാണ്ട്രിയായിലെ വിശുദ്ധ ക്ലമന്റിന്റെ വാക്കുകൾ ശ്രദ്ധിക്കാം: ”ആത്മാക്കളുടെ രക്ഷ ദൈവത്തിന് താല്പര്യമുള്ള ഏകവിഷയമാണ്.” ആരും നശിച്ചുപോകാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. നമ്മുടെ കർത്താവിന്റെ ഈ ആത്മഭാരം നമ്മുടെ ഹൃദയഭാരമായി മാറുമ്പോഴാണ് ഞാൻ ഒരു യഥാർത്ഥ വിശ്വാസിയായി മാറുന്നത്.

മാമ്മോദീസ സ്വീകരിച്ച ഓരോ ക്രൈസ്തവനും ഒരു ക്രിസ്തുവാഹകൻ ആണെന്ന് സഭ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു. അതിനാൽത്തന്നെ ക്രിസ്ത്യാനി എന്ന വാക്കിന്റെ അർത്ഥം ‘സുവിശേഷ വ്യഗ്രതയുള്ളവൻ’ എന്നുതന്നെയാണ്. അവൻ ഊണിലും ഉറക്കത്തിലും തന്റെ ജീവിതയാത്രയിൽ ഉടനീളം യേശുവിനെ ഇനിയും കണ്ടുമുട്ടാത്തവരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കണം. അവർക്കായി പ്രാർത്ഥിച്ചുകൊണ്ടിരിക്കണം – അവർ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ. തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ടിരിക്കണം. ഇതാണ് ശരിയായ ക്രിസ്തീയജീവിതം.

നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള വേദനയും ഏതുവിധേനയും ആത്മാക്കളെ നേടുവാനുള്ള ദാഹവും ഇടകലർന്ന ജീവിതമാണ് സത്യത്തിൽ ഓരോ ക്രിസ്ത്യാനിയും നയിക്കേണ്ടത്. ഇതാണ് സുവിശേഷവ്യഗ്രത (സുവിശേഷതീക്ഷ്ണത) എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ, ഇന്ന് നമുക്കുള്ളത് സുവിശേഷവ്യഗ്രതയോ ജീവിതവ്യഗ്രതയോ? നമ്മുടെ ഒരു ദിവസത്തിൽ നാം ഏറ്റവും കൂടുതൽ ആലോചിക്കുന്നത്, പ്രാർത്ഥിക്കുന്നത് എന്തിനെക്കുറിച്ചാണ് – ഞാൻ, എന്റെ മക്കൾ, എന്റെ ഭാവി, ലൗകികകാര്യങ്ങൾ എന്നിവയെക്കുറിച്ചാണോ അഥവാ എന്റെ ദൈവം, ദൈവരാജ്യം, അതിന്റെ വളർച്ച, ആത്മാക്കളുടെ രക്ഷ എന്നിങ്ങനെയാണോ? രണ്ടാമത്തെ ഭാഗത്തിനാണ് ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നതെങ്കിൽ ഞാൻ ശരിയായ പാതയിലാണ്. യേശുവിനെ ജീവിതത്തിൽ സ്വന്തമാക്കിയ ഒരു ദൈവപൈതലിനും സഹോദരന്റെ ആത്മരക്ഷയ്ക്കുവേണ്ടി അധ്വാനിക്കാതെ വിശുദ്ധനാകാനും സ്വർഗം നേടാനും കഴിയുകയില്ല. അതുകൊണ്ടുതന്നെ നമുക്ക് വേണ്ടത് ഒരു സ്വർഗീയ ദർശനമാണ്. മിഷൻ കണ്ണുകൾ ഉള്ളവരായി ഓരോ വിശ്വാസിയും മാറ്റപ്പെടണം. ”ഒരു ക്രിസ്തുവിശ്വാസിക്കും സഭയിലെ ഒരു സ്ഥാപനത്തിനും എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കുക എന്ന കർത്തവ്യത്തിൽനിന്നും ഒഴിവുകഴിവില്ല” (രക്ഷകന്റെ മിഷൻ).

അടങ്ങാത്ത ആവേശം
ഈ ആത്മഭാരത്താൽ നിറയപ്പെട്ടവനാണ് പഴയ നിയമത്തിലെ ദാവീദ് രാജാവ്. പ്രായം ഏറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഈ സുവിശേഷാഗ്നി കത്തിക്കൊണ്ടേയിരുന്നു- അടങ്ങാത്ത ആവേശവുമായി. വൃദ്ധനായ ദാവീദ് പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കുക: ”ദൈവമേ, ചെറുപ്പംമുതൽ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെ അത്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുന്നു. ദൈവമേ, വാർധക്യവും നരയും ബാധിച്ച എന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്ന തലമുറകളോട് അങ്ങയുടെ ശക്തി പ്രഘോഷിക്കാൻ എനിക്ക് ഇടയാക്കണമേ!” (സങ്കീ. 71:17-18).

നാം പ്രായാധിക്യത്താൽ ഒരുവേള പ്രാർത്ഥിക്കുക – മക്കൾ എന്നെ നോക്കിയില്ലെങ്കിലും എന്നെ പരിത്യജിക്കരുതേ, രോഗാവസ്ഥയിൽ എന്നെ കൈവെടിയരുതേ എന്നൊക്കെയാകാം. എന്നാൽ, ദാവീദിന്റെ പ്രാർത്ഥനയുടെ സാരം ഇതൊന്നുമല്ലെന്ന് വ്യക്തം. കർത്താവിന്റെ ശക്തിയെയും രക്ഷയെയും കുറിച്ച് പറഞ്ഞ് എനിക്ക് മതിയായിട്ടില്ല. വരാനിരിക്കുന്ന തലമുറയോടുകൂടി അങ്ങയെ പ്രഘോഷിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ഇതാണ് അദ്ദേഹത്തിന്റെ പ്രാർത്ഥന.
നമ്മുടെ കാഴ്ചപ്പാടുകൾ മാറട്ടെ, സ്വപ്നങ്ങൾ പുതുക്കപ്പെടട്ടെ. നമ്മുടെ ജീവിതവ്യഗ്രത സുവിശേഷവ്യഗ്രതയായി മാറ്റപ്പെടട്ടെ. ബനഡിക്ട് പതിനാറാമൻ പാപ്പാ ഇപ്രകാരം പറഞ്ഞു: ”രക്തസാക്ഷിത്വം വഹിച്ചുപോലും സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രിസ്ത്യാനിയും.” ഈ മിഷൻ ദർശനം ആത്മനാ സ്വീകരിച്ച് പ്രഭാഷകനോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം: ”കർത്താവേ, ഞങ്ങൾ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്ന് മനസിലാക്കുകയും ചെയ്യട്ടെ” (പ്രഭാ. 36:5) ആമ്മേൻ.

മാത്യു ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *